എവറസ്റ്റ് ബെയ്സ് ക്യാംപിലേക്ക് ട്രെക്കിങ് സംഘടിപ്പിക്കുന്ന വിവരം മലയാളികളെ അറിയിക്കാൻ എത്തിയതാണു വൈശാഖ്. നേപ്പാളിലെ പൊക്ര മുതൽ എവറസ്റ്റിന്റെ അടിവാരം വരെയാണ് കാൽനട യാത്ര. മഞ്ഞു പാളികളിൽ ചവിട്ടി, ടീ ഹൗസുകളിൽ അന്തിയുറങ്ങി, സംഘം ചേർന്നുള്ള ഹിമാലയ യാത്ര അഡ്വഞ്ചറസ് ഐറ്റമാണ്. സമുദ്ര നിരപ്പിൽ നിന്നു പതിനായിരം അടി കടന്നാൽ സ്വർഗത്തിലേക്കുള്ള വഴി കാണാമെന്നു ട്രെക്കിങ് ഫ്രീക്കന്മാർ ‘കലക്കി അടിക്കാറുണ്ട്.’ പത്തു ദിവസത്തെ ട്രിപ്പിൽ ലോകം കീഴടക്കിയ സംതൃപ്തി കിട്ടുമെന്നാണ് വൈശാഖ് പറയുന്നത്.
തൃപ്പൂണിത്തുറക്കാരനാണു വൈശാഖ്. കുട്ടിക്കാലം ഒമാനിലെ മസ്കറ്റിലായിരുന്നു. ബിടെക് പൂർത്തിയാക്കിയ ശേഷം ഡെറാഡൂണിൽ നിന്ന് എംടെക് നേടി. പുള്ളിപ്പുലികൾ സവാരിക്കിറങ്ങുന്ന ബിഥോലി കാടുകളുടെ സമീപത്തുള്ള ക്യാംപസ് വൈശാഖിനു മുന്നിൽ പുതിയ മാർഗങ്ങൾ തുറന്നു. കൂട്ടുകാരെ കൂട്ടി കാട്ടിലേക്കു നടത്തം പതിവാക്കിയതോടെ ജോലിയെന്ന സ്വപ്നത്തിനെക്കാൾ ട്രെക്കിങ് എന്ന മോഹം പന്തലിട്ടു. റിഫൈനറിയിലെ അസിസ്റ്റന്റ് മാനേജർ ജോലി രാജിവച്ച് ട്രെക്കിങ്ങിനായി ശിഷ്ട ജീവിതം നീക്കി വച്ചിടത്ത് കാര്യങ്ങൾ ചെന്നെത്തി. ഇക്കാലത്താണ് ‘ഇന്ത്യ ഹൈറ്റ്സ്’ എന്ന പ്രസ്ഥാനം ട്രെക്ക് എക്സ്പെഡിഷൻ ലീഡറാവാൻ വൈശാഖിനെ ക്ഷണിച്ചത്.
ചന്ദ്രശിലാ ട്രെക്കിങ്
ഉത്തരാഖണ്ഡിൽ സരി ഗ്രാമത്തിൽ നിന്നാണ് ‘ചന്ദ്രശിലാ യാത്ര’ പുറപ്പെടുന്നത്. ഋഷികേശിൽ നിന്നു സരിയിലേക്ക് ഒരു പകൽ യാത്ര. അവിടെ നിന്നു ചന്ദ്രശിലയിലേക്ക് രണ്ടു പകൽ നടത്തം. മടക്കയാത്രയ്ക്കു രണ്ടു പകൽ. ആകെ ആറു ദിവസത്തെ ട്രെക്കിങ്. ഇരുപത്തഞ്ചു പേരുടെ സംഘവുമായി ചന്ദ്രശിലയിലേക്കു നടത്തിയ ട്രെക്കിങ്ങോടെ വൈശാഖിന്റെ പാതയിൽ വെളിച്ചം നിറഞ്ഞു. മഞ്ഞു നനഞ്ഞ് ട്രെക്കിങ്ങുകൾ തുടരുന്നതിനിടെ വൈശാഖിന് ഉൾവിളി; ഇനി സ്വന്തം നിലയിൽ ട്രെക്കിങ് നടത്തണം...
ഇന്ത്യ ഹൈറ്റ്സിലെ ജോലി വിട്ടതിനു ശേഷം വൈശാഖ് പതിനാറു തവണ ചന്ദ്രശിലയിൽ പോയി. സമുദ്ര നിരപ്പിൽ നിന്നു പതിനായിരം അടി മുകളിൽ കാലാവസ്ഥയുടെ ഗതിമാറ്റങ്ങൾ കണ്ടറിയാനുള്ള പരിശീലനം നേടണമെന്നു തോന്നിയത് ഈ സമയത്താണ്. അമേരിക്കൻ വിദഗ്ധർ നയിക്കുന്ന നാഷനൽ ഔട്ഡോർ ലീഡർഷിപ്പ് സ്കൂളിൽ ചേർന്ന് മൗണ്ടനിയറിങ്ങിന്റെ ആരോഗ്യ പരിപാലന രീതികൾ പഠിച്ചു. ഒട്ടും വൈകാതെ ഋഷികേശിലെ രൂപ്കുണ്ഠിലേക്ക് ട്രെക്കിങ്ങിന് ആളുകളെ ക്ഷണിച്ചു.
മഞ്ഞുകൂടാരങ്ങൾ
‘‘ട്രെക്കിങ് സംഘവുമായി പോകുന്നതിനു മുൻപ് വഴിയും ക്യാംപിങ് സൈറ്റും നോക്കാനായി ഒറ്റയ്ക്കു പോകും. സുരക്ഷിതമായ പാതയും രക്ഷാപ്രവർത്തനത്തിനുള്ള സാഹചര്യവും മനസ്സിലാക്കിയ ശേഷമേ ട്രെക്കിങ് നടത്തുകയുള്ളൂ. രൂപ്കുണ്ഠിലേക്ക് ആദ്യ സംഘത്തിൽ എട്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതു പേരുണ്ടായിരുന്നു. രണ്ടു ഗൈഡുമാരോടൊപ്പം ഫെബ്രുവരിയിലായിരുന്നു യാത്ര.
ഉത്തരാഖണ്ഡിലെ ചമോലിയിൽ ലൊഹാജംഗിൽ നിന്നു പുറപ്പെട്ടു. രൂപ്കുണ്ഠിലെത്തുന്നതു വരെ നാലു ക്യാംപുകളാണ് – ബഥനിമുഖ്യാൽ, പഥാർ നചിനി, ഭഗ്‌വ ബാസ. അഞ്ചാം ദിവസം രാവിലെ പത്തു മണിയോടെ രൂപ്കുണ്ഡിലെത്തും. ഉത്തരേന്ത്യക്കാരുടെ പതിവു റൂട്ടാണെങ്കിലും ഞങ്ങളുടെ സംഘത്തിൽ എല്ലാവരും ആ വഴിക്ക് ആദ്യമായിരുന്നു. പരമശിവന്റെയും പാർവതിയുടെയുമൊക്കെ കഥ പറഞ്ഞു നടന്നപ്പോൾ യാത്രാ ക്ഷീണം അറിഞ്ഞില്ല. ശൈലേന്ദ്ര പുത്രിയായ പാർവതി ഋഷികേശിൽ നിന്നു രൂപ്കുണ്ഡിലേക്ക് നടന്നുവെന്നാണ് ഐതിഹ്യം. ട്രെക്കിങ്ങിന്റെ നാലു ക്യാംപുകൾക്കും ഈ കഥയുമായി ബന്ധമുണ്ട്.
പരിവാര സമേതം പാർവതി അഹ്ലാദിച്ചു നടന്ന സ്ഥലമാണത്രെ ബഥനി മുഖ്യാൽ. മരങ്ങളും കാടും നിറഞ്ഞ ലൊഹാജംഗിൽ നിന്ന് പുറപ്പെട്ട് പുൽത്തകിടിയുടെ നാടായ ബഥനിമുഖ്യാലിൽ എത്തി. ടെന്റുകൾ സ്ഥാപിച്ച് ആദ്യ ദിവസം രാത്രി അവിടെ ക്യാംപ് ചെയ്തു. കിച്ചൻ ടെന്റിനുള്ളിൽ സ്റ്റൗ വച്ചാണ് പാചകം. ടോയ്‌ലെറ്റ് ടെന്റ്, സ്ലീപ്പിങ് ടെന്റ് എന്നിങ്ങനെ വെവ്വേറെ ടെന്റുകളുമുണ്ട്. ടെന്റിനു മുകളിൽ മഞ്ഞു വീഴുന്ന താളം ആസ്വദിച്ചുള്ള ഉറക്കം രസകരമായ അനുഭവമാണ്.
പാർവതിയെ കണ്ടു മോഹിച്ചെത്തിയ കാട്ടാളന്മാരെ പരമശിവൻ മണ്ണിലേക്കു താഴ്ത്തിയ സ്ഥലമാണ് പഥാർ നചിനി. കാട്ടാളന്മാരെ ചവിട്ടിത്താഴ്ത്തിയെന്നു പറയപ്പെടുന്ന കുഴികൾ അവിടെയുണ്ട്. ടണൽ രൂപത്തിലുള്ള കുഴികളെ ചിലർ ആരാധനയോടെ കാണുന്നു. മറ്റു ചിലർ കൗതുകത്തോടെ കണ്ടാസ്വദിക്കന്നു. ഈ സ്ഥലത്ത് കാലാവസ്ഥ പ്രവചിക്കാനാവില്ല. പൊരിവെയിലിനിടെ മഞ്ഞു പെയ്യും. കാറ്റും മഞ്ഞും നിൽക്കുമ്പോൾ വെയിൽ പരക്കും. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന താഴ്‌വരയാണ് പഥാർ നചിനി.
പുലിപ്പുറത്ത് യാത്ര ചെയ്യുന്ന പാർവതിയുടെ ചിത്രം കണ്ടിട്ടില്ലേ? പുലിയെ വാഹനമാക്കി പാർവതി യാത്ര ചെയ്തത് ഭഗ്‌വ ബാസയിലാണത്രെ. പാർവതിയെ മുതുകിലിരുത്തി പഥാർനചിനിയിൽ നിന്നു നടത്തം തുടങ്ങിയ പുലി ഒരു കുന്നിനു മുകളിലെത്തിയപ്പോൾ ക്ഷീണിച്ചു. ഒരടി പോലും നടക്കാൻ വയ്യാതെ നിൽപ്പായി. പുലി നിന്ന ആ സ്ഥലമാണ് ‘ഭാഗ്‌വ ബാസ’. ഉരുളൻ കല്ലുകൾ നിറഞ്ഞ ഭാഗ്‌വയിൽ ചെടികളോ മരങ്ങളോ ഇല്ല. മഞ്ഞു പെയ്തു തുടങ്ങിയാൽ ആ പ്രദേശം വെള്ള തുണി വിരിച്ച പാറപ്പുറം പോലെയാകും. ഇവിടെ ടെന്റ് അടിക്കൽ ഭഗീരഥ പ്രയത്നമാണ്. കല്ലുകൾ കൂട്ടിവച്ചാണ് ടെന്റ് സ്ഥാപിക്കാറുള്ളത്.
ഭഗ്‌വ ബാസയിൽ ക്യാംപ് ചെയ്യുന്ന ദിവസം പുലർച്ചെ മൂന്നരയ്ക്ക് നടത്തം തുടങ്ങും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 14750 അടി ഉയരമുള്ള മല കയറാൻ അതാണ് അനുയോജ്യമായ സമയം. മഞ്ഞില്ലാത്ത സമയത്ത് നിലാവിന്റെ വെളിച്ചത്തിലുള്ള നടത്തം ജീവതത്തിൽ ഒരിക്കലും മറക്കാനാവില്ല. ചെങ്കുത്തായ നാലു മലഞ്ചെരിവുകളാണ് ഈ പാതയിലെ വലിയ കടമ്പകൾ. മഞ്ഞു കട്ടകൾ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ ഹെൽമെറ്റ് ധരിച്ചാണ് നടത്തം. പരസ്പരം കൈകോർത്ത് രാവിലെ ഏഴു മണിയോടെ രൂപ്കുണ്ഠിലെത്തും.
ജുനാർഗലി
മനോഹരമായ ഒരു തടാകവും ചിതറി കിടക്കുന്ന തലയോട്ടികളും അസ്ഥിയുമാണ് രൂപ്കുണ്ഡിന്റെ പ്രത്യേകത. പാർവതിയെ ആക്രമിച്ച ദുഷ്ട ശക്തികളെ പരമശിവൻ നിഗ്രഹിച്ചുവെന്നും അവരുടെ തലയോട്ടികളാണ് രുപ്കുണ്ഡിന്റെ തീരങ്ങളിൽ അവശേഷിക്കുന്നതെന്നും കഥ. പാർവതി കൈക്കുമ്പിളിൽ വെള്ളമെടുക്കാൻ കുനിഞ്ഞു നിന്നപ്പോൾ സ്വന്തം രൂപം തെളിഞ്ഞു കണ്ട സ്ഥലത്തിനു ‘രൂപ്കുണ്ഡ്’ എന്നു പേരു കിട്ടിയെന്നാണ് ഐതിഹ്യം. അതെന്തായാലും, കല്ലുകൾ നിറഞ്ഞ രുപ്കുണ്ഡ തടാകത്തിന്റെ രൂപം അതിമനോഹരമാണ്. ഇതിനടുത്തൊരു ക്ഷേത്രവുമുണ്ട്.
ഈ യാത്രയിലെ ലക്ഷ്യസ്ഥാനം രൂപ്കുണ്ഡാണ്. എന്നാൽ, അതിനുമപ്പുറത്തേക്കൊരു അതിസാഹസിക പാതയുണ്ട് – ജുനാർഗലി. രൂപ്കുണ്ഡിൽ നിന്ന് 250 അടി മുകളിലാണ് ജുനാർഗലി. സമുദ്രനിരപ്പിൽ നിന്നു 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജുനാർഗലി വ്യൂ പോയിന്റിൽ നിന്നാൽ നന്ദാകോട്ട്, ത്രിശൂൽ എന്നീ മലകൾ കാണാം. നമ്മൾ ആകാശത്തു കാണുന്ന മേഘക്കൂട്ടങ്ങൾ ജുനാർഗലിയിൽ നിൽക്കുമ്പോൾ താഴെയാണു ദൃശ്യമാവുക. ഇതിനെയാണ് സ്വർഗത്തിൽ എത്തിയ അനുഭവമെന്നു പറയാറുള്ളത്.
‘‘എൻജിനിയറിങ് പഠിക്കാനിറങ്ങിയ ഞാൻ ഉത്തരേന്ത്യയുടെ നെറുകയിലൂടെ നിത്യസഞ്ചാരം നടത്തുന്നു. യാത്ര ചെയ്യാൻ എന്നെക്കാൾ താത്പര്യമുള്ള നിങ്ങൾ ഇനിയും മടിക്കുന്നതെന്തിന്?’’ മഞ്ഞുമലയുടെ നെറുകയിലേക്ക് മലയാളികൾക്കുള്ള ക്ഷണക്കത്ത് വൈശാഖ് ഈ വിധം കുറിച്ചിടുന്നു.
രൂപ്കുണ്ഡ് ട്രെക്കിങ്
കൊച്ചിയിൽ നിന്നു ഡൽഹി. ഡൽഹിയിൽ നിന്നു ഋഷികേശിലേക്ക് ആറു മണിക്കൂർ ബസ് യാത്ര. ഋഷികേശിൽ നിന്നു ലൊഹാജംഗ് ഒരു പകൽ. അവിടെ നിന്നാണ് രൂപ്കുണ്ഡ് ട്രെക്കിങ് ആരംഭിക്കുന്നത്. ആറു ദിവസത്തെ ട്രെക്കിങ്ങിൽ നാലു പകൽ മല കയറ്റം. കൂടുതൽ വിവരങ്ങൾ: 9746721789