Friday 01 October 2021 11:39 AM IST : By സ്വന്തം ലേഖകൻ

ഇടുങ്ങിയ കൺപോളകളും വിടർന്ന ചിരിയുമായി താഴ്‍വരയോടു ചേർന്ന് ജീവിക്കുന്ന കുറിയ മനുഷ്യരുടെ നാട്

sanganam 4

സംഘ്നം, ഹിമാചലിലെ സ്പിറ്റി താഴ്‌വരയുടെ വടക്കേ അറ്റത്തുള്ള ഒരു കൊച്ചു ഗ്രാമം. ഏകദേശം പത്തോളം വീടുകൾ മാത്രമുള്ള ഇടം. ഇടുങ്ങിയ കൺപോളകളും വിടർന്ന ചിരിയുമായി താഴ്‍വരയോടു ചേർന്ന് ജീവിക്കുന്ന കുറിയ മനുഷ്യരുടെ നാട്. സ്പിറ്റിയിലെ കാസയിൽ നിന്നും യാത്ര തുടങ്ങുന്നത് മുദ് എന്ന ഹിമാലയൻ ഗ്രാമം ലക്ഷ്യമിട്ടായിരുന്നു. എന്നാൽ ആ യാത്ര അവസാനിച്ചത് മറ്റൊരിടത്ത്. സമയം അർധ രാത്രി. എല്ലുതുളച്ചു കയറുന്ന തണുപ്പ്. താമസിക്കാനൊരിടം കിട്ടാതെ, എങ്ങോട്ട് പോകണമെന്നറിയാതെ ഒറ്റയ്ക്ക് നിൽക്കുകയാണ്. ചുറ്റിലും ഭയപ്പെടുത്തുന്ന ഇരുട്ട്. ഭയം മനസ്സിനെ മൂടിതുടങ്ങിയ നേരത്ത് എത്തിപ്പെട്ട സ്ഥലത്തെ അറിയാതെ ശപിച്ചു. ആ രാത്രി നേരിട്ട അനുഭവങ്ങൾ, പിന്നെ ഒറ്റ രാത്രിയുടെ മറയ്ക്കപ്പുറം തന്റെ സൗന്ദര്യത്തിന്റെ മാസ്മരികതയിലേക്ക് വലിച്ചടുപ്പിച്ച സംഘ്നം ഗ്രാമത്തിലെ കാഴ്ചകൾ. ഒരിക്കലും മറക്കാനാകാത്ത ആ ഓർമകളിലൂടെ ഒരു യാത്ര പോവുകയാണ്...


ഹിമാലയൻ ഗ്രാമങ്ങൾ തേടി...

sanganam 1

സ്പിറ്റിയിലെ കാസയിൽ നിന്നും മുദ് ഗ്രാമത്തിലേക്കുള്ള ബസ് വൈകിട്ട് നാലു മണിക്കു പുറപ്പെടും. സീറ്റ് ഉറപ്പിക്കാൻ നേരത്തെ തന്നെ ബസിൽ കയറി. ബസ് പുറപ്പെടുന്നതിനു തൊട്ടു മുൻപ് ഡ്രൈവർ പറഞ്ഞു, ബസ് മുദ് ഗ്രാമത്തിലേക്ക് പോകില്ല. അവിടെ റോഡ് പണി നടക്കുകയാണ്. അതുകൊണ്ട് തൊട്ടു മുൻപുള്ള സംഘ്‌നം ഗ്രാമം വരെ മാത്രമേ ബസ് ഉള്ളൂ.

മനസ് പറഞ്ഞു "ബാഗ് എടുത്തു ഇറങ്ങിക്കോ! പക്ഷേ, എന്തെങ്കിലും വഴി കാണും. വരുന്നിടത്തു വച്ച് കാണാം എന്നു കരുതി ബസിൽ തന്നെ ഇരുന്നു. കാസയ്ക്കും മുദിനും ഇടയിൽ രണ്ട് ഗ്രാമങ്ങളാണ്. കുന്ഗ്രി ഗ്രാമവും പിന്നെ സംഘ്‌നവും. UNESCO ടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ പിൻ വാലി നാഷണൽ പാർക്കിലേക്കുള്ള യാത്രയിൽ സംഘ്നം എന്ന സുന്ദരഭൂമി കാണാനാകും. ബസിൽ കൂടുതൽ പേരും കുന്ഗ്രി വരെ പോകുന്നവരാണ്. ബാക്കി വരുന്നവർ സംഘ്‌നം വരെയും. മുദ് ഗ്രാമത്തിൽ പോകേണ്ടവരായിട്ട് ആരും തന്നെ ഇല്ല. യാത്ര തുടങ്ങി. വാനം ഇരുട്ടി. തണുപ്പ് ശരീരത്തിൽ തുളച്ചു കയറാൻ തുടങ്ങി. പിൻ നദി ഇടതു വശത്തു കൂടി ഓരം ചേർന്ന് ഒഴുകുന്ന കാഴ്ച മനസ് ശാന്തമാക്കി.

ഡ്രൈവർ ആരെയോ ഫോൺ ചെയ്യുന്നുണ്ട്. അയാൾ ആകെ നിരാശയിലാണ്. കാരണം, സംഘ്‌നം ഗ്രാമത്തിലും അവർക്കു താമസിക്കാനായി മുറി കിട്ടുമെന്നു തോന്നുന്നില്ല. Hrtc ടെ ഗസ്റ്റ് ഹൗസ് അടച്ചിട്ടിരിക്കുകയാണ്. അങ്ങനെ എങ്കിൽ ബസ് കുന്ഗ്രി ഗ്രാമം വരെ മാത്രമേ പോകൂ എന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ആ ഇരിപ്പ് തുടർന്നു.

sanganam 2

ബസ് കുൻഗ്രിയിൽ എത്തി. എന്നാൽ സംഘ്‌നം ഇറങ്ങേണ്ട യാത്രക്കാർ ആകെ വിഷമത്തിലായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും റൂം കിട്ടിയില്ലെങ്കിൽ തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാം എന്ന യാത്രക്കാരുടെ ഉറപ്പിൽ ബസ് സംഘ്‌നം ഗ്രാമം ലക്ഷ്യമാക്കി നീങ്ങി. ഒരു പാലം കടന്നു വേണം സംഘ്നം ഗ്രാമത്തിൽ എത്താൻ. ദൂരെയായി കുറച്ച് വീടുകൾ കാണാം. എല്ലാ വീട്ടിലും വെളിച്ചമില്ല. ബസ് പിൻ നദിക്കു കുറുകെ കെട്ടിയ ആ പാലം കടന്നു ഗ്രാമം ലക്ഷ്യമാക്കി നീങ്ങുകയാണ്. രണ്ട് ജാക്കറ്റും തൊപ്പിയും ധരിച്ചിട്ടും തണുപ്പ് കൊണ്ട് കിടുകിടാ വിറക്കുകയാണ്. സംഘ്നം ഗ്രാമത്തിൽ യാത്ര അവസാനിച്ചു. ഡ്രൈവറും കണ്ടക്ടറും ബസിൽ തന്നെ കിടന്നുറങ്ങാൻ തീരുമാനിച്ചു. യാത്രക്കാരെല്ലാം ഇറങ്ങി ഓരോ വഴി ലക്ഷ്യമാക്കി നീങ്ങി.

വീട് തേടി സംഘ്നം ഗ്രാമത്തിൽ

ബസിൽ നിന്നിറങ്ങി ഇരുട്ടിൽ നിൽക്കുന്നത് കണ്ടതുകൊണ്ടാകണം ഡ്രൈവർ ചോദിച്ചു, എവിടേക്ക് പോകാനാ? മുദ് ഗ്രാമം കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ "എല്ലാം അറിഞ്ഞിട്ടും എന്തിനാടാ ബാഗും എടുത്തു ഇങ്ങോട്ടു പുറപ്പെട്ടത്" എന്ന ഭാവത്തിൽ അയാൾ എന്നെ നോക്കി. ശേഷം പറഞ്ഞു, ഇവിടെ ഇപ്പൊൾ ഓഫ് സീസൺ ആണ്. കൂടാതെ കുറച്ചു ദിവസമായി കറന്റും ഇല്ല. അതുകൊണ്ടു ഹോം േസ്റ്റ ഒക്കെ അടച്ചിട്ടിരിക്കുകയാണ്. ഞങ്ങൾ തന്നെ ഇവിടെ റൂം കിട്ടാതെ ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് ഞങ്ങളുടെ കൂടെ ബസിൽ കിടന്നുറങ്ങി നാളെ രാവിലെ തിരിച്ചു പോകാം. വല്ലപ്പോഴും വരുന്ന ട്രാക്ടറോ റോഡ് പണിക്കായി വരുന്ന ലോറിയോ ആണ് ബസ് ഇല്ലാതായാൽ പിന്നെ കാസയിൽ തിരിച്ചെത്താനുള്ള ഏക ആശ്രയം.

ആ പ്രദേശ മുഴുവൻ ഒന്ന് കണ്ണോടിച്ചു നോക്കി. ഒറ്റ മനുഷ്യനേയും കാണാനില്ല. ഈ തണുപ്പത്ത് എങ്ങനെ ബസിൽ കിടന്നുറങ്ങും! വിഷമം കണ്ടതുകൊണ്ടാകണം, ഡ്രൈവർ ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരോട് ഉറക്കെ വിളിച്ചു പറഞ്ഞു ഇയാൾക്കു ഒരു മുറി ശരിപ്പെടുത്തി കൊടുക്കൂ. ഇയാൾ ഒറ്റയ്ക്ക് ആണ്. ആരെങ്കിലും ഒന്ന് സഹായിക്കൂ. യാത്രക്കാർക്ക് ഇടയിൽ നിന്നും ഒരു അശരീരി പോലെ മറുപടി എത്തി, ഇവിടെ എല്ലാ വീട്ടിലും അതിഥികളെ സത്കരിക്കാറുണ്ട്. അന്വേഷിച്ചു നോക്കൂ. അങ്ങനെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ലക്ഷ്യമില്ലാതെ നടന്നു നോക്കി. അങ്ങു ദൂരെ ഒരു വെളിച്ചം. ഏതോ ഒരു കട മുറിയുടെ വെട്ടമാണ്‌. അതും അടച്ചിട്ടിരിക്കുകയാണ്. അവിടുന്ന് താഴേക്ക് കുറെ പടികൾ കാണാം. ഗ്രാമത്തിലേക്കുള്ള വഴി ഇവിടെ തുടങ്ങുന്നു. താഴേക്ക് നടന്നു. പല വീടുകളിലും വെളിച്ചമില്ല. ആദ്യം കണ്ട വീടിന്റെ വാതിൽ മുട്ടി. ആരും തുറന്നില്ല. ഞാൻ അടുത്ത വീട് നോക്കി നടന്നു. ഒരു വയസ്സായ സ്ത്രീ വാതിൽ തുറന്നു. അവർ ഏതോ ഭാഷയിൽ സംസാരിച്ചു കതകടച്ചു."ദൈവമേ പരീക്ഷണമാണല്ലോ". ആ നാടിനെ ആദ്യമായി ശപിച്ച നിമിഷം.

അങ്ങനെ അധികം വീടുകൾ ഒന്നും അവിടെ ഇല്ല. വീടാണെന്നു വിചാരിച്ചു തൊഴുത്തിൽ വരെ കയറി "ഇവിടെ ആരും ഇല്ലേ" എന്ന് ചോദിച്ചു. ഏകദേശം പകുതി വീടുകളിലും കയറി അന്വേഷിച്ചു കഴിഞ്ഞു. തണുപ്പ് സഹിക്കാൻ പറ്റാതായി. പോകുന്ന വഴിയിൽ ഒരു സ്ത്രീ പശുവിനുള്ള പുല്ലും കൊണ്ട് പോകുന്നത് കണ്ടു അവരോട് കാര്യം പറഞ്ഞു. അവർ എന്നോട് കൂടെ വരാൻ പറഞ്ഞു. മുറി വാടകയ്ക്കു കിട്ടുമോ എന്ന ചോദ്യത്തിന് അവർ മറുപടി തന്നില്ല.

ദൈവം വാതിൽ തുറക്കുമ്പോൾ

തണുത്ത് വിറയ്ക്കുന്നതു കണ്ടതുകൊണ്ടാകണം അവർ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി, ചൂടുചായ ഉണ്ടാക്കി തന്നു. വളരെ നല്ല രീതിയിൽ അലങ്കരിച്ച വലിയ അടുക്കള. ഇത് ഹിമാചൽ പോലുള്ള പഹാടി ഗ്രാമങ്ങളിൽ മാത്രം കാണാൻ പറ്റുന്ന പ്രത്യേകതയാണ്. പല നിറത്തിൽ ഉള്ള ചായ കപ്പുകൾ, പാത്രങ്ങൾ...അവർ സ്വയം പരിചയപ്പെടുത്തി. ഞാൻ ഇവിടുത്തെ പ്രൈമറി ഹെൽത്ത് കെയറിലെ ഡോക്ടർ ആണ്. നിങ്ങൾക്ക് ഈ രാത്രിയിൽ മുറി ഒന്നും കിട്ടില്ല. ഞങ്ങളുടെ വീട്ടിൽ ഒരു മുറി ഒഴിവുണ്ട്. ബന്ധുക്കൾ വന്നാൽ താമസിക്കുന്ന മുറിയാണ്. വല്യ സൗകര്യങ്ങൾ ഒന്നും ഇല്ല. അതുമതിയെങ്കിൽ താമസിക്കാം. നന്ദിയോടെ അവരെ തൊഴുതു.

നേരം വെളുത്തു. വീടിന് പുറത്തേക്കിറങ്ങി. ആദ്യം കണ്ട കാഴ്ച അങ്ങ് മലമുകളിൽ മഞ്ഞു മൂടികിടക്കുന്നതാണ്.. ഗ്രാമത്തിൽ ഉള്ളവരെല്ലാം നേരത്തെ എഴുന്നേറ്റു അവരവരുടെ ജോലികളിൽ മുഴുകിയിരിക്കുകയാണ്. ആടിനെയും പശുവിനെയും മേയ്ക്കാനായി കൊണ്ടുപോവുകയാണ് അവരിൽ ചിലർ. വീടിന്റെ താഴത്തെ നിലയിൽ ആണ് വളർത്തു മൃഗങ്ങളെ പാർപ്പിക്കുന്നത്. ആടും കുതിരയും പശുവും കഴുയും നായയും ഒക്കെ ഇവിടെ കാണാം. കൂടാതെ ധാന്യങ്ങളും വിറകുകളും ഒക്കെ ശേഖരിച്ചു വെക്കുന്നതിനും പ്രത്യേകം മുറികൾ ഉണ്ട്. മുകളിലത്തെ നിലയിൽ ആണ് ഡോക്ടറും കുടുംബവും താമസം. ഡോക്ടർ ചായ ഉണ്ടാക്കി തന്നു. ആടിനും കുതിരയ്ക്കും തീറ്റ കൊടുക്കുന്ന തിരക്കിലാണ് അവർ.

ചായ കുടിച്ചിരിക്കുമ്പോഴാണ് ഡോക്ടറുടെ 'അമ്മ പുറത്തേക്കു വന്നത്. ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന വയസ്സായ ഒരു അമ്മൂമ്മ. പശുകളെയും ആടുകളെയും കൊണ്ട് മലമുകളിൽ മേയ്ക്കാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് അവർ. മുതുകത്തു ഒരു കുട്ടയും കെട്ടി നടപ്പു തുടങ്ങി. പോകുന്ന വഴിയിൽ കാണുന്ന പുല്ലുകളും ഇലകളും ഒക്കെ പെറുക്കി കുട്ടയിലിട്ടു.

അമ്മൂമ്മയുടെ കൂടെ ഊരു ചുറ്റൽ

sanganam 5

അമ്മൂമ്മയുടെ കൂടെ കൂടി നാട് കാണാനിറങ്ങി. അവർക്കു ഹിന്ദി അത്ര വശമില്ല. ടിബെറ്റിൻ ഭാഷയിൽ ആണ് സംസാരം. പക്ഷെ ഞങ്ങളുടെ ഇടയിൽ ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു. അവർ പറഞ്ഞു തന്നത് പോലെ പ്രത്യേക ശബ്ദം ഉണ്ടാക്കി ആടുകളെയൊക്കെ മേച്ചു കുന്നു കയറാൻ തുടങ്ങി. അതിനിടയിൽ അമ്മൂമ്മ സംഘ്നം ഗ്രാമത്തെ കുറിച്ചു പറഞ്ഞു. അൻപതോളം പേര് മാത്രം താമസിക്കുന്ന ഈ ഗ്രാമത്തിൽ എല്ലാവരും ബുദ്ധമതക്കാരാണ്. സംസാരിക്കുന്നത് ടിബെറ്റിൻ ഭാഷയും.വർഷങ്ങൾക്കു മുൻപ് ലാമമാർ കണ്ടെത്തിയ സ്ഥലമാണ് സംഘ്‌നം. പിന്നീട് ഇവരുടെ സഹായത്തിനായി വന്ന ബുദ്ധ മതക്കാർ കുടുംബവുമായി വന്നു ഇവിടെ താമസം തുടങ്ങി. ബുദ്ധ മതക്കാരാണെങ്കിലും ഹോളിയും ദീപാവലിയും ഒക്കെ ഇവർ ആഘോഷമാക്കാറുണ്ട്. കൃഷിയാണ് ഇവരുടെ പ്രധാന വരുമാനം. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ മാറ്റി വച്ച് ബാക്കി വരുന്നവ ദൂരെയുള്ള ഗ്രാമങ്ങളിലെ വീടുകളിൽ പോയി വിറ്റ് കിട്ടുന്ന പൈസയാണ് ഇവിടുത്തെ സ്ത്രീകളുടെ ആകെയുള്ള സമ്പാദ്യം. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിൽ, കൃഷി ചെയ്തു കിട്ടുന്ന വിഭവങ്ങളുമായി ഇവർ തൊട്ടടുത്തുള്ള കുൻഗ്രി ഗ്രാമത്തിലെ മോണസ്ട്രിയിൽ പ്രാർത്ഥിക്കാൻ പോകുന്ന ചടങ്ങുണ്ട്.

ഗ്രാമത്തിനു താഴെ കൂടി ഒഴുകുന്ന പിൻ നദിയുടെ കരയിലാണ് ഇവരുടെ കൃഷി. ജൂലൈ മാസത്തിലാണ് വിളവെടുപ്പ്. അപ്പോൾ ഇവിടെ മുഴുവൻ പച്ചപ്പായിരിക്കും. ഇത്രയും തണുപ്പും ഉണ്ടാകില്ല. കറുത്ത ബീറ്റ്റൂട്ട് ഉം വെളുത്ത കാരറ്റ് ഉം ഒക്കെ ആണ് കൃഷി ചെയ്യുന്നത്. അമ്മൂമ്മയുടെ നടത്തത്തിനൊപ്പമെത്താൻ നന്നേ കഷ്ടപ്പെട്ടു. ഒരു കുന്ന് കയറി ഇറങ്ങി. അവിടെ കണ്ട കാഴ്ച മനസിൽ നിന്നും ഒരിക്കലും മായില്ല. കുന്നിനു താഴെയായി പിൻ നദി ഒഴുകുന്നുണ്ട്. നദിക്കു അരികിലായി വസന്ത കാലത്തെ വരവറിയിച്ചു മഞ്ഞ ഇലകൾ കൊണ്ട് പൂത്തു നിൽക്കുന്ന മരങ്ങൾ. അങ്ങ് മുകളിലായി മഞ്ഞു മൂടികിടക്കുന്ന മലനിരകൾ. മരംകോച്ചുന്ന തണുത്ത കാറ്റ്. ദൂരത്തായി നദിക്കു കുറുകെ ഒരു പാലം. ഇതെന്താ സ്വപ്നം കാണുന്നതാണോ? താഴേക്കു എത്തും തോറും മഞ്ഞ ഇലകളുള്ള മരങ്ങളുടെ എണ്ണവും ഭംഗിയും കൂടി വന്നു. ഇന്നലെ രാത്രി അറിയാതെ ശപിച്ച ഗ്രാമം എത്ര മനോഹരമാണ് !!!.

മുദ് ഗ്രാമത്തിലേക്ക്

sanganam 3

ഇവിടെ വരെ വന്നത് മുദ് ഗ്രാമം കാണാനല്ലേ? കണ്ടിട്ട് പോകാം. പക്ഷേ എങ്ങനെ? മുദ് ഗ്രാമത്തിലേക്ക് റോഡ് പണിക്കു പോകുന്ന കുറച്ചു തൊഴിലാളികളും ഒരു ടിപ്പർ ലോറിയും അപ്പോഴാണ് മുന്നിൽ കണ്ടത്. ടിപ്പർ ലോറിയുടെ പിറകിൽ വലിഞ്ഞു കയറി. ലോറി നീങ്ങി തുടങ്ങി. റോഡ് എന്ന് പറയാൻ പറ്റാത്ത ഒരു വഴി. അത് നേരെ പോകുന്നത് മുദ് ഗ്രാമത്തിലേക്കാണ്. അവിടെ വഴി അവസാനിക്കും. എങ്ങും മലനിരകളാണ്. കുന്നുകൾ ഇടിച്ചു ഉണ്ടാക്കിയ ഈ വഴിയുടെ ഇടത് വശത്ത് നോക്കിയാൽ അങ്ങ് ദൂരെ ഒരു ചെറിയ വര പോലെ പിൻ നദി ഒഴുകി പോകുന്നത് കാണാം. റോഡ് പണി നടക്കുന്നിടത്തു വണ്ടി നിർത്തി. ലോറിയിൽ നിന്നും താഴെ ഇറങ്ങി മുദ് ഗ്രാമത്തിലേക്ക് നടക്കാൻ തുടങ്ങി. അഞ്ച് കിലോമീറ്റർ ദൂരം ഉണ്ട് . കുത്തനെ ഉള്ള കയറ്റമാണ്. എന്നാലും പ്രകൃതി ഭംഗി അസ്വദിച്ചു നടന്നത്‌കൊണ്ട് ക്ഷീണം അറിഞ്ഞില്ല. ഇപ്പോൾ ദൂരെയായി മുദ് ഗ്രാമം കാണാം. അഞ്ചോ പത്തോ വീടുകൾ മാത്രം ഉള്ള ഒരു ചെറിയ ഗ്രാമം. പിന്നെ കുറച്ചു ഹോം േസ്റ്റയും. സഞ്ചാരികൾ ഇല്ലാത്തതുകൊണ്ട് എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഗ്രാമത്തിലൂടെ മുന്നോട്ട് നടന്നു. എങ്ങും പുഞ്ചിരിയോടെ നിൽക്കുന്ന ആൾക്കാർ. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു "ജുലെ". അവിടെ ആരെ കണ്ടാലും അവർ ആദ്യം പറയുന്ന വാക്കാണ് ജുലെ. അതായതു ഹായ് എന്ന് നമ്മൾ പറയുന്ന പോലെ. മുന്നോട്ടുള്ള നടത്തം അവസാനിച്ചത് പരവതാനി വിരിച്ചത് പോലെ പൂക്കളാൽ നിറഞ്ഞ താഴ്‌വരയിൽ. മുകളിലേക്കു നോക്കിയാൽ മഞ്ഞു പെയ്യുന്ന മലകൾ.. കുറെ നേരം അവിടെ ഇരുന്നും, ആകാശം നോക്കി മലർന്നു കിടന്നും ആ സ്വർഗത്തിലെ സൗന്ദര്യം ആസ്വദിച്ചു. എന്തൊരു ശാന്തത. തലയ്ക്കു മീതെ പക്ഷികൾ കൂട്ടമായി പറന്നു നടക്കുന്നു. കുറെ ചെമ്മരിയാടുകൾ ഒറ്റയ്ക്ക് മേഞ്ഞു നടക്കുന്ന കാഴ്ചകൾ. തിരിച്ചു നടന്നു. ഇനി സംഘ്‌നം ഗ്രാമത്തിൽ എത്തണം. കണ്ട കാഴ്ചകൾ ഒക്കെ ഓർത്തു നടക്കുമ്പോൾ കുറച്ചു ലാമമാർ പോകുന്ന ഒരു സുമോ വാൻ മുന്നിൽ വന്നു നിന്നു. എന്നോട് ഒന്നും ചോദിച്ചില്ല. വാതിൽ തുറന്നു തന്നു. ഒന്നും മനസിലാകാതെ ഞാൻ വണ്ടിയിൽ കയറി. തിരിച്ച് സംഘ്‌നം എത്തി.ഡോക്ടറുടെ വീട്ടിലേക്ക് നടന്നു. അവർ മുദ് ഗ്രാമത്തിന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഞാൻ നാളെ പോകുകയാണ്. ഇനി ഒരിക്കൽ കൂടി വരും. അടുത്ത തവണ കൃഷി ചെയ്തു തുടങ്ങുമ്പോൾ എന്നെ വിളിക്കണം. ആ യാത്ര പറച്ചിൽ അവരുടെ കണ്ണുകളെ ഈറനണിയിച്ചു. സത്യത്തിൽ ഓരോ യാത്രയും സുന്ദരമാകുന്നത് ആ നാടിന്റെ ഭംഗി ക്യാമറയിൽ പതിയുമ്പോൾ അല്ല. ഇതു പോലെ നല്ല മുഖങ്ങളെ കാഴ്ചകളെ മനസിൽ പതിയ്ക്കുമ്പോഴാണ്.



Tags:
  • Manorama Traveller