ക്ഷേത്ര നഗരമായ തിരുപ്പതിയിൽ നിന്നും ശ്രീകാള ഹസ്തിയിലേക്കുള്ള യാത്ര, കൃഷി ഭൂമികളുടെ മധ്യത്തിലുള്ള ഹൈവേയിൽ കൂടിയായിരുന്നു. കലംകാരി കലാകാരന്മാരെ തേടിയാണ് ഈ യാത്ര
ആന്ധ്രാപ്രദേശിലെ കാളഹസ്തിയിലാണ് കലംകാരിയുടെ പിറവി. കലം' എന്നാൽ പേനയെന്നും, 'കാരി എന്നാൽ ഹസ്തകല എന്നുമാണ് അർഥം. ഇവിടങ്ങളിലെ നാടോടി ഗായകർ ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് പാടിപ്പറഞ്ഞ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കഥകളാണ് പിന്നീട് ചിത്രരൂപത്തിലേക്ക് മാറി കലംകാരി ചിത്രകല എന്ന വിഭാഗത്തിന് തുടക്കം കുറിച്ചത്. കാർ പല്ലം എന്ന സ്ഥലത്തു നിന്നും ശ്രീകാള ഹസ്തിയിലേക്ക് തിരിഞ്ഞു. വിനായക ചതുർഥിയുടെ ആഘോഷങ്ങൾ നടക്കുന്ന തെരുവ്. കോലമിട്ട വീട്ടുമുറ്റങ്ങൾ. തട്ടുപൊളിപ്പൻ പാട്ടിന്റെ നടുക്ക് അലങ്കാരസമേതമായി നിൽക്കുന്ന ഗണപതി വിഗ്രഹങ്ങൾ...രാത്രിയെ പകലാക്കി കത്തുന്ന അലങ്കാരവിളക്കുകൾ. കാർ നിർത്തി ആദ്യം കണ്ട ഗ്രാമവാസിയോട് കലംകാരിയുടെ ഗ്രാമം അന്വേഷിച്ചു. വാഹനത്തിന് പുറകിലായി നിലകൊള്ളുന്ന ഒരു ബോർഡ് ലക്ഷ്യമാക്കി അയാൾ വിരൽ ചൂണ്ടി, റ്റി.പി അഗ്രഹാരം.
ദക്ഷിണകാശിയിൽ
പൂർവ ഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന പെന്നാർ നദിയുടെ പോഷക നദിയായ സ്വർണ്ണമുഖിയുടെ തീരത്താണ് കാളഹസ്തി. ഉൾഗ്രാമത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു തെരുവിലാണ് ലോകപ്രശസ്തമായ കലംകാരി ഹസ്തകല പിറന്നു വീണതെന്ന് ഓർത്തപ്പോൾ അദ്ഭുതം തോന്നി. കാളഹസ്തി ക്ഷേത്രസമുച്ചയത്തിന്റെ മേലാപ്പുകളിലും രഥത്തിലും നടത്തിയ ചിത്രരചന പിന്നീട് എങ്ങനെയാണ് ഫാഷന്റെ അകത്തളങ്ങളിൽ സ്ഥാനം പിടിച്ചത്!
മോഹൻജെദാരോയിൽ നിന്നും കലംകാരിയുടെ ആദിമ രൂപങ്ങൾ പുരാവസ്തു വകുപ്പ് കണ്ടെടുത്തിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ലേപാക്ഷി ക്ഷേത്രത്തിന്റെ മകുടങ്ങളിലും ഈ ഹസ്തകലയുടെ ശേഷിപ്പുകളുണ്ട്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീകാള ഹസ്തി ക്ഷേത്രം രാഹു, കേതു പൂജയ്ക്ക് പ്രശസ്തമാണ്. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് കാള ഹസ്തി. അഞ്ചാം നൂറ്റാണ്ടിലെ പല്ലവകാലത്തെ ക്ഷേത്രമാണിതെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ചോള രാജാക്കന്മാർ ക്ഷേത്രത്തെ പുതുക്കിപ്പണിതു. വിലാസിനി നാട്യമാണ് ക്ഷേത്രത്തിലെ പ്രധാന കലാരൂപം. മൊട്ടയടിച്ച തലകളും മുല്ലപ്പൂ മാലകളുമാണ് ക്ഷേത്രത്തിലെത്തുന്നവർക്ക് ആദ്യദർശനം. തൊഴുത്, ക്ഷേത്രം ചുറ്റിക്കണ്ട ശേഷം അഗ്രഹാരക്കാഴ്ചകള ലക്ഷ്യമാക്കി നടന്നു.
സ്വർണമുഖിയുടെ തീരത്ത്
കലംകാരി യൂണിറ്റിന്റെ ഉടമ രാജലക്ഷ്മി സ്നേഹത്തോടെ സ്വീകരിച്ചു. ഇവിടുത്തെ തൊഴിലാളിയായ ലത നിവർത്തിയിട്ട വലിയ സാരിയിൽ ചിത്രപ്പണിയിലാണ്. മുളംതണ്ടിൽ തുണി ചുറ്റിയ പേന, ചായക്കൂട്ടുകളിൽ മുക്കി അതീവ ശ്രദ്ധയോടെ വരയ്ക്കുന്നു. കോവിഡ് കാലത്തിനു മുൻപ് 50 തൊഴിലാളികൾ ഉണ്ടായിരുന്ന യൂണിറ്റിൽ ഇപ്പോഴുള്ളത് അഞ്ച് തൊഴിലാളികൾ മാത്രം. അഹമ്മദാബാദിൽ നിന്നും സൂറത്തിൽ നിന്നുമുള്ള വെള്ള ചന്ദേരി തുണികൾ കൊറിയർ വഴി വന്നു കിടക്കുന്നത് രാജലക്ഷ്മി കാണിച്ചു.
ആറടി നീളത്തിലുള്ള മനോഹരമായ ഒരു സാരി നിവർത്തി അവർ എന്നെ മോഹിപ്പിച്ചു. അതിന്റെ വില 35000എന്നു കേട്ടതോടെ രണ്ടു ചിത്രം പകർത്തിയ ശേഷം തിരികെ നൽകി. 700 രൂപ മുതൽ തുടങ്ങുന്നു കലംകാരി തുണികളുടെ വില. "ഇതൊരു നീണ്ട പ്രക്രിയയാണ്. ഇതിനു ആവശ്യം ക്ഷമയാണ്. ഒരു ദുപ്പട്ട നിർമിക്കാൻ തന്നെ ഒരു മാസം വേണ്ടുന്ന കല" രാജലക്ഷ്മി വാചാലയായി.
പ്രകൃതിയിൽ നിന്ന് ശേഖരിക്കുന്ന നിറങ്ങളും മഹാഭാരതത്തിലെയും രാമായണത്തിലെയും ഭാഗവതത്തിലെയും കഥകളും ചേർത്ത് ആറടി നീളമുള്ള ക്യാൻവാസിൽ തീർക്കുന്ന മാന്ത്രികതയാണ് കലംകാരി സാരി. ശരീരത്തിന് ദോഷമുണ്ടാക്കുന്ന ഒരു രാസവസ്തുക്കളും ഉപയോഗിക്കാത്തതിനാൽ കലംകാരിയ്ക്കു ലോകവിപണിയിൽ നല്ല ഡിമാൻഡ് ആണ്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ആംസ്റ്റർഡാമിലെ മ്യൂസിയത്തിലും കലംകാരി സ്ഥാനം പിടിച്ചിട്ടുണ്ട്.
കലംകാരി ചിത്രവേല രണ്ടു തരത്തിലുണ്ട്. ശ്രീകാളഹസ്തി ശൈലിയും മച്ചലിപട്ടണം ശൈലിയും. മച്ചലിപട്ടണം കലം കാരി രീതിയിൽ പ്രകൃതിയിലെ കാഴ്ചകളാണ് കാൻവാസിലേക്ക് പകർത്തുന്നത്. ഡെക്കാൻ സുൽത്താന്മാരും മുഗൾ രാജാക്കന്മാരും തങ്ങളുടെ കൊട്ടാരങ്ങളെ അലങ്കരിക്കാൻ മച്ചലി പട്ടണം കലംകാരി കാർപെറ്റുകൾ ഉപയോഗിച്ചിരുന്നു.കോറമാൻഡൽ പ്രവിശ്യയിലും ഗോൽക്കൊണ്ടയിലും ഈ കല പ്രശസ്തമായിരുന്നത്രെ. ആന്ധ്രയുടെ ഭൗമ സൂചികയിൽ ഇടം പിടിച്ച കരകൗശലവേലയാണിത്.ബ്ലോക്ക് പ്രിന്റുകളാണ് ഇവിടുത്തെ പ്രത്യേകത.
നിറങ്ങളേ...നിങ്ങളില്ലെങ്കിൽ
ഏതാണ്ട് ഇരുപത്തി മൂന്നോളം പ്രക്രിയ കഴിഞ്ഞാണ് കലംകാരി വസ്ത്രം നമുക്ക് മുന്നിലേക്കെത്തുന്നത്. ചന്ദേരി തുണിയോ പരുത്തി വസ്ത്രമോ ആദ്യം പശ കളഞ്ഞു കഴുകി മണൽപ്പുറത്തു വിരിച്ചുണക്കുന്നു .ശേഷം എരുമപ്പാലും ചാണകവും കാരയ്ക്കാ പൊടിയും കലർന്ന മിശ്രിതത്തിൽ മണിക്കൂറുകൾ കുതിർക്കുന്നു. പാൽ ഒരു മെഴുക് പോലെ പ്രവർത്തിച്ച് നിറങ്ങൾ ഇടകലരാതെ കാക്കുന്നു. യഥാർത്ഥ കലംകാരിയുടെ ചായമിളകാത്തതിന്റെ പ്രധാന കാരണം എരുമപ്പാലിന്റെ വെണ്ണ മെഴുക്കാണ്. തണലിൽ ഉണങ്ങിയ തുണികളിൽ പുളിവിറകു കത്തിച്ച കരിക്കട്ട കൊണ്ട്ചിത്രങ്ങളുടെ രൂപരേഖ തയാറാക്കുന്നു. പടിക്കാരം ഉപയോഗിച്ച് തുണിയിൽ നിറം വേണ്ടയിടത്തു വരയ്ക്കുന്നു. മുളന്തണ്ടിൽ തുണി ചുറ്റി പേന പോലെ പിടിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. ഇവിടെയുള്ള കാടുകളിൽ ലഭ്യമായ സുരുട് ചക്കയുടെയും സേവൽക്കൊടിയുടെയും വേര് പൊടിച്ചത് ഇരുമ്പ് പാത്രത്തിലിട്ടു തുണിയും ചേർത്ത് പുഴുങ്ങുമ്പോൾ ചുവപ്പ് നിറം ലഭിക്കും.
കറുത്ത നിറം ലഭിക്കാൻ ശർക്കരയും പനം ചക്കരയും വെള്ളവും ഇരുമ്പ് പാത്രത്തിലിട്ടു വയ്ക്കുന്നു. നീലയമരി ചെടി സത്തയാണ് ഇൻഡിഗോ ബ്ലൂ നിറത്തിന്റെ ഉറവിടം. കാരയ്ക്ക പൂവും പടിക്കാരവും ചേരുമ്പോൾ മഞ്ഞ. മാതളനാരങ്ങാ ഉപയോഗിച്ച് കടും മഞ്ഞ ഉണ്ടാക്കുന്നു. പ്രാഥമിക നിറങ്ങളെ കൂട്ടിക്കലർത്തി ദ്വിതീയ വർണങ്ങൾ നിർമ്മിക്കുന്നു.ദൈവങ്ങൾക്കു പ്രധാനമായും നീല നിറമാണ് നൽകുന്നത്. സ്ത്രീ കഥാപാത്രങ്ങൾ മഞ്ഞയിലാണ്. അതിനു ശേഷം ഉണക്കി തേച്ചു തുണികൾ വൃത്തിയാക്കുന്നു. അതോടെ നിറങ്ങൾ സുന്ദരമായി ലയിച്ചു ചേർന്ന ഒരു കലാമൂല്യമേറിയ വസ്തു ജനിക്കുന്നു.
വേനൽക്കാലത്തെ സ്വർണ്ണമുഖി നദിയിലെ വരൾച്ചയും ഹസ്തകല ചെയ്യുന്ന കലാകാരന്മാരുടെ ലഭ്യതക്കുറവും ഈ കലയെ തളർത്തിക്കൊണ്ടിരിക്കുന്നു. വിനായക ചതുർത്ഥിയുടെ മധുരങ്ങൾ കഴിച്ചു വാതിൽപ്പടികളിൽ കുശലം പറഞ്ഞിരിക്കുന്ന സ്ത്രീകൾ. അവരെ പിന്നിട്ട് നടന്നു. 3000 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള കലംകാരിയുടെ നിറപ്പകിട്ട് ജീവിതത്തിൽ ചേല് പടർത്തിയിട്ടില്ലാത്ത ഗ്രാമത്തിനോട് വിട പറഞ്ഞു.