നോട്ടം പാളിയാൽ, ശ്രദ്ധയൊന്നു പിഴച്ചാൽ കാൽ വഴുതി വീഴുന്നത് രണ്ടായിരം അടി താഴ്ചയിലേക്ക്. മലയുടെ അടിവാരത്തുകൂടി ചെനാബ് നദി കുതിച്ചൊഴുകുന്നുണ്ട്. കൈവരി നിർമിച്ചിട്ടില്ലാത്ത പാതയിലെ അപകടങ്ങളെ വെല്ലുവിളിച്ച് സഞ്ചാരികൾ മലയുടെ മുകളിലെ റോഡിലൂടെ വാഹനം ഓടിക്കുന്നു. എതിർവശത്തു നിന്നു വാഹനം വന്നാൽ ഇരുവർക്കും കടന്നു പോകാൻ ഇടം കിട്ടും വരെ റിവേഴ്സ് ഗിയറിൽ സഞ്ചരിക്കേണ്ടി വരും. ഹിമാചൽപ്രദേശിനെയും ജമ്മുകശ്മീരിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമിച്ച ‘കില്ലര്‍ കിഷ്ത്വാര്‍’ ഒറ്റവരിപ്പാതയെക്കുറിച്ചാണു പറയുന്നത്. ഇംഗ്ലണ്ടിൽ നഴ്സായി ജോലി െചയ്യുന്ന മൂന്നാർ സ്വദേശി സിന്ധു ഈ പാതയിലൂടെ യാത്ര നടത്തി. ഓഫ് റോഡ് സഞ്ചാരങ്ങളിലൂടെ സാഹസിക യാത്രകളുടെ കൂട്ടുകാരിയെന്ന് അറിയപ്പെടുന്ന സിന്ധു ‘സിന്ധു വാഗബോണ്ട്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

‘‘മുന്നൊരുക്കമില്ലാത്ത യാത്രകള്‍ രസകരമായിരിക്കും എന്നു പറയാറില്ലേ? ഇക്കഴിഞ്ഞ ഏപ്രിൽ മാസം നടത്തിയ കില്ലര്‍ കിഷ്ത്വാര്‍ യാത്ര അതായിരുന്നു’’ – ട്രെക്കിങ്ങും ഹൈക്കിങ്ങും ഉൾപ്പെടുന്ന സാഹസിക യാത്രയിലെ അനുഭവങ്ങൾ സിന്ധു ഓർത്തെടുത്തു.
മനസ്സിൽ എപ്പഴോ കയറിക്കൂടിയ ഭയം ഇല്ലാതാക്കാനാണ് സാഹസിക യാത്രയ്ക്ക് ഒരുങ്ങിയത്. കുട്ടിക്കാലം മുതൽ സ്വപ്നഭൂമിയായി കരുതിപ്പോരുന്ന ഹിമാലയത്തിലേക്ക് അതിനുള്ള അവസരം ലഭിച്ചു. യുകെയില്‍ നിന്ന് ഡല്‍ഹിയിലെത്തി. മണാലിയിൽ താമസിക്കുന്ന സുഹൃത്തിനെ സന്ദർശിച്ചപ്പോൾ സാഹസിക യാത്രയ്ക്കുള്ള ആഗ്രഹം പങ്കുവച്ചു. അപ്പോഴാണ് കില്ലര്‍ കിഷ്ത്വാര്‍ റോഡിനെക്കുറിച്ച് അറിഞ്ഞത്. മനോഹരമായ പുഴകളും താഴ്വരയുമാണ് എന്നു മാത്രമേ അപ്പോൾ മനസ്സിലാക്കിയുള്ളൂ.
ഡല്‍ഹിയില്‍ നിന്ന് ‘ടിയാഗോ’ കാർ വാടകയ്ക്ക് എടുത്തു. യാത്ര എളുപ്പമാക്കാനായി ഡ്രൈവറേയും ഏർപ്പാടാക്കി. ആദ്യത്തെ രണ്ടു ദിവസം കുണ്ടും കുഴിയും കല്ലുകളും നിറഞ്ഞ പാതയിലൂടെ ഓടിയപ്പോഴേയ്ക്കും ടിയാഗോ കിതച്ചു. പക്ഷേ, അത്രയും ദൂരം പിന്നിലേക്കു യാത്ര ചെയ്യുക സാധ്യമല്ലാത്തതിനാൽ അതേ കാറിൽ യാത്ര തുടർന്നു.
മരണം മുന്നിലുണ്ട്: ജാഗ്രത

യാത്രക്കാർക്കുള്ള നിർദേശങ്ങൾ ഫോട്ടോ സഹിതം വഴിയോരങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘മരണം നിങ്ങളുടെ തൊട്ടുമുന്നില്‍, കൂടെയുണ്ട് – ജാഗ്രത’... ഇതു വായിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുമ്പോൾ നെഞ്ചിടിപ്പു കൂടി. വഴിയോരത്ത് കടകൾ ഇല്ല. ഭക്ഷണ സാധനങ്ങളും അരിയും പാലും സ്റ്റൗവും കെറ്റിലും നേരത്തേ വാഹനത്തിൽ കരുതിയിരുന്നത് ആശ്വാസമായി. കുറേ ദൂരം താണ്ടിയപ്പോൾ ഭക്ഷണം പാകം ചെയ്യാനായി അരുവിയുടെ സമീപത്തു കാർ നിർത്തി. പാറയിൽ നിന്നു നുരഞ്ഞൊഴുകിയ വെള്ളം ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കിയത്.

ഭക്ഷണത്തിനു ശേഷം കാറിലിരുന്നപ്പോൾ എത്തിച്ചേരാനുള്ള ദൂരത്തിന്റെയും കാണാൻ പോകുന്ന സ്ഥലത്തിന്റെയും ചരിത്രം ചികഞ്ഞു. ജമ്മുവിലെ കിഷ്ത് വാര് ജില്ലയുടെ കിഴക്കേ അറ്റത്താണ് കില്ലര്‍ കിഷ്ത്വാര്‍ റോഡ്. ദൈർഘ്യം 114 കിലോമീറ്റർ. ഹിമാചലിലെ സ്പിതി, ലാഹോള്‍ ജില്ലകളിലെ കില്ലാര്‍ എന്ന സ്ഥലത്താണ് റോഡ് ആരംഭിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 8,280 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണു സ്പിതി. അവിടം മുതൽ ജമ്മുവിലെ കിഷ്ത് വാര് ജില്ലയിലെ കിഷ്ത് വാർ വരെ നീണ്ടു കിടക്കുന്നു സാഹസിക പാത. ചെനാബ് നദിയുടെ തീരത്തുകൂടി കടന്നു പോകുന്ന ദേശീയപാത 26ന്റെ ഭാഗമാണ് റോഡ്. അടിവാരത്തുള്ള ഗ്രാമങ്ങൾ റോഡിൽ നിന്ന് രണ്ടായിരം അടി താഴ്ചയിലാണ്. പാതയ്ക്ക് കൈവരി (ഗാർഡ് റെയിൽ) നിർമിച്ചിട്ടില്ല. കിഴുക്കാംതൂക്കായി നിൽക്കുന്ന പാറകളുടെ സമീപത്തുകൂടി കടന്നു പോകുന്ന സഞ്ചാരികളുടെ നെഞ്ചിടിപ്പിന്റെ കനം പറഞ്ഞറിയിക്കാനാവില്ല.
കിഷ്ത്വാര്‍ കൈലാസ് എന്ന പര്‍വതനിരയുടെ ബേസ് ക്യാംപിലേക്കുള്ള പ്രധാന കവാടമാണ് ഈ റോഡ്. മണാലിയില്‍ നിന്നുള്ള റൊഥാങ് പാസിലൂടെ ചെനാബ് വാലിയിൽ എത്തിയ ശേഷം ദര്ലങ് വാലി പിന്നീടാണ് പര്‍വതത്തിന്റെ അടിവാരത്ത് ചെല്ലുക. മലയുടെ മുകളിലേക്കുള്ള പാതയിൽ ഓക്സിജൻ അളവ് കുറവാണ്. മുകളിൽ എത്തുന്നതിനു തൊട്ടു മുൻപുള്ള അൻപത് കിലോമീറ്റർ യാത്ര ദുഷകരമെന്നു പറയാതെ വയ്യ.
ഒരു വാഹനത്തിനു കടന്നു പോകാനുള്ള വീതിയുള്ളതാണ് റോഡ്. പാതയുടെ മധ്യത്തിലൂടെ വാഹനം കടന്നു പോകുമ്പോൾ ഭയപ്പെടാനില്ല. എന്നാൽ അരികു ചേർന്നുള്ള യാത്ര മരണം മുന്നിൽ കണ്ടുള്ള പ്രയാണമാണ്. ഈ റൂട്ടില്‍ ബസ് യാത്ര ചിന്തിക്കാനാവില്ല. ഇടുങ്ങിയ റോഡിന് ക്ലിഫ് ഹാങര്‍ എന്നാണു വിളിപ്പേര്.
നെഞ്ചു പിടഞ്ഞ ദൃശ്യം

ആദ്യത്തെ രണ്ടു ദിനങ്ങളിൽ കാലാവസ്ഥ അനുകൂലമായിരുന്നു. തെളിഞ്ഞ വെയിലില്‍ മലകൾ വ്യക്തമായി കണ്ടു. മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായാല്‍ മലയിടിയും. മലയിടിഞ്ഞാൽ പുതിയ റോഡ് നിർമിച്ചതിനു ശേഷമേ യാത്ര തുടരാനാകൂ. ഞങ്ങളുടെ യാത്രയിൽ മലയിടിച്ചിലും മഞ്ഞുവീഴ്ചയും നേരിടേണ്ടി വന്നില്ല. ചിലയിടങ്ങളിൽ റോഡിലേക്ക് ഉരുളന്‍ കല്ലുകള്‍ വീണു കിടക്കുന്നതു കണ്ടു. വെള്ളം റോഡിലൂടെ ഒഴുകി ചെളി നിറഞ്ഞിരുന്നു. അവിടെ കാറിന്റെ ടയറുകള്‍ മണ്ണില്‍ പുതഞ്ഞു. ചെളിയിൽ കല്ലുകള്‍ നിറച്ച് ചക്രങ്ങൾ പൊക്കിയെടുത്ത് തള്ളിനീക്കിയ ശേഷമാണ് യാത്ര തുടർന്നത്. പകുതി ദിവസം അങ്ങനെ നഷ്ടപ്പെട്ടു. അതിനിടയില്‍ രണ്ടോ മൂന്നോ വാഹനങ്ങൾ മാത്രമേ ആ വഴി വന്നുള്ളൂ.
വാഹനത്തിന്റെ വീതി അളന്നുണ്ടാക്കിയ പോലെയാണ് റോഡിന്റെ നിർമാണം. കല്ലും മണ്ണും ചെളിയും നിറഞ്ഞതാണു റോഡ്. ശ്രദ്ധയൊന്നു പാളിയാല്‍, കണ്ണൊന്നു ചിമ്മിയാല്‍ ചെന്നു വീഴുന്നത് അഗാധ ഗർത്തത്തിലാണ്. മിനിമം സ്പീഡിൽ മാത്രമേ കാറോടിക്കാന്‍ സാധിക്കൂ. ഒരിടത്തു വണ്ടി നിര്ത്തിയള് താഴ്വരയിൽ കിടക്കുന്ന വാഹനങ്ങൾ കണ്ടു. അപകടത്തിൽപ്പെട്ട് കൊക്കയിൽ പതിച്ച വാഹനങ്ങളായിരുന്നു അത്. കാറുകളും ബൈക്കുകളുമുണ്ട്. വീതി കുറഞ്ഞ റോഡിന്റെ കുറേ ഫോട്ടോകൾ പകർത്തി. വാഹനങ്ങൾ പതിച്ച താഴ്വരയിലേക്ക് ഭയത്തോടെ നോക്കി നിന്നു.
താമസിക്കാൻ റസ്റ്റ് ഹൗസ്

ഹിമാലയന്‍ മലനിരയിലെ ഈ യാത്രയുടെ ഭംഗി ഒപ്പിയെടുക്കാന്‍ കാമറക്കണ്ണുകള്‍ പോരാ. ആ കാഴ്ചകള്‍ മനസ്സിന്റെ കണ്ണില്‍ ഒപ്പിയെടുക്കാനുള്ളതാണ്. ജീവിതാവസാനം വരെ സൂക്ഷിക്കാന്‍. അത്രയ്ക്ക് മനോഹരം! എണ്ണിയാല്‍ത്തീരാത്ത, പച്ചപുതച്ച മലനിരകള്‍. പര്‍വതങ്ങള്‍ക്കിടയിലൂടെ ഒഴുകുന്നു ചെനാബ് നദി. വെള്ളത്തിനു നീലയും പച്ചയും കലര്‍ന്ന നിറം. തീരത്തു നിന്ന് കൈ ഉയര്‍ത്തിയാല്‍ മേഘങ്ങളെ തലോടാം.

വഴിയോരത്തു വീടുകൾ കണ്ടില്ല. മടക്ക യാത്രയിൽ സര്‍ക്കാര്‍ റസ്റ്റ്ഹൗസുകളുടെ ബോർഡ് ശ്രദ്ധയിൽപ്പെട്ടു. ബുക്ക് ചെയ്താല്‍ താമസിക്കാൻ ഇടം ലഭിക്കും. അവിടെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമുണ്ട്. റസ്റ്റ് ഹൗസുകൾ മലയുടെ മുകളില്ലാണ്. മുറ്റത്തു നിന്നാൽ താഴ്വരയുടെ മനോഹാരിത ആസ്വദിക്കാം. ഈ പ്രദേശത്തു ഹോം സ്റ്റേകള്‍ കുറവാണ്. ടെന്റുമായി എത്തുന്നവർക്ക് തണുപ്പ് സഹിക്കാൻ തയാറെങ്കിൽ രസകരമായി ടെന്റ് ക്യാംപ് ഒരുക്കാം. ഓക്സിജന്റെ അളവ് കുറവായതിനാൽ ശരീരം അതിനൊത്ത് ക്രമീകരിക്കണം. പുറപ്പെടുന്നതിനു രണ്ട് ദിവസം മുൻപ് തണുപ്പുള്ള സ്ഥലത്ത് താമസിച്ചതിനാൽ എനിക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സാധിച്ചു.
പേടി മാറ്റിയ യാത്ര

കില്ലര്‍ കിഷ്ത്വാര്‍ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ പ്രത്യേകം തയാറെടുപ്പ് വേണം. ഓഫ് റോഡ് റൈഡിനായി നിർമിച്ച വാഹനങ്ങൾ തിരഞ്ഞെടുക്കുക. ടൂള്‍സ്, സ്റ്റെപ്പിനി ടയർ, മെഡിസിൻ കിറ്റ് എന്നിവ കരുതുക. മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായാല്‍ യാത്ര തടസ്സപ്പെടും. പുതിയ റോഡ് വെട്ടിയുണ്ടാക്കിയാലേ യാത്ര തുടരാന്‍ കഴിയൂ. രണ്ടോ മൂന്നോ ദിവസം താമസിക്കാനുള്ള സാധനങ്ങൾ ബാഗിൽ ഉറപ്പാക്കുക. എളുപ്പത്തിലും വേഗത്തിലും പാകം ചെയ്യാവുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങുക.

മരണം നമ്മുടെ കൂടെയുണ്ട്, ജീവിതം ഇത്രയേ ഉള്ളൂ എന്നൊരു യാഥാര്‍ഥ്യം ഈ യാത്ര എനിക്ക് മനസ്സിലാക്കിത്തന്നു. ഉയരം പേടിയായിരുന്ന ഞാന്‍ മലയുടെ മുകളില്‍ കയറി. അതോടെ പേടി ഇല്ലാതായി. ഈ റോഡിനെക്കുറിച്ച് വിശദമായി നേരത്തേ അറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാനീ യാത്ര വേണ്ടെന്നു വയ്ക്കുമായിരുന്നു. മുന്‍ധാരണയില്ലാതെ പോയ യാത്ര ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റി.