ഷിംലയിൽ നിന്നുള്ള സ്പിതി യാത്ര തുടങ്ങിയിട്ട് ഇതിപ്പോൾ അഞ്ചാമത്തെ ദിവസമാണ്. അറുപത്തൊൻപതുകാരനായ അശോക്‌കുമാർ ആണ് ഞങ്ങളുടെ ഡ്രൈവർ. അദ്ദേഹത്തേക്കാൾ പ്രായമുള്ളതെന്നു തോന്നിപ്പിക്കുന്ന പഴഞ്ചൻ ഫോഴ്‌സ് ട്രാവലർ വാനിൽ ഞങ്ങൾ 12 പേരുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും വന്ന പരസ്പരം അറിയാത്ത 6 കപ്പിൾസ്. ആദ്യ പരിചയപ്പെടലിൽ തന്നെ പരസ്പരം ഇഷ്ടപ്പെടുന്നവിധം ഹൃദ്യമായി പെരുമാറുന്നവർ. ചണ്ഡിഗഡ് കേന്ദ്രീകരിച്ചുള്ള ട്രാവൽ കമ്പനി മുഖേനയാണ് യാത്ര ഏർപ്പാടാക്കിയത്. നാർക്കണ്ടയും, ചിത്കുലും , കൽപ്പയും നാക്കോയുമൊക്കെ കടന്ന് സ്പിതിയിലെ അതി ദുർഘടപാതയിലൂടെ സഞ്ചരിച്ച് അഞ്ചാം ദിനമാണ് വണ്ടി കാസയിലെത്തിയത്. അതിഭയാനകമായ പാതയിലൂടെ വേഗത ഏറ്റവും കുറച്ച് നീങ്ങുന്ന വണ്ടി ഹോട്ടലിലേക്ക് എത്തിയപ്പോഴേക്കും രാത്രിയേറെ വൈകിയിരുന്നു. അത്രയും അപകടകരമായ പാതയിലൂടെ ഈ പഴഞ്ചൻ വണ്ടി ഓടിക്കുന്നതിലുള്ള അപകട സാധ്യത സത്യത്തിൽ ഓരോ നിമിഷവും ഭയപ്പെടുത്തി. എങ്കിലും പിന്നിട്ട വഴികളിലെ
കാഴ്ചകൾ നൽകിയ ആനന്ദം വർണനാതീതമാണ്.
മരണം മുന്നിൽ കണ്ട്

കല്‍പ്പ കഴിഞ്ഞ് സ്പിതിയിലേക്ക് പ്രവേശിച്ചതും ഭൂപ്രകൃതിയാകെ മാറി. അത്രനേരം കണ്ട. പച്ചപ്പ് എവിടെ വച്ചോ നഷ്ടമായിരിക്കുന്നു. അടർന്ന് വീഴുന്ന മൺകൂനകൾ, പെട്ടിച്ചിതറുന്ന പാറക്കൂട്ടങ്ങൾ. പാതയെ തകർത്ത് കടന്നുപോകുന്ന ഹിമാനികൾ...വഴികളും കാഴ്ചകളും ഒരുപോലെ ഭയപ്പെടുത്തി. ഒരു ഗ്രാമത്തിൽ നിന്നും അടുത്തതിലേക്കുള്ള യാത്ര ദൂരം കുറവെങ്കിലും മണിക്കൂറുകൾ നീണ്ടതാണ്. നാക്കോയും ടാബോയും കാസയുമൊക്കെ സ്പിതിവാലിയിലെ ആൾതാമസമേറിയ ചെറുപട്ടണങ്ങളാണ്. ഇതിൽ സ്പിതിയുടെ പ്രധാന കേന്ദ്രമെന്നറിയപ്പെടുന്നത് കാസയാണ്. ബുദ്ധമതവിശ്വാസികളാണ് ഏറിയ പങ്കും ഇവിടെ താമസമാക്കിയിരിക്കുന്നത്. കാസയ്ക്ക് മുകളിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമങ്ങളിലൊന്നായ കോമിക്ക് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും ഉയരത്തിലുള്ള പോേസ്റ്റാഫീസുകളിൽ ഒന്നായ ഹിക്കിം കോമിക്ക് വില്ലേജിലാണുള്ളത്. സ്പിതി നദിയുടെ കരയിൽ മലഞ്ചെരുവിൽ നിർമിക്കപ്പെട്ട ‘കീ മൊണാസ്ട്രി’ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്.
കുൻസും ലാ വഴി ചന്ദ്രതാലിലേക്ക്

ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ പാതകളിൽ ഒന്നാണ് കുൻസും പാസ്. ഇതു കടന്ന് വേണം ചന്ദ്രതാലിലേക്ക് എത്താൻ. ഈ പഴഞ്ചൻ വാഹനത്തിൽ വലിയ ആത്മവിശ്വാസമില്ലാതെ ഡ്രൈവ് ചെയ്യുന്ന ഡ്രൈവറുമായി മുന്നോട്ട് പോകുന്നത് പ്രായോഗികമാണോ എന്ന് പലവട്ടം ആലോചിച്ചു. ട്രാവൽ കമ്പനിയുമായി ബന്ധപ്പെട്ട് മറ്റൊരു വാഹനമോ അല്ലെങ്കിൽ മറ്റൊരു ഡ്രൈവറെയോ സംഘടിപ്പിക്കാൻ കഴിയുമോ എന്ന് അന്വേഷിച്ചിരുന്നു. പെട്ടെന്ന് കാസയിലേക്ക് പുതിയൊരു വാഹനമോ ഡ്രൈവറെയോ എത്തിക്കുക എന്നത് പ്രയോഗികമല്ലാത്തതിനാൽ നിലവിലുള്ള വാഹനത്തിൽ തുടരുക എന്നാണ് ട്രാവൽ കമ്പനി അറിയിച്ചത്. അതുകൊണ്ടുതന്നെ കാസയിൽ എത്തിയ ദിനം തന്നെ അവിടെ കണ്ടുതീർക്കാവുന്ന പരമാവധി കാഴ്ചകൾ ആസ്വദിച്ചു. ശേഷം അതിരാവിലെ തന്നെ ചന്ദ്രതാലിലേക്ക് പുറപ്പെട്ടു. കാസയിൽ നിന്നും 96 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഏറ്റവും ദുർഘടമായ കുൻസും പാസ് മറികടക്കുക എന്നതാണ് യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. വളരെ പതിയെ ആണെങ്കിലും യാത്രയിലുടനീളം ഏറ്റവും സുരക്ഷിതമായി വണ്ടിയോടിക്കാൻ ഡ്രൈവർ ശ്രദ്ധിക്കുന്നുണ്ട്. ടാറിന്റെ അടയാളങ്ങൾ പോലുമില്ലാത്ത
പാറകഷ്ണങ്ങൾ നിറഞ്ഞ മൺവഴികൾ. പശപ്പ് കലർന്ന കറുത്ത മണ്ണാണ് ഈ ഭൂമിയിൽ പ്രധാനമായും കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പാതയിടിഞ്ഞ് പോകുന്നില്ല. കാസയിൽ നിന്ന് 79 കിലോമീറ്ററാണ് കുൻസും പാസിലേക്കുള്ള ദൂരം. 14950 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദുർഘടമായ പാത. ചുരത്തിന്റെ നെറുകയിൽ കുൻസും മാതാ ടെംപിൾ സ്ഥിതി ചെയ്യുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ ക്ഷേത്രത്തെ ചുറ്റി കടന്നുപോകുന്നു. കാസയിലേക്കോ ചന്ദ്രതാലിലേക്കോ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് പ്രധാനമായും രണ്ടു വഴികളാണുള്ളത്. അതിലൊന്ന് ഷിംല, നാർക്കണ്ട, കൽപ്പ വഴിയും മണാലിയിൽ നിന്നെത്തുന്നവർക്ക് റോത്താങ്ങിൽ നിന്നു വലത് തിരിഞ്ഞ് ഒരു ദിവസത്തെ യാത്രയിൽ ഇവിടേക്ക് എത്തിച്ചേരാൻ കഴിയും. ഷിംലയിലൂടെയുള്ള യാത്രയാണെങ്കിൽ പലപട്ടണങ്ങളിലൂടെ യാത്ര ചെയ്ത് രണ്ടോ മൂന്നോ ദിവസം വേണ്ടി വരും ഇവിടേക്ക് എത്തിച്ചേരാൻ. ഇതിനിടയിൽ കിന്നൗർ സന്ദർശിക്കാനും കഴിയും.

ശ്വാസമടക്കിപ്പിടിച്ച്, മൺവഴിയേ

കാസയിൽ നിന്നുള്ള പാതയിൽ കുൻസും ചുരത്തിൽ നിന്നും വലത്തേക്ക് തിരിഞ്ഞാൽ പിന്നെ ഭയാനകമായൊരു പാതയുണ്ട്. വഴിയിൽ പലവിധ തടസങ്ങളും അപകടങ്ങളും കാത്തിരിക്കുന്ന പന്ത്രണ്ട് കിലോമീറ്റർ നീണ്ടൊരു മൺപാത. വാഹനം ഓരോ വളവും തിരിവും എത്തുമ്പോഴും ശ്വാസമടക്കിപ്പിടിച്ചിരുന്നു. വീതി കുറഞ്ഞ മൺവഴി നിറയെ ഒഴുകിയെത്തുന്ന മഞ്ഞും പാറക്കഷ്ണങ്ങളും. റോഡിനെ ഭാഗിച്ച് കടന്നുപോകുന്ന ഹിമാനികൾ. അത്യധികമായ താഴ്ചയിലൂടെ ചന്ദ്രാനദി നൂലുപോലെ കടന്നുപോകുന്നു. സാഹസമെങ്കിലും പിന്നിടുന്ന ആ പന്ത്രണ്ട് കിലോമീറ്റർ അതിസാഹസികതയും ഭൂമിയുടെ വൈവിധ്യവും ഇഷ്ടപ്പെടുന്ന സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടമാകില്ല. എതിർവശത്തു നിന്ന് വാഹനം വന്നാൽ അതിനെ മറികടക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പാണ്. മഞ്ഞുരുകി കടന്നുപോകുന്ന രണ്ടു റിവർ ക്രോസ്സിങ്ങിൽ മിക്കപ്പോഴും വാഹനങ്ങൾ കുടുങ്ങാറുണ്ട്. പലവാഹനങ്ങളിൽ നിന്നുള്ള യാത്രികർ ഒരുമിച്ച് ഏറെ പണിപ്പെട്ടാണ് കുടുങ്ങിപ്പോയ വാഹനങ്ങളെ നദി കടത്തിവിടുന്നത്. അത്തരമൊരു സന്ദർഭത്തിലാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഞങ്ങളുടെ ഡ്രൈവർ നിഷ്പ്രയാസം കടന്നുപോയത്. സത്യത്തിൽ ആ നിമിഷങ്ങളിൽ കയ്യടിച്ചുപോയി. യാത്രയിലുടനീളം ആത്മവിശ്വാസം ഇല്ലാത്തവിധം പെരുമാറിയ ആ മനുഷ്യനാണ് ഇങ്ങനെ വണ്ടിയോടിച്ചതെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. സമയം വൈകിട്ട് മൂന്നിനോട് അടുക്കുന്നു. ചന്ദ്രതാലിന് അഞ്ചുകിലോമീറ്റർ അകലെയാണ് പാരാസോൾ എന്ന ടെന്റ് ക്യാംപ്. അവിടെയാണ് രാത്രി താമസം ഏർപ്പാട് ചെയ്തിട്ടുള്ളത്. നീല്‍ എന്ന വ്യക്തിയാണ് ക്യാംപ് നടത്തുന്നത്. ചന്ദ്രതാൽ ട്രൈക്കിങ് ഗൈഡായും നീൽ പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ മഞ്ഞുപെയ്യും എന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. വെയിൽ മങ്ങും മുൻപേ തടാകക്കരയിൽ
എത്തിയില്ലെങ്കിൽ അതിന്റെ സൗന്ദര്യം ആസ്വദിക്കാനാകില്ല അതുകൊണ്ടുതന്നെ ആഹാരം പോലും ഉപേക്ഷിച്ച്
ചന്ദ്രതാൽ കാണാനിറങ്ങി. മലമുകളിലേക്കാണ് വീണ്ടും യാത്ര. അഞ്ചുകിലോമീറ്റർ ദൂരം. വാഹനം അതിവേഗം തന്നെ ചന്ദ്രതാലിന്റെ ബേസ് ക്യാംപിലെത്തി. ഇനി ഒരു കിലോമീറ്റർ ദൂരം മലഞ്ചെരിവിലൂടെ നടക്കണം. ചുറ്റും മഞ്ഞുമലകൾ തലയെടുപ്പോടെ നിൽക്കുന്നു. ഹിമാലയത്തിന്റെ അതിസുന്ദരമായ മറ്റൊരു കാഴ്ച. തടാകത്തിലേക്കുള്ള യാത്രയിൽ കാണുന്ന മലനിരകൾക്ക് ചുവന്ന നിറം. മലഞ്ചെരിവിൽ യാക്കുകളും ആട്ടിൻപറ്റങ്ങളും മേഞ്ഞുനടക്കുന്നു. ഏകാന്തതയും, നിശബ്ദതയും സമ്മേളിക്കുന്ന ഇടമാണിത്. മലഞ്ചെരുവിൽ നിന്നിപ്പോൾ തടാകത്തിന്റെ അതിമനോഹരമായ ദർശനം. ചുവന്ന പർവതങ്ങൾക്കിടയിൽ നീലിച്ച് നിശബ്ദമായി കിടക്കുന്നു.

വെൺചന്ദ്രകല പോലെ

തടാകക്കരയിൽ നിശബ്ദതയിൽ ഏറെനേരം കണ്ണടച്ചിരുന്നു. തണുത്ത മഞ്ഞുകാറ്റ് ശരീരത്തെ തൊട്ട് കടന്നുപോയി. ഇടയ്ക്കെപ്പോഴോ തടാകത്തിന്റെ നിറം മാറിയിരുന്നു. പച്ചകലർന്ന സ്ഫടികത്തുല്യമായ ജലത്തിൽ ആകാശവും, പർവതങ്ങളും പ്രതിഫലിച്ചു. ചുറ്റിലും തലയെടുത്തു നിൽക്കുന്ന കൂറ്റൻ മഞ്ഞുമലകൾക്ക് താഴെ ചെരിവില് പുൽമേടുകൾ വസന്തകാലത്ത് നൂറുകണക്കിന് കാട്ടുപൂക്കളെകൊണ്ട് നിറയ്ക്കുന്നു. അക്കാലത്ത് ഈ തടാകത്തിന്റേയും അതിനുചുറ്റുമുള്ള പ്രകൃതിയുടേയും സൗന്ദര്യം എത്രയോ മടങ്ങ് വലുതാകും. ആകാശം പതുക്കെ ഇരുണ്ടു തുടങ്ങി. മഞ്ഞിന്റെ ചെറുതുള്ളികൾ മുഖത്തേക്ക് പാറിവീണു.
എത്ര കണ്ടാലും മതിയാകാത്ത ഇടമായി ചന്ദ്രതാൽ മാറുന്നു. സത്യത്തിൽ മടങ്ങിപ്പോരാൻ തോന്നിയില്ല. മലകളെ ചുറ്റി ചന്ദ്രക്കലയുടെ ആകൃതിയിലാണ് ഈ തടാകത്തിന്റെ കിടപ്പ്. അതുകൊണ്ടാണത്രേ ഇതിന് ചന്ദ്രതാൽ എന്ന പേര് വന്നത്. നീളം കണക്കാക്കിയാൽ ആകെ ഒരു കിലോമീറ്ററേയുള്ളൂ. വീതി അഞ്ഞൂറ് മീറ്റർ. 13940 അടി ഉയരത്തിലാണ് തടാകത്തിന്റെ കിടപ്പ് . ‘മധുരം രുചിച്ചറിയാവുന്ന വെള്ള’മാണിത്. സത്യത്തിൽ ഈ തടാകത്തിന്റെ പവിത്രതയും വൃത്തിയും അനുഭവിക്കുന്ന ഒരാൾക്ക് ഈ വെള്ളത്തിൽ
കാലു നനയ്ക്കാൻ പോലും തോന്നാറില്ല. മുന്നിൽ മുട്ടുകുത്തിയിരുന്ന് ഒരൽപം വെള്ളം കൈകുമ്പിളിലെടുത്ത് തൊണ്ട നനച്ചു. മനസിനെ ആ കരയിൽ ഉപേക്ഷിച്ച് തിരിച്ച് നടന്നു.