മതത്തിന് അതീതമായി മനുഷ്യരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ കരുണാകര ഗുരു. സത്യത്തിന്റെ സാഹോദര്യത്തിന്റെ സൗഹാർദ്ദത്തിന്റെ ഗുരുമാർഗം തേടിയാണ് ഈ യാത്ര. കോഴിക്കോട്, കക്കോടിയ്ക്ക് അടുത്ത് ആനാവുകുന്ന് കയറുമ്പോൾ മനസ്സ് ശാന്തമായിരുന്നു. മുന്നിൽ കയറിതീർക്കാനുള്ള വഴിയെ കുറിച്ച് ആശങ്കകൾ തെല്ലുമില്ലാതെ മുന്നോട്ട് നീങ്ങി. ആനാവുകുന്നിന് മുകളിലാണ് താമരയുടെ ആകൃതിയിൽ പണിതീർത്ത 72 അടി ഉയരമുള്ള വിശ്വജ്ഞാന മന്ദിരം. ആഞ്ഞുവീശുന്ന കാറ്റ് കിതപ്പാറ്റി ഉണർവേകി. ചുറ്റും മലനിരകൾ...വായിച്ച് പകുതിയാക്കി വച്ച നോവലിലെ കഥാപാത്രം പുസ്തകത്തിൽ നിന്ന് പുറത്തിറങ്ങി ദൈവത്തെ തേടി അലയുന്ന പ്രതീതിയിലാണ് മനസ്സ്. ആരാണ് ദൈവം ! എങ്ങോട്ടാണ് ഈ ഈ സഞ്ചാരം! ചോദ്യശരങ്ങൾക്ക് മുന്നിൽ ഒരേയൊരുത്തരം, പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന പരബ്രഹ്മം. ആ ബ്രഹ്മത്തിലേക്കുള്ള യാത്രയാണ് ഈ ജീവിതം. പരമചൈതന്യത്തെ പ്രാർഥിക്കാൻ ഉള്ളിൽ നിറയ്ക്കാൻ കരുണാകരഗുരു തെളിച്ച വഴിയേ വിശ്വജ്ഞാന മന്ദിരത്തിന്റെ സമാധാനാന്തരീക്ഷം തേടിയെത്തുന്ന സഞ്ചാരികൾ നിരവധി. വിശ്വജ്ഞാനമന്ദിരത്തിലെ കാഴ്ചകളിലേക്ക്...
വെണ്ണക്കൽ താമര
ശാന്തിഗിരി ആശ്രമത്തിന്റെ ഓഫിസിനു മുന്നിലാണ് വഴി അവസാനിക്കുന്നത്. സത്യചിത്തൻ സ്വാമി ഉപചാരപൂർവം സ്വാഗതമരുളി. ഏറ്റവും സ്വസ്ഥമായി അവനവന്റെ ഉള്ളിലെ ദൈവത്തെ ദർശിക്കാനുള്ള അവസരമാണ് വിശ്വജ്ഞാനമന്ദിരം തേടിയുള്ള യാത്ര. പാദങ്ങളും മുഖവും കഴുകി പടികൾ കയറി താമരരൂപത്തിനു മുന്നിൽ കണ്ണുകളടച്ച് നിന്നു. പൂർണമായും വിരിഞ്ഞ് നിൽക്കുന്ന കമലദളങ്ങളുടെ മാതൃകയിലാണ് കെട്ടിടം. 14,500 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലയിലാണ് നിർമിതി. നടന്നു പ്രാർഥിക്കാനും ഇരുന്ന് പ്രാർഥിക്കാനുമുള്ള ഭാഗങ്ങൾ തിരിച്ചിട്ടുണ്ട്. ഓരോ തട്ടിലും 12 ദളങ്ങൾ വച്ച് ആകെ 36 ഇതളുകളാണ് കെട്ടിടത്തിനുള്ളത്. 34 തൂണുകളിലായാണ് വിശ്വജ്ഞാനമന്ദിരം നിർമിച്ചിരിക്കുന്നത്. പ്രതിഷ്ഠ നിൽക്കുന്ന കേന്ദ്രമണ്ഡപത്തോട് ചേർന്ന് കലാസൃഷ്ടികളാൽ സമ്പന്നമായൊരു ബാലാലയമുണ്ട്. മുകളിലത്തെ നിലയിലാണ് ഗുരു ഉപയോഗിച്ച സാധനങ്ങൾ സൂക്ഷിച്ചുവച്ച മ്യൂസിയം. വിശ്വജ്ഞാനമന്ദിരത്തിന്റെ തറയിൽ രാജസ്ഥാനിൽ നിന്നുള്ള മക്രാന മാർബിളാണ് വിരിച്ചിരിക്കുന്നത്.
പ്രാർഥനാലയം തുറക്കുന്നു
വന്ദനരൂപൻ ജ്ഞാനതപസ്വിയ്ക്കാണ് ശാന്തിഗിരി ആശ്രമത്തിന്റെ പൂർണ ചുമതല. കോഴിക്കോട് ശാന്തിഗിരി ആശ്രമത്തിന്റെ ചരിത്രം പറഞ്ഞുകൊണ്ടാണ് തപസ്വി സംസാരിച്ച് തുടങ്ങിയത്. ‘നവജ്യോതി ശ്രീ കരുണാകരഗുരു 1995 ലെ കോഴിക്കോട് സന്ദർശനസമയത്ത് ഒരു നിമിത്തം പോലെയാണ് ആനാവുകുന്നിലെത്തുന്നത്. ആശ്രമം പണിയാൻ ഉചിതമായ സ്ഥലമാണിതെന്ന് ഗുരു തന്റെ ഭക്തരെ അറിയിക്കുന്നു. എന്നാൽ വേനൽക്കാലത്ത് ഈ മലമുകളിൽ ജലക്ഷാമം രൂക്ഷമാകില്ലേ എന്ന ഭക്തരുടെ സംശയത്തിന് ഏതുകാലത്തും വെള്ളം ലഭിക്കും എന്നായിരുന്നു ഗുരുവിന്റെ മറുപടി. പിന്നീട് 1995 ഡിസംബറിൽ 78 സെന്റ് സ്ഥലം വാങ്ങി, 1998ൽ ഓലകൊണ്ട് മേഞ്ഞ താൽക്കാലിക ഷെഡിൽ ആശ്രമം ആരംഭിച്ചു. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി 2005 ൽ ഇവിടം സന്ദർശിച്ചു. 2014 ൽ തപസ്വിനി ആശ്രമത്തിന്റെ പ്രാർഥനാലയത്തിന് തറക്കല്ലിടുകയും ഒപ്പം താൽക്കാലിക പ്രാർഥനാലയത്തിൽ ഓംകാര പ്രതിഷ്ഠ നടത്തുകയും ചെയ്തു. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് വിശ്വജ്ഞാനമന്ദിരം ഭക്തർക്ക് മുന്നിൽ തുറക്കുന്നത്. ’
മലനിരകളെ തഴുകിയെത്തുന്ന കാറ്റ് ഗുരു ചരണം ശരണം ജപിക്കുന്ന പോലെ... ചുറ്റും നിശബ്ദത. ഇവിടെ കണ്ണുകളടച്ചിരുന്നാൽ മനസ്സ് അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെയാകും.
ആരുമില്ലാത്തവർക്കാശ്രയം
വിശക്കുന്നവന് ആഹാരം, രോഗമുള്ളവന് ചികിത്സ, കിടപ്പാടമില്ലാത്തവന് തലചായ്ക്കാനൊരിടം സ്നേഹത്തിന്റെ ഈ വഴിയാണ് കരുണാകരഗുരു ശാന്തിഗിരി ആശ്രമത്തിലൂടെ ലോകത്തിനു മുന്നിൽ തുറന്നത്. 16 ഏക്കർ സ്ഥലത്താണ് ആശ്രമം നിലകൊള്ളുന്നത്. പശുത്തൊഴുത്ത്, അന്നദാനപ്പുര, പ്രാർഥനാലയം തുടങ്ങിയവ ഉൾപ്പെടുന്നതാണ് ആശ്രമം. വിക്ടർ പൈലിയാണ് കെട്ടിടത്തിന്റെ രൂപകൽപന ചെയ്തത്. മതത്തിന് അതീതമായ ആത്മീയത അഥവാ എല്ലാവർക്കും വന്ന് ഈശ്വരനെ അറിയാനും ഉൾക്കൊള്ളാനും അവസരമൊരുക്കുകയാണ് ആശ്രമത്തിന്റെ ലക്ഷ്യം. എല്ലാ മനുഷ്യർക്കും നല്ലതും ചീത്തയുമായ ഭാഗങ്ങളുണ്ട്. ആത്മീയതയിൽ ഭക്തിയിലൂന്നി ചീത്തചിന്തകളെ കളഞ്ഞ് നന്മയെ സ്വീകരിക്കാനുള്ള ‘ആ ശ്രമ’ത്തെയാണ് ആശ്രമം എന്ന് പറയുന്നത്. മൂന്ന് ആരാധനകളാണ് ഇവിടെയുള്ളത്. രാവിലെ ആറിന്, ഉച്ചക്ക് 12ന് , പിന്നെ സന്ധ്യാരാധന. രാത്രി ഒൻപതുവരെ പ്രാർഥനയുണ്ട്.
ശാന്തിഗിരിയുടെ കോഴിക്കാടുള്ള രണ്ടാമത്തെ ആശ്രമമാണ് കക്കോടിയിലേത്. ആദ്യത്തേത് വടകരയിൽ സ്ഥിതി ചെയ്യുന്നു. ചെളിയിൽ നിന്ന് പിറവികൊണ്ട് വെള്ളത്തിലൂടെ വളർന്നാണ് താമര വിരിയുന്നത്. വിരിഞ്ഞ താമരയിൽ പക്ഷേ അതിന്റെ ഭംഗിയാണ് നാം ദർശിക്കുന്നത്. ഇതുപോലെയാണ് മനുഷ്യരും. വളർന്നുവന്ന സാഹചര്യം ഏതായാലും താമര പോൽ നിർമലമായി നാം മാറണം എന്ന ഉദ്ദേശ്യത്തോടെയാണ് ശാന്തിഗിരി ആശ്രമങ്ങുടെ മാതൃക താമരയുടേതാകുന്നത്. ഞായറാഴ്ചകളിലെ സൽസംഘമാണ് ആശ്രമത്തിലെ പ്രധാന കൂടിചേരൽ. വ്യാഴാഴ്ചകളിൽ പ്രത്യേക പ്രാർഥന നടത്താറുണ്ട്. അതുപോലെ പൗർണമി ദിനങ്ങളിൽ ദീപപ്രദക്ഷണവും ഉറക്കമൊഴിച്ചുള്ള പ്രാർഥനകളും സംഘടിപ്പിക്കുന്നു.
പ്രശസ്ത ഓയിൽ പെയിന്റർ ജോസഫ് റോക്കി പാലക്കലാണ് കക്കോടി ശാന്തിഗിരി ആശ്രമത്തിനു വേണ്ടി ഗുരുവിന്റെ ഛായാചിത്രം വരച്ചത്. ഗുരു ആദിസങ്കൽപത്തിൽ ലയിച്ചു എന്നാണ് വിശ്വാസം. അതിനുശേഷം അമൃതജ്ഞാന തപസ്വിനി ശിഷ്യപൂജിതയായി. ഇപ്പോൾ ശാന്തിഗിരിയുടെ ഗുരു സ്ഥാനീയ വനിതയാണ് അമൃതജ്ഞാന തപസ്വിനി. ഗുരു തുടങ്ങി വച്ച ഓരോ കർമപദ്ധതിയും പിൽക്കാലത്ത് വളർന്നുകൊണ്ടിരുന്നു. വർഷങ്ങളായി, ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും പ്രചാരകരായി ശാന്തിഗിരി രംഗത്തുണ്ട്. ഭാവിയിൽ കക്കോടി ശാന്തിഗിരി ആശ്രമത്തിന്റെ ഭാഗമായി ആശുപത്രി, സ്കൂൾ, ഹെർബർ ഗാർഡൻ എന്നിവ നിർമിക്കാനുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്ന് വന്ദനരൂപൻ ജ്ഞാനതപസ്വി പറയുന്നു.
സൂര്യൻ ആനാവ് കുന്നിന്റെ നെറുകയിൽ ചുവപ്പ് പരത്തിത്തുടങ്ങി. വഴി നീളെ സ്ഥാപിച്ച ബോർഡുകളിൽ നിന്ന് ഗുരുവാണി വായിച്ച്, മനസ്സിൽ പലകുറി ഉരുവിട്ട് കുന്നിറങ്ങാൻ തുടങ്ങി. ‘വാക്ക് സത്യമാണ്, സത്യം ഗുരുവാണ്, ഗുരു ദൈവമാണ്’ ...