ട്രെക്കിങ് എന്നാൽ മലകളിലൂടെയോ മഞ്ഞുകട്ടകളിലൂടെയോ കാടുകളിലൂടെയോ മാത്രം നടക്കുന്നതാണ് എന്നു കരുതേണ്ട. മനുഷ്യൻ ‘കെട്ടി ഉറപ്പിച്ച’ പാതയിൽക്കൂടി കിലോമീറ്ററുകൾ നീളുന്ന നടത്തം. നടന്നു കുറച്ചു ദൂരം ചെന്നാൽ വായുവിലൂടെ ഒഴുകുകയാണെന്നു തോന്നും. അദ്ഭുതം തീരുന്നില്ല, ഈ നടപ്പാത നിർമിച്ചിരിക്കുന്നത് ഇരുമ്പിലോ ഉരുക്കിലോ ഒന്നുമല്ല, ഇരുമ്പു വടത്തിൽ തൂക്കിയിട്ടിരിക്കുന്നതുമല്ല. മുളങ്കമ്പുകൾ ചേർത്തു വെച്ച്, പാറക്കെട്ടുകളിലും കരിങ്കല്ലുകളിലും കെട്ടി ഉറപ്പിച്ചതാണ് നടപ്പാത.
ഓരോ പാദം വച്ച ശേഷവും താഴേക്കു പതിക്കാതെ ബാലൻസ് ചെയ്തു നിൽക്കാൻ പറ്റിയല്ലോ എന്ന ആശ്വാസം തോന്നുന്ന, ഇന്ത്യയിലെ അപൂർവമായ ബാംബു ട്രെക്ക് പാത...മാവ്റിങ്ഖാങ് ട്രെയിൽ. തുടക്കം വഖേനിൽ മേഘാലയ ട്രിപ്പിലെ അവസാന ദിവസം. ചിറാപ്പുഞ്ചി, ക്രാങ്സുരി വെള്ളച്ചാട്ടം, മൗലീനോങ് ഗ്രാമം... എല്ലാം കണ്ടു. മാവ്റിങ്ഖാങ് ഗ്രാമത്തിലെ ട്രെക്കിങ്ങാണ് ബാക്കിയുള്ളത്.
മേഘാലയിലെ ഈസ്റ്റ് ഖാസി ഹിൽസ് പ്രദേശത്ത് വഖേനിൽ ആണ് മുളമ്പാതയുടെ തുടക്കം. ഷില്ലോങ്ങിൽ നിന്ന് 50 കിലോമീറ്ററുണ്ട് അവിടേക്ക്. ഏർപ്പെടുത്തിയിരുന്ന കാറുകാരൻ പുലർച്ചെ എത്തി. രണ്ടു മണിക്കൂർ യാത്ര. ട്രെക്ക് തുടങ്ങുന്ന സ്ഥലത്ത് സന്ദർശകരെ ആരേയും കണ്ടില്ല. ‘20 വർഷം ടൂറിസ്റ്റ് വണ്ടി ഓടിച്ചിട്ടും ഇതുവരെ ഈ സ്‌ഥലത്തു വന്നിട്ടില്ല’ എന്ന് എന്റെ ഡ്രൈവർ പറഞ്ഞപ്പോൾ ആകാംക്ഷയായി.
ഇതാണോ ഗൈഡ്...
മാവ്റിങ്ഖാങ് ട്രെയിൽ ഏറെ പ്രശസ്തമായ ഡെസ്റ്റിനേഷനല്ല. പ്രവേശന കവാടത്തിൽ ടിക്കറ്റെടുത്തു. നിബിഡ വനവും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും നടന്നുപോകാൻ ദുർഘടമായ മലയിടുക്കുകളും താഴ്‌വരകളും ആണ് ഈ വഴിത്താരയിൽ. ഒറ്റയ്ക്ക് നടക്കാൻ അൽപം പേടി, എങ്ങാനും വഴി തെറ്റിയാലോ? പൊക്കം കുറഞ്ഞ, അൽപം പ്രായമായ ഒരാൾ തോളിൽ സഞ്ചിയുമായി എന്റെ സമീപത്തു വന്നു. ഗൈഡ് എന്നു പരിചയപ്പെടുത്തി. ഈശ്വരാ ഇതാണോ ഗൈഡ്! ഇദ്ദേഹത്തിനു നടക്കാൻ പറ്റുമോ? കണ്ടാൽ ആരോഗ്യം ഇല്ല, ഒരു കുഞ്ഞു മനുഷ്യൻ. എന്റെ ആശയക്കുഴപ്പം കണ്ടിട്ടാകും, താൻ അംഗീകൃത ഗൈഡാണ് എന്നു കാണിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ആ മനുഷ്യൻ സഞ്ചിയിൻ നിന്ന് എടുത്തു കാട്ടി. അപ്പോൾ ഉറപ്പായി ശരിക്കും ഗൈഡ് തന്നെ.
കാടിനു മുകളിലൂടെ
ട്രെക്കിങ്ങ് തുടങ്ങി, ആദ്യം കാണുന്നത് പച്ച മുളന്തണ്ടുകൾ മണ്ണിനോട് ചേർത്ത് ഉറപ്പിച്ച പടവുകൾ ആണ്. ഗൈഡ് മുറി ഇംഗ്ലിഷിൽ പറഞ്ഞു തുടങ്ങി. ആ മനുഷ്യന് ഹിന്ദി ഒട്ടും വശമില്ല. വഖേൻ പ്രദേശത്തെപ്പറ്റി, ഈ ട്രെക്കിങ്ങിനെപ്പറ്റി ഒക്കെ സംസാരിച്ച് നടന്നു.
വാഹ്റ്യു നദിയുടെ മുന്നിലെത്തി. അത് കടക്കാൻ മുളകൊണ്ടുള്ള പാലവും. ഇനി അങ്ങോട്ട് പൂർണമായും മുള കൊണ്ടുള്ള പാതയാണ്. കൂറ്റൻ പാറക്കെട്ടിനെ ചുറ്റി സഞ്ചരിച്ച് മുളമ്പാത കാടിനു സമീപമെത്തി. മുന്നോട്ടു നടക്കുമ്പോൾ പാറയുടെ മുകളിൽ നിന്നുള്ള വെള്ളച്ചാട്ടം കാണാം. താഴെ പച്ച നിറത്തിൽ ഒഴുകുന്ന പുഴയും ചുറ്റും പച്ചപ്പുനിറഞ്ഞ താഴ്‌വരയും.മനോഹരമായ കാഴ്ച.എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ.
ഉദ്ദേശം ഒന്നര മണിക്കൂർ നടന്നു. കയറ്റവും ഇറക്കവും പാറക്കൂട്ടങ്ങളുടെ ഇടയിലൂടെയും ഒക്കെയായിരുന്നു പോയത്. ചീവീടുകളുടെ ശബ്ദം ട്രെക്കിങ്ങിനെ കൂടുതൽ ഭയാനകമാക്കി. ട്രെക്കിങ് തുടങ്ങുമ്പോൾ മുതൽ ആ ശബ്‌ദം കൂടെയുണ്ട്. കുറച്ചു ദൂരം ചെന്നപ്പോൾ ഏതോ വെള്ളച്ചാട്ടത്തിന്റെ ഇരമ്പം മുഴങ്ങുന്നു. വലിയ ഉയരത്തിലുള്ള പാറകളിൽ നിന്നു കനത്ത ജലപ്രവാഹം താഴേക്കു പതിക്കുന്ന ശബ്‌ദം അന്തരീക്ഷത്തിന്റെ ഭീകരത ഇരട്ടിപ്പിച്ചു.
ഈ ട്രെക്കിങ് മുളമ്പാത പൂർണമായും ഖാസി വിഭാഗക്കാരായ ഗ്രാമീണർ നിർമിച്ചതാണ്. വഖേന്‍ ഗ്രാമീണരുടെ വിശ്വാസപ്രകാരം ക്തിയാങ് എന്ന സുന്ദരിയെ പ്രണയിച്ച രാജകുമാരൻമാർ ആയിരുന്നു മാവ്റിങ്ഖാങ്ങുംമാവ്പറ്ററും. ഇവർ തമ്മിൽ പോരാടി, രണ്ടുപേരും കൊല്ലപ്പെട്ട് പാറക്കെട്ടുകളായി മാറിയത്രേ.
മാവ്‌റിങ്ഖാങ് എന്ന വാക്കിന് അർഥം ‘കല്ലുകളുടെ രാജാവ്’ എന്നാണ്. വഴിനീളെ എന്റെ വേഗത്തിനൊപ്പം, ആ ചെറിയ മനുഷ്യനും വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് കണ്ട നീർച്ചാലിൽ നിന്ന് ഗെഡ് കുപ്പിയിൽ വെള്ളം നിറച്ചു തന്നു.
ഇതൊന്നുമല്ല കൊടുമുടി
അപ്പോഴേക്ക് ക്ഷീണം തോന്നിത്തുടങ്ങിയിരുന്നു. ഒരു വമ്പൻ പാറക്കെട്ടിന് അടുത്തെത്തി മുകളിലേക്ക് കയറി. ലക്ഷ്യസ്ഥാനത്ത് എത്തിയ നെടുവീർപ്പോടെ ഇരുന്നു. അപ്പോഴാണ് മനസ്സിലായത് ഇത് ആദ്യത്തെ വ്യൂ പോയിൻറ് മാത്രമാണ്, എറ്റവും ഉയർന്ന യു മാവ്റിങ്ഖാങ്ങിലെത്താൻ ഇനിയും 30 മിനിറ്റ് നടക്കണം. നടത്തം തുടർന്നു. അടുത്ത പീക്കിന്റെ സമീപമെത്തി. അതിന്റെ കാഴ്ച തന്നെ പേടി ഉണർത്തി. ഉയരത്തിലേക്ക് കയറാൻ കുത്തനെ ഉള്ള മുള ഏണിയാണ്. ഒരു നിമിഷം കാൽ വഴുതിയാൽ, കണ്ണു തെറ്റിയാൽ കൊക്കയിലാവും എത്തുക. ധൈര്യം സംഭരിച്ച് മുള ഏണിയുടെ പടിയിലേക്ക് കാലെടുത്തു വച്ചു. യു മാവ്റിങ്ഖാങ് എന്ന ഒറ്റക്കല്ലിന്റെ മുകളിലെത്തിയാൽ വഖേൻ പ്രദേശം മുഴുവൻ കാണാം.
വൻമരങ്ങളുടെ ഇലച്ചാർത്തുകളാൽ പച്ചനിറത്തിൽ കുളിച്ചു പർവതങ്ങൾ. അവയ്ക്കിടയിലൂടെ വെള്ളിച്ചരടുപോലെ അരുവികളും നദികളും. മുളഏണിയിലൂടെ താഴേക്ക് ഇറങ്ങി. ട്രെക്കിങ് തുടങ്ങിയ ഇടത്ത് എത്താൻ ഈ വന്ന വഴി മുഴുവൻ തിരിച്ചു നടക്കണം. എന്നാൽ പാതയിലൂടെ മുന്നോട്ടു പോയാൽ ചിറാപ്പുഞ്ചിയിൽ എത്താം, മുളകൊണ്ടുള്ള പാലങ്ങളിലൂടെത്തന്നെ. ഏഴു മണിക്കൂർ ട്രെക്കിങ് ആണത്.
ദേ പോയി, ദാ വന്നു
തിരിച്ചു നടക്കവേ, ട്രെക്കിങ് പാതയിൽ മറ്റൊരു ട്രെക്കറെ കണ്ടു. രണ്ടുമണിക്കൂറായി ഞാൻ നടക്കുന്നു. അതിനിടയിൽ ഒരാളെപ്പോലും കണ്ടിരുന്നില്ല. ഇപ്പോൾ വന്ന ആളാകട്ടെ മിന്നൽ പോലെയാണ് പോയത്. നടത്തം തുടർന്നു. ഞാൻ തിരിച്ചു സ്റ്റാർട്ടിങ് പോയിന്റിൽ എത്തുമ്പോഴേക്കും അയാൾ മടങ്ങി വന്നിരുന്നു. വഖേനിൽ മടങ്ങി എത്താൻ എനിക്കു മൂന്നു മണിക്കൂർ വേണ്ടിവന്നു. എന്നാൽ ഞാൻ കണ്ടുമുട്ടിയ ആൾക്ക് വളരെ കുറഞ്ഞ സമയം മതിയായിരുന്നു. ഇരു ചക്ര വാഹനത്തിൽ നാടു കാണാൻ ഇറങ്ങിയ ആ കക്ഷിയും മലയാളിയാണ്.
വഖേൻ ഗ്രാമത്തിൽ തുടങ്ങി വാഹ്റ്യു തീരത്തുകൂടി മാവ്ഖ്‌ലിങ് ക്ലിഫ്, മാവ്മോയിറ്റ് വ്യൂ പോയിന്റ്, മാവ്റിങ്ഖാങ് പീക്ക് കയറി മടങ്ങുന്ന ബാംബു ട്രെക്കിങ്ങിനു ജനത്തിരക്കില്ല. ഓർക്കുമ്പോഴെല്ലാം ഈ സാഹസിക നടത്തം എന്റെ ഹൃദയമിഡിപ്പ് കൂട്ടുന്നു. ഒപ്പം ധൈര്യവും. മുളമ്പാത ഒരുക്കിയ ഖാസി സഹോദരങ്ങൾക്ക് നന്ദി..
ഷില്ലോങ്ങിൽ നിന്ന് വഖേനിൽ എത്താൻ സ്വന്തം വണ്ടിയോ ടാക്സി വാഹനങ്ങളോ ഉപയോഗിക്കണം. ഷില്ലോങ്ങിൽ നിന്നോ ചിറാപ്പുഞ്ചിയിൽ നിന്നോ ടാക്സി ലഭിക്കും. ഭക്ഷണവും വെള്ളവും കരുതുക. ട്രെക്കിങ് പാതയിൽ കടകളില്ല. 4 കിലോമീറ്റർ ട്രെക്ക് പൂർത്തിയാക്കാൻ 3 – 5 മണിക്കൂർ എടുക്കും. പുലർച്ചെ ട്രെക്കിങ് തുടങ്ങാൻ ശ്രദ്ധിക്കുക. തണുപ്പുകാലമാണ് മാവ്റിങ്ഖാങ് ട്രെക്കിന് അനുയോജ്യം.