ആരവങ്ങളും മേളങ്ങളുമുയർന്നു. പൊട്ടിപ്പോയ മാലമുത്തുപോലെ, അത്രനേരം അങ്ങിങ്ങായി നിന്ന ജനങ്ങൾ ആർപ്പുവിളിയോടെ കൂട്ടംകൂടി. പെട്ടെന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അത്യന്തം ഭീതിജനകമായ മുഖം മിന്നിമാഞ്ഞു. പാണ്ടിമേളം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോഴാണ് ആദ്യ ദർശനം കിട്ടിയത്, രക്തവർണത്തിലെ മുഖത്തെഴുത്ത്. കഴുത്തിൽ തലയോട്ടികൾ ചേർത്തുകെട്ടിയ മാല, മുടിയഴിച്ചിട്ട് രൗദ്രഭാവത്തിൽ ഓരോ ഭക്തരെയും രൂക്ഷമായി നോക്കി...ഇത് മരിച്ചവരുടെ രാത്രിയാണ്. മായാനകൊള്ളൈ എന്ന ഉത്സവത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത് ചെന്നൈയിലെ സുഹൃത്ത് പറയുമ്പോഴാണ്. വടക്കൻ തമിഴ് ജില്ലകളിലെ വേദകാലത്തോളം പഴക്കമുള്ള പ്രസിദ്ധമായൊരു ഉത്സവമാണിത്. തമിഴ് മാസമായ മാസിയിലെ അമാവാസി നാളിൽ ശക്തിയുടെ പ്രതീകമായ അംഗാള പരമേശ്വരീ ക്ഷേത്രങ്ങളിലാണ് ഉത്സവം നടക്കുന്നത്. ശിവരാത്രിയുടെ തലേന്നാൾ തുടങ്ങി, പിറ്റേന്നാൾ അമാവാസിയിലാണ് ഉത്സവം അവസാനിക്കുക. ഇക്കൊല്ലത്തെ ഉത്സവം 17, 18, 19, 20 ദിവസങ്ങളിൽ നടക്കും. ദ്രാവിഡ ഗോത്രജീവിതത്തിന്റെ എടുപ്പും അലങ്കാരങ്ങളുമായി അരങ്ങേറുന്ന ഈ ഫെസ്റ്റിവലിന്. തമിഴ്നാട്ടിൽ പരക്കെ കണ്ടുവരുന്ന ഉത്സവങ്ങളോട് സാമ്യം തോന്നാമെങ്കിലും ഐതിഹ്യം തികച്ചും വ്യത്യസ്തമാണ്.
മയാനകൊള്ളൈ, പേരു പോലെ അദ്ഭുതം
വെല്ലൂർ, വില്ലുപുരം ജില്ലകളിലെ അംഗാള പരമേശ്വരീ ക്ഷേത്രങ്ങളിലാണ് പ്രധാനമായും മായാനകൊള്ളൈ ആഘോഷിക്കുന്നത്. ചെന്നൈ നഗരത്തിലെ റോയപുരം, ചൂളൈ, സെയ്താപ്പേട്ട്, മൈലാപ്പൂര് എന്നിവിടങ്ങളിലെ അമ്മൻ കോവിലുകളിൽ എല്ലാ വർഷവും മാസി അമാവാസിയിൽ ഉത്സവം നടക്കാറുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു. പക്ഷേ, ഈ ഉത്സവത്തിന്റെ ഐതിഹ്യവുമായി ചേർന്നുനിൽക്കുന്നത് വില്ലുപുരത്തെ മേൽമലയന്നൂർ അംഗാള പരമേശ്വരീ ക്ഷേത്രമാണ്. അതുകൊണ്ട് വില്ലുപുരത്തെ മായാനകൊള്ളൈയിൽ തന്നെ പങ്കെടുക്കാം എന്ന് തീരുമാനിച്ചു. ജില്ലാ ആസ്ഥാനമായ വില്ലുപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. മേൽമായന്നൂരിന്റെ തെരുവുകൾ ഉത്സവ ലഹരിയിലാണ്. കൃഷിയിടങ്ങൾ കൊയ്തൊഴിഞ്ഞിരിക്കുന്നു. പാടങ്ങൾക്ക് നടുവിലൂടെ നീളുന്ന വിജനമായ വഴികളെല്ലാം പതിയെ ആളുകളാൽ നിറയുന്നു. തെരുവിലേക്കെത്തുന്ന ഇടുങ്ങിയ വഴികളിലൂടെ പാണ്ടിമേളക്കൊഴുപ്പിനൊപ്പം നിരവധി ചെറുഘോഷയാത്രകൾ ക്ഷേത്രത്തെ ലക്ഷ്യമാക്കി കടന്നുവരുന്നു. കണ്ണുകളിലെ രൗദ്രത, ചിലത് ദുഃഖത്തിന്റെ, മറ്റു ചിലത് സന്തോഷത്തിന്റെ, അങ്ങനെ അംഗാള പരമേശ്വരിക്ക് പല മുഖങ്ങളാണ്. കടും ചായങ്ങൾ മുഖത്തും ശരീരത്തിലും വാരിപ്പൂശി നിരവധി ഭക്തന്മാർ ഭദ്രകാളീ വേഷത്തിൽ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കും ഡപ്പാംകുത്തിന്റെ മേളക്കൊഴുപ്പിനുമൊപ്പം ഭക്തിയുടെ കൊടുമുടി കയറുന്നു. ഓരോ ചെറു ഘോഷയാത്രയും കാളിയുടെ വരവാണ്. അതിനാൽ തന്നെ അത്രമേൽ ഭക്തിയോടെയാണ് ഓരോ വരവിനേയും ആൾക്കൂട്ടം ആഘോഷിക്കുന്നത്.മേൽമലയന്നൂരിന് 17 കിലോമീറ്റർ അകലെയുള്ള സെഞ്ചി (GINGEE) എന്ന ചെറുപട്ടണത്തിലാണ് താമസം തരപ്പെടുത്തിയത്. തെക്കൻ ട്രോയ് കോട്ട എന്നറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ സെഞ്ചിക്കോട്ട സ്ഥിതിചെയ്യുന്നത് ഈ പട്ടണത്തിലാണ്.
ഐതിഹ്യപ്പെരുമ
മയാനകൊള്ളൈയുമായി ബന്ധപ്പെട്ട് തമിഴ് ഗ്രാമങ്ങളിൽ വാമൊഴികളായി നിലനിൽക്കപ്പെടുന്ന പല ഐതിഹ്യങ്ങളുമുണ്ട്.അതിൽ ഒരു കഥ ഇങ്ങനെയാണ്; ഒരിക്കൽ കൈലാസത്തിലെത്തിയ അഞ്ചുതലയുള്ള ബ്രഹ്മാവിനെ കണ്ട് ശിവനെന്ന് തെറ്റിദ്ധരിച്ച് (ശിവന് അഞ്ച് മുഖമുണ്ടെന്നാണ് വിശ്വാസം) പാർവതി അദ്ദേഹത്തിന്റെ കാൽക്കൽ വീഴുന്നു. തെറ്റ് തിരിച്ചറിഞ്ഞ പാർവതി ഇനി അങ്ങനെ സംഭവിക്കാതിരിക്കാൻ ശിവനോട് ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല ഛേദിക്കാൻ ആവശ്യപ്പെടുന്നു. പൊടുന്നനെ ശിവൻ രുദ്രരൂപം പൂണ്ട് ബ്രഹ്‌മാവിന്റെ തല ഛേദിക്കുന്നു. പക്ഷേ, ബ്രഹ്മാവ് ശിവനെ ശപിക്കുന്നു. വിശപ്പും ദാഹവും മാറാതെ അലഞ്ഞുതിരിയാൻ ഇടവരട്ടെയെന്ന ബ്രഹ്മശാപമേറ്റ ശിവന്റെ കയ്യിൽ ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല ഒട്ടിപ്പിടിക്കുന്നു. ആഹാരവും ഉറക്കവും നഷ്ട്ടപ്പെട്ട ശിവൻ രാപകലില്ലാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഭൂമിയിലേക്കിറങ്ങി ഭിക്ഷ യാചിച്ചു. എന്നാൽ കിട്ടുന്നതിൽ പകുതിയും വലതു കയ്യിലെ കബാലം തിന്നു തീർത്തു. ശിവന്റെ അവസ്ഥ മനസിലാക്കിയ പാർവതി ഈ വിഷമവൃത്തത്തിൽ നിന്നും തന്റെ പതിയെ രക്ഷിക്കാൻ വിഷ്ണുവിനോട് അപേക്ഷിച്ചു. ഒടുവിൽ വിഷ്ണുവിന്റെ ഉപദേശപ്രകാരം ദണ്ഡകാര്യത്തെ ശ്‌മശാനത്തിനുള്ളിൽ അഗസ്ത്യ ചീരയും, രക്തവും മാംസവും വിതറി. ഒപ്പം ശിവന്റെ ശരീരത്തിലും. ശരീരത്തിൽ നിന്നും രക്തത്തിന്റെയും മാംസത്തിന്റേയും രുചി പറ്റിയ കബാല പതുക്കെ ശ്‌മശാനത്തിലേക്കിറങ്ങി. അവിടെ വിതറിയത് മുഴുവൻ ഭക്ഷിക്കാൻ തുടങ്ങി. ഈ തക്കത്തിന് പാർവതി പരമശിവനെ അഗ്നിതീർത്ഥ കുളത്തിൽ മുക്കി ശുദ്ധനാക്കുകയും വലതുകൈയിലെ രക്തവും മാംസവും കഴുകിക്കളയുകയും ചെയ്തു. പിന്നീട് അംഗാള പരമേശ്വരീ രൂപം കൊണ്ട് കബാലം ശ്‌മശാനത്തിൽ വച്ച് നശിപ്പിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.
മാസി അമാവാസിയിലെ സായാഹ്നം
സാധാരണ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ശിവരാത്രിയുടെ പിറ്റേന്നാൾ ആയിരുന്നില്ല , രണ്ടാംനാൾ ആയിരുന്നു അമാവാസി. അതുകൊണ്ടുതന്നെ കെട്ടുകാഴ്ചകളും ആഘോഷങ്ങളും രണ്ടു ദിനങ്ങളിലായി നീണ്ടു. സെഞ്ചിയിൽ നിന്നും നാലുമണിയോടെയാണ് മേൽമലയന്നൂരിലെത്തിയത്. അവിടേക്കുള്ള 17 കിലോമീറ്റർ ഗ്രാമപാത മനോഹരമായിരുന്നു. വില്ലുപുരം ജില്ലയിൽ സാധാരണ കണ്ടുവരുന്ന കരിമ്പിൻപാടങ്ങളും എള്ളും ചോളവുമൊക്കെ തന്നെ ഈ പാതയുടെ ഇരുവശങ്ങളിലും കാണാം. കോവിഡ് കാലമായതിനാലാകും കവലകൾ വിജനം. ചെറിയൊരു തെരുവായിരുന്നു മേൽമലയന്നൂർ. തമിഴ്‌നാട്ടിലെ മറ്റു ഗ്രാമങ്ങൾ പോലെത്തന്നെ കൃഷിയിടങ്ങൾക്കിടയിൽ കൂടുകൂട്ടിയ ജീവിതം. വാഹനങ്ങളും ആൾക്കൂട്ടവും കണ്ടുതുടങ്ങുന്നു. തിരക്കിലേക്കിറങ്ങാതെ വണ്ടിയൊതുക്കി. ക്യാമറയുമായി തെരുവിലൂടെ നടന്നു.
ദൂരെ പാണ്ടിമേളം കൊട്ടിക്കയറുന്നു. തെരുവുകളെ തീപിടിപ്പിച്ച് ചായം പൂശിയ കാളീരൂപങ്ങൾ ഒന്നൊന്നായി കടന്നുവന്നു. ചുടലമാല ധരിച്ച് ദേഹത്ത് ഭസ്മം വാരിപ്പൂശി, നാക്ക് പുറത്തേക്കിട്ട് ആയിരം കൈകളിൽ വാളും പരിചയുമായി അംഗാളപരമേശ്വരി സാധാരണമനുഷ്യർക്കിടയിലൂടെ ഒന്നൊന്നായി കടന്നുപോയി. ശരീരത്തിൽ ഇരുമ്പാണി തുളച്ച് തേര് വലിച്ച്, ചെറുതും വലുതുമായ ശൂലം തുളച്ച് നടന്നുപോകുന്ന മനുഷ്യർ. ദ്രവീഡിയൻ ഉത്സവങ്ങളിൽ കണ്ടുവരുന്ന സ്വയം പീഡനത്തിന്റെ അടയാളങ്ങൾ
ഈ ഉത്സവത്തിൽ ധാരാളം കാണാൻ കഴിയും. ക്ഷേത്രത്തെ വലംവച്ച് മൈതാനത്ത് മണ്ണിൽക്കുഴച്ച് കിടത്തിയിരിക്കുന്ന അസുരരൂപത്തിന് മുന്നിൽ സിന്ദൂരം വാരിപ്പൂശിയാണ് കെട്ടുകാഴ്ചകൾ അവസാനിക്കുന്നത്. സാധാരണയായി ആണുങ്ങളും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ് ഈ ഘോഷയാത്രയിൽ ദേവീ വേഷധാരിയാകുന്നത്. രൗദ്രതയും ഭീകരതയും വേഷവിധാനത്തിൽ കൂടുതൽ നൽകാൻ അവർ ശ്രദ്ധിക്കുന്നു. പുറത്തേക്ക് നീണ്ട നാവിനായി കടുംചുവന്ന തുണിയോ മറ്റു വസ്തുക്കളോ ഉപയോഗിക്കുന്നു. കഴുത്തിൽ മൃഗങ്ങളുടെ എല്ലുകൾകൊണ്ട് നിർമിച്ച മാല ധരിച്ചിട്ടുണ്ടാകും. ചിലരൊക്കെ തലയോട്ടിമാല ധരിച്ച് അംഗാള പരമേശ്വരിയുടെ രൗദ്രതയെ സ്വയം ആവാഹിക്കുന്നു.ഭക്തിയുടെ പാരമ്യത്തിൽ നേർച്ചക്കോഴിയുടെ കഴുത്ത് കടിച്ചുമുറിച്ച് അതിന്റെ ചോരയിൽ കുതിർത്ത ചോറ്, ഉരുളയുരുട്ടി ദേവിയ്ക്ക് നേദിക്കുന്നതും കാണാം.
മയാനകൊള്ളയുടെ രാത്രി
ക്ഷേത്രമുറ്റത്ത് അലങ്കരിച്ച രഥം തയാറായി കിടപ്പുണ്ട്. പൂജാരിമാർ അംഗാളപരമേശ്വരിയുടെ പ്രതിഷ്ഠ രഥത്തിൽ രാത്രി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതോടെയാണ് ഇതിന്റെ ചടങ്ങുകൾ അവസാനിക്കുക. പിന്നാലെ പാവടൈരായന്റെ പ്രതിഷ്ഠകൂടി ശ്‌മശാനത്തിലേക്ക് നയിക്കപ്പെടുന്നു. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണിത്. കബാലം നശിപ്പിക്കാനായി പാർവതി അംഗാള പരമേശ്വരീ രൂപം പൂണ്ട സമയത്ത് ശ്‌മശാനത്തിൽ ഒളിച്ച കബാലത്തെ കണ്ടെത്താനായി ദേവിയുടെ ദ്വാരപാലകനായ പാവടൈരായൻ അവിടുത്തെ ശവശരീരങ്ങൾ ഒന്നൊന്നായി ഭക്ഷിച്ച കഥയുണ്ട്. ഐതിഹ്യത്തിന്റെ പിന്തുടർച്ച എന്നോണം അടുത്തകാലം വരെ ദേവീ വിഗ്രഹത്തിനൊപ്പം വരുന്ന പൂജാരിമാർ ശ്‌മശാനത്തിലെ അസ്ഥിയും മാംസവും കഴിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഇപ്പോഴത് പ്രതീകമായി മാത്രം നടത്തപ്പെടുന്നു. ഭൂമി പരിപാലനത്തിന്റെ ഭാഗമായി അസുരനിഗ്രഹം നടത്തുന്ന ദേവിയുടെ വിജയം തന്നെയാണ് ഈ ഉത്സവവും. തമിഴ്‌നാട്ടിൽ മരിച്ചവർക്കു വേണ്ടിയുള്ള ബലിദിനമായും മാസിയിലെ ഈ അമാവാസിയും മയാനകൊള്ളൈയും ആഘോഷിക്കുന്നു. അതുകൊണ്ടുതന്നെ അക്ഷരാർത്ഥത്തിൽ ഇത് മരിച്ചവരുടെ രാത്രിയാണ്.