Wednesday 20 July 2022 02:28 PM IST

മൂലമറ്റം പവർഹൗസിലെ തുരങ്കത്തിൽ ഗ്ലാസ്ചേംബർ നിർമിച്ച് സുരക്ഷ ഉറപ്പാക്കിയാൽ ഷോപ്പിങ് മാളിലേതു പോലെ ഭൂമിക്കടിയിലൂടെ സഞ്ചരിക്കാം, മന്ത്രി റോഷി അഗസ്റ്റിൻ

Baiju Govind

Sub Editor Manorama Traveller

minister 03

നാലു വർഷം മുൻപുള്ള ഒരു രാത്രി. തിരുവല്ലയിൽ പൊതു പരിപാടി കഴിഞ്ഞ് രാമപുരത്തേക്കു മടങ്ങുകയായിരുന്നു റോഷി. വീട്ടിലെന്തോ അത്യാവശ്യം പറഞ്ഞ് ഡ്രൈവർ അവധിയിലായിരുന്നതിനാൽ കൂടെ മറ്റാരുമുണ്ടായിരുന്നില്ല. ചങ്ങനാശേരി കടന്ന സമയത്ത് കാറിന് പതിവില്ലാതെ മിസ്സിങ്. എങ്ങനെയെങ്കിലും ടൗണിൽ എത്തിച്ച ശേഷം പരിചയമുള്ള മെക്കാനിക്കിനെ കാണിക്കാമെന്നു കരുതി യാത്ര തുടർന്നു. ഒരുവിധത്തിൽ കോട്ടയത്ത് എത്തിയപ്പോഴേക്കും സമയം പുലർച്ചെ 2.00. കടകളെല്ലാം അടച്ചു. പോരാത്തതിനു ചാറ്റൽ മഴയും. തിരുനക്കര മൈതാനത്തിനടുത്തു വണ്ടിയൊതുക്കി പുറത്തിറങ്ങി നോക്കിയപ്പോൾ ടയർ പഞ്ചർ. ഒന്നു വിളിച്ചാൽ ഓടി വരാൻ കോട്ടയത്ത് ഒരായിരം പേരുണ്ട്. നട്ടപ്പാതിരയ്ക്ക് അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി നേരേ പാർട്ടി ഓഫിസിലേക്ക് നടന്നു. ഖദർ മാറ്റി കള്ളിമുണ്ടും ബനിയനുമിട്ട് തിരിച്ചു വന്ന് കാറിന്റെ ചക്രം അഴിക്കാൻ തുടങ്ങി. ഈ സമയത്താണ് പൊലീസിന്റെ നൈറ്റ് പട്രോളിങ് ജീപ്പ് ആ വഴി വന്നത്.

‘‘എന്താ പരിപാടി. സാറെവിടെ?’’ജീപ്പിന്റെ പിൻസീറ്റിലിരുന്ന പൊലീസുകാരന്റെ ചോദ്യം.

ആപ്പീസിലേക്ക് പോയിരിക്കുകയാണ്. ഇപ്പൊ വരും – റോഷിയുടെ മറുപടി. പെരുമാറ്റത്തിൽ പന്തികേടു തോന്നിയ സിഐ വണ്ടിയിൽ നിന്നിറങ്ങി. കുനിഞ്ഞിരുന്നു ടയർ മാറ്റുന്നയാളുടെ മുഖം അപ്പോഴാണ് പൊലീസുകാരൻ കണ്ടത്. പിന്നീടുള്ള കുറച്ചു നിമിഷങ്ങളിൽ ബഹുമാനം കാണിക്കാൻ തിടുക്കം കൂട്ടിയ പൊലീസ് ഉദ്യോഗസ്ഥനെ റോഷി അടുത്തേക്കു വിളിച്ചു. ഒറ്റപ്പെടുന്ന യാത്രക്കാർക്ക് സുഹൃത്തും വഴികാട്ടിയുമാകണം പൊലീസ് – റോഷി ഓർമിപ്പിച്ചു. എംഎൽഎയുടെ സ്നേഹപ്രകടനത്തിൽ മനസ്സു നിറഞ്ഞ പൊലീസുകാരൻ ആദരവോടെ സല്യൂട്ട് ചെയ്തു.

‘‘യാത്രകളിൽ രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വാസ്തവം പറഞ്ഞാൽ മലയോരങ്ങളിലൂടെ യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. തേയിലത്തോട്ടങ്ങളിലേക്ക് കയറുമ്പോഴുള്ള ആ ഒരു ഫീൽ ഉണ്ടല്ലോ. ലോകത്ത് മറ്റൊരിടത്തും അത് അനുഭവിച്ചിട്ടില്ല’’ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ യാത്രാനുഭവങ്ങളുടെ ഷട്ടർ തുറന്നപ്പോൾ കേരളത്തിന്റെ പ്രകൃതി ഭംഗി ‘ഹൈ റേഞ്ചി’ലേക്ക് ഉയർന്നു. അണക്കെട്ടുകളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു നീങ്ങുകയാണു റോഷി. ഇറിഗേഷൻ ടൂറിസം – ഇതാണു പദ്ധതിയുടെ പേര്. ഡാമുകളിൽ ബോട്ട് സവാരി, ഡാം മ്യൂസിയം, വാട്ടർ എടിഎം എന്നിങ്ങനെ പുതുമകളാണ് മന്ത്രി അവതരിപ്പിക്കുന്നത്. അതിന്റെ വിശേഷങ്ങളിലേക്കു കടക്കും മുൻപ് അദ്ദേഹം മറ്റൊരു വിവരം പങ്കുവച്ചു. ‘‘മൂലമറ്റം പവർഹൗസിലെ തുരങ്കത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കാവുന്നതാണ്. ഗ്ലാസ്ചേംബർ നിർമിച്ച് സുരക്ഷ ഉറപ്പാക്കിയാൽ ഷോപ്പിങ് മാളിലേതു പോലെ ഭൂമിക്കടിയിലൂടെ സഞ്ചരിക്കാൻ സാധിക്കും. അത് ഇന്ത്യയിലെ അദ്ഭുതക്കാഴ്ചയായി മാറും. ഇക്കാര്യം വൈദ്യുതി മന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്.’’


പുതുമുഖമായി ഇറിഗേഷൻ ടൂറിസം

minister 02

ടൂറിസത്തിന് വലിയ സാധ്യതയുള്ള സംസ്ഥാനമാണു കേരളം. ഇവിടെ വിവിധ വകുപ്പുകൾ ഒത്തു ചേർന്നു മാത്രമേ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള വനോദസഞ്ചാര പദ്ധതി ആവിഷ്കരിക്കാൻ കഴിയൂ. ഇറിഗേഷൻ ടൂറിസം എന്നൊരു പദ്ധതിയാണ് എന്റെ മനസ്സിലുള്ളത്. കേരളത്തിൽ മനോഹരമായ 63 അണക്കെട്ടുകളുണ്ട്. അവയെല്ലാം ഭംഗിയുള്ള മലയോരങ്ങളിലാണ്. നെയ്യാർ, മലമ്പുഴ, പീച്ചി, അരുവിക്കര, പഴശ്ശി ഡാം എന്നിവിടങ്ങളിൽ പോയിട്ടുള്ളവർക്ക് ഡാം ടൂറിസത്തിന്റെ സാധ്യത മനസ്സിലാകും. സംസ്ഥാന ബജറ്റിൽ ഇറിഗേഷൻ ടൂറിസത്തിന്റെ രൂപരേഖ അവതരിപ്പിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ‘ഇറിഗേഷൻ മ്യൂസിയം’ നിർമിക്കുന്നുണ്ട്. അണക്കെട്ടുകളുടെ ചരിത്രവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും ഐതിഹ്യവും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. സെമിനാർ ഹാൾ, കഫേറ്റീരിയ, കളിസ്ഥലം, താമസ സൗകര്യം എന്നിവയോടു കൂടിയ എന്റർടെയ്ൻമെന്റ് ഹബ്ബാണ് മ്യൂസിയം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ധാരണയിലെത്തി. വൈദ്യുതി വകുപ്പുമായി സഹകരിച്ച് ടൂറിസം വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഇറിഗേഷൻ ടൂറിസം നടപ്പാക്കുക. കേരളത്തിലേതു പോലെ വിനോദസഞ്ചാരത്തിനു സാധ്യതയുള്ള മറ്റേതു സംസ്ഥാനമാണ് ഇന്ത്യയിലുള്ളത്? എന്നിട്ടും നമ്മൾ മറ്റു സ്ഥലങ്ങളിലേക്ക് ടൂർ പോകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വിദേശികൾ എത്തുന്ന സംസ്ഥാനമാണു കേരളം. നമ്മുടെ നാടിന്റെ ഭംഗിയും പ്രത്യേകതകളും നമ്മൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

വീതിയുള്ള കായലും നീളമേറിയ നദികളും നമുക്കുണ്ട്. വെള്ളത്തിലൂടെ ഗതാഗതം സുഖമമായി നടപ്പാക്കാം. ഗതാഗതക്കുരുക്ക് ഒഴിവാക്കി നാടിന്റെ ഭംഗിയാസ്വദിച്ച് ബോട്ട് സവാരി നടത്താൻ എല്ലാവരും ഇഷ്ടപ്പെടും. വിനോദസഞ്ചാരികൾ ബോട്ട് യാത്രയ്ക്കു മാത്രമായി ഇവിടേക്കു വരും. വിദേശ രാജ്യങ്ങളിലേതു പോലെ ‘അഗ്രികൾച്ചറൽ ടൂറിസം’ നടപ്പാക്കാവുന്ന നാടാണു കേരളം. നെൽപ്പാടങ്ങൾക്കു വെള്ളം നൽകുന്ന പോലെ ഏലം, കാപ്പി, കുരുമുളക്, കൊക്കോ തുടങ്ങിയ നാണ്യവിളകൾക്കും കൃഷിഫാമുകൾക്കുമായി ജലസേചനം നടത്താനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കൃഷി മെച്ചപ്പെടുമ്പോൾ ഫാം ടൂറിസം ശ്രദ്ധയാകർഷിക്കും.

കർഷകരുടെ നായകനായി പ്രവർത്തിച്ച കെ.എം. മാണിയോടൊപ്പമാണ് ഞാൻ പൊതുപ്രവർത്തനം ആരംഭിച്ചത്. അദ്ദേഹത്തിന്റെ പേരു ചേർക്കാതെ എന്റെ യാത്രകളും ജീവിതവും പൂർണമാകില്ല. ഇന്നും മലയോര മേഖലയിലൂടെ കടന്നു പോകുമ്പോൾ അദ്ദേഹം ചൂണ്ടിക്കാട്ടിയ വികസനത്തിന്റെ മഹത്വം അഭിമാനത്തോടെ ഓർക്കാറുണ്ട്. ഇടുക്കിയിലെ രാമപുരത്തിനു സമീപം ചക്കാമ്പുഴയിലാണു ഞാൻ ജനിച്ചത്. ഭാര്യ റാണി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ നഴ്സാണ്. മക്കൾ മൂന്നു പേർ – ആൻ മരിയ, ഏയ്ഞ്ചൽ മരിയ അഗസ്റ്റിൻ റോഷി.


ഭൂഗർഭ പാതയിൽ യാത്ര!

വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള അണക്കെട്ടാണ് ഇടുക്കി ഡാം. ഇക്കുറി കേരള സർക്കാർ വിപണന മേളയ്ക്ക് വേദിയൊരുക്കിയത് അണക്കെട്ടിനു സമീപത്താണ്. ഏഷ്യയിലെ ഏറ്റവും വലിയ കാഴ്ചകളിലൊന്നാണ് ഇടുക്കി അണക്കെട്ട്. ആർച്ച് ഡാം, 500 അടി ജലം – മറ്റൊരു അണക്കെട്ടിനും അവകാശപ്പെടാൻ കഴിയാത്ത പ്രത്യേകതയല്ലേ ഇത്? ജലനിരപ്പ് കൂടുമ്പോൾ അണക്കെട്ട് വികസിക്കുന്നു. വെള്ളം കുറയുമ്പോൾ സ്വതവേ പൂർവസ്ഥിയിലാകുന്നു. ഐതിഹ്യങ്ങളും ചരിത്രവുമുള്ള ഈ അണക്കെട്ടിനെ മഹാദ്ഭുതമെന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടോ? അണക്കെട്ടു നിർമിക്കാനെത്തിയ സായിപ്പിനു വഴികാട്ടിയ ഗോത്രവാസി ചെമ്പൻ കൊലുമ്പൻ ഇടുക്കിയുടെ ചരിത്ര പുരുഷനാണ്. ചെമ്പൻകൊലുമ്പനെക്കുറിച്ചു സന്ദർശകർക്കു മനസ്സിലാക്കാനായി സ്മാരകം നിർമിച്ചിട്ടുണ്ട്.

വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതിയാണ് മൂലമറ്റം പവർ ഹൗസ്. കരിങ്കല്ല് നീക്കി നിർമിച്ച തുരങ്കത്തിലാണ് പവർ ഹൗസ് പ്രവർത്തിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് അവിടെ സന്ദർശകർക്കു പ്രവേശനം നിരോധിച്ചത്. മൂലമറ്റത്തെ വൈദ്യുത നിലയം സഞ്ചാര യോഗ്യമാക്കാൻ സാധിക്കും. ഇതു വിശദീകരിക്കാൻ വൈദ്യുതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഭൂമിക്കടിയിലെ പാത ആധുനിക രീതിയിൽ റീഡിസൈൻ ചെയ്യണം. ഗ്ലാസ് ഉപയോഗിച്ച് ഭിത്തിയും മേൽക്കൂരയും നിർമിച്ചാൽ ഷോപ്പിങ് മാൾ പോലെ അവിടെയുള്ളതെല്ലാം കണ്ടാസ്വദിക്കാം. പല നിറങ്ങളിലുള്ള വിളക്കുകളും മ്യൂസിക് സിസ്റ്റവും ഏർപ്പെടുത്തിയാൽ സന്ദർശകർക്ക് ഈ യാത്ര അവിസ്മരണീയമായ അനുഭവമാകും.


രുചിക്കൂട്ടുകളുടെ ജന്മനാട്

സ്വിറ്റ്സർലൻഡ്, യുകെ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളിൽ ഞാൻ പോയിട്ടുണ്ട്. അവിടേക്ക് വിദേശികളെ ആകർഷിക്കുന്ന കാഴ്ചകളിലേറെയും കൃത്രിമമായി നിർമിച്ചതാണ്. അതുപോലെ, ഗൾഫിലെ മരങ്ങളും തടാകങ്ങളും പൂന്തോട്ടങ്ങളും നട്ടു പിടിപ്പിച്ചതാണ്. എന്നാൽ, പ്രകൃതി അനുഗ്രഹിച്ചു നൽകിയ വെള്ളച്ചാട്ടവും കാടും കായലും കടൽത്തീരവുമാണു നമ്മുടേത്. എത്ര കണ്ടാലും മടുപ്പുണ്ടാക്കാത്ത പ്രകൃതിയാണ് കേരളത്തിലേത്. ഇന്നു കായൽ സവാരി നടത്തിയവർക്ക് നാളെ മലയോരത്തേക്കു പോകാം. പിറ്റേന്നു കടൽത്തീരം. അതു കഴിഞ്ഞ് പാടശേഖരങ്ങൾ... പുഴയും കുളങ്ങളും ക്ഷേത്രങ്ങളും മനോഹരമായ തറവാടുകളുമുള്ള ട്രഡീഷനൽ വില്ലേജുകളാണ് നമ്മുടെ നാടിന്റെ മുഖചിത്രം. ഭക്ഷണം, സംസ്കാരം, പാരമ്പര്യ തൊഴിലുകൾ, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയൊക്കെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്. പ്രാദേശിക ടൂറിസത്തിന്റെ സാധ്യതയും ഇതാണ്.

minister 04

കാഴ്ചകളുടെ നിറക്കൂട്ടു പോലെ രുചിക്കൂട്ടുമുള്ള നാടാണ് ഇടുക്കി. ഗോത്ര രീതിയിൽ തയാറാക്കുന്ന വിഭവങ്ങൾ കിട്ടുന്ന നിരവധി ചായക്കടകളും ഹോട്ടലുകളും ഇടുക്കിയിലുണ്ട്. അതുപോലെ സവിശേഷതയുള്ള സ്ഥലമാണു കുട്ടനാട്. അവിടെ നിന്നു താമസക്കാർ കുടിയൊഴിയുന്നത് സങ്കടകരമാണ്. യുവാക്കൾ മറ്റു സ്ഥലങ്ങളിൽ പോയി പഠിച്ചിറങ്ങിയ ശേഷം കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ വീടു വയ്ക്കുന്നതിൽ കുറ്റം പറയാനാവില്ല. അതേസമയം, കുട്ടനാട് നേരിടുന്ന മറ്റു പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കാനനുമാകില്ല. വേനൽക്കാലത്ത് സന്ദർശകരുടെ മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നത് വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. ടൂറിസം പദ്ധതികൾ നടപ്പാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ കേരളം കാണാനെത്തുമ്പോൾ എന്റെ മനസ്സു സഞ്ചരിക്കുന്നത് അതിഥികൾക്കു വേണ്ടി നമ്മൾ ഒരുക്കിയ സൗകര്യങ്ങളിലൂടെയാണ്. നമ്മുടെ വിനോദസഞ്ചാര മേഖല ഇനിയും ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട്. ആ പ്രയാണത്തിൽ കാഴ്ചയുടെ വിരുന്നിന് അണിഞ്ഞൊരുങ്ങുകയാണ് കേരളത്തിലെ അണക്കെട്ടുകളും ജലസ്രോതസുകളും...