Wednesday 09 March 2022 03:15 PM IST : By Arun Kalappila

മൂൺ ലാൻഡ് ഓൺ എർത്, കാഴ്ചകളുടെ പറുദീസ

lama 4

ചന്ദ്രോപരിതലം പോലെ തോന്നിക്കുന്ന, തവിട്ടുനിറത്തിൽ ചെറിയ കുന്നുകൾ നിറഞ്ഞ ഭൂമി. ബുദ്ധമന്ത്രങ്ങളുടെ താളത്തിൽ തിരിയുന്ന പ്രാർഥനാ ചക്രങ്ങൾ. ചുവന്ന വേഷധാരികളായ സന്ന്യാസികൾ. ലാമയുരു മൊണാസ്ട്രി ലഡാക്കിലെ ഏറ്റവും പഴക്കം ചെന്ന മൊണാസ്ട്രികളിലൊന്നാണ്. അവിടം തേടി ലേയിൽ നിന്നാരംഭിച്ച യാത്രയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ലഡാക്ക് പ്രവിശ്യയിലെ എണ്ണമറ്റ ബുദ്ധസന്യാസിമഠങ്ങളിലൂടെ കടന്നുപോയിരുന്നു. മൊണാസ്ട്രിയെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ചെറുപട്ടണങ്ങളാണ് ഈ ഭൂമിയെ ജനസഞ്ചാരമുള്ള ഇടങ്ങളാക്കി മാറ്റിയിരിക്കുന്നത്. ബോധത്തിന്റെ അടരുകളിലാണ് ഒരു ബുദ്ധൻ പ്രസക്തമാകുന്നത്. ജ്ഞാനത്തിന്റെ വെളിച്ചം നിറഞ്ഞ ഓരോ ബുദ്ധസന്ന്യാസിമാരുടെ മുഖത്തും നമുക്ക് കാണാം. നിങ്ങളാരാണ് എന്ന ചോദ്യത്തിന് ബുദ്ധൻ മറുപടി പറയുന്നത് ‘ഞാൻ ശ്രദ്ധയാകുന്നു, ജാഗ്രതയാകുന്നു’ എന്നാണ്. സിദ്ധാ‌ർഥസ്വപ്നത്തിൽ നിന്നുണർണ ബുദ്ധൻ യാഥാർത്ഥ്യങ്ങളുടെ കരയിലൂടെ ഇന്നും നടക്കുന്നുണ്ട്, ചുവന്ന കുപ്പായക്കാരായ സന്ന്യാസികളിലൂടെ... ടിബറ്റൻ ബുദ്ധിസത്തിലെ പ്രധാനപ്പെട്ട മൊണാസ്ട്രികളെല്ലാം ലേ പട്ടണത്തിന്റെ നൂറോ ഇരുന്നൂറോ കിലോമീറ്റർ ചുറ്റളവിൽ കാണാം. ഹെമിസ്, തിക്‌സേ, ഡിസ്‌കിറ്റ്,സ്പിടുക് എന്നിവയൊക്കെയാണ് അതിൽ പ്രധാനപ്പെട്ടവ. അതിനൊപ്പം ടിബറ്റൻ ബുദ്ധിസത്തിലെ റെഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട സന്ന്യാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മൊണാസ്ട്രിയാണ് ലാമയുരു.


മാന്ത്രികശക്തിയുള്ള മല

lama 1

ലേയിൽ നിന്നും കാർഗിലിലേക്കുള്ള വഴിയിൽ ഹിമാലയം അതിന്റെ അതിശയിപ്പിക്കുന്ന ദൃശ്യഭംഗിയിൽ കാണപ്പെട്ടു. ലേയിൽ നിന്നും ലാമയുരുവിലേക്കുള്ള ദൂരം 115 കിലോമീറ്ററാണ്. ഇതിനിടയിലെ പ്രധാന കാഴ്ചകളാണ് മാഗ്നറ്റിക് ഹിൽസും, സംഗം താഴ്‌വരയും. മാഗ്നറ്റിക് ഹിൽസ് ഭൂമിയുടെ കാന്തികബലം കൊണ്ട് വാഹനങ്ങൾ തനിയെ നീങ്ങുന്ന ഇടമാണ്. നിർത്തിയിട്ട വാഹനം പോലും സ്വയം കുന്നിന്റെ അരികിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു. ഇവിടുത്തെ ഒപ്റ്റിക്കൽ ഇല്യൂഷനാണത്രേ കാരണം.

ലേയിൽ നിന്നും 48 കിലോമീറ്റർ ദൂരമാണ് സംഗം താഴ്‌വരയിലേക്ക്. ലേ– കാർഗിൽ പാതയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഇടം. സിന്ധുവിന്റേയും സംസ്‌കാർ നദിയുടേയും സംഗമസ്ഥാനം. കുന്നിന്മുകളിലൂടെയുള്ള പാതയ്ക്ക് താഴെ ഇരുകരകളേയും തകർത്ത് ഒഴുകിവരുന്ന പ്രൗഢ ഗംഭീരമായ രണ്ടു നദികളുടെ മനോഹരമായ കൂടിച്ചേരൽ കാണാം. സംഗമസ്ഥാനത്തിന്റെ കാഴ്ച റോഡിൽ നിന്നുതന്നെ ലഭിക്കും. ഇവിടെ റിവർ റാഫ്റ്റിംഗ് അനുവദിച്ചിട്ടുണ്ട്. മൺസൂൺ കഴിഞ്ഞുള്ള കാലങ്ങളിൽ ചെളികലങ്ങി കുത്തിയൊഴുകുന്ന നദിയുടെ കാഴ്ചയാണ് ഹിമാലയൻ യാത്രകളിൽ പലപ്പോഴും കാണാനാവുക. ഈ യാത്രയിലുടനീളം കണ്ട നദിയുടെ കാഴ്ചകൾ അതിൽനിന്നും ഒട്ടും വിഭിന്നമല്ല. ബിയാസ്, ഷിയോക്ക്, സിന്ധു, സംസ്‌കാർ എല്ലാം തീരങ്ങളിലെ ചെളിമണ്ണടർത്തിയെടുത്താണ് ഒഴുകിപ്പോകുന്നത്.

ഹിമാലയൻ നദികളുടെ അതിഭയാനകമായ ചിലദൃശ്യങ്ങളാണത്. എങ്കിലും ശാന്തമായൊഴുകുന്ന സമയങ്ങളിൽ ഹിമനദികൾ മനോഹരമായൊരു കാഴ്ചയാണ്. നീലകലർന്ന പച്ചനിറത്തിലാണ് അപ്പോൾ കാണപ്പെടുക. ചിലയിടങ്ങളിൽ സ്ഫടികതുല്യമായ നീരൊഴുക്ക്. സംഗം വാലിയുടെ സുന്ദരമായ ചില ദൃശ്യങ്ങൾ മുൻപ് കണ്ടിട്ടുണ്ട്. പക്ഷേ, ഈ യാത്രയിലെ കാഴ്ച ഭൂമിയെ അപ്പാടെ വിഴുങ്ങിത്തുപ്പാനെന്നോണം തയാറെടുക്കുന്ന ജലത്തിന്റെ പ്രവാഹമാണ്. തവിട്ടുനിറത്തിൽ ചെളികലർന്നൊഴുകുന്ന ഹിമനദി. താഴ്‌വരയിലേക്കുള്ള ചെറുവഴിലൂടെ യാത്രചെയ്താൽ താഴെ, നദിയുടെ സംഗമസ്ഥാനത്തെത്തിച്ചേരാം. കാർഗിലിലേക്കുള്ള യാത്രയായതിനാൽ അധികസമയം അവിടെ ചെലവഴിക്കാനുണ്ടായിരുന്നില്ല. ചില ചിത്രങ്ങൾ പകർത്തി യാത്ര തുടർന്നു.


മൂൺ ലാൻഡ് ഓൺ എർത്

lama 3

ഉച്ച സമയത്താണ് ലാമയുരുവിലെത്തുന്നത്. ചുറ്റും മനോഹരമായ ഭൂമിയുടെ അദ്ഭുതക്കാഴ്ച. ചന്ദ്രനിലെത്തിയ പോലെ.  കൃത്യമായി ചരിത്രം അടയാളപ്പെടുത്താൻ കഴിയാതെപോയ പുരാതനമായ ഗോംപേ(മൊണാസ്ട്രി) കളിലൊന്നാണ് ലാമയുരു. പത്ത്, പതിനൊന്ന് നൂറ്റാണ്ടിലോ അല്ലെങ്കിൽ പതിനാറാം നൂറ്റാണ്ടിലോ നിർമിക്കപ്പെട്ടു എന്നതരത്തിൽ വ്യത്യസ്തമായ ഐതിഹ്യം നിലനിൽക്കുന്നുണ്ട്. ആചാര്യനായ ഗുരു നരോപ പത്താം നൂറ്റാണ്ടിൽ സ്ഥാപിച്ച മൊണാസ്ട്രിയാണിത്, എന്നതാണ് പൊതുവെ അംഗീകരിച്ച ഐതിഹ്യം. അദ്ദേഹം നിർമിച്ച അഞ്ച് കെട്ടിടങ്ങളിൽ ഒന്ന് മാത്രമാണ് ഇപ്പോൾ കാണപ്പെടുന്നതത്രേ. തടാകം വറ്റിവരണ്ട ഭൂമിയിലാണ് നരോപ ഈ മഠം സ്ഥാപിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ലഡാക്കി രാജാവായ ജാമിയാങ് നങ്യാലിന് കുഷ്ഠരോഗം പിടിപെട്ടതായും അപരിചിതനായ ഒരു ലാമ അത് ചികിത്സിച്ച് സുഖപ്പെടുത്തിയെന്നും മറ്റൊരു കഥ നിലവിലുണ്ട്.അതിൽ സന്തുഷ്ടനായ രാജാവ് ഈ മൊണാസ്ട്രി നിർമിച്ച് നൽകിയിട്ട് ചുറ്റുമുള്ള പ്രദേശങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കികൊടുത്തു. അതുകൊണ്ടാണത്രേ, തർപ്പലിങ് അഥവാ സ്വാതന്ത്ര്യത്തിന്റെ സ്ഥലം എന്ന് ഇവിടം അറിയപ്പെടുന്നത്. നൂറ്റൻപതോളം സന്യാസിമാർ താമസിക്കുന്ന വലിയ മൊണാസ്ട്രിയാണിത്. മുൻകാലങ്ങളിൽ ഇവിടെ 400 സന്യാസിമാർ വരെ താമസിച്ചിരുന്നു.

lama 6

എല്ലാ വര്‍ഷവും നടത്താറുള്ള "യുരു കബ്ഗ്യാത്" ഉത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം. ചൈന, നേപ്പാൾ, ഭൂട്ടാൻ, കൊറിയ, ജപ്പാൻ എന്നിങ്ങനെ വിവിധ ദേശങ്ങളിലുള്ള ലാമയുരുമായി ബന്ധപ്പെട്ട എല്ലാ ബുദ്ധ സന്യാസിമാരും ഇവിടെ ഒത്തുകൂടാറുണ്ട്. ടിബറ്റന്‍ ലൂണാര്‍ കലണ്ടര്‍ പ്രകാരമാണ് ഈ ഉത്സവം നടക്കുന്നത്. ചാം നൃത്തമാണ് യുരു ഫെസ്റ്റിവലിന്‍െറ പ്രധാന ആകർഷണം. വിവിധ വര്‍ണങ്ങളിലും ഭാവങ്ങളിലുമുള്ള മുഖംമൂടി ധരിച്ചാണ് നർത്തകർ ചാം ഡാന്‍സ് അവതരിപ്പിക്കുന്നത്. മരണത്തിന്റെ ദേവനായ യമനും രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരു പത്മസംഭവക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ് താന്ത്രിക ശൈലിയുള്ള ഈ ചാം നൃത്തം. അതുകൂടാതെ ബുദ്ധന്റെ ജീവിതം ആധാരമാക്കി നാടകങ്ങളും മറ്റു കലാരൂപങ്ങളും അരങ്ങേറുന്നു. പരമ്പരാഗത വസ്ത്രങ്ങളും, പ്രാദേശീയ ഭക്ഷണവും ആസ്വദിക്കാനുള്ള അവസരമാണിത്. വാദ്യോപകരണങ്ങളുടെയും, കരകൗശല വസ്തുക്കളുടേയും പ്രദർശനം ഇതിനൊപ്പം ഉണ്ടാകാറുണ്ട്.


­ഓം മണി പത്മേ ഹും

lama 2

ഏപ്രിൽ-ജൂൺ മാസങ്ങളാണ് ലാമയുരു യാത്രയ്ക്ക് ഏറ്റവും അനുയോജ്യം. ജൂലായ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന മൺസൂൺ പലപ്പോഴും അതിതീവ്ര മഴയൊരുക്കാറുണ്ട്, അതിനൊപ്പം മണ്ണിടിച്ചിലും യാത്ര ബുദ്ധിമുട്ടിലാക്കുന്നു. മഞ്ഞുകാലം അതികഠിനമായ ‘തണുപ്പിന്റെ കരിമ്പടം’ കൊണ്ട് ലാമയുരുവിനെ മൂടുന്നു.

ദേശീയപാതയിൽ നിന്നും മൊണാസ്ട്രിയിലേക്കുള്ള ചെറുവഴിയിലേക്ക് തിരിഞ്ഞു. മൊണാസ്ട്രിയിലെ പ്രാർത്ഥനാമന്ദിരങ്ങൾ മുകളിലേക്ക് കൈകൂപ്പി ആകാശത്തെ വണങ്ങുന്നു. ചുവന്നവസ്ത്രങ്ങൾ ചുറ്റിയ ചെറിയ സന്യാസിമാർ ഉച്ചവെയിലിനൊപ്പം താഴ്‌വരയിലേക്ക് നടന്നുപോകുന്നു. അവരുടെ ചിത്രങ്ങൾ എടുക്കാൻ ശ്രമിച്ചെങ്കിലും ക്യാമറകണ്ണുകളിൽ നിന്നവർ ഓടിമറയുന്നു. ചുറ്റിലും കണ്ണോടിച്ചാൽ മനോഹരമായ കൃഷിയിടങ്ങൾ കാണാം. ചെറിയൊരു ഗ്രാമമാണ് ലാമയുരു. കുന്നിൻനെറുകയിൽ കാണുന്ന മൊണാസ്ട്രി തന്നെയാണ് അതിന്റെ കേന്ദ്രബിന്ദു. മണ്‍പുറ്റുകള്‍ പോലെ കാണുന്ന കുന്നിന്‍ ചെരിവുകളില്‍ നിരവധി വീടുകളുണ്ട്. നരോപമുനി ധ്യാനിച്ചിരുന്ന ഗുഹ ഇപ്പോഴും ഈ പരിസരത്തുണ്ട്. വെയിൽ, അതികഠിനമായി അതിന്റെ പ്രഹരം തുടങ്ങുമെന്ന് തോന്നിയെങ്കിലും ചൂട് അത്രത്തോളം അനുഭവപ്പെടുന്നില്ല, തണുപ്പിന്റെ ഒരു വലയം എപ്പോഴും അന്തരീക്ഷത്തിൽ ചുറ്റിക്കറങ്ങുന്നു. ഗോംപെ കെട്ടിടത്തോടു ചേർന്ന് പ്രാർത്ഥനാ ചക്രങ്ങളുടെ നീണ്ട നിര. കെട്ടിടത്തിനോരം ചേർന്ന് ചില വൃദ്ധസ്ത്രീകൾ സംസാരിച്ചിരുന്നു. അവർ കറുത്ത വസ്ത്രങ്ങളാണ് ചുറ്റിയിരിക്കുന്നത്.

lama 5

ടിബറ്റൻ വാസ്തുവിദ്യയിൽ പണിതെടുത്ത മൊണാസ്ട്രിയാണ് ലാമയുരു. മോണസ്ട്രിയുടെ അകത്തളച്ചുവരുകളിൽ സുന്ദരമായ ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഗൗതമബുദ്ധന്റെ ജീവിതത്തിലെ വ്യത്യസ്ത ഏടുകൾ പ്രതിപാദിക്കുന്ന ചിത്രങ്ങളാണവ. കൂടാതെ പ്രധാന മുനിമാരുടെയും സന്യാസിമാരുടെയും ഛായചിത്രങ്ങളും ഗോംപയില്‍ കാണാം. ഗുരു പത്മസംഭവയുടെ ഉയരമുള്ള പ്രതിമയാണ് മൊണാസ്ട്രിയിലെ പ്രധാന ആകർഷണം. കല്ലും തടിയും കൊണ്ട് നിർമിച്ചിരിക്കുന്ന ബലമുള്ള കെട്ടിടം. മച്ചിൽ കോർത്തിട്ട മണി ഇടയ്ക്കിടെ മുഴങ്ങുന്നു. പലനിലകളിൽ കുന്നിന്റെ സ്വാഭാവിക ഘടനയ്ക്ക് മാറ്റം വരുത്താതെയാണ് മൊണാസ്ട്രി നിർമിച്ചിരിക്കുന്നത്. ആയിരത്തിൽപരം വർഷങ്ങൾ പഴക്കമുണ്ടതിന്. ചിലപ്പോൾ പുതുക്കിപ്പണിതിരിക്കാം.


ഫട്ടു ലാ ടോപ്

താഴ്‌വരയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന പാതയിലൂടെ കുന്നുകയറുന്നു. തൊട്ടടുത്തായാണ് ശ്രീനഗർ- ലേ ദേശീയപാതയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഫട്ടു ലാ ടോപ് സ്ഥിതിചെയ്യുന്നത്. 13479 അടി ഉയരത്തിലാണത്. ചുറ്റിലും വ്യത്യസ്തമായ നിറങ്ങളിൽ മലനിരകൾ കാണപ്പെടുന്നു. ദൂരെ താഴ്‌വരയിൽ ലാമയുരുവിലെ കൃഷിയിടങ്ങൾ കാണാം. താഴ്‌വരയെ ചുറ്റുന്ന കാറ്റ്, വെയിൽച്ചൂടിനെ മലനിരകൾക്കപ്പുറത്തേക്ക് പറത്തിവിടുന്നു. ചുറ്റിലും ചിതറിക്കിടക്കുന്ന ചെറിയ വഴിയിലൂടെ ചുവന്ന സന്യാസിമാർ നടന്നുനീങ്ങുന്നു. അതികഠിനമായ പർവതജീവിതത്തിലൂടെ എത്ര ലളിതമായിട്ടാണവർ കടന്നുപോകുന്നത്. ബുദ്ധമാർഗത്തിലും പ്രാർത്ഥനയിലും ജീവിതം കണ്ടെത്തുന്ന സാധാരണ മനുഷ്യർ.

വാഹനം ഫട്ടു ലാ ടോപ്പിന്റെ മുകളിലെത്തി. ദൂരെ , ലാമയുരുവിൽ നിന്നും കുന്നുകയറിവരുന്ന വാഹനങ്ങളുടെ നീണ്ടനിര. ഉറുമ്പിൻകൂട്ടങ്ങളുടെ അതിജീവനസഞ്ചാരംപോലെ... കാറ്റിനൊപ്പം മണിമുഴങ്ങുന്നു. ആ ശബ്ദം ലാമയുരുവിലെ കുന്നുകൾ കടന്നുപോകുന്നു. ഈ യാത്രയ്ക്കൊടുവിൽ ഒരു കാര്യം തിരിച്ചറിയുന്നു, സ്വന്തം ഹൃദയവിശുദ്ധിയാണ് ബുദ്ധൻ.



Tags:
  • Manorama Traveller