Tuesday 24 September 2024 11:46 AM IST

ക്ഷേത്രത്തിനു ചുറ്റും വെള്ളം; വെള്ളത്തിൽ നീരാടുന്ന വിഗ്രഹം: അദ്ഭുതവും ഐതിഹ്യങ്ങളും പെരുമപ്പെടുത്തിയ നീര്‍പുത്തൂര്‍

Baiju Govind

Sub Editor Manorama Traveller

Photo: Sudheesh Salabham Photo: Sudheesh Salabham

ഭീമനാടു കടന്ന് അരക്കുപറമ്പിലേക്കു തിരിഞ്ഞപ്പോള്‍ കരിമേഘക്കെട്ടഴിച്ച് ആകാശം കണ്ണിറുക്കി, തോരാതെ മിഴി വാര്‍ത്തു. വേനലിന്റെ സങ്കടം മാറ്റാനെന്ന വണ്ണം കോരിച്ചൊരിഞ്ഞ മഴയില്‍ നീര്‍പുത്തൂരിലേക്ക് ജലം പ്രവാഹിച്ചു. ഇതാ, നേരില്‍ കണ്ടു നില്‍ക്കുകയാണ് ഉമാമഹേശ്വര സന്നിധിയിലെ ഗംഗയുടെ നീരാട്ട്. 

'മൂവായിരമാണ്ടുകളായി മുടക്കം വരുത്താതെ മഹാദേവനു മുന്നില്‍ കര്‍ക്കടകത്തിന്റെ ജലധാര' നീര്‍പുത്തൂരിന്റെ വിശ്വാസങ്ങളില്‍ ജലാധിവാസത്തിന്റെ ഐതിഹ്യം പറഞ്ഞു തുടങ്ങി മേല്‍ശാന്തി ജയപ്രകാശന്‍ നമ്പൂതിരി. ക്ഷേത്രങ്ങളില്‍ വിഗ്രഹ പ്രതിഷ്ഠയ്ക്കു മുന്‍പു നടത്തുന്ന ചടങ്ങാണു ജലാധിവാസം. എന്നാല്‍, നീര്‍പുത്തൂര്‍ ശിവക്ഷേത്രത്തില്‍ പ്രതിഷ്ഠയുടെ നിത്യവാസം ജല മധ്യത്തിലാണ്. കര്‍ക്കടകത്തില്‍ തൃപ്പടി കടക്കുന്ന ജലധാര സോപാനവും താണ്ടി വിഗ്രഹത്തിലേക്കൊഴുകും - മഹാദേവന്റെയും പാര്‍വതിയുടേയും സവിധത്തിലേക്കു ഗംഗാപ്രവാഹമെന്ന് വിശ്വാസം.

ജലധാര സമര്‍പ്പിച്ച് പ്രദക്ഷിണ വീഥി

പ്രളയത്തില്‍ ഉദ്ഭവിച്ച പ്രപഞ്ചത്തെക്കുറിച്ചുള്ള ഉല്‍പത്തി പുരാണങ്ങളില്‍ ഉദ്ഭവവും സമാപ്തിയും ജലത്തിലാണ്. അങ്ങനെ നോക്കിയാല്‍, ഉദ്ഭവം കഴിഞ്ഞ് പിന്നെയും കുറച്ചുകാലംകൂടി പിന്നിട്ട ശേഷമാണ് നീര്‍പുത്തൂരിന്റെ ചരിത്രം ആരംഭിക്കുന്നത്. ഐതിഹ്യ പ്രകാരം കാലഗണന നടത്തുകയാണെങ്കില്‍ മൂവായിരം വര്‍ഷം മുന്‍പ്. 

2 neer

അരക്കുപറമ്പിലെ പാടശേഖരങ്ങളുടെ നടുവിലൂടെയൊഴുകുന്ന അരുവിയുടെ തീരം അക്കാലത്തു കൊയ്ത്തും മെതിയും നടത്തിയിരുന്ന സ്ഥലമായിരുന്നു. അവിടെ പണിക്കിറങ്ങിവരിലൊരാള്‍ അരിവാളിന്റെ വായ്ത്തലയ്ക്കു മൂര്‍ച്ച കൂട്ടാനുരച്ച പാറയില്‍ ചോര പൊടിഞ്ഞു. ശാസ്ത്രവിധികളില്‍ ആ ശിലയ്ക്കു വിഗ്രഹ ചൈതന്യമുണ്ടെന്നു വെളിപ്പെട്ടു. നീരൊഴുക്കുള്ള പുഴയുടെ കരയിലെ വിഗ്രഹത്തില്‍ ശിവ-പാര്‍വതീ മന്ത്രോപാസനയോടെ പൂജയാരംഭിച്ചു. ആല്‍ത്തറച്ചുവട്ടിലെ രണ്ടു തീര്‍ഥക്കുളങ്ങളും അരുവിയും സാക്ഷിയായി ക്ഷേത്രം ഉയര്‍ന്നു. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നാടുവാഴികളും കൊല്ലങ്കോട് ദേശവാഴികളും നീര്‍പുത്തൂര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത് ശിഷ്ടകഥ. 

ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് ആല്‍ത്തറയ്ക്കു സമീപത്താണു കുളം. നാലു വശവും ചെങ്കല്ലു കെട്ടിയ കുളം നീര്‍പുത്തൂരിന്റെ കാലപ്പഴക്കത്തിനു സാക്ഷി. പകുതി ഭാഗം പൊളിഞ്ഞ് അടര്‍ന്നു വീണെങ്കിലും കല്‍പ്പടവുകള്‍ സന്ദര്‍ശകരെ ഈ ക്ഷേത്രത്തിന്റെ പിന്‍കാലത്തേക്കു വഴി നടത്തുന്നു. കുളത്തിന്റെ തെക്കു കരയില്‍ നിന്ന് ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള അരുവിയുടെ കര വരെ ചുറ്റുമതിലുണ്ട്. തോടിന്റെ തീരത്തു നിന്നാല്‍ മറ്റൊരു കുളം കാണാം, അതു ക്ഷേത്രാചാരങ്ങള്‍ക്കുള്ളതാണ്. വലിയ കുളത്തിനും ചെറിയ കുളത്തിനും ഇടയില്‍ മതിലിന്റെ വടക്കുഭിത്തിയോടു ചേര്‍ന്ന് ഊട്ടുപുര നിലകൊള്ളുന്നു. 

 'പുരാതന ക്ഷേത്രങ്ങളുടെ നിര്‍മാണ രീതി അതേപടി പിന്‍തുടരുന്ന തച്ചുശാസ്ത്രമാണു നീര്‍പുത്തൂരിലേത്. പക്ഷേ ഒന്നും പരിപാലിക്കപ്പെടുന്നില്ല. മൊത്തം ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി' ചോര്‍ന്നൊലിക്കുന്ന ഊട്ടുപുരയുടെ ഇറയത്തേക്ക് കയറി നിന്നുകൊണ്ട് മേല്‍ശാന്തി സങ്കടം പങ്കുവച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡിനാണ് ക്ഷേത്രത്തിന്റെ രക്ഷാധികാരം.

ക്ഷേത്രത്തിന്റെ പടിപ്പുര പടിഞ്ഞാറു ഭാഗത്താണ്. പടിപ്പുരയുടെ മുകളിലെ വലിയ കല്ലുകള്‍ ഈ അമ്പലത്തിന്റെ പൂര്‍വകാല പ്രതാപം വ്യക്തമാക്കുന്നു. അതേ വലുപ്പമുള്ള കല്ലുകളാണ് പ്രദക്ഷിണ വീഥിയിലും പതിച്ചിട്ടുള്ളത്. വള്ളുവനാട്, ഏറനാട് പ്രദേശങ്ങളിലെ അതിപുരാതന ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി നീര്‍പുത്തൂര്‍ ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിന്റെ നിലം ഭൂനിരപ്പില്‍ നിന്നു താഴ്ന്നതാണ്. ബലിക്കല്ലിനാകട്ടെ, തറനിരപ്പില്‍ നിന്ന് പാര്‍ശ്വഭിത്തിയോളം പൊക്കം. ബലിക്കല്ലിനു ചുറ്റും വെള്ളം നിറയാറുണ്ട്. കര്‍ക്കടകത്തില്‍  പ്രധാന വാതിലിന്റെ പടി താണ്ടുന്ന നീര്‍പ്രവാഹം ശ്രീകോവിലിന്റെ മുന്‍ഭാഗം വരെ തെളിനീര്‍ തടാകം സൃഷ്ടിക്കുന്നു. വെള്ളത്തില്‍ ചവിട്ടിക്കൊണ്ട് സോപാനത്തിനരികിലേക്ക് മേല്‍ശാന്തി മാത്രമേ പ്രവേശിക്കാറുള്ളൂ.

തൊഴാനെത്തുന്നവര്‍ക്കു ശ്രീകോവിലിനു മുന്നിലേക്കു നടക്കാന്‍ പലക നിരത്തിയിരിക്കുകയാണ്. ദര്‍ശനം കഴിഞ്ഞ് തിടപ്പള്ളിയുടെ അരികിലൂടെ വലംവയ്ക്കാം. മഹാദേവന്റെ തിരുജഡയിലുയിര്‍ കൊള്ളുന്ന ഗംഗയുടെ പവിത്രസാന്നിധ്യമാണ് ജലപ്രാഹമെന്നു വിശ്വാസം. അതിനാലാണു പാദസ്പര്‍ശം ഒഴിവാക്കിയിരിക്കുന്നത്. 

ശ്രീകോവിലും മേല്‍ക്കൂരയും വട്ടത്തിലുള്ള നിര്‍മിതിയാണ്. വട്ടശ്രീകോവിലിനുള്ളില്‍ താഴ്ന്ന ഭൂനിരപ്പിലാണ് ശിലാവിഗ്രഹം. സ്വയംഭൂവായ ശിവന്‍ നീര്‍പുത്തൂരില്‍ 'നിത്യം ജലാധിവാസം' നടത്തുന്നുവെന്നാണ് വിശ്വാസം. ജലനിരപ്പിനപ്പുറം നിലവിളക്കിന്റെ പ്രഭയില്‍ തിളങ്ങുന്ന ശിലാവിഗ്രഹം കാണാന്‍ ഇതര ദേശങ്ങളിലുള്ളവര്‍ നീര്‍പുത്തൂരിലെത്തുന്നു. 

4 neer

എന്നിട്ടും സംരക്ഷണമില്ലാതെ പുരാതന  ശ്രീകോവിൽ 

ശ്രീകോവിലിനു ചുറ്റും പരന്ന കല്ലുകള്‍ പതിച്ചിട്ടുണ്ടെങ്കിലും ഈ ശിലാപഥം പ്രദക്ഷിണവഴിയല്ല, നീര്‍പാതയാണ്. കാലമേറെ കടന്നു പോയതിന്റെ അടയാളങ്ങള്‍ ആരൂഡത്തിലും മണിക്കിണറിലും പഴമയുടെ കയ്യൊപ്പു ചാര്‍ത്തിയിട്ടുണ്ട്. പൂജയ്ക്കും തേവാരത്തിനുമുള്ള വെള്ളമെടുക്കുന്ന ജലസ്രോതസ്സാണു മണിക്കിണര്‍. തേഞ്ഞു മങ്ങിയ പടവും നിറഞ്ഞു തുളുമ്പുന്ന തെളിനീരും അഗ്നി കോണിലെ മണിക്കിണറിന്റെ പുരാണ പ്രശസ്തിക്കു മാറ്റു കൂട്ടുന്നു.

ചുറ്റമ്പലത്തിലെ പീഠങ്ങളായി നിലകൊള്ളുന്ന പരന്ന കല്ലുകളിലും നെടുംതൂണിലും മോന്തായത്തിലും പഴമയുടെ അടയാളങ്ങള്‍ കാണാം. തിടപ്പള്ളിയിലെ ചതുര്‍സ്തംഭങ്ങളായി നില്‍ക്കുന്ന ചെറുതടിയിലെ വാസ്തുവിദ്യയിലും പുരാതന പ്രതീകങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നു. ചെത്തിയൊരുക്കിയ ഉരുപ്പടികളോരോന്നിലും വിദഗ്ധരായ തച്ചന്മാരുടെ കൈപ്പുണ്യം കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നു. തിടപ്പള്ളിയുടെ ചുമരും ആന പിടിച്ചാലും അനങ്ങാത്ത മേല്‍പ്പുരയും നീര്‍പുത്തൂര്‍ ശിവക്ഷേത്രത്തിന്റെ സമ്പന്നമായ പൂര്‍വകാലം വെളിവാക്കുന്നുണ്ട്. 'നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്ര ശേഷിപ്പുകള്‍ ചിതലരിക്കുന്ന സത്യം ഇപ്പോഴും പുരാവസ്തു വിഭാഗത്തിന്റെ രേഖകളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടില്ല' പുനരുദ്ധാരണമില്ലാതെ നശിക്കുന്ന പൈതൃകങ്ങളിലേക്ക് മേല്‍ശാന്തി ശ്രദ്ധ ക്ഷണിച്ചു. 

പണ്ട്, പുത്തൂരായി അറിയപ്പെട്ടിരുന്ന കൃഷിസ്ഥലത്തു കണ്ടെത്തിയ വിഗ്രഹം പാടം നികത്തി പ്രതിഷ്ഠിച്ച് ആരാധന തുടങ്ങുകയായിരുന്നു. നീരൊഴുകുന്ന സ്ഥലം നീര്‍പുത്തൂരായി, അവിടുത്തെ പ്രതിഷ്ഠ നീര്‍പുത്തൂരപ്പനായി. 'ശിലാവിഗ്രഹത്തിന്റെ കാലപ്പഴക്കം മൂവായിരം വര്‍ഷമെന്നു വിശ്വസിക്കപ്പെടുന്നു. രാവിലെ ആറരയ്ക്കു നടതുറക്കും. ഗണപതി ഹോമവും ദീപാരാധനയും നിവേദ്യവും ദര്‍ശനവും കഴിഞ്ഞ് ഒന്‍പതിന് അടയ്ക്കും. വൈകിട്ട് വിളക്കു വച്ചാരാധനയാണു പതിവ്. പ്രദോഷ ദിവസങ്ങളില്‍ വിശേഷാല്‍ പൂജയുണ്ട് ' ജയപ്രകാശ് നമ്പൂതിരി നിത്യപൂജയുടെ ചിട്ടവട്ടങ്ങള്‍ വിശദീകരിച്ചു. 

പഴമയുടെ കരുത്താണ് ഹൈലൈറ്റ് 

നീര്‍പുത്തൂരപ്പനെ തൊഴാനെത്തിയ വ്‌ലോഗര്‍മാര്‍ തയാറാക്കിയ വിഡിയോകള്‍ക്ക് ഇന്‍സ്റ്റഗ്രാം, യുട്യൂബ് പ്ലാറ്റ്‌ഫോമുകളില്‍ മില്യണിലേറെ വ്യൂവേഴ്‌സിനെ കിട്ടി. ഗ്രാമഭംഗിയും ആകാശനീലിമയും അരുവിയുടെ ചന്തവുമൊക്കെയാണ് ആ വിഡിയോകളില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടത്. ' പശ്ചാത്തല സംഗീതത്തോടു കൂടിയ വിഡിയോ ഫ്രെയിമില്‍ ഒതുങ്ങുന്ന വില്ലേജ് സ്റ്റോറിയല്ല ഗംഗയുടെ ഉദ്ഭവകഥ' നീര്‍പുത്തൂര്‍ ശിവക്ഷേത്രത്തിലെ ജീവനക്കാരന്‍ സേതുമാധവന്‍ പുരാണം വ്യാഖ്യാനിച്ചു: 

' ഹിമവദ് രാജാവിന്റെയും മേനാവതി രാജ്ഞിയുടെയും മകളാണു ഗംഗ. മഹാദേവനോടുള്ള ആരാധനയിലും ഭക്തിയിലും മുഴുകിയ ഗംഗ ഒടുവില്‍ ശിവനിലേക്ക് എത്തിച്ചേരുകയായിരുന്നു. പത്‌നീപദം നല്‍കിയില്ലെങ്കിലും, മുടിയിഴയ്ക്കുള്ളില്‍ ഗംഗയെ വഹിക്കാന്‍ മഹാദേവന്‍ തയാറായി. ഗംഗാധരന്‍ എന്നൊരു പേര് മഹാദേവനു കിട്ടിയത് അങ്ങനെയാണ്. പില്‍ക്കാലത്തു ഭഗീരഥന്റെ തപസ്സില്‍ പ്രീതനായ മഹാദേവന്റെ തീരുമാന പ്രകാരം തിരുജഡയില്‍ നിന്നൊഴുകിയിറങ്ങിയ ഗംഗ ഹിമാലയത്തിലൂടെ പ്രവഹിക്കുകയാണുണ്ടായത്. സകലപാപങ്ങള്‍ക്കും മോചനം നല്‍കുന്ന തീര്‍ഥമായി ഗംഗ അറിയപ്പെട്ടതു ബാക്കി കഥ. 

3 neer

ഐതിഹ്യത്തിലെ ഗംഗയുടെ സാന്നിധ്യം ആ നദിയുമായി ലയിക്കുന്ന എല്ലാ ലത്തിനുമുണ്ടെന്നാണു വിശ്വാസം. തെക്കേ ഇന്ത്യയില്‍ മലയാളക്കരയിലെ ഏറനാട് - വള്ളുവനാട് പ്രദേശത്തുകാരുടെ ആരാധനാ മൂര്‍ത്തി കുടികൊള്ളുന്ന നീര്‍പുത്തൂര്‍ ക്ഷേത്രത്തിലും അതിന്റെയൊരംശം എത്തിപ്പെട്ടുവെന്ന് കരുതപ്പെടുന്നു, വിശ്വസിക്കപ്പെടുന്നു.'

വേനലും മഴയുമെന്നു വേര്‍തിരിവില്ലാതെ പുലര്‍കാലത്തു മഹേശ്വരനെ തൊഴുതു തിരുനട തുറക്കുന്നതു സേതുമാധവനാണ്. വേതനം മുടങ്ങിയിട്ടു മാസങ്ങളായെങ്കിലും നീര്‍പുത്തൂരപ്പന്റെ പാദസേവ ചെയ്യുന്ന സേതുമാധവനു വിശ്വാസമുണ്ട് - കാലത്തെ അതിജീവിച്ച ക്ഷേത്രത്തിനു പുനരുദ്ധാരണമുണ്ടാകും, മുന്നു സഹസ്രാബ്ദങ്ങളുടെ ചൈതന്യം പൂര്‍വകാല പ്രതാപം വീണ്ടെടുക്കും...