കൊച്ചിയിൽ നിന്നു പുറപ്പെട്ട് വിവിധ സംസ്ഥാനങ്ങളുടെ അതിർത്തികൾ കടന്ന ബൈക്ക് യാത്രയിൽ ഇനി രാജ്യത്തിന്റെ അതിർത്തി തന്നെ കടക്കണം. നേപ്പാളിന്റെ പടിഞ്ഞാറെ അറ്റത്തു നിന്ന് തുടങ്ങി കിഴക്കെ അറ്റത്തെത്തി ഇന്ത്യയിലേക്കു വീണ്ടും പ്രവേശിക്കണം, അതാണ് മനസ്സിലുള്ള പദ്ധതി. അതിനായി ഉത്തരാഖണ്ഡിലെ ഡെറാഡൂണിലൂടെ കുമയൂൺ ഹിമാലയം കടന്ന് ഗഡ്‌വാളിലെ ധാർച്ചുലയിലേക്ക് കുതിച്ചു.
ധാര്‍ച്ചുല അതിര്‍ത്തിക്കു 30 കിലോ മീറ്റര്‍ മുന്‍പ് ഇന്ത്യന്‍ സൈന്യം വാഹനം തടഞ്ഞു. 'അതിര്‍ത്തിയില്‍ ചില പ്രശ്‌നങ്ങൾ. നിങ്ങള്‍ തിരിച്ചു പോകൂ. നേപ്പാള്‍ ബോര്‍ഡര്‍ താല്‍ക്കാലികമായി അടച്ചിരിക്കുന്നു.' സൈനികർ അറിയിച്ചു. ആദ്യം നിരാശ തോന്നി. മുൻപ് രണ്ടു തവണ നേപ്പാളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും കാഠ്മണ്ഡുവായിരുന്നു അപ്പോഴൊക്കെ പ്രധാനം. പടിഞ്ഞാറൻ നേപ്പാൾ വഴി കാഠ്മണ്ഡുവിലേക്കു സഞ്ചരിക്കാനുള്ള ആഗ്രഹം മനസ്സില്‍ ദൃഢമായിരുന്നതിനാല്‍ പുതിയ വഴികള്‍ ആലോചിച്ചു.
ഉത്തരാഖണ്ഡില്‍ തന്നെ ചമ്പാവത്ത് ജില്ലയിലെ ബന്‍ബസ ഗ്രാമവും നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ആ ഗ്രാമത്തിനു സമീപം സുഹൃത്ത് സുഭാഷ് ഉണ്ട്. പിന്നെ കൂടുതല്‍ ആലോചിച്ചില്ല, വണ്ടി തിരിച്ചു. 250 കിലോമീറ്ററിലേറെ സഞ്ചരിച്ചു. രാഷ്രീയപ്രവര്‍ത്തകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സുഹൃത്തുമായ സുഭാഷ് നേപ്പാള്‍ അതിര്‍ത്തി കടക്കാൻ സഹായിക്കാമെന്ന് ഉറപ്പുനല്‍കി.
അന്നു രാത്രി ഠാണക്പുര്‍ എന്ന സ്ഥലത്ത് സര്‍പഞ്ചിന്റെ (ഗ്രാമത്തലവന്‍) അതിഥിയായി സുഭാഷുമൊത്ത് താമസിച്ചു. കുമയൂണ്‍ മേഖലയില്‍ യഥേഷ്ടം വളരുന്ന ലഹരി പദാര്‍ഥം ഭാംഗിന്റെ കുരു അരച്ചുണ്ടാക്കിയ ചമ്മന്തിയും എണ്ണ ചേര്‍ക്കാതെ പാകം ചെയ്ത ബന്‍ബസ ചിക്കന്‍ കറിയും കൂട്ടി എണ്ണ തൊടാത്ത ചപ്പാത്തി കഴിച്ച് ഉറങ്ങാന്‍ കിടന്നു.

ശാരദാ നദി കടന്ന് അയൽ രാജ്യത്ത്
ബന്‍ബസയില്‍ ശാരദാ നദിക്കു മുകളിലൂടെയുള്ള സ്പില്‍വേ കടന്നാല്‍ നേപ്പാളിലെ മഹീന്ദ്രനഗര്‍ എന്ന ചെറുപട്ടണത്തില്‍ എത്താം. തലേദിവസം സുഭാഷ് ഏര്‍പ്പെടുത്തിയതനുസരിച്ച് സുമന്‍സിങ് സ്പില്‍വേയ്ക്കു സമീപം എന്നെ കാത്തുനിന്നിരുന്നു. സ്പില്‍വേയും ഇന്ത്യന്‍ ചെക്ക്പോസ്റ്റും കടന്ന് മഹീന്ദ്രനഗറിലെ നേപ്പാള്‍ എമിഗ്രേഷന്‍ ഓഫീസിലെത്തി. അങ്ങനെ ധാര്‍ച്ചുലയിലെ കാളീനദിക്കു പകരം ബന്‍ബസയിലെ ശാരദാനദി കടന്ന് നേപ്പാളിൽ പ്രവേശിച്ചു. വാസ്തവത്തിൽ കാളീനദി തന്നെയാണ് ശാരദാ നദി. വണ്ടിയുടെ പെര്‍മിറ്റ് എടുക്കാനും പേപ്പര്‍ വര്‍ക്കുകള്‍ക്കുമായി എമിഗ്രേഷന്‍ ഓഫിസില്‍ കുറേ സമയം ചെലവഴിക്കേണ്ടിവന്നു.
നേപ്പാളിന്റെ ഈ ഭാഗത്ത് ഗ്രാമീണ ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശ് യാത്രയില്‍ കണ്ടതുപോലെയാണ്. ദാരിദ്ര്യം നിറഞ്ഞ ഗ്രാമങ്ങള്‍. ആഹാരസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നടത്തുന്നത് സ്ത്രീകളാണ്. ഒരുകാലത്ത് ഈ പ്രദേശം പൂര്‍ണമായും മാവോയിസ്റ്റുകളുടെ അധീനതയിലായിരുന്നു. 1999 ല്‍ ഈ പാതയില്‍ സംഭവിച്ച മൈന്‍ സ്‌ഫോടനത്തില്‍ ഒരു യാത്രാ ബസ് പൂര്‍ണമായും കത്തി നശിച്ചു. ഒട്ടേറെ സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടു. അതിനു ശേഷമാണ് മാവോയിസ്റ്റ് വിരുദ്ധ വികാരം ഇവിടെ വളര്‍ന്നത്. യാത്രയ്ക്കിടയില്‍ പഴയൊരു മാവോയിസ്റ്റ് ഗ്രാമത്തിന്റെ കവാടം കണ്ടപ്പോള്‍ നേപ്പാള്‍ ആഭ്യന്തര യുദ്ധത്തിന്റെ ഓര്‍മ മനസ്സിലെത്തി. 4 മണികഴിഞ്ഞപ്പോൾ ഇരുട്ടു വീണു. നെല്‍പാടങ്ങള്‍ക്കു നടുവിലൂടെയാണ് സഞ്ചരിക്കുന്നത്. അല്‍പ സമയത്തിനുള്ളില്‍ പാത ഒരാൾ പൊക്കത്തില്‍ കോടമഞ്ഞു പുതച്ചു.

കടമുറിയിൽ ഉറക്കം
സുകലാപാണ്ഡ നാഷനല്‍ പാര്‍ക്കിലൂടെയാണ് പാത കടന്നു പോകുന്നത്. പൂത്തു നില്‍ക്കുന്ന മുളങ്കാടുകള്‍ പല ഇടത്തും കണ്ടു. രാജഭരണം അവസാനിച്ച് ജനാധിപത്യം വന്നെങ്കിലും ഈ ഭാഗത്തു വലിയ പുരോഗതി കാണാനില്ല. നെല്ലു വിളഞ്ഞു നില്‍ക്കുന്ന പാടവരമ്പുകളില്‍ ഒട്ടേറെ കുടിലുകള്‍ കാണാം.
ഗര്‍ജാമുനി എന്നൊരു ഗ്രാമത്തിലെത്തിയപ്പോള്‍ കടുത്ത തണുപ്പും ഇരുട്ടും യാത്ര തടസ്സപ്പെടുത്തി. പാതയോരത്തു സൗകര്യപ്രദമായി കണ്ട പുല്‍മേട്ടില്‍ ടെന്റടിച്ച് താമസിക്കാം എന്നു തീരുമാനിച്ചു. ടെന്റ്കെട്ടുന്നതിനിടെ അവിടെത്തിയ ദിനേശെന്ന നേപ്പാളീ ഗ്രാമീണന്‍ ‘രാത്രിയില്‍ പുലി ഇറങ്ങുന്ന സ്ഥലമാണ്, ഇവിടെ ടെന്റടിക്കേണ്ട’ എന്നു പറഞ്ഞു തടുത്തു. സമീപത്തു തന്റെ വീടിനോടു ചേര്‍ന്നുള്ള കട തുറന്നുതരാം, അവിടെ കിടക്കാം എന്നു സ്‌നേഹപൂര്‍വം ക്ഷണിക്കുകയും ചെയ്തു. കടമുറിക്കുള്ളില്‍ കിടക്ക വിരിക്കവേ കഴിക്കാന്‍ പൂരിയും സബ്ജിയും ഒരു വലിയ പാത്രത്തില്‍ ചൂടു ചായയുമായി ദിനേശെത്തി. ഒപ്പം അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളായ ആണ്‍മക്കളും. അല്‍പ സമയം അവര്‍ക്കൊപ്പം യാത്രാവിശേഷങ്ങള്‍ പറഞ്ഞിരുന്നു. ആഭ്യന്തരയുദ്ധ കാലത്ത് പ്രചണ്ഡയുടെ മാവോയിസ്റ്റ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ദിനേശ്. ജനാധിപത്യം വന്നപ്പോള്‍ കൂട്ടുകാർ പലരും നേപ്പാള്‍ സൈന്യത്തില്‍ ലയിച്ചെങ്കിലും ദിനേശ് നാട്ടില്‍തന്നെ ഡ്രൈവറായി ജീവിക്കുകയാണ്. ഗ്രാമീണര്‍ക്കൊപ്പം യാത്രാ വിശേഷവും രാഷ്ട്രീയവും സംസാരിച്ച് രാത്രി ഏറെ വൈകിയാണ് ഉറങ്ങിയത്.
അടുത്ത ദിവസം പുലര്‍ച്ചെ കോടമഞ്ഞ് പുതച്ച വഴിയിലൂടെ യാത്ര തുടർന്നു. കരിമ്പും നെല്ലും കടുകും വിളഞ്ഞ പാടങ്ങള്‍ക്കിടയിലൂടെ മോട്ടോര്‍ ബൈക്ക് നീങ്ങി. കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ മീന്‍പിടിച്ച് ഉല്ലസിക്കുന്ന കുട്ടികളെയും പാതയോരത്ത് വാഹനങ്ങളുടെയും മറ്റും ലോഹഭാഗങ്ങള്‍ ഉരുക്കി ദൈവവിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന നാടോടികളെയും കണ്ടു.

ചിസാപാനി
ചിസാപാനി എന്ന സ്ഥലത്ത് കര്‍ണാലി നദിക്കു കുറുകെ ഇന്ത്യാ ഗവണ്‍മെന്റ് നിര്‍മിച്ചു നല്‍കിയ പടുകൂറ്റന്‍ ചിസാപാനി തൂക്കുപാലത്തിലൂടെ ബാര്‍ഡിയ നാഷനല്‍ പാര്‍ക്കിലേക്കു പ്രവേശിച്ചു. ടിബറ്റിലെ ഹിമാനികളിൽ ഉദ്ഭവിച്ച് മലനിരകളിലൂടെ ഒഴുകിയെത്തുന്ന കര്‍ണാലി നദി ഇവിടെ രണ്ടായി പിരിയുന്നു. ഒരു ഭാഗം കരിയാല നദിക്കൊപ്പവും രണ്ടാമത്തേ ഭാഗം ഗിർവാ നദിക്കൊപ്പവും ഇന്ത്യയിലേക്ക് ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്. ഇന്ത്യയിൽ ഘാഘ്‌ര നദിയായും സരയൂ നദിയായും അറിയപ്പെടുന്നത് കർണാലി നദിയുടെ പ്രവാഹം തന്നെയാണ്. ഇന്ന് നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ചിസാപാനി. ബാര്‍ദിയ നാഷനൽ പാര്‍ക്കിലേക്കു പ്രവേശിക്കുമ്പോള്‍ സമയമെഴുതിയ ഒരു ചീട്ട് തരും. അതില്‍ രേഖപ്പെടുത്തിയ സമയത്തിനു ശേഷമേ അടുത്ത പോയിന്റിലേക്കു പ്രവേശിക്കാന്‍ അനുവദിക്കു. കാനന പാതയിലൂടെ മണിക്കൂറിൽ 30 കിലോമീറ്റര്‍ എന്ന വേഗപരിധിക്കു മുകളില്‍ സഞ്ചരിക്കാന്‍ അനുവദിക്കുകയില്ല. നമ്മുടെ നാട്ടിലും വനപാതകളില്‍ അനുകരിക്കാവുന്ന ഒരു മാര്‍ഗമാണ് അതെന്നു തോന്നി. ആ യാത്രയിലും പഴയകാല മാവോയിസ്റ്റു ഗ്രാമങ്ങളുടെ കവാടങ്ങള്‍ കാണാനിടയായി. ചെറുതും വലുതുമായ ഒട്ടേറെ പാലങ്ങള്‍ ആ പാതയുടെ സവിശേഷതയാണ്. ഹിമാലയത്തിന്റെ പലഭാഗത്തു നിന്ന് ഉദ്ഭവിച്ച് നേപ്പാളിലൂടെ ഇന്ത്യയിലേക്ക് ഒഴുകുന്നവയാണ് നദികളെല്ലാം .
440 കിലോ മീറ്റര്‍ സഞ്ചരിക്കണം ലുംബിനി എത്താന്‍. എറണാകുളത്തു നിന്ന് സുഹൃത്ത് വിനോദ് ലുംബിനിയില്‍ എത്താമെന്നും അവിടം മുതല്‍ നേപ്പാളില്‍ എനിക്കൊപ്പം സഞ്ചരിക്കാമെന്നും മുന്‍പു തന്നെ അറിയിച്ചിരുന്നു. ബാര്‍ഡിയ നാഷനല്‍ പാര്‍ക്ക് കടന്ന് ലുംബിനി പ്രൊവിന്‍സിലെ ബന്‍കെ നാഷനല്‍ പാര്‍ക്കില്‍ എത്തിയപ്പോള്‍ നേരം ഇരുട്ടി. അസമയത്ത് കൊടുംകാട്ടിലൂടെയുള്ള യാത്ര ഓര്‍ത്തപ്പോള്‍ ഭയം തോന്നി. ലാല്‍മട്ടിയ എത്തിയപ്പോഴേക്കു രാത്രിയായി. കയ്യില്‍ പണം അധികമൊന്നുമില്ല, നിവൃത്തിയില്ലാത്ത സ്ഥലത്തു മാത്രം ഹോട്ടല്‍ റൂം എടുത്താല്‍ മതി, കഴിയുന്നതും ടെന്റ് ഉപയോഗിക്കുക എന്നതായിരുന്നു രീതി. ലാല്‍മട്ടിയയിലും ചിസാപാനി നദിയുടെ തീരത്ത് ടെന്റടിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവിടെത്തി. കുറച്ചു കാലം ആലപ്പുഴയിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹം മലയാളികളെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത് എന്നു പറഞ്ഞു. അവിടെ നിന്നാൽ കാണുന്ന വലിയ ഒരു ഹോട്ടലിൽ മാനേജരാണത്രേ ഇപ്പോൾ. വിരോധമില്ലെങ്കിൽ അവിടെ താമസിക്കാൻ സൗകര്യം ചെയ്യാമെന്നും പറഞ്ഞു. യാത്രയിൽ കിട്ടുന്ന ഇത്തരം പിന്തുണകൾ വിലപ്പെട്ടതാണ്. അന്നു രാത്രി ആ നേപ്പാളി ചെറുപ്പക്കാരന്റെ അതിഥിയായി കഴിഞ്ഞു.

ലുംബിനി
പുലർച്ചേ അദ്ദേഹത്തോടു നന്ദി പറഞ്ഞ് ലുംബിനി ലക്ഷ്യമാക്കി യാത്ര തുടർന്നു. ബുദ്ധന്റെ ജൻമസ്ഥാനമാണ് ലുംബിനി എന്നു വിശ്വസിക്കുന്നു. പോകുന്ന വഴിയിലാണ് ബുദ്ധൻ കുട്ടിക്കാലം ചെലവിട്ട കപിലവസ്തു കൊട്ടാരവും. ലുംബിനിയിൽ എത്തും മുൻപേ വിനോദ് എന്റെ ഒപ്പം ചേർന്നു.
ബുദ്ധസ്തൂപവും ശിൽപങ്ങളും പുരാതനക്ഷേത്രങ്ങളും തടാകവുമാണ് ലുംബിനിയിലെ കാഴ്ച വിശേഷങ്ങൾ. ലുംബിനി തടാകത്തിൽ എത്താൻ 7 കവാടങ്ങൾ കടക്കണം. ഏഴാമത്തെ കവാടത്തിനു സമീപം സദാ ജ്വലിക്കുന്ന അഗ്നികുണ്ഡം കാണാം. അവിടെയാണ് ബിസി 563ൽ സിദ്ധാർധ കുമാരനായി ശ്രീബുദ്ധൻ പിറന്നുവീണത് എന്നാണ് വിശ്വാസം. ഇവിടെ കണ്ടെടുത്ത അശോകസ്തംഭവും ഹുയാൻസാങ്, ഫാഹിയാൻ തുടങ്ങിയ സഞ്ചാരികളുടെ വിവരണവും ആസ്പദമാക്കിയാണ് ഒട്ടേറെ മൊണാസ്ട്രികളുടെ ശേഷിപ്പുകളുള്ള ഈ സ്ഥലംതന്നെയാണ് ലുംബിനി എന്ന് ചരിത്രകാരൻമാർ സ്ഥാപിക്കുന്നത്.
ഇപ്പോൾ ലുംബിനി യുനെസ്കോ പൈതൃകസ്ഥാനമാണ്. ഇവിടുത്തെ പല പഴയ ക്ഷേത്രങ്ങളും വിദേശരാജ്യങ്ങളുടെ സഹായത്തോടെ പുനർനിർമിച്ചു മനോഹരമാക്കിയിരിക്കുന്നു. ലുംബിനി തടാകത്തിലൂടെ ബോട്ടിൽ സഞ്ചരിച്ച് ഈ ക്ഷേത്രങ്ങളിൽ എത്താം. ഇന്ന് നേപ്പാളിലെ ഏറ്റവും ആളുകളെത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ലുംബിനി പാർക്ക് എന്നറിയപ്പെടുന്ന ഈ സമുച്ചയം. ലുംബിനിയിൽ ഹൈന്ദവ വിശ്വാസികൾ ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായിട്ടാണ് ആരാധിക്കുന്നത്. അവർ ഏപ്രിൽ മാസത്തിൽ ഇവിടേക്ക് തീർഥയാത്ര നടത്തുന്ന പതിവുണ്ട്.

വിനോദ് സഹയാത്രികനായി എത്തിയതോടെ മാതൃഭാഷയിൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും യാത്ര അൽപംകൂടി രസകരമായി. ലുംബിനിക്കു ശേഷം പോഖ്റയിലേക്കായിരുന്നു യാത്ര. ഇടയ്ക്ക് ഒരു ഗ്രാമീണ ക്ഷേത്രത്തിൽ പ്രത്യേക താളവാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്യുന്ന സ്ത്രീകളെയും പുരുഷൻമാരെയും കണ്ടു. ക്യാമറയുമായി അവിടേക്കു ചെന്ന ഞങ്ങളെ കണ്ടപ്പോൾ അമ്പലക്കാർ വലിയ ഉത്സാഹത്തിലായി. ക്ഷേത്രത്തിനു പുറത്ത് ഞങ്ങൾക്കുവേണ്ടി നൃത്തം ഒരുക്കാൻ അവർ തയാറായി. ഏകാദശി ഉത്സവത്തോടനുബന്ധിച്ചുള്ള ആഘോഷമാണത്രേ. നമ്മുടെ നാട്ടിലെ ചവിട്ടു നാടകത്തിന്റെ ലാസ്യഭാവം അവരുടെ ചുവടുകളിൽ അനുഭവപ്പെട്ടു. തുടർന്നുള്ള യാത്രയിൽ പലയിടത്തും നേപ്പാളി വനിതകൾ പാട്ടും നൃത്തവുമായി ആഘോഷിക്കുന്നതു കണ്ടു.

കാളീഗണ്ഡകിയുടെ തീരത്ത്

പോഖ്റ എത്തുന്നതിനു മുൻപ് കാളീഗണ്ഡകി നദിയിലെ ഒരു വെള്ളച്ചാട്ടത്തിനു മുന്നിലെത്തി. അന്നു രാത്രി ആ പരിസരത്തു തന്നെ ടെന്റടിച്ചു തങ്ങാം എന്നു നിശ്ചയിച്ചു. യാത്രയിൽ ഒരാൾകൂടി എത്തിയതോടെ ധൈര്യം കൂടി. കാളീഗണ്ഡകിയുടെ ഇരമ്പവും തണുത്ത കാറ്റും ഒരുക്കിയ പശ്ചാത്തലത്തിൽ ചെലവഴിച്ച രാത്രി ആ യാത്രയിലെ മനോഹരമായ അനുഭവങ്ങളിൽ ഒന്നായി.