ആവി പറക്കുന്ന ഒരു കപ്പ് ചായയുമായി വൈകുന്നേരം ബാൽക്കണിയിലേക്ക് ഇറങ്ങിയപ്പോൾ ഫ്ലാറ്റിന്റെ എതിർവശത്തെ അക്കേഷ്യാ മരക്കൊമ്പിൽ ഒരു ഓപ്പൺ ബിൽ സ്‌റ്റോർക്ക് പറന്നുവന്നിരുന്നു. കൊക്കിനെ നോക്കി ഇരിക്കുമ്പോൾ മനസ്സിൽ പെട്ടെന്നൊരു മിന്നലാട്ടം, ഒരു യാത്ര പോകണം. എവിടേയ്ക്കാണ് പോവുക? മനസ്സിന്റെ തെരച്ചിൽ ഒടുവിൽ ഗൂഗിൾ സെർച്ചിൽ ചെന്നെത്തി - പോയിന്റ് കാലിമേർ വൈൽഡ്‌ലൈഫ് ആൻഡ് ബേർഡ് സാങ്ചുറി. പുറംലോകത്തിന് അത്ര പരിചിതമല്ലാത്തതും എന്നാൽ കൗതുകം ഉണർത്തുന്നതുമായ ഒരിടം...
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ കൊടിയക്കരൈ കടലോര പ്രദേശത്തോട് ചേർന്നുള്ള വന്യജീവി സംരക്ഷണകേന്ദ്രവും പക്ഷിസങ്കേതവുമാണ് പോയിന്റ് കാലിമേർ. ബാല്യകാലസുഹൃത്തായ കെ എം ഏബ്രഹാമിനോട് ഈ കാര്യം പറഞ്ഞു. കെഎമ്മും ആവേശഭരിതനായി. ഒരു വെള്ളിയാഴ്ച്ച പുലർച്ചെ 5 നു ചെന്നൈയിൽ നിന്നു ഞങ്ങൾ പുറപ്പെട്ടു. ഉദ്ദേശം 365 കിലോമീറ്ററുണ്ട് പോയിന്റ് കാലിമേറിലേയ്ക്ക്. ഏഴര മണിക്കൂർ നീളുന്ന റോഡ് ട്രിപ്പ്...
പുലർകാല യാത്ര
ആളും ബഹളവുമൊഴിഞ്ഞ ചെന്നൈയിലെ പ്രഭാതം പ്രശാന്തമാണ്. പുലരിയുടെ പൊൻവെളിച്ചം മണ്ണിൽ പതിക്കും മുൻപ് ഞങ്ങൾ ഇസിആർ ഹൈവേയിൽ എത്തി. അനന്തമായി പരന്നുകിടക്കുന്ന നീലക്കടൽ, മേലേ വിതാനിച്ച ആകാശം, കണ്ണെത്തുവോളം നീണ്ടുകിടക്കുന്ന ഹൈവേ, പുഷ്പാലങ്കൃതമായ വഴിയോരം... സഞ്ചാരപ്രിയരെ ഏറെ രസിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന ദൃശ്യമനോഹാരിത നിറഞ്ഞ യാത്രാവീഥി.
ടോൾഗേറ്റുകൾ താണ്ടി യാത്ര തുടർന്നു. യാത്രയുടെ രസത്തിലും സല്ലാപങ്ങൾക്കുമിടയിൽ വിശപ്പെന്ന ഭീകരൻ നുഴഞ്ഞുകയറിയത് അറിഞ്ഞില്ല. പാതയോരത്തു കണ്ട അഡയാർ ആനന്ദഭവനിൽ നിന്നും ചൂടു മസാല ദോശയും ഫിൽട്ടർ കോഫിയും കുടിച്ച് യാത്ര വേഗത്തിലാക്കി. ഒരു മണിയോടെ നാഗപട്ടണം എത്തി. അവിടെ നിന്നും വേദാരണ്യം എന്ന ചെറുപട്ടണത്തിലേയ്ക്ക് 60 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്. വേദാരണ്യത്ത് ഉച്ചഭക്ഷണം കഴിച്ച് കൊടിയക്കരൈയിലേയ്ക്ക് യാത്ര തുടർന്നു.
വേദാരണ്യത്തു നിന്ന് 11 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമപ്രദേശമാണ് കൊടിയക്കരൈ. വനം വകുപ്പിന്റെ ഒരു ഗസ്റ്റ് ഹൗസ് അവിടെയുണ്ട്. പൂനാരൈ ഇല്ലം. എന്നാൽ ഞങ്ങൾ ചെല്ലുമ്പോൾ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സന്ദർശകർക്ക് റൂം അനുവദിക്കുന്നുണ്ടായിരുന്നില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നാണ് അവിടുത്തെ ഏക സ്വകാര്യ ലോഡ്ജായ വിഎംറ്റി ഗസ്റ്റ്ഹൗസിനെക്കുറിച്ച് അറിഞ്ഞത്.
അവിചാരിതമായി മുന്നിലെത്തിയ ഗൈഡ്
അവിടെ നിന്നു പുറത്തിറങ്ങിയപ്പോൾ ഒരു ഫോറസ്റ്റ് വാച്ചറെ യാദൃച്ഛികമായി പരിചയപ്പെട്ടു. നാഗുറാം. പോയിന്റ് കാലിമേറിനെക്കുറിച്ചുള്ള നാഗുറാമിന്റെ വിവരണം അത്യന്തം ഉത്സാഹവും ആവേശവും നിറഞ്ഞതായിരുന്നു. ഇദ്ദേഹത്തെ ഗൈഡായി കിട്ടിയാൽ നന്നായിരിക്കുമല്ലോ... കെഎമ്മിനും അതേ അഭിപ്രായം.
“എങ്കളുക്ക് ഗൈഡാ ഉങ്കളുക്ക് കൂടെ വറ മുടിയുമാ?" നാഗുറാമിനോട് ഞാൻ ചോദിച്ചു.
“അതുക്കെന്ന സാർ. ഇപ്പോ സൂട് ജാസ്തിയാ ഇറുക്ക്. സായംകാലം നാൻ റൂമുക്ക് വറേൻ. അപ്പോ സേന്ത് പോഗലാം സാർ.” ആവേശത്തോടെ നാഗുറാം പറഞ്ഞു. നാഗുറാമിനോട് തല്ക്കാലം വിടപറഞ്ഞ് ഞങ്ങൾ ലോഡ്ജിലേയ്ക്ക് പോയി.
സന്ദർശകർ കുറവായിരുന്നതിനാൽ റൂം ഉണ്ടായിരുന്നു. ഭാണ്ഡക്കെട്ടുകൾ മുറിയിൽ വെച്ചതിനുശേഷം ഒന്ന് മയങ്ങി. മൂന്നു മണിക്ക് നാഗുറാം റൂമിൽ വന്നു. ലോഡ്ജിൽ നിന്നും പോയിന്റ് കാലിമേറിലേയ്ക്ക് മൂന്ന് കിലോമീറ്ററുണ്ട്. രണ്ട് ഹോട്ടലുകളേ ഈ പരിസരത്തുള്ളു. ദോശയും ഇഡ്ഡലിയും മാത്രമാണ് വിഭവങ്ങൾ. രാത്രി ഏഴുമണിയ്ക്കുള്ളിൽ കട അടയ്ക്കുകയും ചെയ്യും. ഞങ്ങൾ മൂവരും അവിടെ നിന്നു ചായയും കുടിച്ച് അത്താഴത്തിനുള്ള പണവും നല്കി പോയിൻറ് കാലിമേറിലേയ്ക്ക് കാറിൽ പുറപ്പെട്ടു. ഈ വനത്തെക്കുറിച്ചും നാടിനെപ്പറ്റിയും നാഗുറാം കാറിലിരുന്ന് ഏറെ ഉത്സാഹത്തോടെ വിവരിച്ചു.
ആരേയും ഭയക്കാതെ കൃഷ്ണമൃഗങ്ങൾ
21.47 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനത്തിൽ കൃഷ്ണമൃഗങ്ങൾ (black buck) ഒട്ടേറെയുണ്ട്. ദേശാടനക്കിളികളായ രാജഹംസങ്ങൾ കൂട്ടമായി എത്തുന്ന സ്ഥലം എന്ന പ്രസിദ്ധിയുമുണ്ട് ഈ പ്രദേശത്തിന്. പുള്ളിമാൻ, കാട്ടുപന്നി, നാട്ടുകുരങ്ങ്, ഉടുമ്പ്, മരപ്പട്ടി, കുറുനരി, കീരി, നക്ഷത്ര ആമ, കാട്ടുപൂച്ച, ഫെറൽ പോണി എന്നിവയാണ് മറ്റു മൃഗങ്ങൾ. പെലിക്കൻ, വർണ്ണകൊക്ക്, ഐബിസ്, കൃഷ്ണപരുന്ത്, സ്പൂൺബിൽ, സാൻഡ്പൈപ്പർ, ബീ ഈറ്റർ മുതലായ പക്ഷികളാലും സമൃദ്ധമാണ് ഈ വനപ്രദേശം.
സാങ്ചുറിയുടെ ഗേറ്റിനരികത്ത് ഞങ്ങൾ കാർ നിർത്തി.
ടിക്കറ്റെടുത്ത ഞങ്ങൾ സാങ്ചുറിയിലേയ്ക്ക് കടന്നു. വരണ്ട നിത്യഹരിതവനത്താലും പുല്മേടുകളാലും സമൃദ്ധമാണ് കാലിമേർ. മൺറോഡായിരുന്നതിനാൽ യാത്ര സാവധാനമായിരുന്നു. പത്തു മിനിറ്റു സഞ്ചരിച്ചപ്പോള്‍ ദൂരെ പലയിടങ്ങളിൽ കൂട്ടമായി മേഞ്ഞു നടക്കുന്ന കൃഷ്ണമൃഗത്തെ കണ്ടു. ഇരപിടിയന്മാരുടെ അഭാവം ഇവയുടെ സംഖ്യ വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് നാഗുറാം സൂചിപ്പിച്ചു. പുള്ളിമാനുകൾ വിരളമാണിവിടെ.
പക്ഷികളിൽ വലിയ വേലിതത്തയായിരുന്നു പ്രധാന ആകർഷണം. എവിടെ നോക്കിയാലും തുമ്പികളേയും പുഴുക്കളും ഭക്ഷിച്ച് ചെറുചില്ലകളിൽ ഇരിക്കുന്നത് കാണാമായിരുന്നു.
കടലുകളുടെ സംഗമം
സാങ്ചുറിയ്ക്കുള്ളിൽ രണ്ട് ലൈറ്റ്ഹൗസുകളുണ്ട്. ബ്രിട്ടീഷ് നിർമ്മിത ലൈറ്റ്ഹൗസും എട്ടാം നൂറ്റാണ്ടിൽ ചോളഭരണകാലത്ത് നിർമ്മിതമായ ലൈറ്റ്ഹൗസും. 2004ലെ സുനാമിയിൽ ചോള കാലത്തെ ലൈറ്റ്ഹൗസ് ഭാഗികമായി നശിച്ചു. ഈ വനസങ്കേതത്തിന്റെ ഒരതിര് കടലാണ്. പാക്ക് കടലിടുക്കും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന പ്രദേശം കൂടിയാണ് പോയിന്റ് കാലിമേർ.
കടൽക്കരയ്ക്ക് അടുത്ത് കാർ പാർക്ക് ചെയ്ത് ഞങ്ങൾ അതു വഴി സായ്ഹാന നടത്തത്തിനറങ്ങി. കടൽക്കരയ്ക്കടുത്തു തന്നെ ഒരു വാച്ച്ടവർ ഉണ്ട്. നാഗുറാം ഞങ്ങളെ അവിടേയ്ക്ക് കൂട്ടികൊണ്ടു പോയി. വെയിലാറിയതിനാൽ കാലാവസ്ഥ ആശ്വാസകരമായിരുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശന സമയം. മണി 5 കഴിഞ്ഞിരിക്കുന്നു. അൽപസമയം അവിടെ ചെലവഴിച്ചതിനുശേഷം ഞങ്ങൾ മടങ്ങി. വഴിമദ്ധ്യേ നാഗുറാം രാജഹംസങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു.
“നാളൈ കാലൈല് കണ്ടിപ്പാ ഫ്ളമിംഗോവേ പാക്കലാം സാർ”. നാഗുറാം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“എന്ന ഗ്യാറണ്ടിയിറക്ക് നാഗൂറാം?”. ഞാൻ സംശയാലുവായി. “നമ്പങ്ക സാർ. നേത്ത് കാലൈലെ ഒരു പെരിയ കൂട്ടത്തെ ദൂറത്ത് പാത്തേൻ”. നാഗുറാം ഉറപ്പിച്ചു പറഞ്ഞു. “നാഗുറാമിന് ഇത്ര പ്രതീക്ഷയുണ്ടെങ്കിൽ നമ്മളെന്തിന് പ്രതീക്ഷ കൈവെടിയണം?” ഞാൻ കെഎമ്മിനോട് ചോദിച്ചു. നാഗുറാമിനെ ഞങ്ങൾ കവലയിൽ ഇറക്കി. “കാലൈല് 6 മണിക്ക് റെഡിയാ ഇറങ്കെ സാർ”. ഞങ്ങളോട് യാത്രപറഞ്ഞ് സന്തോഷത്തോടെ നാഗുറാം വീട്ടിലേയ്ക്ക് പോയി.അത്താഴമായി തണുത്ത ദോശയും വാങ്ങി ഞങ്ങൾ റൂമിലെത്തി. അടുത്ത ദിവസത്തെ കാഴ്ച്ചകൾ മനക്കോട്ടകെട്ടി ഞങ്ങൾ നിദ്രയിലേയ്ക്ക് പതിയെ വഴുതി.
പിങ്ക് പൂങ്കാവനം
പറഞ്ഞ സമയത്ത് സുസ്മേരവദനനായി നാഗുറാം എത്തി. കൊടിയക്കരൈയിൽ നിറയെ ഉപ്പുപാടങ്ങളുണ്ട്. അതിനപ്പുറം ലഗൂണാണ്. അവിടെയാണ് രാജഹംസങ്ങൾ കൂട്ടമായി സമ്മേളിക്കുക. നാഗുറാമിന്റെ വാക്കുകളെ സാധൂകരിച്ചുകൊണ്ട് രാജഹംസങ്ങൾ എത്തിച്ചേർന്നു. വെള്ളയുടേയും പിങ്കിന്റെയും വർണ്ണശോഭയിൽ അവ വിരാജിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. നാഗുറാമിന്റെ നിർദ്ദേശപ്രകാരം ഒരു ചെടിയുടെ മറവിൽനിന്ന് പരമാവധി ചിത്രങ്ങളെടുക്കുവാൻ ശ്രമിച്ചു. ഞങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടാവണം ബാലേ നൃത്തമാടുന്നതുപോലെ അവ ചിറകുകൾ വിരിച്ച് തലകൾ മുൻപോട്ട് നീട്ടി, ഒരു റൺവേ ഓട്ടം പോലെ ജലോപരിതലത്തിലൂടെ സൂര്യകിരണങ്ങളേറ്റ ജലകണികകളെ ചിന്നിതെറിപ്പിച്ചുകൊണ്ട് ആകാശത്തേക്ക് ഉയർന്ന് പറന്നകന്നു. പിങ്ക് വർണ്ണ തേജസ്സിൽ തിളങ്ങി വിളങ്ങിയ ടുലിപ്സ് പൂങ്കാവനം ഒരു ഞൊടിയിടയിൽ അപ്രത്യക്ഷമായതു പോലെ.
“പടം നല്ലാ കെടച്ചിറക്കാ സാർ?”
രാജഹംസങ്ങളുടെ ആകാശക്കാഴ്ച കണ്ടുനിന്ന എന്നോട് മുറുക്കി ചുവപ്പിച്ച പല്ലുകൾ കാട്ടി നാഗുറാം ചുറുചുറുക്കോടെ ചോദിച്ചു.“നല്ലാ വന്തിറക്ക് നാഗുറാം”. ചെറു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
നിറഞ്ഞ മനസ്സോടെ ഞങ്ങൾ തിരികെ ലോഡ്ജിനടുത്തുള്ള ഹോട്ടലിലെത്തി. പ്രഭാതഭക്ഷണമായി ഇഡ്ഡലിയും സാമ്പാറും തേങ്ങാചമ്മന്തിയും ഒരു കപ്പ് കാപ്പിയും കുടിച്ചു. കലശലായ തലവേദനയുണ്ടായിരുന്നതിനാൽ സാങ്ചുറിയിലേക്ക് വൈകിട്ട് പോകാമെന്ന് കരുതി. അതുവരെ വിശ്രമിക്കാമെന്ന് തീരുമാനിച്ച് റൂമിലേക്കു മടങ്ങി.
കയ്യേറ്റക്കാരായ ഫെറൽ പോണി
വൈകുന്നേരത്തെ സഫാരിയ്ക്ക് നാഗുറാം 3.15 ലോടെ ലോഡ്ജിൽ വന്നു. തലേനാൾ പോലെ ടിക്കറ്റെടുത്ത് ഞങ്ങൾ സഫാരി ആരംഭിച്ചു. ഈ പ്രാവിശ്യം കൃഷ്ണമൃഗങ്ങളെക്കൂടാതെ ധാരാളം കുതിരകളെ കാണുവാൻ ഇടയായി. ഫെറൽ പോണി (Feral Pony) എന്നാണിവയുടെ പേര്. ഒരു നൂറ്റാണ്ട് മുൻപ് വേദാരണ്യം–കൊടിയക്കരൈ റൂട്ടിൽ ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന കുതിരകളായിരുന്നു ഇവയുടെ പൂർവ്വികർ. റോഡും വാഹനങ്ങളും സാധാരണമായപ്പോൾ കുതിരകൾ അപ്രസക്തമായി. അതോടെ നാട്ടുകാർ അവയെ ഉപേക്ഷിക്കുകയാണുണ്ടായത്. തലമുറകൾ കഴിഞ്ഞപ്പോൾ കാട്ടുകുതിരകളെപ്പോലെ ആയതിനാൽ, ഫെറൽ പോണി എന്നാണ് ഇവ അറിയപ്പെടുന്നത്. കാലിമേറിലെ ആവാസവ്യവസ്ഥയ്ക്ക് ഈ കുതിരകൾ ഭീഷണിയാണെന്ന് നാഗുറാം പറഞ്ഞു. സീമൈകറുവേലം എന്ന അധിനിവേശ സ്പീഷീസിൽപ്പെട്ട ചെടികളുടെ വിത്ത് ചാണകത്തിലൂടെ സാങ്ചുറിയാകമാനം പടർത്തിയത് പോണികളാണ്. കുതിരകൾക്ക് കുടിവെള്ളം വലിയ അളവിൽ ആവശ്യമായതിനാൽ കൃഷ്ണമൃഗത്തിനും മറ്റു മൃഗങ്ങൾക്കുമുള്ള ജലം ഇവ കവർന്നെടുക്കുന്നുവെന്ന പ്രശ്നവുമുണ്ട്.
കൃഷ്ണമൃഗങ്ങളെയും കാട്ടുപന്നികളേയും പക്ഷികളേയും ആവോളം ആസ്വദിച്ച് ഞങ്ങളുടെ സഫാരി സായന്തനത്തിലേയ്ക്ക് കടന്നു. കുറുനരി(Jackal) ആണ് ഇവിടുത്തെ ഏക ഇരപിടിയൻ. ഇരുട്ടുമ്പോഴാണ് അവ ഇറങ്ങുക. ഭാഗ്യമുണ്ടെങ്കിൽ അവയെ കാണാമെന്ന് നാഗുറാം പറഞ്ഞു. നാഗുറാമിന് പരിചിതമായ പുൽമേടിമനു സമീപം വണ്ടി നിർത്തി. സമീപത്തെ കുറ്റിച്ചെടികളുടെ മറവിൽ ഞങ്ങൾ നിലയുറപ്പിച്ചു. കുറുനരിയുടെ വരവിനായി അക്ഷമരായി ഞങ്ങൾ കാത്തിരുന്നു. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. കുറുനരി ദർശനം നല്കിയില്ല. കൂടുതൽ ഇരുട്ടുന്നതിനു മുൻപ് ഞങ്ങൾ കാടിറങ്ങി.
കൊടിയക്കരൈയിലെ സൂര്യോദയം
നാഗുറാമിനെ ഡ്രോപ്പ് ചെയ്ത് അത്താഴവും വാങ്ങി ഞങ്ങൾ തിരികെ റൂമിലെത്തി. പിന്നിട്ട രണ്ട് ദിവസത്തെ യാത്രാനുഭവങ്ങൾ പങ്കുവെച്ച് ഞങ്ങൾ ഉറക്കത്തിലേയ്ക്കാണ്ടു.
ഫോണിലെ അലാറം മുഴങ്ങുന്ന ശബ്ദം കേട്ടാണ് പിറ്റേന്ന് ഉണർന്നത്. കൊടിയക്കരൈയിലെ കടലോര പ്രദേശത്ത് ഇതുവരെ പോകുവാൻ സാധിച്ചില്ല. അവസാന ദിവസത്തെ സൂര്യോദയം അവിടെ കാണാമെന്ന് വിചാരിച്ചു. ലോഡ്ജിൽ നിന്നും ഒരു കിലോമീറ്റർ മാത്രമേ ബീച്ചിലേയ്ക്കുള്ളുവെങ്കിലും കാറിൽ പോകാമെന്ന് തീരുമാനിച്ചു. നേരം പരപരാ വെളുത്തുവരുന്നതേയുള്ളു. ഞങ്ങൾ മിനിറ്റുകൾക്കുള്ളിൽ ബീച്ചിലെത്തി. മുക്കുവക്കുടിലുകളും നങ്കൂരമിട്ട ബോട്ടുകളുമുണ്ടായിരുന്നുവെങ്കിലും ആളനക്കമുണ്ടായിരുന്നില്ല. സീസണുകളിൽ മാത്രമാണ് ഇവിടെ മത്സ്യബന്ധനം നടക്കുന്നതത്രേ. കടലിൽ നിന്നുമുദിച്ചുയർന്ന സൂര്യശോഭയെ ക്യാമറയിൽ പകർത്തി കടലോരത്ത് അല്പസമയം ചെലവഴിച്ചശേഷം ഞങ്ങൾ തിരിച്ചെത്തി.
8 മണിക്കു ശേഷം ലോഡ്ജിൽ നിന്നും ചെക്ക്ഔട്ട് ചെയ്തിറങ്ങുമ്പോൾ നാഗുറാം വെളിയിലുണ്ടായിരുന്നു. ഫോറസ്‌റ്റ് ഓഫീസിൽ വെച്ച് ഒരു നിമിത്തം പോലെ ഈ മനുഷ്യനെ കണ്ടുമുട്ടിയത് എത്ര സഹായകമായി എന്ന് ഒരു നിമിഷം ഞാൻ ഓർത്തു. പോയിന്റ് കാലിമേറിലെ അവിസ്മരണീയമായ കാഴ്ച്ചകൾ സമ്മാനിച്ച സാങ്ചുറിയുടെ പ്രിയ കാവലാളിന് യാത്രാമൊഴി ചൊല്ലി ഞങ്ങൾ കൊടിയക്കരൈയോട് വിട പറഞ്ഞു.
Point Calimere Wldlife Sanctuary, Kodiakarai
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ കൊടിയക്കരൈയിൽ 1967ൽ രൂപീകരിച്ച വനസംരക്ഷണമേഖലയാണ് പോയിന്റ് കാലിമേർ. പക്ഷികളേയും മൃഗങ്ങളേയും ഒരുപോലെ കാണാൻ സാധിക്കുന്ന ഇവിടെ പക്ഷിനിരീക്ഷണത്തിന് പറ്റിയ സീസൺ ഒക്ടോബർ–ജനുവരി വരെയാണ്. മൃഗങ്ങളെ കാണാൻ അനുയോജ്യമായ സമയം മാർച്ച് – ഓഗസ്റ്റ്. സന്ദർശകർക്ക് 20 രൂപ നിരക്കിലും വണ്ടിയ്ക്ക് 50 രൂപ നിരക്കിലുമാണ് ടിക്കറ്റ് ചാർജ്. ഇവിടെ നമ്മുടെ സ്വന്തം വാഹനത്തിൽ സഫാരിയ്ക്ക് പോകാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല. പോയിന്റ് കാലിമേറിലെ താമസ സൗകര്യത്തിന് ബന്ധപ്പെടുക: വിഎംറ്റി ഗസ്‌റ്റ് ഹൗസ്, കൊടിയക്കരൈ ഫോൺ:04369 272 211, ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് പൂനാരൈ ഇല്ലം, 04369272424
വേളാങ്കണ്ണി, നാഗൂർ, കാരയ്ക്കൽ, തരംഗമ്പാടി തുടങ്ങിയ സ്ഥലങ്ങൾക്കൊപ്പം സന്ദർശിക്കാവുന്നതാണ് പോയിന്റ് കാലിമേർ സാങ്ചുറിയും.