അന്തിക്കാട്ടെ നാട്ടുവഴികളിലൂടെ സത്യന്റെ കൂടെ കാറിൽപ്പോകുമ്പോൾ ഒരു മോഹം, സൈക്കിളായിരുന്നു നല്ലത് ! അത്ര ലളിതമായാണ് സത്യൻ കാറോടിച്ചത്. തിരക്കഥയെഴുതുന്ന ഒറ്റവരി ബുക്കിൽ നീലമഷിപ്പേന മെല്ലെയൊഴുകുന്ന പോലെ !
വളവുകളിൽപ്പോലും ഹോണടിക്കുന്നില്ല. എതിരെ നടന്നു വരുന്നവർക്കു കടന്നു പോകാനായി കാർ നിർത്തിക്കൊടുക്കുന്നതേയുള്ളൂ.
സത്യാ.. എവിടെപ്പോയി?
തൃശൂരു വരെ ശ്രീധരേട്ടാ.
കാറിലാരാ? ശ്രീനിവാസനാണോ?
ശ്രീനിവാസനോ മോഹൻലാലോ ലോഹിതദാസോ അതോ ഇന്നസെന്റോ എന്നറിയാനാണ് നാട്ടുകാർക്കു കൗതുകം ! സെൽഫി വരുന്നതിനും മുമ്പാണ്. അക്കാലം ആളുകൾ റീൽസെടുത്തിരുന്നത് കണ്ണുകൾ കൊണ്ടാണ്.
നാട്ടുവഴി. റോഡിന് സമാന്തരമായി നീർച്ചാലുകൾ ! പാവാട തെല്ലുയർത്തി കാൽ നനയ്ക്കാനിറങ്ങിയ പെൺകുട്ടിയുടെ ഇടംകാലിലെ കൊലുസിൽ നിന്ന് നാലോ അഞ്ചോ മണികൾ കവർന്നെടുത്ത് വെള്ളിക്കുമിളകൾ പണിത് കാലിലിട്ട് അരുവി ചിരിച്ചു കൊണ്ട് വയലിലേക്ക് ഓടിപ്പോയി !
രണ്ട് പതിറ്റാണ്ടുകൾ മുമ്പുള്ള കഥയാണ്. അന്തിക്കാട്ടേക്കുള്ള എന്റെ ആദ്യ യാത്രയായിരുന്നു. കല്യാണത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നതിനാൽ എനിക്കും രേഖയ്ക്കും രണ്ടു തരം പെർഫ്യൂമുകളുടെ മണമായിരുന്നു. ട്രെയിനിൽ കയറിയതോടെ അത് അധികം വെന്ത പാൽക്കാപ്പിയുടെ ഒരേ മണമായി മാറി.
പൂരത്തിന്റെ നാട്ടിൽ ചെന്നിറങ്ങുമ്പോൾ റയിൽവേ സ്റ്റേഷനിൽ ഒരു പൂമരം കാത്തിരിക്കുന്നുണ്ടായിരുന്നു; – സത്യൻ അന്തിക്കാട്
തൃശൂർ റയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ളാറ്റ്ഫോമിലെ ബുക്ക്സ്റ്റാളിൽ നിന്ന് ഏതോ മാസികയെടുത്ത് വായിച്ചു കൊണ്ടു നിൽക്കുകയാണ്. മാസിക തിരിച്ചു വച്ചിട്ട് സത്യൻ പറഞ്ഞു; ഓണപ്പതിപ്പിലേത് നല്ല കഥയാണ്, എന്തു നല്ല ഭാഷയാണ് പുനത്തിലിന്റേത് !
അന്ന് മാരുതി 800 ആണ് സത്യന്റെ വണ്ടി. ശ്രീനിവാസനും അതേ വണ്ടി വാങ്ങിയിട്ടുണ്ട്. രണ്ടാളുടെയും ആദ്യ കാർ. രണ്ടുപേരും ഡ്രൈവിങ് പഠിച്ചതും ഒരുമിച്ചു തന്നെ.
സത്യൻ ചിരിക്കുമ്പോൾ പല്ലുകളെക്കാൾ തെളിയുന്നത് ചുണ്ടാണ്. കള്ളുകുടിക്കുന്നവരുടെ കൺതടങ്ങൾ തടിക്കുമെന്ന് കേട്ടിട്ടുണ്ട്. അന്തിക്കള്ളിന്റെ നാടാണ് അന്തിക്കാട്. നല്ല സ്വയമ്പൻ കള്ളിൽ ഉറുമ്പുകൾ ലഹരിപിടിച്ച് നീന്തി നടക്കുന്നതുകണ്ടിട്ടുണ്ട്. അവ കടിക്കും, ചുണ്ടു തടിക്കും. തടിക്കുന്ന ചുണ്ടുകളിൽ നിന്നു കടിക്കുന്നവരെ തുടച്ചു കളഞ്ഞിട്ട് കുടിക്കുന്നവർ വീണ്ടും കുടിക്കും. കള്ളു കുടിക്കാതെയും ചുണ്ടു തടിക്കുമോ?!
സന്ധ്യയായാൽ തെങ്ങിൻ മുകളിലും വിളക്കുകൊളുത്തുന്നവരുടെ നാടാണ് അന്തിക്കാട്. ഉമ്മറത്തെ വിളക്ക് അമ്മ, ആകാശത്ത് അമ്പിളി, തെങ്ങിനു മുകളിൽ ചെത്തുതൊഴിലാളി ! ചെത്തിവച്ച കുലയിൽ നിന്ന് കള്ള് ഊറി വരുന്നതും കാത്ത് ഇരുളിൽ മരത്തിനു മുകളിൽ ഇരിക്കുമ്പോൾ മടുപ്പുമാറ്റാൻ ആഞ്ഞു വലിക്കുന്ന തെറുപ്പു ബീഡിയുടെ അറ്റത്തെ ചെന്തീയാണ് തെങ്ങിൻമുകളിലെ വിളക്ക്. ആ തീത്തിളക്കം കണ്ട് ആവേശം കയറിയ മിന്നാമിന്നിക്കൂട്ടം അടുത്ത മാവിന്റെ മുകളിലും തെളിക്കും ഒരു കുല നിറയെ വെള്ളിവെളിച്ചം ! ആ വെളിച്ചത്തിനും നിലാവിനും അമ്മയുടെ മുണ്ടിനും കള്ളിനും ഒരേ നിറം – വെൺമ !
കുല മുറിച്ച് രക്തസാക്ഷികൾ
തൃശൂരു നിന്ന് 18 കിലോമീറ്റർ മാറിയാണ് അന്തിക്കാട് ഗ്രാമം. നെൽവയലുകളും തെങ്ങിൻതോപ്പും അരുവികളും ഇടവഴികളുമുള്ള നാട്.
അന്തിയുടെ ചോപ്പുനിറമാണ് അന്തിക്കാടിന്റെ സിരകളിൽ ! കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പണ്ടേ വേരുള്ള ഗ്രാമം. അന്തിക്കാട്, മണലൂർ, ആലപ്പാട്, കിഴുപ്പിള്ളിക്കര തുടങ്ങി 12 വില്ലേജുകൾ അടങ്ങിയ അന്തിക്കാട് ഫർക്കയിലായിരുന്നു പ്രശസ്തമായ ചെത്തുതൊഴിലാളി സമരം.
1942ൽ സഖാവ് പി.കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം ജോർജ് ചടയംമുറി എന്ന കമ്യൂണിസ്റ്റ് നേതാവാണ് അന്തിക്കാട്ടെത്തി ചെത്തുതൊഴിലാളികളുടെ യൂണിയൻ രൂപീകരിച്ചത്. യൂണിയന്റെ തുടക്കം തൊഴിലാളികളുടെ പ്രകടനത്തിലൂടെ വേണമെന്നായിരുന്നു തീരുമാനം. പ്രകടിപ്പിച്ചാൽ വെടി വയ്ക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. എങ്കിൽ എല്ലാ തൊഴിലാളികളും ഇറങ്ങുമെന്ന് യൂണിയന്റെ മറുപടി.
സമരത്തിന്റെ അന്ന് ഉച്ചയ്ക്ക് എല്ലാ വീട്ടിലും ഓണസദ്യയായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് ഊണു കഴിച്ചു. സമരത്തിനു പോയാൽ ജീവനോടെ തിരിച്ചു വരുമെന്ന് ഉറപ്പില്ല. കണ്ണീരുപ്പിട്ട് സദ്യ വിളമ്പിയാണ് അമ്മമാരും ഭാര്യമാരും വീട്ടിലുള്ള ആണുങ്ങളെ പ്രകടനത്തിന് അയച്ചത്. ആദ്യ സമരം പരാജയപ്പെട്ടതോടെ പുതിയ തന്ത്രം പരീക്ഷിച്ചു. കള്ളു ചെത്തും, പക്ഷേ തുള്ളി തരില്ല !
ചെത്തിയില്ലെങ്കിൽ തെങ്ങിന്റെ കുലകളുടെ കൂമ്പടയുമെന്നതിനാൽ തൊഴിലാളികൾ എല്ലാ തെങ്ങും ചെത്തി. ചെത്തിയ കള്ളെല്ലാം തോട്ടിലും പറമ്പിലുമൊഴുക്കിയായിരുന്നു സമരം.
സമരം പൊളിക്കാൻ സ്ഥലമുടമകൾ തമിഴ്നാട്ടിൽ നിന്ന് തൊഴിലാളികളെയിറക്കിയപ്പോൾ തൊഴിലാളികൾ ‘കുലമുറി’ സമരം തുടങ്ങി. 1947 മേയ് 25ന് ഒരു രാത്രി കൊണ്ട് 44 ഗ്രാമങ്ങളിലെ മുഴുവൻ തെങ്ങുകളുടെയും കുല തൊഴിലാളികൾ മുറിച്ചു കളഞ്ഞു. ഏഴായിരം തെങ്ങിൻകുലകളാണു ഒറ്റ രാത്രി കൊണ്ടു മുറിച്ചിട്ടത്!
ഇതിനെ തുടർന്നു തൊഴിലാളികളുടെ വീടുകളിൽ പൊലീസും പട്ടാളവും കയറി. 11 പേർ അന്തിക്കാട്ടെ സമരത്തിൽ രക്തസാക്ഷികളായി.
‘‘നിരന്ന തെങ്ങുകൾ നീർത്തിയ
നീലക്കുടകൾക്കെല്ലാം മേലേ
ഇരുട്ടിലേറിച്ചെങ്കൊടി നാട്ടി
ചടയന്മാർ ചിലർ പണ്ടേ
നിറഞ്ഞ മാട്ടം പകർന്നുനൽകിയ
മദിരാലഹരിയെ മാറ്റി
നിറച്ചുവച്ചൂ കുടിലുകൾ തോറും
നവമൊരു ജീവിതബോധം.
അന്തിക്കാട്ടെ സമരത്തെപ്പറ്റി കവി പി.ഭാസ്‌കരൻ എഴുതിയ കവിതയാണിത്.
അന്ന് ഒരു പറ കള്ളിന് 7.5 അണ. ഒരു പറയെന്നാൽ 13.5 ലീറ്റർ.
ഇന്ന് ഒരു കുപ്പി കള്ളിന് .... രൂപ. ഒരു കുപ്പിയെന്നാൽ മുക്കാൽ ലീറ്റർ.
കിട്ടിയാൽ കോള്, അല്ലേലും കോൾ
സിനിമ പഠിക്കാൻ മദ്രാസിലെത്തിയ സത്യനോട് ശങ്കരാടിക്ക് വാൽസല്യം വരാൻ ആദ്യ കാരണം പേരിലെ അന്തിക്കാടായിരുന്നു. കള്ളും കമ്യൂണിസവും കഴിഞ്ഞിട്ടേ അന്തിക്കാടിന്റെ പട്ടികയിൽ സിനിമ വരൂ എന്നു ശങ്കരാടി പറഞ്ഞപ്പോൾ സത്യൻ പറഞ്ഞു; അവസാനത്തെ രണ്ടെണ്ണത്തോടാണ് എനിക്കിഷ്ടം.
സത്യന്റെ അച്ഛൻ കൃഷ്ണൻ ബസ് കണ്ടക്ടറായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് സന്ധ്യയ്ക്ക് വീട്ടിൽ വന്ന് കിണറ്റുകരയില കോരിക്കുളി കഴിഞ്ഞ് വേഷം മാറ്റി വന്നാൽ അമ്മ നീട്ടുന്നത് ഒരു ഗ്ളാസ് അന്തിക്കള്ള്.
അന്തിക്കാടുവിട്ട് മദ്രാസ് നഗരത്തിലേക്ക് സിനിമാ സംവിധായകനാകാൻ പുറപ്പെടും മുമ്പ് അതേ അമ്മ ഒരു കാര്യമേ സത്യനോട് ആവശ്യപ്പെട്ടുള്ളൂ; ചീത്ത ശീലങ്ങളൊന്നും പാടില്ല.
തൃശൂർ ടൗണിലാണ് സത്യന്റെ അമ്മ ജനിച്ചത്. അമ്മയുടെ വീട്ടുപേരും അന്തിക്കാട് എന്നായിരുന്നു ! അന്തിക്കാട് വീട്ടിൽ ജനിച്ച കല്യാണിയെ അന്തിക്കാട്ടേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നു എന്നു പറയാം. ഒരു പഴയ കഥയാണ്. അന്തിക്കാട്ടെ ഒരു ചെറിയ ഓലപ്പുരയിലാണ് സത്യന്റെ അമ്മയും അച്ഛനും അന്ന് താമസം. ചേട്ടനും ചേച്ചിമാരുമൊക്കെ കൊച്ചുകുട്ടികൾ. കർക്കടകത്തിലെ രാത്രി. കോരിച്ചൊരിയുന്ന മഴ. അടുക്കള വാതിലിൽ ആരോ തട്ടുന്ന ശബ്ദം. അച്ഛൻ വന്നിട്ടില്ല. വീട്ടിൽ അമ്മയും മക്കളും മാത്രം. വാതിലിൽ ആരോ ശക്തിയായി മുട്ടുകയാണ്.
അന്നത്തെ അന്തിക്കാട് ഇന്നത്തെക്കാൾ വിശാലമാണ്. അടുത്തൊന്നും വീടുകളില്ല. കറന്റും ഫോണും വന്നിട്ടില്ല. ഒരു സാധാരണ സ്ത്രീ വല്ലാതെ പേടിക്കുന്ന അവസരമാണത്.
അടുക്കളയുടെ വാതിലിന് അടച്ചുറപ്പില്ല. നല്ലവണ്ണം തള്ളിയാൽ തുറന്നുപോകും. അതും അമ്മയ്ക്കറിയാം.
പേടിച്ചിരുന്നിട്ടു കാര്യമില്ല. അമ്മ ഒരു വെട്ടുകത്തിയുമായി മുൻവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി. മഴയത്ത് വാഴകളുടെ മറവു പറ്റി പതുങ്ങിച്ചെന്ന് നോക്കി. നനഞ്ഞൊലിച്ച ഒരു നായ വന്ന് അടുക്കളയുടെ വാതിലിൽ ഇടിക്കുകയാണ്.
അമ്മ പിന്നീട് പലതവണയും പറയുമായിരുന്നു: അന്ന് പേടിച്ച് മുറിക്കുള്ളിൽ ഇരുന്നെങ്കിൽ ആരോ വന്ന് വാതിലിൽ തട്ടിയതാണെന്ന് ജീവിതകാലം മുഴുവൻ ഞാൻ തെറ്റിദ്ധരിച്ചേനെ. പേടിയൊക്കെ ഒരു പരിധി വരെയേ ആകാവൂ.
സത്യന്റെ കുടുംബത്തിന് കോൾപ്പാടങ്ങളിൽ നെൽകൃഷിയുണ്ട്. നെല്ല് കതിരിട്ടു നിൽക്കുന്ന സമയത്ത് രാത്രിയിൽ പെട്ടെന്ന് പെരുമഴ പെയ്യും. അതോടെ വീട്ടിലെല്ലാവരും ബേജാറായി തിണ്ണയിൽ വന്നു നിൽക്കും. രാത്രിയിൽത്തന്നെ പാടത്തു പോകണം. മടകെട്ടണം എന്നൊക്കെ പറയും.
അമ്മ കൂളാണ്. മഴ പെയ്യട്ടെ, നാളെ രാവിലെ സൂര്യനുദിക്കുമ്പോൾ പോയി നോക്കാം. വല്ലതും ബാക്കിയുണ്ടെങ്കിൽ നമ്മൾക്ക് കൊയ്തെടുക്കാം. പ്രകൃതിയെ പിടിച്ചു നിർത്താൻ പറ്റില്ലല്ലോ !
അതായിരുന്നു അമ്മയുടെ ധൈര്യം.
ആലപ്പുഴയിലെ നെൽപ്പാടങ്ങൾക്കു പേര് കരിയെന്നാണെങ്കിൽ അന്തിക്കാട്ടത് കോളാണ് ! കിട്ടിയാലും പോയാലും കോളെന്ന് കർഷകർ പറയും. നന്നായി വിളവു കിട്ടിയാൽ നല്ല കോളായി എന്നർഥം. അല്ലെങ്കിൽ വെറും കോൾ മാത്രം !
4500 ഏക്കറിലാണ് അന്തിക്കാട്ടെ കൃഷി. ഒറ്റയ്ക്കല്ല, കൂട്ടായാണ് കൃഷി. ഒരു ഏക്കറിന് 28 ക്വിന്റലാണു മേനി.