കേരളത്തിലെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളും ഷിജിന കണ്ടിട്ടില്ല. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും കയറിയിട്ടുമില്ല. എന്നാൽ ഈ സ്‌റ്റേഷനുകളിൽ ട്രെയിൻ എത്തുന്നതിനു മുൻപേ ഷിജിനയുടെ ശബ്ദം ഓടിയെത്താറുണ്ട്. ‘ഞാൻ പറഞ്ഞാൽ ട്രെയിൻ വരും, എന്റെ ശബ്ദമുയർന്നാൽ ട്രെയിൻ പുറപ്പെടും’ ഇങ്ങനെ പറയാൻ കെൽപുള്ളയാളാണു ഷിജിന. സ്വദേശം വടകര, കുടുംബസമേതം താമസം പാലക്കാട്.
ഒരിക്കലെങ്കിലും ട്രെയിനിൽ കയറിയിട്ടുള്ളവർ ഷിജിന പറയുന്നതു കേൾക്കാൻ കാതോർത്തിരുന്നിട്ടുണ്ടാകും. ട്രെയിൻ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം, വൈകിയോടുന്നതിൽ ഖേദ പ്രകടനം എന്നുവേണ്ടാ അപരിചിതരിൽ നിന്നു ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്നു വരെയുള്ള അനൗൺസ്മെന്റ് ശബ്ദത്തിനുടമയാണു ഷിജിന.
കുട്ടികളെ പാട്ടുപഠിപ്പിക്കുന്നതിടെ അറിയാതെയൊന്നു തുമ്മാൻ ഇടയായാൽ ഷിജിന വിചാരിക്കും ‘ഏതോ ഒരു ട്രെയിൻ വൈകിയോടിക്കൊണ്ടിരിക്കുന്നു’. കാത്തിരുന്നു മടുക്കുന്ന യാത്രക്കാരുടെ പ്‌രാക്ക് അനൗൺസർക്കാണല്ലോ. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രണ്ടു മണിക്കൂറൊക്കെ കാത്തിരിക്കേണ്ടി വന്നാൽ മെഡിറ്റേഷൻ ശീലിച്ചവർക്കു പോലും ക്ഷമ നശിക്കും – യാത്രക്കാരുടെ ശ്രദ്ധയിലേക്ക് എത്തിച്ചേർന്നതിന്റെ നാൾവഴികൾ ഷിജിന പറഞ്ഞു തുടങ്ങി.
വടകര വില്യാപ്പള്ളി മയ്യന്നൂരിലെ ചന്ദ്രന്റെയും നാരായണിയുടേയും ഇളയ മകളാണു ഷിജിന. മൂത്ത മക്കൾ നിഷയും ഷൈനിയും അഭിഭാഷകയും സർക്കാർ ജോലിക്കാരിയുമായപ്പോൾ ഷിജിന തിരഞ്ഞെടുത്ത പ്രഫഷൻ സംഗീതമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിൽ മ്യൂസിക് ബിരുദത്തിന് അഡ്മിഷൻ കിട്ടിയത് പാലക്കാട് ജില്ലയിലെ ചിറ്റൂർ സംഗീത കോളേജിൽ. 1998ലാണ് അച്ഛനോടൊപ്പം വടകര റെയിൽവേ സ്‌റ്റേഷനിൽ നിന്നു പാലക്കാട്ടേക്കു ട്രെയിൻ കയറിയത്. സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഗായത്രിപ്പുഴയുടെ തീരത്തെ ക്യാംപസിൽ കാത്തിരിക്കുന്നതെന്ന് അധികം വൈകാതെ ഈ പാട്ടുകാരി തിരിച്ചറിഞ്ഞു.
ഒറ്റപ്പാലത്തെ സംഗീക അധ്യാപിക
സംഗീതവും സംഘടനാ പ്രവർത്തനവുമായി മുന്നോട്ടു പോകുമ്പോഴാണ് സോഷ്യൽ സയസൻസ് വിദ്യാർഥിയായ അരുണിനെ പരിചയപ്പെട്ടത്. ഞങ്ങളുടെ വർത്തമാനത്തിന്റെ ഈണം അനുരാഗമായി. വടകരയിൽ ജനിച്ച ഞാൻ അധികം വൈകാതെ പാലക്കാടിന്റെ മരുമകളായി. പാലക്കാട് – ചിറ്റൂർ റൂട്ടിൽ പൊൽപ്പുള്ളി എത്തുന്നതിനു മുൻപുള്ള കൂളിമുട്ടത്തിനടത്തു വീടുവച്ചു. ഞങ്ങൾക്ക് രണ്ടു മക്കൾ – മാളവിക, ഇന്ദ്രജിത്ത്.
സംഗീതാധ്യാപികയായി ആലത്തൂർ ബിഎസ്എസ് സ്കൂളിലാണ് ജോലി ആരംഭിച്ചത്. രാഗങ്ങൾ ഇഴകീറി പരിശീലിക്കാൻ കിട്ടിയ പത്തു വർഷങ്ങളായിരുന്നു അത്. പിന്നീട് ഷൊർണൂർ സെന്റ് തെരേസാസ് സ്കൂളിലും 2021ൽ ഒറ്റപ്പാലം എൽഎസ്എൻ ഹയർ സെക്കൻഡറി സ്കൂളിലും എത്തി. കുടുംബ കാര്യങ്ങളും ജോലിയുമായി മുന്നോട്ടു പോകുന്നതിനിടെ ഒന്നുരണ്ടു പാട്ടുകൾ ചിട്ടപ്പെടുത്തി. ദേശഭക്തിഗാനം, സംസ്കൃതം, ഉർദു സംഘഗാനങ്ങൾ എന്നിവ സംസ്ഥാന തലത്തിൽ സമ്മാനം നേടി. വീണ പരിശീലിച്ചതിനാലാണ് പാട്ടുകൾ ചിട്ടപ്പെടുത്താനുള്ള ധൈര്യമുണ്ടായത്.
അങ്ങനെയിരിക്കെയാണ് ഒരു മ്യൂസിക് ആൽബത്തിന്റെ ഇൻട്രൊഡക്‌ഷൻ പറയാൻ ക്ഷണം വന്നത്. കലോൽസവങ്ങൾക്കു വേണ്ടി മൈക്കിനു മുന്നിൽ പാടിയിട്ടുണ്ടെങ്കിലും സ്റ്റുഡിയോ റെക്കോഡിങ് ആദ്യമായിരുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ റെക്കോഡിങ് പൂർത്തിയാക്കി. അതിനെ തുടർന്ന് പത്തിലേറെ ഷോർട് ഫിലിമുകളിലെ കഥാപാത്രങ്ങൾക്കു വേണ്ടി ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചു. ഇതിനിടെ ഒരു ഹ്രസ്വചിത്രത്തിൽ നായികയായി അഭിനയിക്കുകയും ചെയ്തു.
ഡബ്ബിങ് ആർട്ടിസ്റ്റ്, അനൗൺസർ
ഈ സമയത്താണ് പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് അനൗൺസ്മെന്റ് ചെയ്യാൻ സ്ത്രീശബ്ദം ആവശ്യപ്പെട്ടുകൊണ്ട് പ്രസ്റ്റീജ് സ്റ്റുഡിയോയിൽ അന്വേഷണമെത്തിയത്. അവിടുത്തെ സൗണ്ട് എൻജിനിയർ രതീഷ് എന്റെ സൗണ്ട് ട്രാക്കുകൾ പറ്റുമോയെന്നു നോക്കാൻ അവർക്കു നൽകി. അനൗൺസ് ചെയ്യാനുള്ള മാറ്ററിന്റെ സാംപിളുകൾ റെക്കോഡ് ചെയ്ത് അയയ്ക്കാനാണ് അവർ നിർദേശിച്ചത്. ടെക്സ്റ്റ് അയച്ചു തന്നുവെങ്കിലും എങ്ങനെ പറയണമെന്നോ ഏതു ടോണിലാണു വേണ്ടതെന്നോ പറഞ്ഞിരുന്നില്ല. റെയിൽവേ സ്‌റ്റേഷനിലെ അനൗൺസ്മെന്റ് മാത്രമാണ് മുന്നിലുണ്ടായിരുന്ന മോഡൽ. അതു മനസ്സിലോർത്ത് മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷയിലുള്ള അറിയിപ്പുകൾ റെക്കോഡ് ചെയ്ത് അയച്ചു കൊടുത്തു.
അക്കാലത്ത് ദക്ഷിണ റെയിൽവേയുടെ വോയിസ് റെക്കോഡിങ് സിലക്‌ഷൻ നടക്കുന്നതു ഹൈദരാബാദിലാണ്. എന്റെ ശബ്ദം അവർക്കു ബോധിച്ചു. പിറ്റേന്നു തന്നെ ഫൈനൽ റെക്കോഡിങ്ങിനുള്ള കണ്ടന്റ് വന്നു. അതു കണ്ട് എനിക്കു തലചുറ്റുന്ന പോലെ തോന്നി. തെക്കേ ഇന്ത്യയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളുടേയും ട്രെയിനുകളുടേയും പേരുകൾ, അത്രയും ട്രെയിനുകളുടെ നമ്പർ, അവ ഓരോന്നിന്റേയും കോച്ച് പൊസിഷൻ, ട്രെയിൻ വരുന്ന സമയം, പുറപ്പെടുന്ന സമയം, പ്ലാറ്റ് ഫോം നമ്പറുകൾ, വൈകി ഓടിക്കൊണ്ടിരിക്കുന്നതിൽ ഖേദ പ്രകടനം എന്നിങ്ങനെ വലിയൊരു പട്ടിക. ഇതെല്ലാം മലയാളം, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വെവ്വേറെ റെക്കോഡ് ചെയ്യാൻ ഒരാഴ്ച വേണ്ടി വന്നു. തെക്കേ ഇന്ത്യയിലെ എല്ലാ റെയിൽവേ സ്‌റ്റേഷനുകളിലും അതാണ് ഇപ്പോൾ പ്ലേ ചെയ്യുന്നത്.
ഒരു ടിവി ചാനലിൽ അഭിമുഖം വന്നതിനു ശേഷമാണ് ആളുകൾ ആ ശബ്ദത്തിന്റെ ഉടമ ഞാനാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് ചില ഓൺലൈൻ ചാനലുകളിലും എന്റെ ഇന്റർവ്യൂ വന്നു. ഇപ്പോൾ എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട് – സന്തോഷമുള്ള കാര്യം തന്നെ. അതിനൊപ്പം, ട്രെയിൻ കാത്തിരുന്നു മടുത്ത് ചീത്ത വിളിക്കുന്നവരേയും കണ്ടിട്ടുണ്ട്. അത് എന്റെ ശബ്ദമാണെന്ന് പറഞ്ഞതോടെ അവരുടെ കാത്തിരിപ്പിന്റെ ബോറടി മാറി കൂട്ടച്ചിരിയായി.
ഇപ്പോഴും റെയിൽവേ പ്ലാറ്റ്ഫോമിൽ കാത്തിരുന്നു മുഷിയുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ആ ശബ്ദത്തിന്റെ മാത്രം ഉടമയാണു ഞാൻ; ട്രെയിൻ ഇന്ത്യൻ റെയിൽവേയുടേതാണ്...