ഒരു ദേശത്തിന്റെ സംസ്കാരം പേരിന്റെ പെരുമയിലൊതുക്കിയ കലാകാരന്മാരുടെ ജന്മദേശമാണു തഞ്ചാവൂർ. മധുര സംഗീതത്തിൽ തുടങ്ങി നാവിൽ മധുരം നിറയ്ക്കുന്ന പലഹാരങ്ങളോളം അവരുടെ കൈപ്പുണ്യം നിറഞ്ഞു നിൽക്കുന്നു. പട്ടും ചിത്രവും പാട്ടും പലഹാരവും സംഗീതത്തിനു താളം പോലെ അവർ കോർത്തിണക്കി.
പക്കമേളത്തിനുള്ള ഏറ്റവും നല്ല വീണ തഞ്ചാവൂരിലാണ് ഉണ്ടാക്കുന്നതെന്നു കേട്ടിട്ടുണ്ട്. തഞ്ചാവൂർ പട്ടിനെക്കാൾ ശുദ്ധമായ സിൽക്ക് സാരി വേറെ ഇല്ലെന്നും പറയാറുണ്ട്. സ്വർണം ചാലിച്ചു ദേവചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാർ ഇപ്പോഴും തഞ്ചാവൂരിലുണ്ടത്രെ. തലയാട്ടു ബൊമ്മയും തഞ്ചാവൂർ ഹൽവയുമാണ് ചോള രാജാക്കന്മാരുടെ സാമ്രാജ്യത്തെക്കുറിച്ചു കേട്ടിട്ടുള്ള മറ്റു വിശേഷങ്ങൾ.
തഞ്ചാവൂർ പട്ടണത്തിന്റെ ഇടവഴികളിലൂടെയുള്ള യാത്രയിൽ അതെല്ലാം നേരിൽ കാണാം. പേരെടുത്ത കലാകാരന്മാർ ദേശാടനത്തിനു പോയി തിരിച്ചെത്തിയില്ലെങ്കിലും പിൻതലമുറക്കാരിൽ ചിലർക്ക് തഞ്ചാവൂരിന്റെ പെരുമയെ നെഞ്ചിൽ നിന്നു പറിച്ചു മാറ്റാനായിട്ടില്ല. അവരെ തേടി, ആ സൃഷ്ടികളുടെ വൈഭഹം തേടി ഇറങ്ങുകയാണ് തഞ്ചാവൂരിലെ ഗ്രാമങ്ങളിലേക്ക്.
തഞ്ചാവൂർ വീണ
പ്ലാവു മരം ചെത്തി മിനുക്കി വീണയുണ്ടാക്കുന്ന വീട്ടിലേക്കാണ് ആദ്യം. ശ്രീനിവാസപുരത്തുള്ള പണിപ്പുരയിൽ ഗണേശനും സ്വാമിനാഥനും തിരക്കിട്ട ജോലിയിലാണ്.
‘‘നാലു വീണകൾക്ക് ഓർഡർ കിട്ടിയിട്ടുണ്ട്. ചീട്ടു വീണയുണ്ടാക്കാൻ 20 ദിവസം വേണം.’’ മരക്കഷണത്തെ മണിവീണയാക്കി മാറ്റുന്ന കൈകൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചുകൊണ്ടു ഗണേശൻ പറഞ്ഞു. ഗണേശൻ വീണ നിർമാണം തുടങ്ങിയിട്ട് ഇരുപത്തഞ്ചു വർഷമായി.
‘‘വീണകൾ രണ്ടു വിധം – ഒട്ടുവീണ, ഏകകണ്ഠം. രണ്ടിലും കൊത്തു വേലകൾ ചെയ്യാം. ഡിസൈൻ ചെയ്ത വീണയ്ക്ക് ചീട്ടു വീണയെന്നാണു പേര്. ഒട്ടുവീണയിലും ഏകകണ്ഠത്തിലും ചീട്ട് വേലയാകാം. അമ്പതു കിലോയുള്ള മരക്കഷണം ചെത്തിയെടുത്ത് ഏഴു കിലോയുള്ള വീണയാക്കി മാറ്റുന്നതിനു പിന്നിൽ നല്ല അധ്വാനമുണ്ട്. ’’
ശ്രീനിവാസപുരത്ത് അവശേഷിക്കുന്ന രണ്ടു വീണ നിർമാതാക്കളിൽ മൂത്തയാളാണ് ഗണേശൻ. തിരുജ്ഞാനം എന്നയാളാണ് ഗണേശനെ ഈ തൊഴിൽ പരിശീലിപ്പിച്ചത്.
‘‘ഒരു കാലത്ത് ഈ തെരുവു മുഴുവൻ വീണ നിർമിക്കന്ന ആളുകളുണ്ടായിരുന്നു. സംഗീതത്തിന്റെ സ്വർഗമായിരുന്നു അക്കാലത്തെ തഞ്ചാവൂർ. പാട്ടുകാരും മേളപ്രമാണികളും നഗരങ്ങളിലേക്കു ചേക്കേറി. ഞങ്ങൾക്കു വീണ ഉണ്ടാക്കാനേ അറിയൂ. അതു വായിക്കാൻ അറിയില്ല.’’ ശിൽപ്പിയിൽ നിന്നു കലാകാരനിലേക്കുള്ള ദൂരം ഗണേശൻ അളന്നു മുറിച്ചു.
പട്ടിന്റെ പെരുമ
പത്തിരുപതു വർഷം മുൻപ് സൗന്ദർരാജന്റെ പാട്ടു കഴിഞ്ഞാൽ റേഡിയോയിൽ തഞ്ചാവൂർ പട്ടുകളുടെ പരസ്യമുണ്ടായിരുന്നു. ‘‘തനി തങ്ക പട്ടുടയാടകൾക്ക് – സൗരാഷ്ട്ര നൽരാജവീഥി, തഞ്ചാവൂർ...’’ ഗുജറാത്തിൽ നിന്നു തഞ്ചാവൂരിലെത്തിയ കച്ചവടക്കാരാണ് തഞ്ചാവൂരിനെ പട്ടിന്റെ കലവറയാക്കിയത്. കുംഭകോണത്തു നിന്നു നൂൽ കൊണ്ടു വന്ന് തഞ്ചാവൂരിലെ കൈത്തറികളിൽ നെയ്ത് അവർ തങ്കപ്പട്ടുകൾ നെയ്തു. ‘‘എന്റെ കുട്ടിക്കാലത്ത് സൗരാഷ്ട്ര വീഥിയിലെ എല്ലാ വീടുകളിലും നാലോ അഞ്ചോ തറികളുണ്ടായിരുന്നു. ഒരു സാരി നെയ്തെടുക്കാൻ മൂന്നു പേർ ഒരാഴ്ച വേല ചെയ്യണം. മുന്താണിക്കൊരാൾ, ഉടലിനൊരാൾ, ബോർഡറിനൊരാൾ.’’ തഞ്ചാവൂർ പട്ടു വിൽക്കുന്ന എ.ആർ. ശേഖർ പറഞ്ഞു. തഞ്ചാവൂർ സിൽക്ക് സൊസൈറ്റിയുടെ സമീപത്താണ് ശേഖറിന്റെ കട. പട്ടു വാങ്ങാൻ മലയാളികൾ വരാറുണ്ടെന്നും വിലപേശിപ്പേശി ആളെ മടുപ്പിക്കുമെന്നും തമാശയെന്ന പോലെ ശേഖർ പറഞ്ഞു ചേർത്തു.
സ്വർണം പതിഞ്ഞ ചിത്രരചന
തഞ്ചാവൂർ പെയിന്റിങ് വീട്ടിൽ വച്ചാൽ ഐശ്വര്യം വിളങ്ങുമെന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ലാഫിങ് ബുദ്ധയും ലക്കി ബാംബുവും കോലായയിൽ വയ്ക്കുന്നതുപോലെയൊരു വിശ്വാസം. തഞ്ചാവൂരിലെ അതിപ്രഗത്ഭരായ കലാകാരന്മാർ വരയ്ക്കുന്ന ചിത്രങ്ങളെ എന്തായാലും ഈടിന്റെ കാര്യത്തിൽ നൂറു ശതമാനം വിശ്വാസത്തിലെടുക്കാം. വൈദ്യുതി വിളക്കുകൾ ഇല്ലാതിരുന്ന കാലത്ത് തഞ്ചാവൂർ പെയ്ന്റിങ്ങുകളാണ് വീട്ടു മുറികളിൽ വെളിച്ചം പരത്തിയിരുന്നത്.
‘‘അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഞങ്ങളുടെ കുലത്തൊഴിലാണ് ചിത്ര രചന. പണ്ടു കാലത്ത് രത്നവും മരതകവും പതിച്ച് ദേവീ ശിൽപ്പങ്ങൾ വരയ്ക്കുമായിരുന്നു. രത്നക്കല്ലുകൾ പതിച്ച ചിത്രം തൂക്കിയ മുറിയിൽ ചെറിയൊരു വിളക്കു വച്ചാലും രത്നത്തിന്റെ തിളക്കത്തിൽ ട്യൂബ് ലൈറ്റ് പോലെ വെളിച്ചം പരക്കുമായിരുന്നു. ഇലച്ചാറുകളും മഞ്ഞളും ചുണ്ണാമ്പുമൊക്കെ ഉപയോഗിച്ചാണ് അക്കാലത്ത് ചിത്രം വരച്ചിരുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ചിത്ര രചന ദൈവികമാണ്. ’’
ദേവരൂപങ്ങളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ചിത്രം വരയ്ക്കുന്ന കതിർവേൽ മനസ്സു തുറന്നു. വിഘ്നേശ്വരനും സരസ്വതീ ദേവിയും ലക്ഷ്മീ ദേവിയുമാണ് കതിർവേലിന് ഇഷ്ടമുള്ള രൂപങ്ങൾ. പതിനെട്ടു കാരറ്റ് സ്വർണത്തിന്റെ താളുകൾ പതിച്ചാണ് ഒട്ടുമിക്ക രൂപങ്ങളും സൃഷ്ടിക്കുന്നത്. വെള്ളി പതിച്ചും വരയ്ക്കാറുണ്ട്.
കതിർവേലിന്റെ പണിപ്പുരയുടെ പിന്നാമ്പുറത്തെ ആലയിൽ വെങ്കല പ്രതിമകൾ നിരത്തി വച്ചിട്ടുണ്ട്. ശിവകുമാർ, നടേശൻ എന്നിവരാണ് ശിൽപ്പികൾ. ഇരുവരും തഞ്ചാവൂർ വെങ്കല ശിൽപ്പങ്ങളുടെ സ്രഷ്ടാക്കളാണ്. വെങ്കലം ഉരുക്കി ദേവനും ദേവിയുമാക്കി ലോകത്തിന്റെ വിവിധ ഭാഗത്തേക്ക് ഇവർ കയറ്റി അയച്ചിട്ടുണ്ട്. ഇവരുടെ കരവിരുതിൽ രൂപപ്പെട്ട ശിൽപ്പങ്ങളെ ഏതൊക്കെയോ നാടുകളിലെ ആളുകൾ തൊഴുതു വണങ്ങുന്നുണ്ട്. ‘‘എല്ലാം കൊടുത്തു വച്ച പുണ്യം.’’ ശിവകുമാറിന്റെ ശബ്ദം ആത്മാർഥതയുള്ള കലാകാരന്റെ മര്യാദയിൽ കുതിർന്നു.
ഹൽവയും മിക്സ്ചറും
അയ്യാറപ്പർ ക്ഷേത്രം നിൽക്കുന്നത് തഞ്ചാവൂരിന്റെ കാർഷിക ഭൂമിയായ തിങ്കളൂരിലാണ്. നെല്ലും വാഴയും ചോളവും ഉഴുന്നും പയറുമാണ് തിങ്കളൂരിന്റെ വിളകൾ. നവഗ്രഹ പ്രതിഷ്ഠയുള്ള ചന്ദ്ര ക്ഷേത്രത്തിൽ നിന്നാണ് ഈ നാടിന് തിങ്കളൂർ എന്ന പേരു കിട്ടിയത്. ഐഎസ്ആർഒ ഗവേഷകനായ എം.എസ്. സ്വാമിനാഥൻ ആരംഭിച്ച കാർഷിക ഗവേഷണ കേന്ദ്രമാണ് തിരുവയ്യാറിലെ കർഷകരുടെ പിൻബലം. ജൈവ കൃഷിക്കു മാർഗനിർദേശം നൽകുന്ന സ്ഥാപനമാണിത്. എൻജിനിയർ ജോലി രാജിവച്ച് കൃഷിപ്പണിക്കിറങ്ങിയ മണികണ്ഠൻ എന്ന ചെറുപ്പക്കാരനെക്കുറിച്ച് ഇവിടെ വച്ചാണു കേട്ടത്. തിങ്കളൂരിലെ നെൽപ്പാടത്തിനു നടുവിൽ വച്ച് അദ്ദേഹത്തെ കണ്ടു. ‘‘ വർഷത്തിൽ മൂന്നു തവണ വിതയ്ക്കും. കുറുവ, താലടി, ചമ്പ എന്നിവയാണ് വിത്തുകൾ. വേനൽക്കാലത്ത് എള്ളും ഉഴുന്നും കൃഷി ചെയ്യും. മണ്ണിനോളം സംതൃപ്തി തരുന്ന മറ്റൊന്നുമില്ല.’’ മണികണ്ഠന്റെ ആത്മവിശ്വാസം വാക്കുകളിൽ നിറഞ്ഞു നിന്നു.
തിങ്കളൂരിൽ നിന്നു മടങ്ങുംവഴി ‘ആണ്ടവർ ഹൽവ’ യിൽ കയറി. നെയ്യു കിനിയുന്ന ഹൽവയും അശോക എന്നു പേരുള്ള മധുര പലഹാരവും വിൽക്കുന്ന കടയാണ് ആണ്ടവർ. ഇതിനു രണ്ടിനും മിക്സ്ചറാണ് കോമ്പിനേഷൻ. ചുവന്ന നിറമുള്ള അശോകയ്ക്ക് തിരുപ്പതി ലഡ്ഡുവിന്റെ സ്വാദ്. ചോളവും മത്തങ്ങയും പൊട്ടുകടലയും നെയ്യും പഞ്ചസാരയുമാണ് അശോകയുടെ ചേരുവകൾ. ശോകം മാറ്റുന്ന പലഹാരം, അതാണ് അശോക.
വിരൽ തൊട്ടാൽ നെയ്യു കിനിഞ്ഞിറങ്ങുന്ന ഹൽവ തഞ്ചാവൂർ സ്പെഷലാണ്. തൊണ്ടയിൽ മധുരം കനക്കുമ്പോൾ കുറച്ചു മിക്സ്ചറെടുത്ത് കഴിക്കുക. അപ്പോഴറിയാം എരിവും മധുരവും ചേരുന്ന രുചിപ്പെരുമ.
ജന്മബന്ധങ്ങളെ കർമബന്ധനങ്ങളിലൂടെ നിലനിർത്തിയ തഞ്ചാവൂരിലെ കലാപ്രതിഭകളോട് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം കടപ്പെട്ടിരിക്കുന്നു. നെല്ലും ചോളവും പോലെ രാജ്യത്തിന്റെ വലിയ പാരമ്പര്യത്തിനും വിത്തു പാകിയതും വിളയിച്ചതും അവരാണ്. വെറും സഞ്ചാരികളായിട്ടെങ്കിലും നമ്മൾ ആ വഴി കടന്നു പോകുമ്പോൾ അംഗീകരിക്കപ്പെടുന്നത് ആ തലമുറയുടെ അധ്വാനമാണ്, ആത്മാർഥതയാണ്...