Wednesday 06 October 2021 12:24 PM IST

മൊബൈൽ ഫോൺ‌ ക്യാമറയിൽ സഞ്ചാര ഫോട്ടോയെടുത്ത് ആ ചിത്രങ്ങളുടെ പ്രദർശനം നടത്തി റെക്കോഡ് നേടിയ അധ്യാപകൻ

Baiju Govind

Sub Editor Manorama Traveller

teacher 6

ഒപ്പോയുടെ ക്യാമറ ഫോൺ ഇറങ്ങിയപ്പോൾ‌ ഗിരീഷ് മാഷൊന്നു നെറ്റി ചുളിച്ചു. നാലഞ്ചു കൊല്ലമായി കയ്യിൽ കൊണ്ടു നടക്കുന്ന ഐഫോൺ മാറണോ? ആകെപ്പാടെയൊരു കൺഫ്യൂഷൻ. യാത്ര യൂറോപ്പിലേക്കാണ്. പരീക്ഷണത്തിന് പറ്റിയ സമയല്ല. മാഷ് അത്രയും കാലം ഐഫോണിലെടുത്ത ഫോട്ടോകൾ ഒരിക്കൽക്കൂടി തിരിച്ചും മറിച്ചും നോക്കി. ലിംക നാഷനൽ റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേഴ്സൽ റെക്കോഡ‍് ഫോറം – വിശേഷപ്പെട്ട മൂന്ന് അംഗീകാരങ്ങൾ‌ നേടിത്തന്നത് ഐഫോൺ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ്. മാഷ് പിന്നെയൊന്നും ആലോചിക്കാതെ വിമാനം കയറി.

teacher 1

‘‘അതൊരു ഗ്രൂപ്പ് ട്രിപ്പായിരുന്നു. യൂറോപ്പിലെ ചില രാജ്യങ്ങൾ കണ്ടു മടങ്ങുന്ന ടൂർ. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലാൻഡ്, ഇറ്റലി, വത്തിക്കാൻ എന്നിവിടങ്ങൾ സന്ദർശിച്ചു. വത്തിക്കാനിൽ വച്ച് ഒരു പെണ്ണ് എന്റെ ഫോണിന്റെ പുറകെ കൂടിയ സംഭവം മറക്കാനാവില്ല.’’ മൊബൈൽ ഫോൺ‌ ക്യാമറയിൽ ഫോട്ടോയെടുത്ത് ആ ചിത്രങ്ങളുടെ പ്രദർശനം നടത്തി റെക്കോഡ് നേടിയ ഗിരീഷ് കുമാർ തന്റെ സഞ്ചാരത്തിന്റെ മെമ്മറി കാർഡ് തുറന്നു. സർക്കാർ സ്കൂൾ വാദ്യാരും കൂട്ടുകാരും നടത്തിയ യാത്രകളുടെ രസകരമായ ദൃശ്യങ്ങൾ, പൊട്ടിച്ചിരിയുണ്ടാക്കിയ ഒരുകൂട്ടം അനുഭവങ്ങൾ, ഭയപ്പാടായി അവശേഷിക്കുന്ന ഒട്ടേറെ ഓർമകൾ...


സാംസങ് എസ്4 സൂം

teacher 8

അഞ്ചാം ക്ലാസിൽ മലയാളം പഠിപ്പിച്ചുകൊണ്ടിരുന്ന ഗിരീഷ് മാഷിന് സുബ്ഹാൻ മാസ്റ്ററുടെ ഫോൺ കോൾ. ‘‘ഒരു ഫോൺ കിട്ടീട്ട്ണ്ട്. ഞാൻ നോക്കീട്ട് ഒരെത്തും പിടീം കിട്ട്ണില്ല.’’ വൈകിട്ട് കാണാമെന്നു പറഞ്ഞ് ഗിരീഷ് മാഷ് ഫോൺ കട്ട് ചെയ്തു. കാളികാവിൽ പാരലൽ കോളെജ് നടത്തുന്ന സുബ്ഹാൻ മാസ്റ്റർ പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും ആ ഫോണിന്റെ തലവര കണ്ടുപിടിക്കാൻ പറ്റിയില്ല. ഒടുവിൽ ഒരു പരിഹാരമെന്ന നിലയ്ക്ക് ഗിരീഷ് മാഷ് ആ ഫോൺ വാങ്ങി, 11000 രൂപയ്ക്ക്.

രണ്ടു ദിവസം കഴിഞ്ഞ് ഗിരീഷ് മാഷ് കടപുഴകി വീണ ഒരു തെങ്ങിന്റെ ഫോട്ടോയെടുത്തു, മൊബൈൽ ഫോൺ ക്യാമറയിൽ. ആ ചിത്രം വെറുതെ നോക്കിയിരുന്നപ്പോൾ മാഷിന്റെ മനസ്സിലൊരു ‘ലഡ്ഡു.’ അതിന്റെ മധുരം പൊട്ടിച്ചിതറിയ സമയത്താണ് മൊഹ്സിന്റെ ഫോൺ വിളി വന്നത്.

teacher 7

‘‘പുനലൂരിൽ നിന്നു ചെങ്കോട്ടയ്ക്കുള്ള മീറ്റർഗേജ് തീവണ്ടിപ്പാത പൊളിക്കുകയാണത്രെ. സർവീസ് നിർത്തുന്നതിനു മുൻപ് ആ വഴിക്കൊന്ന് പോയാലോ?’’ യാത്രയ്ക്കു താത്പര്യമുള്ള കൂട്ടുകാരെയെല്ലാം വിളിച്ചു. നിലമ്പൂരിൽ നിന്നു ട്രെയിൻ കയറി പുനലൂരിലെത്തി. അവിടെ നിന്നു ചെങ്കോട്ടയിലേക്ക് മീറ്റർ ഗേജ് പാളത്തിലൂടെ യാത്ര പുറപ്പെട്ടു. ഗിരീഷ് മാഷ് അവിടെ കണ്ട കൗതുകങ്ങളെല്ലാം ‘സാംസങ് എസ് 4 –ന്റെ ക്യാമറയിൽ പകർത്തി. പാളത്തിനരികിൽ നിന്നു കൈ കാട്ടിയ യാത്രക്കാർക്കു കയറാനായി തീവണ്ടി നിർത്തിക്കൊടുക്കുന്ന ദൃശ്യം അക്കൂട്ടത്തിൽ അത്യപൂർവ വിരുന്നായി.


ഉസ്മാന്റെ കമാൻഡർ ജീപ്പ്

കാളികാവ് ബസാർ ഗവ. യു.പി. സ്കൂളിലെ കുട്ടികൾ ഗിരീഷ് മാഷിന്റെ വാക്കുകളിലൂടെ പുനലൂരും ചെങ്കോട്ടയും കണ്ടു. മൊബൈൽ ഫോണിൽ തെളിഞ്ഞ ചിത്രങ്ങൾ നോക്കി അവർ പരസ്പരം കഥ പറഞ്ഞു. ‘‘അതായിരുന്നു തുടക്കം.’’ ഗിരീഷ് മാഷ് ഓർമകളിലൂടെ യാത്ര തുടങ്ങി.

teacher 4

പിന്നീടുള്ള യാത്ര ബൈക്കിലായിരുന്നു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് വീട്ടിൽ നിന്ന് അമ്പതു കിലോമീറ്ററേയുള്ളൂ. ഒരു അവധി ദിനത്തിൽ ആ വഴിയിലൂടെ വെറുതെ വണ്ടിയോടിച്ചു. വിശ്രമത്തിനായി നിന്നപ്പോഴും നല്ല ദൃശ്യങ്ങൾ കണ്ടപ്പോഴും മൊബൈൽ ക്യാമറ ഓൺ ചെയ്തു. മടങ്ങി എത്തിയ ശേഷം അതിൽ നിന്ന് നൂറ്റിപ്പതിനഞ്ചെണ്ണം തിരഞ്ഞെടുത്ത് വലുതാക്കി പ്രിന്റ് ചെയ്തു. ആ ചിത്രങ്ങൾ കാളികാവ് ടൂറിസ്റ്റ് ബംഗ്ലാവിൽ നിരത്തി വച്ചൊരു പ്രദർശനം നടത്തി. സുഹൃത്തുക്കളും പരിചയക്കാരും കേട്ടറിഞ്ഞവരുമൊക്കെ ഫോട്ടോ എക്സിബിഷൻ കാണാൻ വന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിനു മുന്നിൽ നിന്നു പകർത്തിയ ഫോട്ടോയാണ് അക്കൂട്ടത്തിൽ ഏറെ പ്രശംസ നേടിയത്. മഴവെള്ളം നിറഞ്ഞ ചെളിക്കുഴിയുടെ അരികിലിരുന്നു ഭക്ഷണപ്പൊതി വിൽക്കുന്ന സ്ത്രീയുടെ ചിത്രമായിരുന്നു അത്. മാലിന്യം വാരാനെത്തിയ കോർപറേഷന്റെ ലോറിയായിരുന്നു പശ്ചാത്തലം. ‘ചോറേത്, ചവറേത്’ എന്ന അടിക്കുറിപ്പിൽ ഫോട്ടോ ശ്രദ്ധിക്കപ്പെട്ടു.

ആദ്യത്തെ ചിത്രപ്രദർശനം കഴിഞ്ഞപ്പോൾ ട്രാവൽ ഫോട്ടൊഗ്രഫിയോട് വല്ലാത്തൊരു ഭ്രമം തോന്നി. ഇന്ത്യയിൽ മറ്റാരും മൊബൈൽ ഫോട്ടോകളുടെ പ്രദർശനം നടത്തിയിട്ടില്ല എന്ന വിവരം അറിഞ്ഞതോടെ ആവേശമായി. അതങ്ങനെ ചൂടുപിടിച്ച് വാൽപ്പാറ യാത്രയ്ക്ക് കളമൊരുങ്ങി.

ഞങ്ങളുടെ ചങ്ങാതി ഉസ്മാന് കമാൻഡർ ജീപ്പുണ്ടായിരുന്നു. ആ വണ്ടിയെക്കുറിച്ച് ഇതിഹാസം എഴുതാവുന്നത്രയും കഥകളുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രസിദ്ധമായ ആ കമാൻഡറിലായിരുന്നു യാത്ര. പാലക്കാട് വഴി പൊള്ളാച്ചിയിൽ ചെന്നാണ് വാൽപ്പാറയിലേക്ക് തിരിഞ്ഞത്. അക്കാലത്ത് വാൽപ്പാറ വനത്തിലേക്കു കടന്നാൽ ഇന്നത്തെ പോലെ റോഡില്ല. മണ്ണു കുഴഞ്ഞ കാട്ടുപാതയിലൂടെയാണ് വാഹനങ്ങൾ പോയിരുന്നത്. കാട്ടിലേക്ക് കടന്നപ്പോൾ ആനക്കൂട്ടത്തെ കണ്ടു. പുലിയിറങ്ങുന്ന വഴിയാണെന്ന് ആളുകൾ പറഞ്ഞു. ഉസ്മാനിക്കയുടെ കമാൻഡറിൽ ജീവൻ കയ്യിൽ പിടിച്ച് ഞങ്ങൾ ആ വഴിക്കു നീങ്ങി. കണ്ട വഴിയിലൂടെയെല്ലാം ഓടിപ്പാഞ്ഞ് ഒടുവിൽ അതിരപ്പിള്ളി എത്തിയപ്പോഴാണ് ശ്വാസം വീണത്.

ഉസ്മാനിക്കയുടെ ജീപ്പിൽ കൂർഗിലേക്കു പോയതും രസകരമായിരുന്നു. മടിക്കേരിയിൽ എത്തിയപ്പോൾ ഓരോരുത്തരും കുടകിനെക്കുറിച്ചുള്ള സ്വന്തം അറിവുകൾ വിതറി. ആദ്യം ടിബറ്റൻ സന്യാസിമാരുടെ ആശ്രമത്തിൽ പോയി. എന്റെ ഫോൺ ക്യാമറ ഫുൾ ടൈം ഓണായിരുന്നു. കണ്ടതെല്ലാം അപ്പപ്പോൾ ക്യാമറയിൽ പകർത്തി. സാംസങ് എസ് 4 മൊബൈൽ ഉപയോഗിച്ചിട്ടുള്ളവർക്കേ അതിന്റെയൊരു രീതി മനസ്സിലാകൂ. ഫോണിന്റെ രൂപമാണെങ്കിലും ലെൻസ് പുറത്തേക്കു നീണ്ടു വരും. ഒറ്റനോട്ടത്തിൽ ക്യാമറയാണെന്നു തോന്നും.

കൂർഗിൽ ഒരു മുസ്‌ലിം പള്ളിയിലാണ് അന്തിയുറങ്ങിയത്. മൂന്നാർ പോലെയൊരു സ്ഥലം കൂർഗിലുണ്ടെന്ന് അവിടെയൊരാൾ പറഞ്ഞു. പിറ്റേന്നു രാവിലെ ‘കൂർഗിലെ മൂന്നാർ’ കാണാനായി ഇറങ്ങിത്തിരിച്ചു. കുറ്റിക്കാടിനു നടുവിലൂടെ കരിങ്കല്ലു വിതറിയ വഴിയിൽ കുറേ ദൂരം നടന്നു. ആ പ്രദേശത്തെവിടെയും വീടുകളില്ല, കടകളുമില്ല. എത്തുന്നിടത്ത് എത്തട്ടെ എന്നു കരുതി നടക്കുമ്പോഴാണ് ഒരു ഓട്ടോറിക്ഷ വന്നത്. കൈകാട്ടിയപ്പോൾ വണ്ടി നിർത്തി. അവിടെ ജോലി ചെയ്യുന്ന ഒരു ഫോറസ്റ്റ് ഓഫിസറാണ് വണ്ടിയിലുണ്ടായിരുന്നത്. അദ്ദേഹം ആ സ്ഥലത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞു തന്നു. വാഗമൺ പോലെയുള്ള മൊട്ടക്കുന്നുകളും അതിനു ചുറ്റുമുള്ള കാടും ചേർന്ന പ്രദേശം കർണാടകയുടെ ‘ഊട്ടി’ എന്നാണ് അറിയപ്പെടുന്നത്. മാന്തലപ്പെട്ടി എന്നാണ് ആ സ്ഥലത്തിന്റെ യഥാർഥ പേര്. ഒട്ടേറെ സിനിമകൾ അവിടെ ചിത്രീകരിച്ചിട്ടുണ്ട്. പഴശ്ശിരാജയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് അവിടെയാണ്.

teacher 9

ജീവനുള്ളിടത്തോളം കാലം മറക്കാനാവാത്ത ട്രിപ്പാണ് യേർക്കാട് യാത്ര. പുറപ്പെട്ടപ്പോൾ മുതൽ തിരിച്ച് വീട്ടിലെത്തും വരെ കമാൻഡർ ജീപ്പ് ഞങ്ങളെ വട്ടംകറക്കി.

മണ്ണാർക്കാട് എത്തിയപ്പോഴേക്കും പെരുമഴ. ഉസ്മാനിക്ക വൈപ്പർ ഓൺ ചെയ്തു. അതു രണ്ടു തവണ തലങ്ങും വിലങ്ങും ആഞ്ഞു വീശി. പിന്നെ ബ്രേക്കിട്ടതു പോലെ നിന്നു. മുന്നിലുള്ളതൊന്നും കാണാൻ പറ്റാത്ത അവസ്ഥ. ഒരു വിധത്തിൽ ജീപ്പ് വഴിയോരത്ത് ഒതുക്കി. ഉസ്മാനിക്ക അടുത്ത പറമ്പിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ നിന്നു കുറേ ചേമ്പിന്റെ ഇല പറിക്കാൻ ഞങ്ങളോടു പറഞ്ഞു. ആ ഇലയെല്ലാം ചുരുട്ടിക്കൂട്ടി അദ്ദേഹം ജീപ്പിന്റെ ഗ്ലാസ് തുടച്ചു. കുത്തിയിറങ്ങിയ മഴവെള്ളം ചില്ലിൽ തട്ടി തെറിച്ചു. ക്ലിയർ സീൻ! ചേമ്പിന്റെ ഇല ഉപയോഗിച്ച് മഴയിൽ നിന്നു ജീപ്പിനെ രക്ഷിച്ച ഉസ്മാനിക്കയെ ഞങ്ങൾ ആദരവോടെ നോക്കി നിന്നു. ‘ഇതൊക്കെ എന്ത്...’ എന്ന ഭാവത്തിൽ ഉസ്മാനിക്ക അപ്പോഴേക്കും സീറ്റിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു.

അവിടെ നിന്നു കുതിച്ചു പാഞ്ഞ ജീപ്പ് സേലത്ത് എത്തിയപ്പോൾ ‘ഒന്ന്, രണ്ട്’ എണ്ണുന്ന പോലെ ഹെഡ് ലൈറ്റ് ഓഫായി. എത്ര ശ്രമിച്ചിട്ടും അവ മിഴി തുറന്നില്ല. സമയം പുലർച്ചെ 4.00.പിന്നെ കടത്തിണ്ണിയിലിരുന്ന് നേരം വെളുപ്പിച്ചു.

അക്കാലത്ത് യേർക്കാട് ബോട്ടിങ്ങൊന്നും ആരംഭിച്ചിരുന്നില്ല. അവിടെ ചുറ്റിക്കറങ്ങിയപ്പോൾ ‘ആമസോൺ വാലി വ്യൂ പോയിന്റ്’ എന്നൊരു ബോർഡ് കണ്ടു. ട്രാവൽ മാസികകളുടെ സ്ഥിരം വായനക്കാരനായ ഉസ്മാനിക്ക അങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. റോഡു വക്കത്തു കച്ചവടം നടത്തിയിരുന്ന സ്ത്രീ വ്യൂപോയിന്റിലേക്ക് വഴി കാണിച്ചു തന്നു. ആളുകൾ നടന്നു കാൽപ്പാടുകൾ പതിഞ്ഞ സ്ഥലത്തുകൂടി കുന്നിന്റെ മുകളിലെത്തി. അവിടെ നിന്നാൽ സേലത്തിന്റെ ഭൂപ്രകൃതിയുടെ വ്യക്തമായ ചിത്രം തെളിഞ്ഞു കാണാം. നിരപ്പായി കിടക്കുന്ന കാടും മേടുകളുമാണ് ആമസോൺ എന്ന വിശേഷണം ലഭിക്കാൻ വഴിയൊരുക്കിയത്.

മടക്കയാത്രയിൽ ശംഖാഗിരി കോട്ട സന്ദർശിച്ചു. ആ കോട്ട ടിപ്പു സുൽത്താന്റെ പേരിലാണ് അറിയപ്പെടുന്നത്. ഒരു മലയുടെ ചെരിവിലാണ് ശംഖാഗിരി കോട്ട. മലയ്ക്കു ചുറ്റും വേറെയും കോട്ടകളുണ്ട്. കാടു വെട്ടിത്തെളിച്ച് റോഡുണ്ടാക്കിയാൽ അവിടം വലിയൊരു വിനോദ സഞ്ചാര കേന്ദ്രമായി മാറും. പക്ഷേ, ബോർഡ് സ്ഥാപിച്ച ശേഷം സ്ഥലം വിട്ട പുരാവസ്തു വകുപ്പിന് അങ്ങനെ തോന്നിയില്ല.

ഇങ്ങനെ പലവിധ ചർച്ചകളുമായി നാലു കിലോമീറ്റർ ഓടിയപ്പോഴേക്കും ജീപ്പിന്റെ ടയർ പഞ്ചർ. അര മണിക്കൂർ പരിശ്രമിച്ച് ടയർ മാറ്റി. ഒരു വിധത്തിൽ കോയമ്പത്തൂരെത്തിയപ്പോഴേക്കും വീണ്ടും രണ്ടു ഹെഡ് ലൈറ്റുകളും കെട്ടു. എല്ലാവർക്കും പിറ്റേന്ന് രാവിലെ നാട്ടിലെത്തിയേ പറ്റൂ. രണ്ടും കൽപ്പിച്ച് ഉസ്മാനിക്ക വണ്ടിയോടിച്ചു. മറ്റു വാഹനങ്ങളുടെ വെളിച്ചത്തെ പിൻതുടർന്നും സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിലും എങ്ങനെയൊക്കെയോ കേടുകൂടാതെ, പൊലീസിന്റെ കണ്ണിൽപ്പെടാതെ നാട്ടിൽ മടങ്ങിയെത്തി.


ഇനി കാണാനാവാത്ത ദൃശ്യങ്ങൾ

ഇപ്പോഴത്തെ യാത്രികർക്ക് കിട്ടാത്തൊരു ഭാഗ്യം ധനുഷ്കോടി യാത്രയിൽ ഞങ്ങൾക്കു ലഭിച്ചു. പണ്ട് സഞ്ചാരികളെ കയറ്റിയ സവാരി വാൻ കടലിലേക്ക് സർവീസ് നടത്തിയിരുന്നു. നാലു ചക്രങ്ങളും വെള്ളത്തിൽ മുങ്ങിയുള്ള വാൻ യാത്ര സാഹസികമായിരുന്നു. തീരത്ത് എവിടെയെങ്കിലും കുഴി രൂപപ്പെട്ടിട്ടുണ്ടെങ്കിൽ വണ്ടിയുള്ളവരെക്കുറിച്ച് പിന്നെ അന്വേഷിക്കേണ്ടതില്ല. ആ റിസ്ക് മുന്നിൽ കണ്ട് പിൽക്കാലത്ത് കടലിലെ സവാരി നിരോധിച്ചു.

ഉസ്മാനിക്കയുടെ അറിവിനെ പിന്തുടർന്ന് രാമേശ്വരത്ത് വിജനമായ സ്ഥലത്ത് ഒരു മുസ്ലിം പള്ളി കാണാൻ പോയി. ആ കെട്ടിടത്തിന് ആയിരം വർഷം പഴക്കമുണ്ടെന്നൊക്കെയാണ് പറയപ്പെടുന്നത്. അവിടേക്ക് വഴിയൊന്നും ഉണ്ടായിരുന്നില്ല. പള്ളിയുടെ ഉള്ളിൽ ഏകദേശം പത്തു മീറ്റർ നീളമുള്ള രണ്ടു ഖബറുകൾ കണ്ടു. ആദമിന്റെയും നബിയുടെയും മക്കളായ ആബേലിന്റെയും ഖാബേലിന്റെയും ഖബറുകളാണത്രെ. പത്തു മീറ്റർ നീളമുള്ള മനുഷ്യരോ? ആ ചോദ്യത്തിന് ആരും മറുപടി തന്നില്ല.

teacher 2

പിന്നീട് വേറെ കുറച്ചു സുഹൃത്തുക്കളോടൊപ്പം നാഗാലാൻഡ്, ആസാം, കൊൽക്കൊത്ത യാത്ര നടത്തി. അതൊരു നല്ല അനുഭവമായിരുന്നു. ഫോട്ടൊ എടുത്ത് ക്ഷീണിച്ച യാത്രയായിരുന്നു അത്. ഫ്രൈ ചെയ്യാൻ പാകത്തിന് തൊലിയുരിച്ച് കെട്ടിത്തൂക്കിയ പട്ടിയിറച്ചിയായിരുന്ന മെയിൻ ഐറ്റം. അവിടെ കോഴിയിറച്ചി കിലോയ്ക്ക് 150 രൂപയേയുള്ളൂ; പട്ടിയിറച്ചിക്ക് 50 രൂപ.

നാഗാലാൻഡിലെ കൊഹിമയിൽ താമസിച്ച ദിവസം റൂമിലേക്ക് ഒരു സംഘം പോലീസുകാർ കയറി വന്നു. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അവർ ഞങ്ങളുടെ ബാഗുകൾ തുറന്ന് പരിശോധിച്ചു. പട്ടാളക്കാരൻ വെടിയേറ്റു മരിച്ചതിനെ തുടർന്നുള്ള പരിശോധനയാണെന്നു പിന്നീട് മനസ്സിലായി. ഹർത്താൽ പ്രഖ്യാപിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് മണിപ്പൂർ യാത്ര ഒഴിവാക്കേണ്ടി വന്നു. മാസത്തിൽ രണ്ടു ഹർത്താലുള്ള നാടായിരുന്നു അന്നത്തെ മണിപ്പൂർ. അസം സന്ദർശിച്ച സമയത്ത് കാമാഖ്യ ക്ഷേത്രത്തിൽ പോയി. പണ്ട് നരബലി നടത്തിയതായി പറയപ്പെടുന്ന ക്ഷേത്രത്തിൽ പ്രാവും ആടുമാണ് ഇപ്പോഴത്തെ ബലിമൃഗങ്ങൾ.

teacher 10


ഏകാന്ത യാത്രകൾ

രാജസ്ഥാനിലേക്കുള്ള യാത്ര ഒറ്റയ്ക്കായിരുന്നു. സോളോ ട്രിപ്പിന് വേറൊരു ഫീലാണ്. സ്വന്തം ഇഷ്ടപ്രകാരം പ്ലാൻ ചെയ്യാമെന്നതാണ് പ്രധാന കാര്യം. രാജസ്ഥാനിൽ എത്തിയ സേഷം ജയ്സാൽമീരിലെ പട്ടണങ്ങൾ കടന്ന് ഉൾപ്രദേശത്തേക്ക് പോയി. പക്ഷേ, യഥാർഥ മരുഭൂമി കാണാനായില്ല. അതിർത്തി പ്രദേശങ്ങളിലാണ് പൂർണമായ മരുഭൂമികളുള്ളത്. ആറായിരം രൂപയ്ക്ക് ടാക്സി പറഞ്ഞുറപ്പിച്ച് അവിടേക്കു പോയി. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മരുഭൂമിയും നടുനീളത്തിൽ കറുത്ത വരയായി റോഡും കണ്ട് മനസ്സു നിറഞ്ഞു. പത്തോ പതിനഞ്ചോ കിലോമീറ്ററുകൾക്കിടെ ഒരുമിച്ചു നിൽക്കുന്ന കുറേ വീടുകളാണ് അവിടുത്തെ ഗ്രാമങ്ങൾ. വീടുകൾക്കൊന്നും മേൽക്കൂരയില്ല. വർഷത്തിൽ രണ്ടു തവണയാണ് മഴ പെയ്യുക. ആ ദിവസം ഗ്രാമവാസികൾ പാട്ടും കൂത്തുമായി മുറ്റത്തായിരിക്കും. പിന്നെന്തിനാണു മേൽക്കൂര?

അതിർത്തിയോടു ചേർന്നൊരു ക്ഷേത്രമുണ്ട് – തനോത് മാതാ മന്ദിർ. ഇന്ത്യ – പാക് യുദ്ധകാലത്ത് പാക്കിസ്ഥാന്റെ ബോംബ് വർഷത്തെ അതിജീവിച്ച ക്ഷേത്രത്തിൽ ഇപ്പോൾ പൂജ നടത്തുന്നത് പട്ടാളക്കാരാണ്.

അജന്ത–എല്ലോറ ഗുഹകളാണ് മൊബൈൽ ഫോട്ടൊഗ്രഫി സമ്പൂർണമാക്കിയ മറ്റൊരു സ്ഥലം. വലിയ പാറയെ മുകളിൽ നിന്നു വെട്ടിയിറക്കി ശിൽപ രൂപത്തിൽ ഒരുക്കിയെടുത്ത എല്ലോറയാണ് ശരിക്കും വലിയ കാഴ്ച. പതിനാറാം ഗുഹാക്ഷേത്രത്തിനു മുകളിലെ പാറയ്ക്കരികിൽ നിന്ന് ആ ദൃശ്യചാരുതയെ ലെൻസിൽ പകർത്താൻ സാധിച്ചു. വാച്ച് ടവറിൽ കയറി നിന്ന് ഐഫോണിന്റെ സകല സൗകര്യങ്ങളും ഉപയോഗിച്ച് വേറെയും കുറേ ഫോട്ടോകൾ എടുത്തു.

teacher 11


teacher 5

അമ്പടി കള്ളീ...

മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ആ ചിത്രങ്ങൾ 128 വേദികളിൽ പ്രദർശിച്ചപ്പോഴാണ് മാരേങ്ങലത്ത് ഗിരീഷ് കുമാറിന്റെ പേര് ലിംക ബുക്ക് ഓഫ് നാഷനൽ റെക്കോഡ്സിൽ ഇടം നേടിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, യൂനിവേഴ്സൽ റെക്കോഡ്സ് ഫോറം എന്നിവയിലും ഈ പേര് കുറിച്ചിടപ്പെട്ടു. മലേഷ്യയും യൂറോപ്പും ഉൾപ്പെടെ വിദേശ ദൃശ്യങ്ങൾ, ഉത്തരേന്ത്യയിലെ രസകരമായ കാഴ്ചകൾ, കാനന ചിത്രങ്ങൾ – ഗിരീഷ് മാഷിന്റെ ഫോട്ടൊഗ്രഫിയെ ഈ വിധം തിരിക്കാം. ആ ചിത്രങ്ങൾക്കു പിന്നിൽ കഥകളിനിയും ബാക്കിയുണ്ട്. തത്ക്കാലം ഇറ്റലിയിലെ സുന്ദരിയിൽ നിന്നു രക്ഷപെട്ട സംഭവത്തോടെ ഫുൾ േസ്റ്റാപ്പിടുകയാണ്.

teacher 3

‘‘കൊളോസിയത്തിന്റെ ഫോട്ടോ എടുക്കുന്ന സമയത്ത് സുന്ദരിയായ ഒരു യുവതി എന്റെ മുന്നിലൂടെ കടന്നു പോയി. അതു ശ്രദ്ധിക്കാതെ ഞാൻ ഫോട്ടോ എടുത്തുകൊണ്ടിരുന്നു. അൽപ വസ്തം ധരിച്ച ആ സ്ത്രീ എന്നോട്ടു തട്ടിക്കയറി. അവളുടെ ഫോട്ടോ എടുത്തുവെന്നു പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങി. ഇല്ലെന്നു ഞാൻ പറഞ്ഞപ്പോൾ ഫോൺ അവളുടെ കയ്യിൽ കൊടുക്കണമെന്നായി. ഇതു കണ്ട് ഞങ്ങളുടെ ടൂർ ലീഡർ പാഞ്ഞെത്തി. ഇറ്റാലിയൻ ഭാഷയിൽ അവളെ ചീത്ത പറഞ്ഞ് ഓടിച്ചു. അവളുടെ പുറകെ വേറെ നാലഞ്ചു പെണ്ണുങ്ങളും ഓടുന്നതു കണ്ടു. ചിത്രം നോക്കാനായി അവളുടെ കയ്യിൽ കൊടുത്തിരുന്നെങ്കിൽ അറുപതിനായിരം രൂപയുടെ ഐ ഫോൺ ആ വഴിക്കു പോകുമായിരുന്നു...’’


Tags:
  • Manorama Traveller