Thursday 09 September 2021 12:48 PM IST

ഇതിഹാസത്തെ പിന്തുടർന്ന് തസറാക്കിന്റെ പാതയിൽ

Baiju Govind

Sub Editor Manorama Traveller

ltr 3

പണ്ടു രവി ബസ്സിറങ്ങിയ കൂമൻകാവ് ഇപ്പോൾ കനാൽപ്പാലമാണ്. അവിടെ നിന്ന് തസറാക്കിലേക്കുള്ള നാട്ടുപാതയ്ക്ക് ഇതിഹാസത്തിൽ പറയുന്നതിനെക്കാൾ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ജരയും ദീനതയും വേരുകളാഴ്ത്തിയ ചെമ്മണ്ണിലൂടെ നടന്ന് ഒ.വി. വിജയൻ മനസ്സിൽ വരച്ച ഗ്രാമചിത്രം അതേപടി നിലനിൽക്കുന്നു. വിജയന്റെ വാക്കുകളുടെ ചെറുവിരലിൽ തൂങ്ങി നടക്കുന്നവർക്ക് സ്വപ്തുല്യമായ അനുഭവമാണ് തസറാക്ക്. കാറ്റും കരിമ്പനയും കഥ പറയുന്നതു കേട്ട് അവരങ്ങനെ കയറു പൊട്ടിയ പട്ടം പോലെ ആ ഗ്രാമത്തിലൂടെ നടക്കുന്നു. കാവിക്കച്ച ചുറ്റിയ ചവിട്ടു വഴിത്താരയിലൂടെ കുന്നുകയറി പള്ളമിറങ്ങി നിരത്തിലേക്കു പോകുമ്പോൾ രവിയുടെ മുന്നിലെത്തിയ കാഴ്ചകളാണ് അവർ തിരയുന്നത് – സുന്ദരിയായ മൈമൂന, അപ്പുക്കിളി, അറബിക്കുളം, നൈജാമലി...

തസറാക്കിന്റെ ഉച്ചസൂര്യൻ കനാൽപ്പാതയെ ചുട്ടു പൊള്ളിച്ചു. ബെല്ലടിച്ചു കടന്നു പോയ സൈക്കിളുകളിൽ നിന്നു ബീഡിപ്പുകയുടെ മണം. വിജയൻ കഥയിൽ പറഞ്ഞ, നിലത്തറ‍ഞ്ഞ തേക്കിൻകുറ്റികളിൽ കേറ്റി നിർത്തീട്ടുള്ള ഏറുമാടങ്ങൾ നില നിന്നിരുന്ന സ്ഥലമിതാണ്. അവിടെ നിന്നു വലത്തോട്ടു തിരിയുന്നത് രവിയുടെ ഖസാക്കിലേക്ക്, വിജയന്റെ തസറാക്കിലേക്കുള്ള റോഡാണ്. ഇവിടുന്നങ്ങോട്ടുള്ള ഓരോ മണൽത്തരിയും വിജയന്റെ കഥാപാത്രങ്ങളാണ്.

അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുൽക്കൊടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം പെരുവിരലോളം ചുരുങ്ങി...

ltr 1


ഖസാക്കിലെ കഥാപാത്രങ്ങൾ

ltr 7

ഇതിഹാസകാരൻ ഓർമയായി പതിനാലു വർഷം കഴിഞ്ഞിട്ടും തസറാക്കിനോടു ചേർന്ന് അദ്ദേഹത്തിന്റെ കയ്യക്ഷരങ്ങൾ പുതുബാല്യമണിയുന്നു. കഥയിലെ ജീവന്റെ ആ തുടിപ്പാണ് വിജയൻ താമസിച്ച നാടിനെ സ്മാരകമാക്കി മാറ്റിയത്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന് അമ്പതു വയസ്സു തികയുമ്പോഴേക്കും തസറാക്കിലെ ഞാറ്റുപുരയും ചുറ്റുപാടും അതിഗംഭീരമായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. അതിശയം തോന്നും വിധം ഒരു കഥാകാരൻ ചെയ്ത സുകൃതം! സഹോദരിയോടൊപ്പമാണ് വിജയൻ തസറാക്കിലെത്തിയത്. രാഘവൻ നായരുടെ ഉടമസ്ഥതയിലുള്ള കളപ്പുരയിലായിരുന്നു താമസം. ഓടുമേഞ്ഞ കളപ്പുരയ്ക്ക് ഒരു വരാന്തയും മൂന്നു മുറികളുമാണുള്ളത്. ഇതിലൊരു മുറി വിജയൻ വാടകയ്ക്കെടുത്തു. ഉരുണ്ട തൂണുകളുള്ള വരാന്തയിലെ ചാരു കസേരയിലിരുന്ന് അദ്ദേഹം തസറാക്ക് എന്ന ഗ്രാമത്തെ നോക്കിക്കണ്ടു. വീടിനു മുന്നിലൂടെ കടന്നു പോയവരിലും പരിചയപ്പെട്ടവവരിലും അദ്ദേഹം പുതിയൊരു ലോകം കണ്ടെത്തി. മുസ്ലിം പള്ളി, നെൽപ്പാടത്തിനരികിലുള്ള കുളം, കണ്ടങ്ങളുടെ അക്കരെയുള്ള ശ്മശാനം, ഓലശ്ശേരിവരെ പരന്നു കിടക്കുന്ന വയൽ എന്നിവിടങ്ങളിലൂടെ അതൊരു കഥയായി രൂപപ്പെട്ടു. ആ നാട്ടിൽ ജീവിച്ച സാധാരണക്കാരായ അള്ളാപ്പിച്ച മൊല്ലാക്ക, അപ്പുക്കിളി, നൈസാമലി, കു‍‍ഞ്ഞാമിന, മൈമൂന, തിത്തിബിയുമ്മ തുടങ്ങിയവർ വിജയന്റെ കഥാപാത്രങ്ങളായി.

ഉന്തി നിന്ന ചുണ്ടുകൾ. പിഞ്ഞാണം പോലെ മങ്ങിയ കണ്ണുകൾ. ഒരു മുക്കാൽ മനുഷ്യന്റെ ഉടല്. ബാല്യമോ യൗവ്വനമോ വാർധക്യമോ ആ മുഖത്തു തെളി‍ഞ്ഞില്ല... ഓരോ കഥാപാത്രങ്ങളെയും വാക്കുകളിലൂടെ വിജയൻ വരച്ചിട്ടു. ഇന്ന് തസറാക്കിൽ കണ്ടുമുട്ടുന്ന ഓരോ മുഖങ്ങളിലും അവരുടെ പിൻഗാമികളുണ്ടെന്ന് സന്ദർശകർക്കു തോന്നിയാൽ അതു തീർത്തും സ്വാഭാവികം മാത്രം.

ltr 6


സ്മാരകത്തിലെ കാഴ്ചകൾ

ltr 2

ഒ.വി. വിജയൻ വാടകയ്ക്കു താമസിച്ച വീട്ടു പറമ്പിന്റെ വേലി പൊളിച്ചു കളഞ്ഞ് കുത്തുകല്ലുകൾ നാട്ടി. രണ്ടാൾ പൊക്കത്തിൽ കവാടം നിർമിച്ച് അതിനരികിൽ ഖസാക്ക് എന്ന പേര് ആലേഖനം ചെയ്തു. മുറ്റത്തു പുല്ലു വിരിച്ച് വിജയന്റെ അർധകായ ശിൽപ്പം സ്ഥാപിച്ചു. കളപ്പുരയുടെ നിലവും മേൽക്കൂരയുമൊക്കെ പഴമ കളയാതെ വൃത്തിയാക്കി. വരാന്തയിലും മുറികളുടെ ചുമരിലും വിജയന്റെ ഫോട്ടോകളും വിജയൻ വരച്ച കാർട്ടൂണുകളും തൂക്കിയതോടെ രാഘവൻ നായരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ കളപ്പുര ‘ഒ.വി. വിജയൻ സ്മാരക’മായി മാറി. പട്ടികയും ഓടും കഴുക്കോലും ‘ചില്ലോടു’മൊക്കെ പഴയതുപോലെ നിലനിർത്തിയാണ് നവീകരണം നടത്തിയത്. റാന്തൽ വിളക്കും നെല്ലു വാരാൻ ഉപയോഗിച്ചിരുന്ന മുറങ്ങളും ഇറയത്തു തൂക്കിയിട്ടുണ്ട്. നെല്ലു നിറയ്ക്കാനായി നിർമിച്ച നടുമുറിയിലാണ് ഒ.വി. വിജയനെക്കുറിച്ചുള്ള വിഡിയോ പ്രദർശനം.

വിജയൻ താമസിച്ചിരുന്ന കാലത്ത് കളപ്പുരയുടെ പിന്നാമ്പുറത്തു കാടു പിടിച്ചു കിടന്ന അമ്പതു സെന്റു സ്ഥലം സ്മാരകത്തിന്റെ ഭാഗമാക്കാനായി വിലയ്ക്കു വാങ്ങി. ഖസാക്ക് കാണാനെത്തുന്നവർക്ക് തസ്രാക്ക് കണ്ടാസ്വദിക്കാനായി അവിടെ മൂന്നു പവലിയനുകൾ ഒരുക്കി. വിജയന്റെ നോവലുകളായ മധുരം ഗായതി, ഗുരുസാഗരം, ധർമപുരാണം എന്നിങ്ങനെയാണ് പവലിയനുകളുടെ പേര്. അവിടെയിരുന്നാൽ, അള്ളാപ്പിച്ച മൊല്ലാക്കയുടെ കബറിനു മുകളിൽ നൈസാമലി ചന്ദനത്തിരികൾ കുത്തിയ പള്ളിക്കാട് കാണാം. അതിനു ചുറ്റുമുള്ള സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്.

ltr 5

ഓലക്കുടിലുകളും കളപ്പുരയും മാത്രമുണ്ടായിരുന്ന സ്ഥലമായിരുന്നു പഴയ തസറാക്ക്. മൈലാഞ്ചിക്കാടുകളും കരിമ്പനകളും നിറഞ്ഞ പ്രദേശം. കന്നു മേയ്ച്ചും നിലമുഴുതും കിട്ടുന്ന ദിവസക്കൂലിയിൽ ജീവിച്ചിരുന്ന പാവങ്ങളായിരുന്നു ഇവിടുത്തുകാർ. സ്കൂൾ അധ്യാപകനായി എത്തിയ വിജയൻ അവരുടെ ജീവിതത്തിൽ നിന്നൊരു കഥ മെനഞ്ഞു. ഒരു അധ്യാപകൻ മാത്രമുണ്ടായിരുന്ന സ്കൂളിൽ പഠിക്കാനെത്തിയ കുട്ടികളും രക്ഷിതാക്കളും അവരുടെ നിഷ്കളങ്കതയും കഥയുടെ പശ്ചാത്തലത്തെ പ്രശസ്തമാക്കി. പിൽക്കാലത്ത്, വീടൊഴിഞ്ഞ് വിജയൻ പോയതു പോലെ തസ്രാക്കിലെ ഏകാധ്യാപക വിദ്യാലയവും അപ്രത്യക്ഷമായി... കളപ്പുരയും അറബിക്കുളവും പള്ളിയും കഥാപാത്രങ്ങളും ബാക്കിയായി.


എഴുത്തുകാർക്കൊരു തീർഥാടനം

ltr 4

ltr 8

കളപ്പുരയുടെ കിഴക്കു ഭാഗത്ത് പാടവരമ്പത്തേക്കു വഴി വെട്ടിയിട്ടുണ്ട്. ഇതിഹാസത്തിൽ പറയുന്ന അറബിക്കുളത്തിനരികിലാണ് റോഡ് അവസാനിക്കുന്നത്. ഉച്ച വെയിലിൽ നീലയും പച്ചയും പീതയുമായി സോപ്പിൻ കുമിളകൾ ചിമ്മി മിഴിക്കുന്ന മിഴികളുമായി മൈമൂന കുളിക്കാനിറങ്ങിയ പൊയ്കയാണ് അറബിക്കുളം. ഒരു ചിരി കടിച്ചമർത്തി ഖസാക്കിലെ യാഗാശ്വമായി നടുപ്പറമ്പിലൂടെ അവൾ പറന്നു നടന്നുവെന്നാണ് വിജയൻ എഴുതി വച്ചിട്ടുള്ളത്. കളപ്പുരയിൽ നിന്നു കുളക്കടവിലേക്ക് പുതിയ വഴി വെട്ടിയിട്ടുണ്ട്. ടൈലുകൾ പാകിയ നടപ്പാതയുടെ ഇരുവശത്തും മൈമൂനയും മറ്റു കഥാപാത്രങ്ങളും ശിലാശിൽപ്പങ്ങളായി നിൽക്കുന്നു. അതിനോടു ചേർന്നു കിടക്കുന്ന അൻപതു സെന്റ് പാടം വാങ്ങി കോട്ടേജുകൾ നിർമിച്ച് എഴുത്തുകാർക്ക് താമസിക്കാൻ ഇടമൊരുക്കാനുള്ള പദ്ധതിയിലാണ് സ്മാരക സമിതി സെക്രട്ടറി അജയൻ. ‘‘ഇരുനൂറ്റൻപതു പേർക്ക് ഇരിക്കാവുന്ന ഹാൾ തുറന്നു. പവലിയനുകളുടെ നിർമാണം പൂർത്തിയാക്കിയപ്പോഴാണ് ആളുകൾ വന്നു തുടങ്ങിയത്. പാലക്കാടിലൂടെ കടന്നു പോകുന്ന യാത്രികർക്ക് രണ്ടു മണിക്കൂർ നേരം സുഖകരമായി ചെലവഴിക്കാവുന്ന സ്ഥലമാണ് തസറാക്ക്. ഉടനെ വേണ്ടത് ഒരു കോഫി ഷോപ്പും കോട്ടേജുമാണ്. രണ്ടും ഉടൻ തന്നെ നിർമാണം ആരംഭിക്കും’’ സ്കൂളുകളിൽ നിന്നുള്ള പഠനയാത്രാ സംഘങ്ങൾ ഉൾപ്പെടെ ദിവസേന നൂറിലേറെ പേർ വന്നുപോകുന്ന ഒ.വി. വിജയൻ സ്മാരകത്തിലെ പുതിയ പദ്ധതികൾ അജയൻ വിശദീകരിച്ചു.

ltr 9

വിജയൻ വന്നില്ലെങ്കിൽ കിഴക്കൻ പാലക്കാട്ടെ മറ്റു ഗ്രാമങ്ങളെപ്പോലെ തസറാക്കും ആരാലും അറിയപ്പെടാതെ കിടക്കുമായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിനു പശ്ചാത്തലമായ ഗ്രാമം എന്ന പ്രശസ്തിയിൽ തസറാക്കിനെ എല്ലാവർക്കും അറിയാം. കാലം ഇനിയുമെത്ര കഴിഞ്ഞാലും ആ പേരും പെരുമയും നിലനിൽക്കുംവിധം വിജയൻ താമസിച്ച വീടും പരിസരവും സന്ദർശക കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളെപ്പോലെ മലയാള സാഹിത്യകാരന്മാരുടെ സ്മാരകങ്ങളും സഞ്ചാരികളുടെ പട്ടികയിലേക്കു കയറുന്നതിന്റെ തുടക്കം വിജയനിലായതു മറ്റൊരു നിയോഗമായിരിക്കാം.

ഇതിഹാസകാരാ, നിങ്ങളുടെ പാതയിലൂടെ തസറാക്കിന്റെ ഹൃദയത്തിലേക്ക് ഞങ്ങൾ യാത്രയാരംഭിക്കുകയാണ്. ഷെയ്ഖ് തങ്ങൾക്കു കുമ്പിടാൻ, ഖസാക്കിലെ പഴന്തലമുറക്കാർ എത്തുന്നിടത്തേക്ക് അല്ലാപ്പിച്ച മൊല്ലാക്കയെ യാത്രയാക്കിയ പോലെ ഒരു ഇതിഹാസത്തോളം ഓർമകൾ ഞങ്ങൾക്കൊപ്പമുണ്ട്. ഈ യാത്ര ധന്യമാവാൻ അതുമതി, അതു മാത്രം മതി...



Tags:
  • Manorama Traveller