Saturday 26 February 2022 02:52 PM IST : By Dipin Augustine

ഗംഗ ഉത്ഭവിക്കുന്ന ദേവഭൂമിയിലൂടെ ഈ സഞ്ചാരം; ഋഷികേശ് മുതൽ ചെപ്ത വരെ

uttarakhand-travel-ganga-river-cover ഗംഗ നദി ഋഷികേശിൽ

രുദ്രാക്ഷം കോർത്തുണ്ടാക്കിയ മാല പോലെ ഹൃദയത്തിനു കുറുകെ അണിയാനുള്ള അനുഭവങ്ങളുടെ തനിയാവർത്തനമാണ് ഉത്തരാഖണ്ഡിലൂടെയുള്ള സഞ്ചാരം. ഋഷികേശ്, ഗംഗാനദിയിലെ സ്നാനഘട്ടുകൾ, തുംഗനാഥ്, ചോപ്ത, ദേവരിയ തടാകം... കാഴ്ചയുടെ ചങ്ങല അനാദിയായ പ്രപഞ്ചത്തിലേക്കു നീണ്ടു കിടക്കുന്നു. ഓരോ തവണയും ഉത്തരാഖണ്ഡിലെത്തുമ്പോൾ പുതുതായി എന്തെങ്കിലും കാണാനാകുമെന്ന് ഉറപ്പാണ്. ബദരീനാഥ്, കേദാർനാഥ്, വാലി ഓഫ് ഫ്ളവേഴ്സ്, തുംഗനാഥ്, ദേവരിയ തടാകം... ഇതാണ് ഈ യാത്രയുടെ റൂട്ട്. ഉത്തരാഖണ്ഡിലെ പ്രശസ്തമായ സന്ദർശക കേന്ദ്രം ഋഷികേശാണ്. അവിടത്തെ ഏറ്റവും വലുതും മനോഹരവുമായ സ്നാനഘാട്ടാണ് ത്രിവേണി. ഋഷികേശ് ബസ് സ്റ്റാൻഡിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് ത്രിവേണി. സൂര്യോദയത്തിനു മുൻപ് എത്തിയതിനാൽ ഘാട്ടുകളിൽ കുറച്ചു സന്യാസികളേ ഉണ്ടായിരുന്നുള്ളൂ. വെളിച്ചം പരന്നാൽ ഇവിടം പാപമോക്ഷം തേടി ഗംഗയിൽ മുങ്ങാനെത്തുന്നവരുടെ തിരക്കിനു വഴിമാറും.

uttrakhand-ganga-banks ത്രിവേണിഘാട്ട്

ത്രിവേണിഘട്ടിന്റെ എതിർഭാഗത്ത് ഗംഗയുടെ തീരം കാടാണ്. ഹിമാലയത്തിൽ ഉത്ഭവിച്ച് ഉത്തരേന്ത്യൻ സമതലങ്ങളെ തഴുകി ബംഗാൾ ഉൾക്കടലിൽ ലയിക്കുന്നു പുണ്യ പുരാതന ഗംഗ. മലയേയും ഗംഗാനദിയേയും തഴുകിയെത്തുന്ന തണുത്ത കാറ്റിന്റെ ചൂളം വിളിയാണ് ഋഷികേശിന്റെ പുലർകാല ഗീതം. ഭഗീരഥൻ എന്ന ഋഷി പൂർവപിതാക്കളുടെ പാപമോക്ഷത്തിനായി നടത്തിയ കഠിന തപസ്സാണ് ഗംഗാനദിയുടെ ഐതിഹ്യം. പരമശിവൻ സ്വന്തം ജടയിൽ ഒളിപ്പിച്ച് ഗംഗയെ സ്വർഗത്തിൽ നിന്നു ഭൂമിയിലെത്തിച്ചു. പിൽക്കാലം ജ‍ടയിൽ നിന്നുത്ഭവിച്ച് പാപങ്ങളൊഴുക്കിയ ഗംഗ പ്രപഞ്ചത്തിന് അനുഗ്രഹമായി. ഗംഗാധരൻ എന്നു പരമശിവനെ വിശേഷിപ്പിക്കുന്നതിനു വഴിയൊരുക്കിയ കഥ ഇതാണ്.

പൂർവികർ കൈമാറിയ പുരാണങ്ങളിലൂടെയൊഴുകുന്ന ഗംഗയുടെ തീരത്ത് എല്ലാ ദിവസവും വൈകിട്ട് ആരതിയുണ്ട്. ത്രിവേണി ഘാട്ട്, രാംജ്ജൂല ഘട്ട്, ലക്ഷ്മൺ ജ്ജൂല ഘട്ട്, പരാമർഥനികേതൻ ഘട്ട് എന്നിവിടങ്ങളിലെ ആരതി പ്രശസ്തമാണ്. സ്നാനഘട്ടുകളിൽ ചെരാതുകൾ തെളിച്ചുള്ള പ്രാ‍ർഥനയാണ് ആരതി. ഗംഗാ സേവാ സമിതിയാണ് ഇതു നടത്തുന്നത്.

uttrakhand-ganga-arathi ഗംഗ ആരതി

ഫ്രീക്കന്മാരുടെ’ ആശ്രമം

ഉത്തരാഖണ്ഡിലെത്തുന്നവരെ പാശ്ചാത്യ സംഗീതത്തിന്റെ പൂർവകാലത്തേക്കു നയിക്കുന്ന ഒരു ആശ്രമം ഋഷികേശിലുണ്ട്. രാംജ്ജൂലയിൽ നിന്നു വലത്തോട്ട് ഒരു കി.മി. നടന്നാൽ ബീറ്റിൽസ് ആശ്രമത്തിലെത്താം. ഗംഗയുടെ കിഴക്കൻ തീരത്താണ് ബീറ്റിൽസ് ആശ്രമം. ‘ചൗരസ്യ കുടിയഠ എന്നാണ് ഇത് അറിയപ്പെടുന്നത്. 84 ധ്യാന കൂടാരങ്ങളെയാണ് ചൗരസ്യ കുടിയ അർഥമാക്കുന്നത്. രാജാജി നാഷനൽ പാർക്കിന്റെ ഭാഗമാണ് ഈ ആശ്രമം. 1960 ൽ മഹേഷ്‌യോഗി സ്ഥാപിച്ച 'ഇന്റർനാഷനൽ അക്കാദമി ഓഫ് മെഡിറ്റേഷൻ സെന്റ' ആണ് ബീറ്റിൽസ് ആശ്രമം. മഹേഷ്‌യോഗിയുടെ പ്രബോധനത്തിൽ ആകൃഷ്ടരായി ഇംഗ്ലിഷ് റോക്ക് ബാൻഡ് ആയ "ബീറ്റിൽസ് " അംഗങ്ങൾ ജോൺ ലെനൻ, പോൾ മക്കാർട്നി, ജോർജ് ഹാരിസൺ, റിംഗോ സ്റ്റാർ എന്നിവരടങ്ങുന്ന ഈ സംഘം ധ്യാനം പരിശീലിക്കാൻ എത്തി. അതോടെയാണ് ആശ്രമം ലോകശ്രദ്ധ നേടിയത്.

uttrakhand-beetiles-temple ബീറ്റിൽസ് ആശ്രമം

ഗംഗാ നദിയുടെ തീരത്ത് 14 ഏക്കറിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. പഴയ ക്ഷേത്രം, അന്തേവാസികൾക്ക് താമസിക്കാനുള്ള കെട്ടിടങ്ങൾ, ബംഗ്ലാവുകൾ, അടുക്കള, ലൈബ്രറി, ധ്യാന പരിശീലന കൂടാരങ്ങൾ എന്നിവ ഉൾപ്പെടുന്ന നിരവധി കെട്ടിടങ്ങളും അവിടെയുണ്ട്. നൂറുകണക്കിന് സന്ദർശകർ ദിവസവും എത്തുന്ന, രാജ്യാന്തര പ്രശസ്തി നേടിയ ആശ്രമത്തിന്റെ ഭൗതിക അവശിഷ്ടം മാത്രമാണ് അവശേഷിക്കുന്നത്.

uttrakhand-beetiles-temple-hall ബീറ്റിൽസ് ആശ്രമത്തിലെ തകർന്ന കെട്ടിടം

ഗംഗാനദി ഉദ്ഭവിക്കുന്ന ദേവപ്രയാഗ്

രണ്ടാമത്തെ ദിവസം ഋഷികേശിനോടു യാത്ര പറഞ്ഞ് രുദ്രപ്രയാഗിലേക്കു ബസ് കയറി. ചോപ്ത എന്ന ഹിമാലയൻ ഗ്രാമമാണു ലക്ഷ്യം. രുദ്രപ്രയാഗിൽ നിന്നു പുറപ്പെട്ട് ഉഖിമത് ഗ്രാമത്തിൽ ചെന്ന് അവിടെ നിന്നു മറ്റൊരു വാഹനത്തിലാണു ചോപ്തയിലേക്കു പോയത്. ഋഷികേശിൽനിന്നു 140 കിലോ മീറ്റർ അകലെയാണു രുദ്രപ്രയാഗ്. മലകളെ ചുറ്റിയുള്ള ചുരങ്ങളിലൂടെയാണ് റോഡ്. ദേവപ്രയാഗ് ആണ് ഈ യാത്രയിലെ ആകർഷണം. ഗംഗാ നദിയുടെ ഉത്ഭവ സ്ഥാനമാണ് ദേവപ്രയാഗ്. പുണ്യനദികളെന്നു കരുതപ്പെടുന്ന അളകനന്ദയും ഭാഗീരഥി നദിയും സംഗമിച്ചു ഗംഗയായി മാറുന്ന സ്ഥലമാണിത്. ലക്ഷ്യം ദേവരിയ താൽ ആയതിനാൽ ഇക്കുറി അവിടെ ഇറങ്ങിയില്ല. നേരേ ചോപ്തയിലേക്കു നീങ്ങി.

വനഗ്രാമം ചോപ്ത

uttrakhand-choptha-dipin ചോപ്തയിൽ നിന്നുള്ള കാഴ്ച, ലേഖകൻ ഡിപിൻ അഗസ്റ്റിൻ

അക്ഷരാർഥത്തിൽ വനഗ്രാമമാണ് ചോപ്ത. അവിടെ നിന്ന് നാലു കിലോമീറ്റർ ട്രക്കിങ് നടത്തിയാൽ തുംഗനാഥ് ക്ഷേത്രത്തിലെത്താം. ആറാം തവണയാണു ചോപ്ത സന്ദർശിക്കുന്നത്. അവിടത്തുകാരനായ വിക്രം ഭായ് താമസത്തിനു മുറി ഏർപ്പാടാക്കിയിരുന്നു. മുറിയിൽ വൈദ്യുതി കണക്‌ഷൻ ഇല്ല. സോളർ എനർജി ഉപയോഗിച്ചാണ് വിളക്കുകൾ തെളിക്കുന്നത്. രാത്രി 7 മുതൽ 10 വരെയാണ് വിളക്കുകൾ തെളിയുക. ഈ സമയത്തിനുള്ളിൽ ഫോൺ ചാർജ് ചെയ്യണം. 2009 -ൽ പരിചയപ്പെട്ടപ്പോ ൾ മുതൽ സുഹൃത്താണ് ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരനായ വിക്രം. അദ്ദേഹത്തിന് ചോപ്തയിൽ ഒരു ഭക്ഷണശാലയുമുണ്ട്. നേരത്തേ വിക്രമിനെ സഹായിക്കാൻ അദ്ദേഹത്തിന്റെ അമ്മ ഉണ്ടായിരുന്നു. അടുത്തിടെ അമ്മ മരിച്ചു. മുൻപ് അവിടം സന്ദർശിച്ചപ്പോൾ ഭക്ഷണം വിളമ്പിത്തന്ന അമ്മയുടെ വേർപാടിന്റെ ശൂന്യത ആ സ്ഥലത്ത് അനുഭവപ്പെട്ടു. നാളെ പുലർച്ചെ മൂന്നരയ്ക്ക് ചന്ദ്രശിലയിലേക്ക് പോകണം – വിക്രമിനോടു ഗുഡ്നൈറ്റ് പറഞ്ഞു.