Thursday 02 September 2021 03:07 PM IST

ചപ്പാത്തിപായസം രുചിച്ചിട്ടുണ്ടോ? കളിമണ്ണിൽ ചുട്ടെടുത്ത കോഴിയും മഴവിൽ നിറമുള്ള ചപ്പാത്തിയും കഴിച്ചാലോ!

V R Jyothish

Chief Sub Editor

chappathi 6

‘റാംജി റാവു സ്പീക്കിങ്’ എന്ന സിനിമ പോലെയായിരുന്നു ആ ചപ്പാത്തിക്കടയും! അന്നത്തെ പുതുമുഖങ്ങൾ അഭിനയിച്ച റാംജി റാവു സ്പീക്കിങ്’ വളരെ നല്ല സിനിമയാണെന്ന അഭിപ്രായം കേട്ടതിനുശേഷമാണ് പലരും ആ സിനിമ കണ്ടതും തലയറഞ്ഞ് ചിരിച്ചതും. അങ്ങനെ ചിരിച്ചു ചിരിച്ച് സിനിമ സൂപ്പർ ഹിറ്റായി. അതുപോലെയായിരുന്നു ചപ്പാത്തി കാസയുടെ കാര്യവും. ചപ്പാത്തി വളരെ നല്ലതാണെന്നു പറഞ്ഞു പറഞ്ഞ് ചപ്പാത്തി കാസയും വൻഹിറ്റായി. നിറഞ്ഞ സദസിൽ ചപ്പാത്തി കാസ ഇപ്പോഴും പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു.

തിരുവനന്തപുരത്ത് തൈക്കാട് ഗവൺെമന്റ് ആശുപത്രിക്കു മുന്നിലാണ് ഹിമാസ് ചപ്പാത്തി കാസ, വിവിധ നിറങ്ങളിൽ മഴവില്ലു പോലെ മനോഹരമായ ചപ്പാത്തികളാണ് ഇവിടെ നിന്നു ലഭിക്കുന്നത്. ഹിമാസ് ചപ്പാത്തി കാസയിൽ ചപ്പാത്തി വാങ്ങാൻ വരുന്നവർ ഒരുപക്ഷേ അറിയുന്നുണ്ടാവില്ല ഓസ്ട്രേലിയയിലെ വെസ്‌റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ബി. എയും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും നേടിയ ഒരാളാണ് ചപ്പാത്തി പൊതിഞ്ഞു കൊടുക്കുന്നതെന്ന്.

കാസാ എന്ന ഇറ്റാലിയൻ വാക്കിന് വീട് എന്നാണർഥം. ശരിക്കും ചപ്പാത്തിയുെട വീടു തന്നെയാണിത്. അത്രയ്ക്കും വ്യത്യസ്തയുണ്ട് ഇവിടെ ചപ്പാത്തിക്ക്. ഈ ടേക്ക് എവേ കൗണ്ടറിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ട്. പേരുപോലെ ചപ്പാത്തിയാണ് കൗണ്ടറിന്റെ ഹൈലൈറ്റ്. നൂറോളം വ്യത്യസ്തരുചിയുള്ള ചപ്പാത്തികൾ. അതുമാത്രമല്ല ഒരു പെൺകുട്ടിയുടെ നിശ്ചയദാർഡ്യവും വിജയകഥയുമുണ്ട്. അതെല്ലാം കൂടിച്ചേരുമ്പോഴാണ് ഈ ചപ്പാത്തിക്കും കളിമണ്ണിൽ ചുട്ട കോഴിക്കും രുചിയേറുന്നത്.


ടേക്ക് ഓഫ് ടു ചപ്പാത്തി

chappathi 3

ഹിമാസ് ചപ്പാത്തി കാസ എന്ന ടേക്ക് എവേ കൗണ്ടറിലേക്കുള്ള ഹിമയുടെ ടേക്ക് ഓഫ് സംഭവബഹുലമാണ്. തിരുവനന്തപുരത്ത് വെള്ളായണിക്കടുത്ത് കോളിയൂർ രത്നഗിരിയിൽ മണികണ്ഠൻ നായരുടെയും തങ്കത്തിന്റെയും മകളാണ് ഹിമ. വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്ന് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ബിരുദം. അതിനുശേഷം തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയിൽ ജോലി. ആ സമയത്തായിരുന്നു ഹിമയുടെ വിവാഹം. ഭർത്താവ് പ്രവീൺ ലാൻഡ് റവന്യു ഡിപ്പാർട്ടുമെന്റിൽ സർവേയറായി താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഉപരിപഠനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും പരിഗണിച്ചാണ് ഇരുവരും ഓസ്ട്രേലിയയ്ക്ക് പോകാൻ തീരുമാനിക്കുന്നത്.

chappathi 8

കേരളത്തിൽ നിന്ന് ഇരുവരും ഒരുമിച്ച് ഓസ്ട്രേലിയയിലേക്ക് യാത്ര പുറപ്പെടാനൊരുങ്ങുമ്പോഴാണ് അവിചാരിതമായ ആ സംഭവം. സാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവീണിന്റെ യാത്രയ്ക്ക് തടസമുണ്ടായി. സിഡ്നി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടിയ ഹിമയ്ക്ക് പോകാതിരിക്കാനും വയ്യ. അങ്ങനെ ഹിമ ഒറ്റയ്ക്ക് വിമാനം കയറി. പിന്നീട് എട്ടുമാസങ്ങൾക്കു ശേഷമാണ് പ്രവീണിന് ഓസ്ട്രേലിയയിൽ എത്താൻ കഴിഞ്ഞത്. പ്രവീൺ ഇല്ലാതെ ഒറ്റയ്ക്കു കഴിഞ്ഞ എട്ടുമാസമാണ് തന്നിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെന്നു ഹിമ പറയുന്നു. തിരുവനന്തപുരം നഗരം പോലും നന്നായി കണ്ടിട്ടില്ലാത്ത ഹിമയ്ക്ക് ഓസ്ടേ്രലിയയിൽ വേറെ വഴികൾ ഉണ്ടായിരുന്നില്ല. ആ ജീവിതമാണ് പാചകത്തിന്റെ പുതിയ മേഖലയിലേക്കുള്ള വഴി തുറന്നത്.

മറ്റൊരു രാജ്യത്ത് ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയപ്പോൾ പകച്ചുനിൽക്കാതെ ജീവിതത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് ഹിമ. ഹോട്ടലുകളിൽ പാർടൈം ജോലി ചെയ്തും പാചകം പഠിച്ചുമാണ് യൂണിവേഴ്സിറ്റിയിൽ എം.ബി. എ പഠിച്ചത്. ആറേഴു വർഷത്തെ പ്രവാസത്തിനുശേഷം കഴിഞ്ഞ വർഷമാണ് ഹിമയും പ്രവീണും കേരളത്തിൽ തിരിച്ചെത്തിയത്. സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം എം.ബി. എ, പഠനത്തിന്റെ ഭാഗം തന്നെയായിരുന്നു. വേറിട്ട എന്തെങ്കിലുമൊരു തൊഴിൽ സ്വന്തമായി ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് ചപ്പാത്തി കാസ പിറക്കുന്നത്. പുറത്തു നിന്നുള്ള ജോലിക്കാർ കുറവാണ്. രണ്ടുപേരും ചേർന്നാണ് കാസയിലെ പ്രവർത്തനം.


മഴവില്ലു പോലെ മനോഹരമായ ചപ്പാത്തികൾ.

chappathi 5

രുചിയുടെ വേറിട്ട പരീക്ഷണങ്ങളാണ് ഹിമയെ ചപ്പാത്തിയുടെ ലോകത്ത് എത്തിച്ചത്. മഴവില്ലു പോലെ മനോഹരമായ നിറങ്ങളിൽ റോസാപ്പൂവു പോലെ മൃദുലമായ ചപ്പാത്തികളാണ് ഇവിടുത്തെ പ്രത്യേകത. റോസാപ്പൂവ്, താമരപ്പൂവ്, താമരയില, ചെമ്പരത്തിപ്പൂവ് ചക്കരക്കൊല്ലി, കൊടങ്ങൽ, തുമ്പ ഇല, മുക്കൂറ്റിയില, തുളസി, ചീര, മുരിങ്ങയില, തക്കാളി, കണിക്കൊന്ന കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ ചപ്പാത്തിക്ക് ഉപയോഗിക്കുന്നത് പ്രത്യേക പാചകരീതിയിലാണ്.

ഉപയോഗിക്കുന്ന സാധനങ്ങൾക്ക് അനുസരിച്ച് ചപ്പാത്തിയുടെ നിറവും മാറും. പച്ചചീരയാണെങ്കിൽ ചപ്പാത്തിക്ക് ഇളംപച്ച നിറമായിരിക്കും. കാരറ്റ് ചപ്പാത്തിയാണെങ്കിൽ ഇളം ചുമപ്പ്, കൊടങ്ങൽ ഇല കൊണ്ടുള്ള ചപ്പാത്തിക്ക് പച്ച. അങ്ങനെ വിവിധനിറങ്ങളിലുള്ള പച്ചാത്തി ഇവിടെ റെഡിയായിരിക്കുന്നു. ആഹാരത്തിൽ ഇലയും കായ്കളും കൂടുതൽ ഉപയോഗിക്കുന്ന ചൈനാക്കാരുടെയും ജപ്പാൻകാരുടെയും പാചകരീതിയാണ് ഹിമയും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമാണ് കാസയിലെ വർണ ചപ്പാത്തികൾ. പൂവുകളിലും ചിലതരം ഇലകളിലും ഉള്ള വിഷാംശത്തെ പൂർണ്ണമായും ഒഴിവാക്കിയാണ് ചൈനാക്കാർ പാചകം ചെയ്യുന്നത്. ആ പരമ്പരാഗതരീതിയാണ് ഹിമാസ് ചപ്പാത്തി കാസയുടെ ആരോഗ്യരഹസ്യം. ഇലയും പൂവും കായും ഒക്കെയായി നൂറോളം വിവിധരീതിയിലുള്ള ചപ്പാത്തികൾ ഹിമയുടെ ശേഖരത്തിലുണ്ട്. എന്നാൽ ആവശ്യാനുസരണം മാത്രമേ അത് ഉണ്ടാക്കാറുള്ളു. ഗോതമ്പു മാവാണ് അടിസ്ഥാനം. ബാക്കി ചേരുവകൾ ഇന്ത്യൻ രീതിയിലല്ല പാചകം ചെയ്യുന്നതാണ് എന്നതാണ് ഹിമാസ് ചപ്പാത്തി കാസയുെട രഹസ്യം.


ഹോൾമീൽ ചപ്പാത്തികൾ

chappathi 2

ഒട്ടുമിക്ക ഹോട്ടലുകളിലും ചപ്പാത്തി ഉണ്ടാക്കുന്നത് ആട്ട കൊണ്ടാണ്. പത്തു കിലോ ആട്ടയ്ക്ക് രണ്ടു കിലോ പാംഓയിൽ ആണ് കണക്ക്. വീടുകളിലും ചപ്പാത്തിക്ക് ആട്ടയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഹിമ ചപ്പാത്തിക്കുള്ള മാവ് ഉണ്ടാക്കുന്നതുപോലും വലിയൊരു ജോലിയാണ്. തിരുവനന്തപുരത്ത് ചാലയിെല ചില കടക്കാരെക്കൊണ്ട് ഗോതമ്പു വരുത്തിക്കുകയാണു പതിവ്. ഗോതമ്പ് വീട്ടിൽ കൊണ്ടു വന്ന് നന്നായി കഴുകും. വീടിന്റെ ടെറസിൽ ഈറകൊണ്ടുള്ള പായയിൽ ഇട്ടാണ് ഉണക്കുന്നത്. നന്നായി ഉണങ്ങിയ ഗോതമ്പ് മില്ലിൽ പൊടിച്ച് തവിടു കളയാതെയാണ് ചപ്പാത്തി ഉണ്ടാക്കുന്നത്. ധാന്യങ്ങളുടെ തവിട് കളയാതെ പൊടിച്ചെടുക്കുന്നതിനെ ഹോൾമീൽ എന്നു പറയുന്നു. രാജ്യാന്തര തലത്തിൽ ഏറെ പ്രാധാന്യമുണ്ട് ഹോൾമീൽ സമ്പ്രദായത്തിന്. ‘ െഹൽതി ഫുഡിന്റെ രാജ്യാന്തര നിർവചനത്തിനുള്ളിൽ വരുന്നതാണ് ഹോൾമീൽസ്. േഹാൾമീൽ മാത്രമല്ല ഓയിൽലെസ്സ് പാചകരീതിയാണ് ഹിമ പിന്തുടരുന്നത്. രുചി കൂട്ടാൻ ചപ്പാത്തിയിൽ കൂടുതൽ എണ്ണ ചേർത്ത് മയപ്പെടുത്തുക എന്ന രീതി ഇവിടെയില്ല. പലപ്പോഴും എണ്ണ ഉപയോഗിക്കാതെയാണ് ചപ്പാത്തി ഉണ്ടാക്കുന്നതുപോലും.


ചുട്ടെടുക്കൽ പ്രാചീനമായ പാചകകല

chappathi 7

ഓസ്ട്രേലിയൻ ഹോട്ടലിൽ സഹപ്രവർത്തകനായിരുന്ന ചൈനാക്കാരൻ ജയ്– ചായ് യിൽ നിന്നാണ് ആഹാരത്തിന്റെ ചുട്ടെടുക്കൽ രീതി ഹിമ മനസിലാക്കുന്നത്. ഏറ്റവും പ്രാചീനമായ പാചകരീതിയാണ് ചുട്ടെടുക്കൽ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ രീതിയിൽ ആഹാരം ചുട്ടെടുക്കുന്ന രീതിയുണ്ട്. ലോകത്ത് മിക്കയിടങ്ങളിലും മണ്ണിലാണ് ആഹാരസാധനങ്ങൾ ചുട്ടെടുക്കുന്നത്. എന്നാൽ ചൈനാക്കാരാണ് കൂടുതലായും കളിമണ്ണിൽ ചുട്ടെടുക്കുന്ന സമ്പ്രദായം അവലംബിക്കുന്നത്. ജയ് – കായ് യിൽ നിന്നു കിട്ടിയ കളിമണ്ണ് പാചക സമ്പ്രദായം മലയാളിരുചിയിലേക്ക് മാറ്റിയപ്പോഴാണ് ചപ്പാത്തികാസയിലെ കളിമണ്ണിൽ ചുട്ട കോഴി പിറന്നത്.

കോഴിയിറച്ചിയിൽ കേരളമസാലകൾ ചേർത്താണ് കളിമണ്ണിൽ ചുട്ടെടുക്കുന്നതെങ്കിലും ഹിമയുെട നിരന്തരമായ പരീക്ഷണങ്ങൾ രുചി വർദ്ധിപ്പിക്കുന്നു. രുചി കൂട്ടാൻ വേണ്ടി കൃത്രിമചേരുവകൾ ഒന്നും ചേർക്കാറില്ല. അതിനുകാരണം രുചിയെക്കാളുപരി ഗുണത്തിനുവേണ്ടിയാണ് ആഹാരസാധനങ്ങൾ ചുട്ടെടുക്കുന്നത് എന്നതുതന്നെ. രുചി കൂട്ടാനുള്ള കെമിക്കലുകൾ ചേർത്ത് ആ ഗുണം കുറയ്ക്കാൻ ഹിമ തയ്യാറല്ല. ‘കഴിക്കുന്ന ആഹാരമാണ് ആയുസിന്റെ രഹസ്യം’ എന്നൊരു ചൈനീസ് പഴമൊഴിയുണ്ട്. പഴമൊഴി പോലെ തന്നെ ചൈനാക്കാർക്ക് കൂടുതൽ ആയുസുമുണ്ട്. അതിന് ഒരുകാരണം മണ്ണിൽ ചുട്ടെടുക്കുന്ന പോലെയുള്ള പാചകരീതി ആയിരിക്കണം.

കോഴിക്കു പുറമേ കളിമണ്ണിൽ ചുട്ടെടുക്കുന്ന വിഭവങ്ങൾ വേറെയുമുണ്ട് കാസയിലെ മെനുകാർഡിൽ. പല തരത്തിലുള്ള മീൻ, താറാവ്, സോയ, കോളിഫ്ലവർ, വെജിറ്റബിൾസ് തുടങ്ങിയവ ഇവിടെ കളിമണ്ണിൽ ചുട്ടു കൊടുക്കുന്നു. കേരളമസാലകളാണ് ഇവയ്ക്കും ഉപയോഗിക്കുന്നതെങ്കിലും പാചകരീതി ചൈനീസാണ്. അതാണ് കളിമണ്ണിൽ ചുട്ടെടുക്കുന്ന ഈ രുചികളെ വ്യത്യസ്തമാക്കുന്നതും.

വാഴയില വാട്ടിയെടുത്ത് അതിൽ ചുടാനുള്ള ചേരുവകൾ ഒരു പ്രത്യേക രീതിയിൽ കെട്ടിവയ്ക്കും. അത് അലൂമിനിയം പേപ്പറിൽ പൊതിഞ്ഞാണ് കളിമണ്ണു പൂശുന്നത്. കളിമണ്ണ് പ്രത്യേക കനത്തിലാണ് പൂശുന്നത്. കളിമണ്ണു പൂശുന്ന കനമാണ് വേവിന്റെ മാനദണ്ഡം. ഇരുമ്പ് അടുപ്പിലോ ചൂളയിലോ ആണ് കളിമണ്ണിൽ പൊതിഞ്ഞവ ചുട്ടെടുക്കുന്നത്. വിറകിന്റെ ചൂടിൽ മാത്രമേ കളിമണ്ണ് വെന്ത് കിട്ടു. എല്ലാവശവും ഒരുപോെല വേവിക്കുക എന്നതും കളിമണ്ണു ചുടുന്നതിന്റെ രുചിരഹസ്യങ്ങളിൽ ഒന്നാണ്. ചുട്ടെടുക്കുന്നതിനുള്ള ചൂള വീട്ടിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ചുട്ട കളിമൺവിഭവങ്ങൾ അതുപോലെ കൊണ്ടു വന്നു കൊടുക്കുകയാണു പതിവ്, ചുട്ട വിഭവങ്ങൾക്ക് തലേ ദിവസമേ ഓർഡർ ചെയ്യണം. എട്ടു മണിക്കൂർ വേണം കളിമണ്ണിൽ സാധനങ്ങൾ ചുട്ടെടുക്കാൻ. രാവിലെ തുടങ്ങുന്ന ചുട്ടെടുക്കൽ ഉച്ച കഴിയും പൂർത്തിയാക്കാൻ. അതുകൊണ്ടാണ് വൈകുന്നേരം അഞ്ചു മണി മുതൽ കട തുടങ്ങുന്നത്.


ചപ്പാത്തിപ്പായസം; ലോകത്ത് ആദ്യമായി.

chappathi 1

ചപ്പാത്തി കാസയിെല പ്രധാന ആകർഷണങ്ങളിലൊന്ന് ചപ്പാത്തിപായസമാണ്. ചപ്പാത്തി കൊണ്ടുള്ള വിവിധ പരീക്ഷണങ്ങൾക്കൊടുവിലാണ് ഹിമ ചപ്പാത്തിപ്പായസത്തിൽ എത്തിപ്പെട്ടത്. ചപ്പാത്തി ഇളംചൂടിൽ ചുട്ടെടുത്തതാണ് അരിഅടയ്ക്കു പകരമായി ഉപയോഗിക്കുന്നത്. തെക്കൻകേരളത്തിൽ പ്രചാരത്തിലുള്ള പാലട പ്രഥമനാണ് ചപ്പാത്തിപ്പായസത്തിന്റെ അടിസ്ഥാനം. പാലും പഞ്ചസാരയുമാണ് പാലടയുടെ പ്രധാനചേരുവ. ചപ്പാത്തിപ്പായസത്തിെലയും പ്രധാനചേരുവ ഇതുതന്നെ.ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി പ്രതേ്യകരീതിയിൽ മൂപ്പിച്ചെടുത്താണ് പായസത്തിനു ഉപയോഗിക്കുന്നത്. ഇതും ചപ്പാത്തി കാസയുടെ മാത്രം പ്രത്യേകത. ചപ്പാത്തി പായസം പോലെ തന്നെ ചപ്പാത്തികൊണ്ടുള്ള ചിപ്സും കാസയിൽ ആൾക്കാർ ആവശ്യപ്പെടുന്ന ഐറ്റമാണ്. കാസയിൽ എണ്ണ ഉപയോഗിച്ച് ഉണ്ടാക്കുന്ന അപൂർവം ഇനങ്ങളിൽ ഒന്നാണ് ചപ്പാത്തിചിപ്സ്. ചപ്പാത്തി കഷ്ണങ്ങളാക്കി എണ്ണയൊഴിച്ച് വറുത്തെടുത്തല്ല ചപ്പാത്തി ചിപ്സ് ഉണ്ടാക്കുന്നത്. അതിനുമുണ്ട് ഒരു ചൈനീസ് ടച്ച്.അതുപക്ഷേ രഹസ്യമെന്ന് ഹിമ. ടേക്ക് എവേ ഔട്ട്ലെറ്റായ ചപ്പാത്തികാസയിലേക്ക് പാർസൽ വാങ്ങാൻ വരുന്നവരോട് ഹിമ ഒരുകാര്യമേ ആവശ്യപ്പെടുന്നുള്ളു; ‘ഇനി വരുകയാെണങ്കിൽ വീട്ടിൽ നിന്ന് പാത്രം കൂടി കൊണ്ടുവരണം അത്രയ്ക്കും പ്ലാസ്റ്റിന്റെ ഉപയോഗം കുറയ്ക്കാമല്ലോ?’ ആഹാരം നൽകുക എന്നതിലുപരി ആരോഗ്യമുള്ള ആഹാരം നൽകുക എന്നതാണ് ഹിമയുടെ പോളിസി ‘കാസയിലെ ചപ്പാത്തികൾക്ക് ഒരു വിശ്വാസ്യതയുണ്ട്. ടേസ്റ്റി ഫുഡ് എപ്പോഴും ഹെൽതി ഫുഡ് ആയിരിക്കില്ല എന്ന യാഥാർഥ്യം ഹിമ മനസിലാക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ വെള്ളം ചേർക്കുന്ന ഈ പ്രവണതയ്ക്കു നേരെയുള്ള പ്രതിരോധം കൂടിയായിരുന്നു ചപ്പാത്തി കാസ.

കേരളത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ ഉള്ള സ്ഥലങ്ങളിലൊന്നാണ് തിരുവനന്തപുരം. അവിടെ ചപ്പാത്തി കൊണ്ടുമാത്രം പിടിച്ചുനിൽക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ടാണ് ചുട്ട കോഴിയും ചപ്പാത്തിപായസവും ചിപ്സുമൊക്കെ പരീക്ഷിച്ചത്. എന്നാൽ ഹെൽതി ഫുഡ് എന്ന സങ്കല്പത്തോട് താത്പര്യമുള്ളവർ തിരുവനന്തപുരത്തുണ്ട് എന്ന വിശ്വാസമാണ് ഹിമയെ ഇങ്ങനെയൊരു പരീക്ഷണത്തിന് പ്രാപ്തയാക്കിയത്. ആ പരീക്ഷണത്തിൽ ഹിമ വിജയിച്ചു. വൈകിട്ട് അഞ്ചു മണിമുതൽ രാത്രി പത്തു മണി വരെയാണ് ഹിമാസ് ചപ്പാത്തി കാസയുടെ പ്രവർത്തനം. സാദാ ചപ്പാത്തിക്ക് അഞ്ചു രൂപയും മറ്റിനം ചപ്പാത്തികൾക്ക് ഏഴു രൂപയുമാണ് വില. ചുട്ടെടുക്കുന്ന സാധനങ്ങൾക്ക് വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണ് വില. കളിമണ്ണിൽ ചുട്ടെടുക്കുന്നതിന്റെയും വേറിട്ട ചപ്പാത്തിയുടെയും വേറിട്ട രുചികൾ തേടിയിറങ്ങുന്നവർ ഇവിടെ വരുന്നു പ്രാചീന സംസ്കൃതിയുടെ ഉപ്പും പുളിയും ആസ്വദിക്കുന്നു. ആരോഗ്യമുള്ള ആഹാരം കഴിച്ച് തൃപ്തിപ്പെടുന്നു....

(2019 ജൂൺ ലക്കം മനോരമ ട്രാവലറിൽ പ്രസിദ്ധീകരിച്ചത്)


Tags:
  • Manorama Traveller