Monday 20 June 2022 04:44 PM IST : By ഷാലൻ വള്ളുവശ്ശേരി

ചെല്ലാനത്തെ കാറ്റ്, കുമ്പളങ്ങിയിലെ രുചി

chlnm 1

കൊച്ചിയിലെ കായൽത്തീരങ്ങളെ തഴുകിയെത്തുന്ന കാറ്റ് ഇത്തിരി നേരം വിശ്രമത്തിനിറങ്ങുന്ന കടൽത്തീരമാണു ചെല്ലാനം. ചേറു പൊതിഞ്ഞു വരമ്പുണ്ടാക്കിയ പാടങ്ങൾക്കു നടുവിലൂടെ ചെല്ലാനത്തേക്കു നീണ്ടു കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്താൽ ‘മീൻ കെട്ടുകൾ’ കാണാം. തിരുതയും കാരച്ചെമ്മീനും കരിമീനും വളർത്തുന്ന മീൻകെട്ടിനപ്പുറം തിരമാലകൾ അലതല്ലുന്ന ശബ്ദം കേൾക്കാം. ഓലഞ്ഞാലി കുരുവികൾ കൂടുകൂട്ടിയ തെങ്ങുകളും വിവിധ ഇനം പക്ഷികളും അഴകു വിടർത്തുന്ന മനോഹര ഗ്രാമമാണു ചെല്ലാനം. അവിടേക്കു പുറപ്പെട്ടപ്പോൾ വൺഡേ ട്രിപ്പിൽ മറ്റൊരു സ്ഥലം കൂടി ഉൾപ്പെടുത്തി. കേരളത്തിലെ ‘ആദ്യ ടൂറിസം ഗ്രാമം’ എന്നു പ്രശസ്തി നേടിയ കുമ്പളങ്ങി. രുചിവൈവിധ്യമാണ് കുമ്പളങ്ങി ഗ്രാമത്തിന്റെ പ്രധാന ആകർഷണം.

chlnm 2

ചെല്ലാനത്തിന്റെ പ്രവേശന കവാടം അതി മനോഹരമാണ്. കടൽ അലമിറയിടുന്ന മത്സ്യകേന്ദ്രമാണു കൊച്ചിയുടെ തെക്കുഭാഗത്തുള്ള ചെല്ലാനം ബീച്ച്. ചന്തക്കടവ് പാലം കടന്ന് വളവു തിരിയുന്നിടത്ത് തിരമാലകളെ തടയാൻ പാറകൊണ്ടു വേലികെട്ടിയിട്ടുണ്ട്. വേലിയേറ്റം തടയാൻ നിരത്തിയിട്ടുള്ള പാറക്കെട്ടിനു മുകളിൽ നിന്നാൽ തോണിപ്പാട്ടും പാടി മീൻ പിടിക്കാൻ പോകുന്നവരെ കാണാം. തുഴയെറിഞ്ഞു ജീവിതം നെയ്യുന്നവരുടെ നിഴൽ ചെല്ലാനം കടപ്പുറത്തിന്റെ പടിഞ്ഞാറേ കടവിൽ കണ്ടു. കത്തിജ്ജ്വലിക്കുന്ന വെയിലും പകലന്തിയോളം അധ്വാനിക്കുന്ന നാട്ടുകാരും ചെല്ലാനത്തിന്റെ മുഖചിത്രമാണ്.


ചീനവലകളുടെ കായൽത്തീരം

ചെല്ലാനം കടൽത്തീരം കണ്ടതിനു ശേഷം കുമ്പളങ്ങിയിലേക്കു നീങ്ങി. കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴിപുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ – ഇടക്കൊച്ചി താണ്ടി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. ഏതു വഴിക്കു പോയാലും  കുമ്പളങ്ങിയുടെ ഭംഗി ഒരേപോലെയാണ്. നീട്ടിക്കെട്ടിയ ചൂണ്ടയിൽ കൊരുത്തിട്ട കുമ്പളങ്ങ പോലെ കൊച്ചിക്കായലിൽ പൊങ്ങിക്കിടക്കുന്നു കുമ്പളങ്ങി ഗ്രാമം. വെള്ളത്തിൽ മുങ്ങിയ പാടങ്ങളും വള്ളങ്ങളോടുന്ന വെള്ളക്കെട്ടും ഇതിനിടയിലേക്കു ചാഞ്ഞു കിടക്കുന്ന ചീനലവകളും ചേർന്ന് ആകെപ്പാടെ ജഗപൊക.  

chlnm 6

കായലോളങ്ങൾ പാടുമെന്നും അതുകേട്ടാൽ കരയാകെ നീർമുത്തു പൊഴിയുമെന്നും സിനിമാ പാട്ടുകൾ ഉണ്ടായതു വെറുതെയല്ല. നട്ടുച്ച നേരത്ത് ചന്തക്കടവ് വഴി കുമ്പളങ്ങിയിൽ നിന്നു ചെല്ലാനത്തേക്ക് ഒരു യാത്ര നടത്തിയാൽ അതു ബോധ്യമാകും. റോഡിന്റെ രണ്ടരികിലും കിലോമീറ്ററോളം പരന്നു കിടക്കുന്ന കായൽപ്പരപ്പ്. മീൻ വളർത്തുന്ന പാടങ്ങളുടെ വരമ്പുകളിൽ തെങ്ങുകൾ വൈദ്യുതി പോസ്റ്റുകൾക്കു മീതെ തലയുയർത്തി നിൽക്കുന്നു. കൊക്കും കുളക്കോഴിയും മാത്രമല്ല കുമരകത്തു കാണുന്ന പക്ഷികളിൽ ചിലതും വട്ടമിട്ടു പറക്കുന്നു. ഇവിടെയുള്ള കൈത്തോടുകളിൽ കെട്ടിയിട്ട കളിവള്ളവും നാട്ടു വഞ്ചിയും എത്രയോ സിനിമകൾക്കു പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.

കണമ്പും കരിമീനും തിന്നാനുള്ള യാത്രയായി കുമ്പളങ്ങി ടൂറിനെ ഒതുക്കിയില്ലെങ്കിൽ കൂടുതൽ കാഴ്ചകൾ ഉൾപ്പെടുത്തി ഈ സഞ്ചാരം രസകരമാക്കി മാറ്റാം. കുമ്പളങ്ങി പാലത്തിനു താഴെയുള്ള പാർക്കിനു സമീപത്തും സ്വകാര്യ റിസോർട്ടുകളിലും വള്ളങ്ങളും കൈവഞ്ചികളുമുണ്ട്. കായലിന്റെ ഭംഗി ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് വള്ളത്തിൽ കയറി സവാരി നടത്താം. അസ്തമയത്തിനു മുൻപ് വള്ളത്തിൽ കയറി കായലിലൂടെ സഞ്ചരിച്ചാൽ മൂവന്തിച്ചന്തം ആസ്വദിക്കാം. മുഖം ചുവപ്പിച്ച ചക്രവാളത്തിന്റെ പ്രതിബിംബം കായലിൽ തെളിയുന്നത് അതിസുന്ദരമായ ദൃശ്യമാണ്. കായൽ യാത്രയിൽ മീനുമായി ചെറുവള്ളങ്ങൾ തലങ്ങും വിലങ്ങും പായുന്നതു കണ്ടു. ഇതിനിടെ ഒരു കുത്തു വള്ളത്തിൽ രണ്ടു വിദേശികൾ എത്തി. ഫ്രാൻസിൽ നിന്നുള്ള ദമ്പതികളാണ്. ടൂറിസം വില്ലേജ് കാണാൻ വന്നതാെന്നെന്ന് അവർ പറഞ്ഞു.


രുചിപ്പെരുമയാണ് സാറേ അവരുടെ മെയിൻ

chlnm 4

അഞ്ചര കിലോമീറ്ററാണ് കുമ്പളങ്ങി ദ്വീപിന്റെ ചുറ്റളവ്. താമസക്കാർ ഏകദേശം നാൽപ്പത്തയ്യായിരം പേർ. മീനും ഇറച്ചിയുമാണ് കുമ്പളങ്ങിക്കാരുടെ ഇഷ്ട വിഭവങ്ങൾ. കുമ്പളങ്ങി മോഡൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി രൂപീകരിച്ചതോടെ നാട്ടുവിഭവങ്ങൾ ഫെയ്മസായി. ടൂറിസം വില്ലേജിന്റെ മേൽവിലാസം കിട്ടിയ ശേഷം കുമ്പളങ്ങിയിൽ എത്തിയവരാണ് ഈ ഗ്രാമത്തിന്റെ രുചിവൈവിധ്യം പറഞ്ഞു പൊലിപ്പിച്ചത്.

chlnm 5

പണ്ട് കായലിൽ നിന്നു പിടിക്കുന്ന മീനും ഞണ്ടുമായിരുന്നു കുമ്പളങ്ങിക്കാർക്ക് ജീവിത മാർഗം. കാലം മാറി. ടൂറിസം വ്യവസായമായപ്പോൾ കുമ്പളങ്ങിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഹോം േസ്റ്റകൾ വന്നു. അപ്പോഴാണ് പഴയ വിഭവങ്ങൾക്ക് സ്വാദു കൂടിയത്. വാഴയിലയിൽ ചുട്ട താറാവിറച്ചി, ഇലയിൽ പൊള്ളിച്ച കൊഞ്ച്, ചിരട്ടപുട്ട്, കുടൽകറി, പിടി തുടങ്ങിയ വിഭവങ്ങൾക്ക് വലിയ ഡിമാൻഡാണ്.

chlnm 3

കുമ്പളങ്ങിയിൽ രസകരമായ ഒരുപാട് കാഴ്ചളുണ്ട്. എന്നാൽ, എക്കാലത്തും ഓർത്തിരിക്കും വിധം മനസ്സിലും നാവിലും പതിയുന്നത് കരിമീനിന്റെ സ്വാദാണ്. അപ്പോൾ ചെമ്മീനിന്റെയും ഞണ്ടുലർത്തിയതിന്റെയും കാര്യമോ...? കുമ്പളങ്ങിക്കാർ വച്ചുണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആദ്യത്തെ ടൂറിസം വില്ലേജ് എന്ന പ്രശസ്തിപോലെ, കൈപ്പുണ്യം കൈമുതലാക്കിയ നാട് എന്നൊരു വിശേഷണം കൂടി കുമ്പളങ്ങി അർഹിക്കുന്നു..