Wednesday 25 September 2024 12:21 PM IST : By Jacob Paul

കവരടിച്ചു കിടക്കണെണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ ? കായലിൽ തെളിയുന്ന നീലവെളിച്ചത്തിന്റെ പേരാണ് കവര്

Photo: Akhil S. Kiran (Label Knot), Model: Vishbin, Anu Photo: Akhil S. Kiran (Label Knot), Model: Vishbin, Anu

‘‘കവരടിച്ചു കിടക്കണെണ്ട് കൊണ്ടോയി കാണിക്കാൻ പാടില്ലേ ?’’ കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ ബോണിയുടെ ഈ ഡയലോഗിന് ശേഷമുള്ള ദൃശ്യങ്ങൾ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ നിന്ന് ഒരിക്കലും മായില്ല. സിനിമയ്ക്കൊപ്പം ഹിറ്റായ പ്രതിഭാസമാണ് കവര്. രാത്രിയിൽ കായലിൽ തെളിയുന്ന നീലവെളിച്ചത്തിനു കുമ്പളങ്ങിക്കാർ പറയുന്ന പേരാണ് കവര്. ശാസ്ത്രം അതിനെ ബയോലൂമിനസൻസ് എന്നു വിളിക്കുന്നു.

മാർച്ച് ഏപ്രിൽ മാസങ്ങളിലാണ് കവര് തെളിയുക. കായലിൽ ഇളക്കം തട്ടുന്നതോടെ നീല വെളിച്ചമായി ഇവ വെള്ളത്തിന്റെ മുകിൽ തെളിയും. ദൂരെ നിന്നു കാണുമ്പോൾ വെള്ളത്തിനടിയിൽ നീലനിറമുള്ള ബൾബുകൾ തെളിഞ്ഞതാണെന്നു തോന്നും. കുമ്പളങ്ങി നൈറ്റ്സിലൂടെ കവര് പ്രശസ്തമായി. കായലിലെ അദ്ഭുതം കാണാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങി.

കുമ്പളങ്ങിലെ പടിഞ്ഞാറൻ മേഖലകളായ, ആഞ്ഞിലിത്തറ, കല്ലഞ്ചേരി, കുളക്കടവ്, കുട്ടൻവീട് കോളനി എന്നിവിടങ്ങളിലെ ഒഴുക്കില്ലാത്ത കെട്ടുകളിലും മറ്റും കവര് കാണാം. ഇരുട്ടുള്ള സ്ഥലമാണെങ്കിൽ നന്നായി ദൃശ്യമാകും. ബയോലുമിനിസെൻസ് എന്ന പ്രതിഭാസത്തെയാണ് കവര് എന്ന് നാട്ടുഭാഷയിൽ വിളിക്കുന്നത്. ബാക്ടീരിയ, ആൽഗെ പോലെയുള്ള സൂഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. കാണുന്നവർക്ക് ഇത് കൗതുകമാണെങ്കിലും അവയ്ക്ക് ഇത് രക്ഷപ്പെടാനും ഇരപിടിക്കാനുമുള്ള മാർഗമാണ്.

2 kavaru

ചീനവലകളെ മഴ തലോടുമ്പോൾ

കുമ്പളങ്ങിയിൽ എത്തിച്ചേരാൻ രണ്ടു വഴികളുണ്ട്. ചെല്ലാനം കണ്ണമാലി വഴി പുത്തങ്കരി കടന്നാൽ കുമ്പളങ്ങിയെത്താം. അരൂർ ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. ഇതിലേതു വഴിക്കു ചെന്നാലും കുമ്പളങ്ങിക്ക് ഒരേ മുഖം. നീട്ടിക്കെട്ടിയ ചൂണ്ടയിൽ കൊരുത്തിട്ട കുമ്പളങ്ങ പോലെ കൊച്ചിക്കായലിൽ പൊങ്ങിക്കിടക്കുന്നു കുമ്പളങ്ങി ഗ്രാമം. വെള്ളത്തിൽ മുങ്ങിയ പാടങ്ങളും വള്ളങ്ങളോടുന്ന വെള്ളക്കെട്ടും ഇതിനിടയിലേക്കു ചാഞ്ഞു കിടക്കുന്ന ചീനലവകളും ചേർന്ന് ആകെപ്പാടെ ജഗപൊക.

കായലോളങ്ങൾ പാടുമെന്നും അതുകേട്ടാൽ കരയാകെ നീർമുത്തു പൊഴിയുമെന്നും സിനിമാ പാട്ടുകൾ ഉണ്ടായതു വെറുതെയല്ല. നട്ടുച്ച നേരത്ത് ചന്തക്കടവ് വഴി കുമ്പളങ്ങിയിൽ നിന്നു ചെല്ലാനത്തേക്ക് ഒരു യാത്ര നടത്തിയാൽ അതു ബോധ്യമാകും. റോഡിന്റെ രണ്ടരികിലും കിലോമീറ്ററോളം പരന്നു കിടക്കുന്ന കായൽപ്പരപ്പ്. മീൻ വളർത്തുന്ന പാടങ്ങളുടെ വരമ്പുകളിൽ തെങ്ങുകൾ വൈദ്യുതി പോസ്റ്റുകൾക്കു മീതെ തലയുയർത്തി നിൽക്കുന്നു. കൊക്കും കുളക്കോഴിയും മാത്രമല്ല, കുമരകത്തു കാണുന്ന പക്ഷികളിൽ ചിലതും വട്ടമിട്ടു പറക്കുന്നു. ഇവിടെയുള്ള കൈത്തോടുകളിൽ കെട്ടിയിട്ട കളിവള്ളവും നാട്ടു വഞ്ചിയും എത്രയോ സിനിമകൾക്കു പശ്ചാത്തലമൊരുക്കിയിട്ടുണ്ട്.

കണമ്പും കരിമീനും തിന്നാനുള്ള യാത്രയായി കുമ്പളങ്ങി ടൂറിനെ ഒതുക്കിയില്ലെങ്കിൽ കൂടുതൽ കാഴ്ചകൾ ഉൾപ്പെടുത്തി ഈ സഞ്ചാരം രസകരമാക്കി മാറ്റാം. കടൽപ്പെരുക്കത്തിന്റെ തീരമാണ് തെക്കൻ‌ കൊച്ചിയുടെ മത്സ്യകേന്ദ്രമായ ചെല്ലാനം. ചന്തക്കടവ് പാലം കടന്ന് വളവു തിരിയുന്നിടത്ത് തിരമാലകളെ തടയാൻ പാറകൊണ്ടു വേലികെട്ടിയിട്ടുണ്ട്. വേലിയേറ്റത്തിനു തടയിടാൻ നിരത്തിയിട്ടുള്ള പാറക്കൂട്ടത്തിനു മുകളിൽ കയറിയാൽ, തോണിപ്പാട്ടും പാടി മീൻ പിടിക്കാൻ പോകുന്നവരെ കാണാം. തുഴയെറിഞ്ഞു ജീവിതം നെയ്യുന്നവരുടെ നിഴൽ ചെല്ലാനം കടപ്പുറത്തിന്റെ പടിഞ്ഞാറേ കടവിൽ കത്തിജ്ജ്വലിക്കുന്ന കാഴ്ച ഈ നാടിന്റെ സ്പന്ദനമാണ്.

ആഞ്ഞിലിത്തറ, കല്ലഞ്ചേരി, കണ്ടക്കടവ് റോഡ് എന്നിവിടങ്ങളിൽ കുമ്പളങ്ങിയുടെ ഗ്രാമീണ ഭംഗി ക്യാമറയിൽ പകർത്താം. കണ്ടക്കടവ് കുമ്പളങ്ങി റോഡിലാണ് കാണാൻ ഏറെയുള്ളത്. പൊക്കാളി പാടശേഖരങ്ങൾക്ക് നടുവിലൂടെ ചെറിയ റോഡ്. പാടശേഖരങ്ങളിൽ വിരുന്നുകാരായി ദേശാടന പക്ഷികൾ. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് പക്ഷികളുടെ സീസൺ. ഫ്ലാമിങ്ങോ, പെലിക്കൻ, പെയിന്റഡ് സ്റ്റോക്ക്, ഇരണ്ടകൾ എന്നിവയൊക്കെ ഇവിടെയുണ്ട്. ആഞ്ഞിലിത്തറയാണ് മറ്റൊരു ആകർഷണം.

കരിമീനും കൊഞ്ചും രുചിപ്പെരുമ

3 kavaru

പാടവരമ്പിലൂടെയുള്ള റോഡ് അവസാനിക്കുന്നത് ഒരു മരപ്പാലത്തിനു സമീപം. ഇതുകടന്നു അപ്പുറത്തെത്തിയാൽ മനോഹരമായ കാഴ്ചകളാണ്. റിസോർട്ടുകളുടെ സ്ഥലമാണ് കല്ലഞ്ചേരി. ഇവിടെയാണ് മിക്കവാറും ആളുകൾ കുമ്പളങ്ങിയിൽ എത്തിയാൽ തങ്ങുന്നത്. കല്ലഞ്ചേരിയിലെ കാറ്റും കായൽ വിഭവങ്ങളും പ്രശസ്തം.

കല്ലഞ്ചേരിക്കാരുടെ വീട് ചോദിച്ചാൽ കൊച്ചു കുട്ടികൾ പോലും വഴി കാണിച്ചു തരും. എത്രയാളാണ് വരുന്നതെന്നും എന്തെല്ലാം വിഭവങ്ങളാണു വേണ്ടതെന്നും തലേന്നു വിളിച്ചു പറയണം. ഊണിന് സമയമാകുമ്പോഴേക്കും ലില്ലിക്കുട്ടി അതെല്ലാം റെഡിയാക്കി വയ്ക്കും. സിനിമാ നടന്മാരും സംവിധായകരും മുതൽ രാഷ്ട്ര നേതാക്കന്മാർ വരെ ഇവിടെ വന്ന് കക്കയും കൊഞ്ചും കണമ്പ് കറിയും രുചിച്ചു മടങ്ങുന്നു.

കല്ലഞ്ചേരി റിസോർട്ടിന്റെ പിൻഭാഗത്തു കായലാണ്. കായലിന്റെയരികിൽ പുൽത്തകിടിയിലാണു ഭക്ഷണം കഴിക്കുന്ന സ്ഥലം. വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ച കരിമീൻ, ചെമ്മീൻ വറുത്തത്, പുളിശ്ശേരി, കായത്തീയൽ, ബീറ്റ്റൂട്ട് തോരൻ, അച്ചാർ, സാലഡ‍്, ഞാലിപ്പൂവൻ പഴം – ഇത്രയുമാണ് ഉച്ചയൂണിനു സദ്യവട്ടം. മൊരിച്ചെടുത്ത കരിമീനിൽ പൊതിഞ്ഞ മസാലക്കൂട്ട്, ഉലർത്തിയ ചെമ്മീൻ, മധുരമുള്ള അച്ചാറ്, എരിവില്ലാത്ത തോരൻ.... അതിഥികളെ തൃപ്തരാക്കുന്ന കൈപ്പുണ്യമാണ് കല്ലഞ്ചേരിയുടെ ആകർഷണം.

ഒരു നാടിനെ മനസ്സിലാക്കാൻ ഒരു നേരം ഭക്ഷണം കഴിച്ചാൽ മതിയെന്നാണു പഴമക്കാർ പറയാറുള്ളത്. കുമ്പളങ്ങിയെ സംബന്ധിച്ചിടത്തോളം അതു നൂറു ശതമാനം ശരിയാണ്. അവിടുത്തെ ചില വിഭവങ്ങളുടെ സ്വാദ് നാവിൽ നിന്നു വിട്ടു പോകില്ല.

4 kavaru

എക്കാലത്തും ഓർത്തിരിക്കും വിധം മനസ്സിലും നാവിലും പതിയുന്നത് കരിമീനിന്റെ സ്വാദാണ്. അപ്പോൾ ചെമ്മീനിന്റെയും ഞണ്ടുലർത്തിയതിന്റെയും കാര്യമോ...? കുമ്പളങ്ങിക്കാർ വച്ചുണ്ടാക്കുന്ന വിഭവങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആദ്യത്തെ ടൂറിസം വില്ലേജ് എന്ന പ്രശസ്തിപോലെ, കൈപ്പുണ്യം കൈമുതലാക്കിയ നാട് എന്നൊരു വിശേഷണം കൂടി കുമ്പളങ്ങി അർഹിക്കുന്നുണ്ട്.

അരിപ്പൊടിയിൽ തേങ്ങാപ്പീരയും ഉപ്പും ചേർത്തു പുഴുങ്ങിയെടുക്കുന്ന ‘പിടി’ക്കു കുമ്പളങ്ങിയിലെ കോമ്പിനേഷൻ പോത്തു കറിയാണ്. ‘പിടിയിറച്ചി’യെന്നു കുമ്പളങ്ങിക്കാർ പറയും. പച്ചരി വേവിച്ച് തേങ്ങാ പാലൊഴിച്ചുണ്ടാക്കുന്ന ‘പാച്ചോറാ’ണ് മറ്റൊരു ട്രെഡീഷനൽ ഐറ്റം. ശർക്കര പൊടിച്ച് കാച്ചിയുണ്ടാക്കുന്ന മാധുര്യമുള്ള ‘പാനി’യൊഴിച്ചാണ് പാച്ചോറ് കഴിക്കുക. ചതുരത്തിൽ മുറിച്ചെടുത്തു പാനിയൊഴിച്ച് അലങ്കരിച്ച പാച്ചോറിന്റെ ഗ്രാമീണ ഭംഗിയെ മാർബിൾ കേക്കിനു പോലും കടത്തി വെട്ടാനാവില്ല! കുമ്പളങ്ങിയിൽ ഏറ്റവും സുലഭമായി കിട്ടുന്ന മത്സ്യമാണ് കരിമീൻ. വളരെയധികം പോഷകാംശമുള്ള ഭക്ഷണമാണ് കരിമീൻ. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്ന കരിമീൻ രക്തസമ്മർദ്ദത്തിന് നല്ലതാണ്. മാംസം കുറവും മുള്ള് അധികവും ഉണ്ടെന്നതൊഴിച്ചാൽ കരിമീൻ രുചികരമാണ്. സാധാരണയായി വാഴയിലയിൽ പൊതിഞ്ഞ കരിമീൻ ഫ്രൈയും, റോസ്റ്റും തയ്യാറാക്കുന്ന രീതിയാണ് പ്രചാരത്തിലുള്ളത്. എന്നാൽ, കരിമീൻ തിളപ്പിച്ചത് കഴിച്ചിട്ടുണ്ടോ ? ചുരുങ്ങിയ സമയംകൊണ്ട് എളുപ്പത്തിൽ സ്വാദിഷ്ടമായി തയ്യാറാക്കാൻ കഴിയുന്ന കറിയാണ് കരിമീൻ തിളപ്പിച്ചത്.

ഇന്ത്യയിലെ ഫസ്റ്റ് ടൂറിസം വില്ലേജ്

കുമ്പളങ്ങി പാലത്തിനു താഴെയുള്ള പാർക്കിനു സമീപത്തും സ്വകാര്യ റിസോർട്ടുകളിലും വള്ളങ്ങളും കൈവഞ്ചികളുമുണ്ട്. കായലിന്റെ ഭംഗി ആസ്വദിക്കാൻ താത്പര്യമുള്ളവർക്ക് വള്ളത്തിൽ കയറിയൊരു സവാരി ആവാം. സായാഹ്നചിത്രം അതിമനോഹരമാണ്.

ചീനവലയ്ക്കരികിലൂടെയാണു കൊതുമ്പു വള്ളം കായലിനു നടുവിലേക്കു നീങ്ങുന്നത്. സൂര്യാസ്തമയത്തിനു തൊട്ടു മുമ്പുള്ള കുമ്പളങ്ങിയുടെ മുഖം കായലോളങ്ങളിൽ പലവിധ ചിത്രങ്ങൾ തെളിക്കുന്നു. പകലന്തിയോളം പിടിച്ച മീനുമായി ചെറുവള്ളങ്ങൾ തലങ്ങും വിലങ്ങും കടന്നു പോകുന്നത് ഇവിടെ കാണാം. വിദേശ സഞ്ചാരികൾ വള്ളങ്ങളിൽ കയറി കായൽക്കാഴ്ച ആസ്വദിക്കുന്നതാണു മറ്റൊരു ദൃശ്യം.

5 kavaru

ഇരുപതു വർഷം മുൻപു വരെ മീൻപിടിത്തമായിരുന്നു കുമ്പളങ്ങിക്കാരുടെ തൊഴിൽ മേഖല. അന്ന് എല്ലാ വീടുകളിലും വീശുവല ഉണ്ടായിരുന്നു. അതിരാവിലെ തോട്ടിലും കായലിലും കക്ക വാരാൻ പോകുന്ന സ്ത്രീകൾ, അർധരാത്രി കായലിലിറങ്ങി, ചെളിയിൽ ഒളിക്കുന്ന മീനുകളെ കൈകൊണ്ട് തപ്പി പിടിക്കുന്ന തപ്പുകാർ, ഞണ്ടിനെ പിടിക്കാൻ ഞണ്ടുവള്ളി ഇടുന്നവർ, വഞ്ചിയിൽ പോയി വലയിട്ടു മീൻ പിടിക്കുന്നവർ, ചെമ്മീനായി ചീനവല വലിക്കുന്നവർ അങ്ങനെ മത്സ്യബന്ധനത്തിന്റെ വിവിധ രീതികൾ ഇവിടെ കാണാമായിരുന്നു.

കരിമീനും തിരുതയും ചെമ്പല്ലിയുമൊക്കെ കുമ്പളങ്ങിക്കാരുടെ തീന്മേശയിൽ രുചി നിറച്ചിരുന്നതു പൂർവകാല പ്രതാപമാണ്. കാലം മാറി. ചെറുപ്പക്കാർ മറ്റു തൊഴിൽമേഖലകളിലേക്കു തിരിഞ്ഞു. വളരെ കുറച്ചു പേർ മാത്രമേ പരമ്പരാഗത മീൻപിടിത്തം തുടരുന്നുള്ളൂ.

കുമ്പളങ്ങി എന്ന ചെറു ദ്വീപിന്റെ മുക്കാൽ ഭാഗവും വെള്ളമാണ്. പതിനഞ്ചു ചതുരശ്ര കിലോമീറ്ററാണ് ആകെ വിസൃതി. ആകെ താമസക്കാർ നാൽപ്പത്തയ്യായിരം പേർ. മീനും ഇറച്ചിയുമാണ് ഇവിടത്തുകാരുടെ ഇഷ്ട വിഭവങ്ങൾ. കുമ്പളങ്ങി മോഡൽ ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി രൂപീകരിച്ചതോടെ നാട്ടു വിഭവങ്ങൾ ഫെയ്മസായി. ടൂറിസം വില്ലേജിന്റെ മേൽവിലാസം കിട്ടിയ ശേഷം കുമ്പളങ്ങിയിൽ എത്തിയവരാണ് ഈ ഗ്രാമത്തിന്റെ രുചിവൈവിധ്യം പറഞ്ഞു പൊലിപ്പിച്ചത്. ടൂറിസം വ്യവസായമായപ്പോൾ കുമ്പളങ്ങിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഹോം േസ്റ്റകൾ വന്നു. അപ്പോഴാണ് പഴയ വിഭവങ്ങൾക്ക് സ്വാദു കൂടിയത്. വാഴയിലയിൽ ചുട്ട താറാവിറച്ചി, ഇലയിൽ പൊള്ളിച്ച കൊഞ്ച്, ചിരട്ടപുട്ട്, കുടൽകറി, പിടി തുടങ്ങിയ വിഭവങ്ങൾക്കൊക്കെ വലിയ ഡിമാൻഡാണ്.

കായലും പാടശേഖരവും ചെമ്മീൻകെട്ടും അതിരിടുന്ന കൊച്ചു ഗ്രാമം, അങ്ങനെയാണ് രാജ്യാന്തര മാധ്യമങ്ങൾ കുമ്പളങ്ങിക്കു മേൽവിലാസം ചാർത്തിയത്. ഇവിടുത്തെ പാടങ്ങൾ പോലും കേരളത്തിലെ മറ്റു വയലേലകളിൽ നിന്നു വ്യത്യസ്തമാണ്. കണ്ണെത്താ ദൂരത്തിൽ പൊക്കാളി പാടം, അവിടേക്ക് ധാരാളം പക്ഷികൾ വിരുന്നെത്തുന്നു. ഇരുട്ടു പരക്കുമ്പോൾ കായലിന്റ തീരങ്ങളിൽ ചീനവലകൾ തലപൊക്കുന്നു.

6 kavaru

ഇന്ത്യയിലെ ആദ്യ വില്ലജ് ടൂറിസം ഗ്രാമമാണു കുമ്പളങ്ങി. ‘ഫസ്റ്റ് ടൂറിസം വില്ലേജ് ’ പദവി നേടിയപ്പോഴാണ് ഈ നാടിന്റെ തലവര തെളിഞ്ഞത്. ഇന്ന് വിദേശ- ആഭ്യന്തര സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമാണു കുമ്പളങ്ങി. ഫോർട്ട്കൊച്ചിയിലും മട്ടാഞ്ചേരിയിലും എത്തുന്നവർ കുമ്പളങ്ങി കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. കായൽ വിഭവങ്ങളും മനോഹരമായ കാഴ്ചകളും ഒരുക്കി അവരെ സ്വീകരിക്കാൻ കുമ്പളങ്ങിയിൽ വിവിധ നിരക്കുകളിൽ ഹോംസ്റ്റേകളും റിസോർട്ടുകളുമുണ്ട്.