Saturday 06 May 2023 12:45 PM IST : By Rohith CP

ഞവണിക്ക പക്കാവട കഴിക്കാൻ മണിപ്പൂരിൽ പോയാലോ? മാന്ത്രികനാട്ടിലെ മനം മയക്കും രുചികൾ

manipur 03

മാജിക്കൽ ലാൻഡ്, മണിപ്പൂരിനെ അങ്ങനെ വിശേഷിപ്പിക്കാം. ഓരോ കോണിലും വൈവിധ്യങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്ന നാടാണ് മണിപ്പൂർ. ജീവിതരീതികളും സംസ്കാരവും പ്രകൃതിയുമെല്ലാം ചേർന്നൊരുക്കുന്ന മാസ്മരികത. ലോകത്തിലെ തന്നെ ഏക ‘ഒഴുകുന്ന ദേശീയോദ്യാനം’ മണിപ്പൂരിലാണെന്ന അറിവാണ് ആ നാടുകാണാനുള്ള ആഗ്രഹത്തിന് ആക്കം കൂട്ടിയത്. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിലും, തനത് രുചി വൈവിധ്യങ്ങളിലും മണിപ്പൂരൊരുക്കുന്ന മാന്ത്രികത നേരിട്ട് തന്നെ അനുഭവിക്കണം. ഒരു ഭാഗത്ത് മ്യാൻമർ മറുഭാഗത്ത് നാഗാലാ‌ൻഡ് – മിസോറാം മലനിരകളാലും ചുറ്റപ്പെട്ട താഴ്‌വരയാണ് മണിപ്പൂരിലെ സിംഹ ഭാഗവും. ഇംഫാൽ, സേനാപതി, സിസിപൂർ എന്നിവയാണ് ഈ സംസ്ഥാനത്തിലെ പ്രധാന പട്ടണങ്ങൾ. ഇന്ത്യക്കാർക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചിലതിൽ പ്രവേശിക്കാനുള്ള അനുമതിയായ ഇന്നർ ലൈൻ പെർമിറ്റ്‌ സമ്പ്രദായം ഇവിടെ നിലവിലുണ്ട്.

 

മെയ്തികളുടെ നാട്ടിൽ

manipur 02

ഒരു റിപബ്ലിക് ദിനത്തിലാണ് മണിപ്പൂരിലെത്തുന്നത്. പണ്ടുതൊട്ടേ സ്വതന്ത്ര രാജ്യം ആക്കണം എന്ന് മുറവിളി കൂട്ടുന്നവരാണ് മണിപ്പൂരികൾ. ഇതിന്റെ ഭാഗമായി സായുധ സംഘങ്ങൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ അവരുടെ ആക്രമണം വളരെ കുറഞ്ഞെങ്കിലും പൂർണമായും അവസാനിച്ചിട്ടില്ല. ഇന്ത്യൻ പതാക ഉയർത്തുന്നതിനെതിരെ പല സംഘടനകളും രംഗത്തുവന്നതിനാൽ കലാപപൂരിതമായൊരു അന്തരീക്ഷത്തിലേക്കാണ് ചെന്നിറങ്ങിയത്. പൊതുവേ വൃത്തിയുള്ള നിരത്തുകളാണ് ഇംഫാൽ നഗരത്തിലേത്. ഒട്ടേറെ നദികളും , തടാകങ്ങളുമുള്ള സംസ്ഥാനമായതിനാൽ തന്നെ ശുദ്ധജല മത്സ്യങ്ങൾ ഇവിടെ ധാരാളം ലഭ്യമാണ്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം കൃഷിപ്പണിയും മീൻപിടിത്തവുമാണ്. മെയ്തികൾ എന്നാണ് ഇവിടത്തുകാർ അറിയപ്പെടുന്നത്. പ്രധാനമായും രണ്ടു മതങ്ങളാണ് ഇവർക്കിടയിലുള്ളത്, ഹിന്ദുമതവും സനമാഹിസവും. പ്രകൃതി, ചന്ദ്രൻ, സൂര്യൻ എന്നിവയെയെല്ലാം ആരാധിക്കുന്ന മത വിഭാഗമാണ് സനമാഹിസം.

കലാപപൂരിതമായ അന്തരീക്ഷത്തിൽ നിന്ന് പ്രകൃതി സൗന്ദര്യാസ്വാദനം തടികേടാക്കും എന്ന ബോധ്യമുള്ളതിനാൽ സുഹൃത്തുക്കൾക്കൊപ്പം മൊയ്റാങ്ങിലേക്ക് യാത്ര തുടർന്നു. ഇംഫാലിൽ നിന്ന് ഉദ്ദേശം 45 കിലോമീറ്റർ അകലെയാണ് മൊയ്റാങ്. പോകും വഴിയാണ് മണിപ്പൂർ താലി മീൽസ് കഴിക്കുന്നത്. പൊതുവെ മറ്റുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെ തന്നെ വേവ് ഏറിയ ഒട്ടിപ്പിടിക്കുന്ന ചോറ് തന്നെയാണ് ഇവിടുത്തുകാർക്കും താൽപര്യം. എന്നാൽ കറികളിലെല്ലാം മറ്റിടങ്ങളിൽ ഇറച്ചി വിഭവങ്ങളായിരുന്നെങ്കിൽ ഇവിടെ മീൻ വിഭവങ്ങൾക്ക് ആധിപത്യമുണ്ട്. ചോറും കറികളുമെല്ലാം അതീവ രുചികരമായിരുന്നു. ചിക്കൻകറിക്ക് അധികം എരിവില്ലെങ്കിലും സ്വാദ് കേമം. മറ്റുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചിക്കൻക്കറി എന്നാൽ ഉണക്കിയോ പുളിപ്പിച്ചോ വച്ച എന്തെങ്കിലും വിഭവങ്ങൾ കൂടി ചേർത്താണ് ഉണ്ടാക്കുന്നതെങ്കിൽ മണിപ്പൂരിൽ നമ്മുടെ നാട്ടിലേതുപോലെതന്നെയുള്ള രുചിയാണ് അനുഭവപ്പെട്ടത്. ഭക്ഷണ ശാലയ്ക്ക് പുറത്തുള്ള ഒരു കടയിൽ ജിലേബിയോടു സാമ്യമുള്ള ഒരു വിഭവം കണ്ടു. കഴിച്ചു നോക്കിയപ്പോൾ സ്വാദിൽ ജിലേബി തന്നെ, കുറച്ച് കട്ടി ഉണ്ടെന്ന് മാത്രം.

manipur 01

 

ഞവണിക്ക പക്കാവട

manipur 05

മൊയ്റാങ്ങിൽ നിന്നും തിരിച്ചു ഇംഫാലിലേക്ക് പോകുന്ന വഴിയിലാണ് ഒരു ചന്തയിൽ കയറിയത്. അവിടെ പ്രശസ്തമാൈാരു പലഹാരക്കടയുണ്ടെന്ന് സുഹൃത്ത് സൂചിപ്പിച്ചിരുന്നു. അതിൽ വ്യത്യസ്തമായ  ഒരു പലഹാരം ഉണ്ടായിരുന്നു.ഞവണിക്ക കൊണ്ടുള്ള പക്കാവട. ഞവണിക്ക എന്നാൽ വെള്ളത്തിൽ ജീവിക്കുന്ന ഒച്ചുകൾ. 'തരോയ് ബോറ' എന്നാണ് ഈ പക്കാവടയുടെ പേര്. നമ്മുടെ നാട്ടിലെ ബജികൾ പോലെ സർവസാധാരണമായൊരു പലഹാരമാണ് തരോയ് ബോറ. ഈ വിഭവത്തിന്റെ കോംബോ ഒരിനം ചമ്മന്തിയാണ്. കട്ടൻചായയ്ക്കൊപ്പം തരോയ് ബോറ ആസ്വദിച്ചു കഴിച്ചു. കൂന്തലിന്റേതു പോലൊരു രുചിയാണ് ഞവണിക്കയ്ക്കെന്ന് തോന്നി. ഇതുകൂടാതെ മറ്റു ചില വിഭവങ്ങൾ കൂടി അവിടെ ഉണ്ടായിരുന്നു. മുളക് ബജി ആയിരുന്നു അതിലൊന്ന്. നാട്ടിൽ നിന്ന് കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക രുചി അതിനുണ്ടെന്ന് തോന്നി. അവിടെ നിന്നും ചന്തയിലൂടെ നടന്നു പോകും വഴി ഒരു സ്ത്രീ വലിയ ഒരിനം മുളക് വിൽക്കുന്നത് കണ്ടത്. അത് രാജാമിർച്ചി ആയിരുന്നു, ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മൂന്നാമത്തെ മുളകിനം. നാഗാ മിർച്ചി, ഭൂത് ജോലാക്യ എന്നിങ്ങനെ വിവിധ നാമധേയങ്ങളിൽ ഇത് അറിയപ്പെടുന്നുണ്ട്. മണിപ്പൂർ യാത്രയ്ക്കിടയിൽ ചന്തകളിലെല്ലാം ഇത് വിൽക്കാൻ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ മുളകിന്റെ അസ്ഥിത്വത്തെ ചൊല്ലി മണിപ്പൂരും നാഗാലാൻഡും തമ്മിൽ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു സ്ഥലത്തിന്റെ തനതായ മേന്മയേറിയ വസ്തുക്കൾക്ക് കൊടുക്കപ്പെടുന്ന ഭൂപ്രദേശ സൂചകം(Geographical Indication Tag) നാഗാ മിർച്ചിക്ക് ലഭിച്ചിട്ടുണ്ട്.

 

ചക്കാവോ ഖീർ

manipur 06

മണിപ്പൂരിന്റെ മുഖമുദ്രയായ എമാ കൈതൽ മാർക്കറ്റിലേക്ക് രാത്രിയിലാണ് പോയത്. സ്ത്രീകൾ നടത്തുന്ന ലോകത്തിൽ തന്നെ ഏറ്റവും വലിയ ചന്തകളിൽ ഒന്നാണിത്. എമാ കൈതൽ എന്നാൽ അമ്മമാരുടെ ചന്ത എന്നാണർത്ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രായമായ സ്ത്രീകളാണ് ഇവിടെ അധികം ജോലിചെയ്തിരുന്നത്. അവിടം സന്ദർശിച്ച സമയത്ത് ഇമൌനു(Emoinu) എന്ന ആഘോഷം നടക്കുന്നുണ്ടായിരുന്നു ദീപങ്ങൾ കൊളുത്തിയാണ് ഇത് ആഘോഷിക്കുന്നത്. ദീപാലംകൃതമായ നിരത്തിലൂടെ അത്താഴം കഴിക്കാനായി ഹോട്ടൽ യായ്ഫബ (Hotel Yaiphaba) തേടി നടന്നു. ഈ ഹോട്ടൽ തേടാൻ ഒരു കാരണം ഉണ്ടായിരുന്നു. അവിടുത്തെ വിശിഷ്ടമായ ചക്കാവോ ഖീർ പായസം. പ്രധാനമായും മണിപ്പൂരിൽ കണ്ടുവരുന്ന ഒരിനം കറുത്ത അരിയിനമാണ് ചക്കാവോ. ഈ അരികൊണ്ടുള്ള പായസമാണ് ചക്കാവോ ഖീർ. ചക്കാവോ എന്ന അരിക്ക് വിലക്കപ്പെട്ട അരിയെന്നും പേരുണ്ട്. ഇതിന് കാരണം പണ്ടിത് ചൈനീസ് രാജാക്കന്മാർ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവത്രെ. സാധാരണക്കാർക്ക് ഇത് വിലക്കപ്പെട്ടതായിരുന്നു.

manipur 04

അതീവ രുചികരവും പുതുമയുള്ളതുമായിരുന്നു ഈ വിഭവം. തിരിച്ച് നാട്ടിലേക്കു പോകും മുൻപേ ഇവിടുത്തെ തനതായ താലി കഴിക്കണം എന്നു തീരുമാനിച്ചു. ഇംഫാലിലുള്ള ലക്ഷ്മി കിച്ചൻ എന്ന ഭക്ഷണശാല മണിപ്പൂരി താലിക്ക് പ്രശസ്തമാണ്. വെജ് , നോൺവെജ് താലിക്ക് ഒരേ വില തന്നെയാണ് 200 രൂപ. മണിപ്പൂരി പാചകരീതിയിൽ എണ്ണയുടെ ഉപയോഗം വളരെ കുറവാണ്. നോൺവെജ് താലിയിൽ മീൻ കൊണ്ടുള്ള കറി, പുളിപ്പിച്ച മീനും മുളകും കൊണ്ടുള്ള ഇറൊമ്പ(iromba) എന്ന വിഭവം, മീനും നിലക്കടലയും കൊണ്ടുള്ള വിഭവം എന്നിവയും ചക്കാവോ ഖീർ എന്ന പായസവുമാണ് പ്രധാനമായും ഉണ്ടായിരുന്നത്. പിന്നെയും കുറേ കറിക്കൂട്ടുകളുണ്ട്. എല്ലാ വിഭവങ്ങളുടെയും രുചി നാവിനിണങ്ങില്ല. ഒരു സ്ഥലത്തെ കാഴ്ചകൾ കാണാൻ വരുമ്പോൾ അവിടുത്തെ തനത് ഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കാറുണ്ട്. കാരണം സഞ്ചാരമെന്നാൽ കണ്ണുകളിലൂടെ കാഴ്ചകളും നാവിലൂടെ രുചികളും ആസ്വദിച്ച് മനസ്സിനെ തൃപ്തിപ്പെടുത്തണം. അത് അർത്ഥവത്താകുന്നതായിരുന്നു മണിപ്പൂരിലേക്കുള്ള യാത്ര.