യാത്രകളെ ഓർമ്മകളിൽ അടയാളപ്പെടുത്തുന്നത് പലപ്പോഴും അപ്രതീക്ഷിതമായ കാഴ്ചകളായിരിക്കും. പ്രതീക്ഷിക്കുന്ന കാഴ്ചകൾ മനസ്സു നിറയ്ക്കുമ്പോൾ അപ്രതീക്ഷിതമായവ കാലങ്ങളോളം നിലനിൽക്കുന്ന അനശ്വരസ്മൃതികളുടെ ഇടയിലേക്കു കയറിപ്പറ്റുന്നു. ശ്രീനഗർ യാത്രയിൽ വിചാരിച്ചിരിക്കാതെ സന്ദർശിച്ച ടുലിപ് ഗാർഡൻ നൽകിയത് ഇത്തരമൊരനുഭവമായിരുന്നു. മഞ്ഞണിഞ്ഞ ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ ശിക്കാരവള്ളങ്ങൾ ആലസ്യത്തിലാണ്ടുകിടക്കുന്ന ദാൽ തടാകം, ശ്രീനഗർ എന്നു കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു രൂപമാണത്. എന്നാൽ അതിൽനിന്നും ഏറെ വ്യത്യസ്തമായ, പലനിറങ്ങളിലുള്ള വർണനാടകൾ വിരിച്ചിട്ടിരിക്കുന്നതുപോലെ പൂവിട്ടുനിൽക്കുന്ന ടുലിപ് ഉദ്യാനത്തിന്റെ കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാകും ഏതൊരാൾക്കും. പ്രത്യേകിച്ചും പൂക്കളങ്ങളുടെ വർണവൈവിധ്യമൊരുക്കുന്ന മലയാളിക്ക്.
ചരിത്രത്താളുകളില്‍ വിടർന്ന രക്തപുഷ്പം
സിറിയയ്ക്കും തുർക്കിക്കുമിടയിൽ സംഘർഷമുണ്ടാക്കിയ പൂവ് എന്നൊരു പദവി ചരിത്രത്തിലൂടെ ചാർത്തിക്കിട്ടിയ പുഷ്പമാണ് ടുലിപ്പുകൾ. ആർതർ ബേക്കർ എന്ന ചരിത്രകാരൻ 1574ൽ രേഖപ്പെടുത്തുന്നതിങ്ങനെ. തുർക്കിയിലെ സുൽത്താൻ ഒട്ടോമൻ സലിം രണ്ടാമൻ സിറിയയിലെ അസാസ് കാദിയോട് അമ്പതിനായിരം ടുലിപ് ചെടികൾ ആവശ്യപ്പെട്ട് കത്തയച്ചു. അക്കാലത്ത് ടുലിപ്പുകൾ അത്രമാത്രം വ്യാപകമായിട്ടില്ല. അതിനാൽ അസാസ് കാദി ടുലിപ് വിത്തുകൾ എന്ന ഭാവത്തിൽ ഇന്ത്യൻ ആമ്പലിന്റെ (Nardostachys jatamansi) വിത്തുകളാണ് കൊടുത്തുവിട്ടത്. എന്നാൽ അവ പാകി മുളപ്പിക്കുന്നതിനു മുമ്പുതന്നെ ഈ വഞ്ചനയറിഞ്ഞ സുൽത്താൻ അതു കൊണ്ടുവന്നയാളിന്റെ തലവെട്ടി പ്രതിഷേധം പ്രകടിപ്പിച്ചു. അതോടെ ആ രാജ്യങ്ങൾക്കിടയിൽ നയതന്ത്രബന്ധത്തിൽ വിടവുണ്ടായി. സുൽത്താൻ സലിം രണ്ടാമൻ പിന്നീട് ഇസ്താംബൂളിൽനിന്നും ടുലിപ ഷ്രിൻകി എന്ന യഥാർത്ഥ ടുലിപ് സസ്യം ഇറക്കുമതി ചെയ്ത് ടോപ്കാപി സരായ് എന്ന ഉദ്യാനം നിർമിച്ചു. സുൽത്താൻ അഹമ്മദ് മൂന്നാമൻ തുർക്കിയിൽനിന്നും ഹോളണ്ടിൽനിന്നും സങ്കരഇനങ്ങളെക്കൊണ്ടുവന്ന് നവീകരിച്ചശേഷമുള്ള ടോപ്കാപി സരായ് ആണ് ഇപ്പോൾ കാണുന്നത്. അതുപോലെ ചരിത്രവും പാരമ്പര്യവും ഒത്തിണങ്ങുന്ന ലോകോത്തര ടുലിപ് ഉദ്യാനങ്ങളോട് കിടപിടിക്കുന്നതാണ് ശ്രീനഗറിലെ ടുലിപ് ഉദ്യാനമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
പാക്കേജുകളിൽപ്പെടാത്ത ടുലിപ്

ശ്രീനഗർ കാഴ്ചകളുടെ പതിവ് ചിട്ടവട്ടങ്ങളിൽ പ്ലാൻ ചെയ്ത ഒരു പാക്കേജ് ടൂറിലാണ് ഞങ്ങൾ അവിടെ ചെന്നിറങ്ങിയത്. എന്നാൽ ടുലിപ് ഉദ്യാനം ടൂർ ഓപറേറ്റർമാരുടെ പദ്ധതികളിൽ ഉൾപ്പെട്ടിരുന്നില്ല. പ്രധാനമായും അവർ പറഞ്ഞ കാരണം ഉദ്യാനത്തിലെ ടുലിപ് പുഷ്പോത്സവത്തിന്റെ സമയം മുൻകൂട്ടി പ്രവചിക്കാനാകില്ല, അതിനാൽ മാസങ്ങൾക്കു മുമ്പ് തയ്യാറാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തുക ബുദ്ധിമുട്ടാണ് എന്നതാണ്. ശൈത്യകാലം അവസാനിച്ച്, മഞ്ഞൊഴിഞ്ഞശേഷം മാത്രമെ ടുലിപ്പുകൾ കൂട്ടത്തോടെ പൂവിടാറുള്ളു. പൂ വിടർന്നാൽ ഒരു മാസത്തിൽ താഴെ മാത്രമെ അതിന് ആയുസ്സുള്ളു. അതിനാലാണ് ആ സമയത്തോടടുപ്പിച്ച് ഒരു മൂന്നാഴ്ചക്കാലം ഈ ഉദ്യാനത്തിൽ ടുലിപ് പുഷ്പോത്സവമായി കൊണ്ടാടുന്നത്. പുഷ്പോത്സവം രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഞങ്ങൾ അവിടെ എത്തുന്നത്. ശ്രീനഗറിലെത്തിയപ്പോഴേക്കും പുഷ്പോത്സവത്തെപ്പറ്റി അറിഞ്ഞ ഞങ്ങൾക്ക് അവിടെ പോകാതിരിക്കാനാകുമായിരുന്നില്ല. കാരണം, ഇതുപോലെ ഗാംഭീര്യമുള്ള പുഷ്പത്തെ ഇത്ര സമൃദ്ധമായി കാണാൻ ഇനിയൊരു അവസരംകൂടി കിട്ടുമോ എന്നറിയിലലല്ലോ.
ടുലിപ് പുഷ്പങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പ് ഇന്ത്യയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് കരുതുന്നുവെങ്കിലും ഇവിടത്തെ സർവ്വസാധാരണമായൊരു സസ്യമല്ല അതിപ്പോഴും. യൂറേഷ്യയാണ് ഇവയുടെ ജന്മനാട് എന്നു കരുതുന്നു. മുഗൾ സാമ്രാജ്യസ്ഥാപകനായ ബാബർ അഫ്ഗാനിസ്ഥാനിൽനിന്നും മുന്തിരിവള്ളികൾക്കൊപ്പം ടുലിപ് വിത്തുകളും ഇവിടേക്ക് ഇറക്കുമതി ചെയ്തതായി ചരിത്രരേഖകളുണ്ട്. പൂക്കൾക്ക് പേർഷ്യൻ തലപ്പാവുകളോടുള്ള സാമ്യം കാരണം തലപ്പാവ്(turban) എന്നർത്ഥമുള്ള ടോലിബനെന്ന (toliban) പേർഷ്യൻ വാക്കിൽനിന്നാണ് ടുലിപ് എന്ന പദം ഉണ്ടായതത്രെ.
സസ്യശാസ്ത്രപ്രകാരം ലില്ലിയേസി എന്ന സസ്യകുടുംബത്തിലെ ടുലിപ വർഗത്തിൽ പെട്ടതാണ് ടുലിപ്പുകൾ എന്ന ഉദ്യാനസസ്യം. ഒരു ചെടിയിൽ 30–50 സെ.മീ. വലിപ്പമുള്ള ഒമ്പതുപൂക്കൾ വരെ ഉണ്ടാകാറുണ്ട്. തണ്ടുകളിൽ ശാഖകളുണ്ടാകാറില്ല, നീണ്ടു വീതികുറഞ്ഞ ഇലകൾക്ക് നീല കലർന്ന കടും പച്ച നിറമാണ്. ടുലിപ് സസ്യങ്ങളുടെ വൈവിധ്യം ആരെയും അമ്പരപ്പിക്കുന്നതാണ്. നാലു ജനുസ്സുകളിലായി എഴുപത്തിയഞ്ചോളം ടുലിപ്പുകളുണ്ട്. ടുലിപ് പൂക്കളാകട്ടെ, ലോകത്താകമാനം മൂവായിരത്തിലധികം വ്യത്യസ്ത ഇനങ്ങളുള്ളതായി കണക്കാക്കുന്നു. ഇന്ത്യയിൽ ടുലിപ് കൃഷി ചെയ്യുന്ന മറ്റൊരു പ്രദേശമുണ്ടെന്നു തോന്നുന്നില്ല.
ഹിമാലയതാഴ്‌വരയിലെ ടുലിപ് ഉദ്യാനം
ശ്രീനഗറിൽ ചെന്നിറങ്ങിയപ്പോൾ മഴയൊഴിഞ്ഞ, നല്ല തെളിഞ്ഞ കാലാവസ്ഥ. പ്രോഗ്രാമനുസരിച്ച് അന്ന് മറ്റു പരിപാടികളൊന്നും വച്ചിട്ടില്ല. ഹോട്ടലിലെത്തി ചെക്ക് ഇൻ ചെയ്യുക മാത്രം. അങ്ങനെയാണ് ടുലിപ് പുഷ്പമേള കാണാം എന്നു നിശ്ചയിക്കുന്നത്. ഞങ്ങളുടെ ടൂർ മാനേജരുടെ സന്മനസ്സും കൃത്യമായ ഇടപെടലും കാരണം ഹോട്ടൽ മുറിയിലേക്കു പോകും മുമ്പ് തന്നെ ടുലിപ് പുഷ്പമേള കാണാം എന്നു തീരുമാനിക്കുകയായിരുന്നു.
ശ്രീനഗറിൽ സബാർവൻ മലനിരകളുടെ താഴ്‌വരയിൽ, ദാൽ തടാകത്തിന് അഭിമുഖമായാണ് ടുലിപ് പുഷ്പോദ്യാനം സ്ഥിതി െചയ്യുന്നത്. ഇന്ത്യയിലെ ഏക ടുലിപ് പൂന്തോട്ടമായ ഇത് ഏഷ്യയിലെ ഏറ്റവും വലുതു കൂടിയാണ്. മോഡൽ ഫ്ളോറികൾച്ചറൽ സെന്റർ എന്നറിയപ്പെട്ടിരുന്ന ഇത് 2007 മുതൽ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ എന്നറിയപ്പെടുന്നു. അക്കാലം മുതലാണ് ഇവിടെ സന്ദർശകരെ അനുവദിച്ചുതുടങ്ങിയതും.
30 ഹെക്ടർ വിസ്താരത്തിൽ പരന്നുകിടക്കുന്ന മനോഹരമായ ഈ ഉദ്യാനത്തിൽ തട്ടുകൾ തിരിച്ചാണ് ടുലിപ് കൃഷി ചെയ്തിരിക്കുന്നത്. ഏഴു തട്ടുകളിലായി 48 ഇനങ്ങളിൽപ്പെട്ട 1.5 ദശലക്ഷം ടുലിപ് ചെടികൾ കൃഷി ചെയ്തിട്ടുണ്ട്.. ഇതു കൂടാതെ ഇന്ത്യയിൽ സാധാരണ കാണാത്ത ഡാഫോഡിൽസ്, ഹയാസിന്തസ്, റനുൻകുലസ് തുടങ്ങിയവയും ഈ ഉദ്യാനത്തിലുണ്ട്.
ടുലിപ്പുകൾ വർണാഭമായ കഥ
ടുലിപ് പുഷ്പങ്ങളുടെ വർണവൈവിധ്യം കണ്ടുതന്നെ അറിയേണ്ടതാണ്. സപ്തവർണ ങ്ങൾ ഏതാണ്ട് എല്ലാം തന്നെ വിവിധ ഷേഡുകളിൽ ഇവയുടെ കൂട്ടത്തിൽ കാണാം. വെള്ളയും റോസും പോലെ ഇളം നിറങ്ങളും പർപ്പിളും കടും ചുവപ്പും പോലെ കടുത്തനിറങ്ങളുമുണ്ട്. ഇവ ഇത്രയധികം വർണാഭമായതിനു കാരണം ഒരു വൈറസ് ബാധയാണത്രെ! 17–ാം നൂറ്റാണ്ടിൽ ഹോളണ്ടിൽ പടർന്നുപിടിച്ച ’ടുലിപ് മാനിയ’ എന്ന വൈറസ് രോഗമാണ് പിൽക്കാലത്ത് ഇവയിൽ ഇത്രയധികം വർണവൈവിധ്യം തീർത്തത്. ഇക്കാലത്തുതന്നെയാണ് ഇവ അന്യനാടുകളിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യപ്പെട്ടതും.
ടുലിപ് പൂവിന്റെ വലിയ വിപണനകേന്ദ്രമാണ് ഹോളണ്ട്. ഇവരുടെ നല്ലകാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 1637 നെയും ’ടുലിപ് മാനിയ’ എന്നു തന്നെയാണ് വിളിക്കാറുള്ളത്. അക്കാലത്ത് ടുലിപ് പൂവിന് സാധാരണയുള്ളതിലും പത്തിരട്ടി വരെ വില കിട്ടിയിരുന്നു. ഇന്ന് അമേരിക്കയിൽ സീസൺ കാലത്ത് ടുലിപ് പൂവു മേടിക്കാൻ 7-10 ഡോളർ ചെലവാകും, ഓഫ് സീസണിൽ 2-4 ഡോളറും. ടുലിപ് ബുക്കേക്ക് (bouquet) 250 ഡോളർ വരെയാണ് വില. ഏതായാലും ഈ പുഷ്പത്തെ ലോകമെങ്ങും പ്രിയങ്കരമാക്കുന്നതിൽ ഇതിനുള്ളിലെ വൈവിധ്യത്തിനു ചെറുതല്ലാത്ത സ്ഥാനമുണ്ട്.
നിറച്ചാർത്തിലലിയുന്ന ഉദ്യാനം

വസന്തത്തിൽ വിരിയുന്ന ഏറ്റവും മനോഹരമായ പുഷ്പം എന്നാണ് ടുലിപ്പിനെ വിളിക്കാറുള്ളത്. ഞങ്ങൾക്കിവിടെ ചുവപ്പ്, വെള്ള, മഞ്ഞ, റോസ്, പർപ്പിൾ എന്നീ നിറങ്ങളിലുള്ള പൂക്കളാണ് കാണാനായത്. നീലപ്പൂക്കൾ അപൂർവ്വമാണ്. ചുവന്ന ടുലിപ് പ്രേമത്തിന്റെ അടയാളമാകുമ്പോൾ പർപ്പിൾ രാജകീയതയെ സൂചിപ്പിക്കുന്നു. മഞ്ഞ സന്തോഷത്തിന്റെയും വെള്ള പരിശുദ്ധിയുടെയും അടയാളമാണ്. ഒരേനിറത്തിലുള്ള പൂക്കൾ ഒരേസമയത്ത് വരിയൊപ്പിച്ച് വിരിഞ്ഞുനിൽക്കുന്നതാണ് ടുലിപ്പിന്റെ മനോഹാരിത. ദൂരക്കാഴ്ചയിൽ ഇത് ഒട്ടേറെ റിബണുകൾ വലിച്ചുകെട്ടിയതുപോലെ തോന്നും.
ഉദ്യാനമൊരുക്കുമ്പോൾത്തന്നെ പൂവിടുമ്പോൾ കിട്ടാവുന്ന എഫക്ടിനെ മനസ്സിൽക്കണ്ട്, ഒരേ ഇനത്തിലും നിറത്തിലുള്ളമുള്ളവയെ ക്രമീകരിച്ചാണ് നടുന്നത്. സെപ്തംബർ മുതൽ ഡിസംബർവരെയാണ് ടുലിപ് കിഴങ്ങുകൾ പാകി മുളപ്പിക്കുന്നത്. വളർച്ചയ്ക്ക് നല്ല നീർവാർച്ചയുള്ള മണ്ണും വെയിലും ആവശ്യമാണ്. 10–15 സെ. മീ. ആഴത്തിലും 10–23 സെ. മീ. അകലത്തിലുമാണ് ചെടി നടുന്നത്. മഞ്ഞുകാലത്ത് പുതയിട്ടുകൊടുക്കാറുണ്ട്. ശൈത്യകാലത്തിനുശേഷം ഏപ്രിൽ–മെയ് മാസത്തിലാണ് പൂവിടുന്നത്. പൂ വിരിഞ്ഞുകൊഴിഞ്ഞാൽ ചെടിയും ക്രമേണ ഉണങ്ങി നശിക്കും. എന്നാൽ മണ്ണിനടിയിലെ കാണ്ഡം അവിടെ അവശേഷിക്കുകയും അടുത്ത സീസണിലേക്ക് മുളച്ച് പൂവിടാൻ ബാക്കിയാവുകയും ചെയ്യും. ടുലിപ് കൃഷിയുമായി ബന്ധപ്പെട്ട് കൗതുകകരമായൊരു വസ്തുത ഈ സസ്യം ചിലർക്ക് അലർജിയുണ്ടാക്കാറുണ്ട് എന്നതാണ്. ഇതിലെ ടുലിപ്പാനിൻ എന്ന ഘടകമാണ് അലർജിക്കു കാരണമാകുന്നത്. ടുലിപ് കിഴങ്ങുകൾ മണ്ണിൽനിന്നും ശേഖരിക്കുന്നവർക്കാണിത് കൂടുതലായും കണ്ടുവരുന്നത്.
ടുലിപ് ഉദ്യാനത്തിൽ സന്ദർശനം നടത്താൻ പറ്റിയ സമയമായിരുന്നു ആ സായാഹ്നം. എങ്കിലും എന്തുകൊണ്ടോ സന്ദർശകർ തീർത്തും കുറവായിരുന്നു അപ്പോൾ. കാലാവസ്ഥയുടെയും അന്തരീക്ഷത്തിന്റെയും അനുകൂലഭാവം യാത്രയുടെ ക്ഷീണമൊന്നും തോന്നിപ്പിച്ചില്ലെന്നു പറയാം. മനസ്സിൽ നിറയുന്ന ഈ വർണവിസ്മയങ്ങളെ ഓടിനടന്നു ക്യാമറയിൽ പകർത്താനായിരുന്നു തിടുക്കം.
ശ്രീനഗറിൽ കാലുകുത്തിയപ്പോൾത്തന്നെ ധൃതിയിൽ ടുലിപ് പൂന്തോട്ടം കാണാൻ പോയതിന്റെ ഗുണം ഞങ്ങൾക്കു മനസ്സിലായത് യാത്രാവസാനത്തിലാണ്. കാരണം പിറ്റേദിവസം മുതൽ ഞങ്ങൾ ശ്രീനഗർ വിടുന്ന അന്നുവരെ അവിടെ മഴയായിരുന്നു. യാത്രയിലെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കിടയിൽ സമയം കണ്ടെത്തിയാൽപ്പോലും ടുലിപ് കാഴ്ചകൾ ശാന്തമായും സ്വസ്ഥമായും ആസ്വദിക്കാനാകാത്ത അന്തരീക്ഷമായിരുന്നു അത്. ചിത്രങ്ങളെടുക്കുന്ന കാര്യം പറയുകയും വേണ്ട.
നമ്മുടേതല്ലെങ്കിലും നമ്മുടേതാകുന്ന ടുലിപ്
നമ്മുടേതല്ലെങ്കിലും നമുക്കേറെ പരിചിതമാണ് ടുലിപ് പുഷ്പങ്ങൾ. കലയിലും സാഹിത്യത്തിലും ഈ പൂവ് നേടിയ അസാധാരണമായ സ്ഥാനമായിരിക്കും അതിനു കാരണം. ടുലിപ് മാനിയ കാലത്ത് ഈ പുഷ്പങ്ങളുടെ ധാരാളം ചിത്രങ്ങളും ശില്പങ്ങളും ഉണ്ടായി. നാണയങ്ങളിൽപ്പോലും ഇവ ആലേഖനം ചെയ്യപ്പെട്ടു. 13–ാം നൂറ്റാണ്ടു മുതൽ പേർഷ്യൻ കവികളുടെയും കലാകാരന്മാരുടെയും വലിയ പ്രചോദനമായിരുന്നു ചുവന്ന ടുലിപ് പൂക്കൾ. ഒമർ ഖയാം, റൂമി തുടങ്ങിയവരുടെയൊക്കെ രചനകളിൽ ടുലിപ് പൂഷ്പിച്ചു നിൽക്കുന്നതു കാണാൻ സാധിക്കും. ഓസ്ട്രേലിയയിലും കാനഡയിലെ ഒട്ടോവയിലുമൊക്കെ നടക്കുന്ന ടുലിപ് ഉത്സവങ്ങൾ ലോകപ്രസിദ്ധമാണ്. പാർക്കിൻസൺ രോഗികളുടെ രാജ്യാന്തരസംഘടനയുടെയും ടർക്കിഷ് എയർലൈൻസിന്റെയും ഔദ്യോഗിക മുദ്രകളിലും ടുലിപ് സ്ഥാനം പിടിച്ചിരിക്കുന്നതു കാണാം.
ജമ്മു കശ്മീർ സംസ്ഥാന ഫ്ലോറിക്കൾച്ചർ വകുപ്പാണ് ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ പരിപാലിക്കുന്നത്. ഇന്ത്യയിൽ മറ്റൊരിടത്തും കാണാനാകാത്ത ഈ നിറച്ചാർത്ത് മതിയാകുവോളം ആസ്വദിച്ചപ്പോഴേക്കും സന്ധ്യമയങ്ങി. മടക്കയാത്രയ്ക്കായി വാഹനത്തിലേക്കു കയറും മുൻപ് ആ ഉദ്യാനത്തിലേക്കൊന്നു തിരിഞ്ഞുനോക്കി. നിശ്ചലമായ ദാൽ തടാകത്തിൽ നിരന്നുകിടക്കുന്ന ശിക്കാരകൾക്കിടയിലൂടെ അസ്തമനസൂര്യൻ പതുക്കെ താഴ്ന്നിറങ്ങുന്നു, വലിയൊരു ടുലിപ് പുഷ്പമെന്നോണം.
