Saturday 19 June 2021 03:18 PM IST : By Navami Sha

ഫിൻലൻഡിലെ തണുത്തുറഞ്ഞ കടലിനു മീതെ ഒന്ന് 'കൂളാ'യി നടന്നാലോ...

1 - sea walking

മഞ്ഞു  പെയ്യുന്ന രാവുകളും മഞ്ഞിൽ പൊതിഞ്ഞ
മൂടിക്കെട്ടിയ ദിനങ്ങളുമായി ശൈത്യം അതിന്റെ ഉത്തുംഗത്തിൽ വിറങ്ങലിച്ചു  നിൽക്കുന്ന ജനുവരിയിലെ ഒരു ദിനം. തണുപ്പിന്റെ ആലസ്യത്തിലിരിക്കുമ്പോഴാണ്   'കടലിൽ നടക്കാൻ വരുന്നോ' എന്ന സുഹൃത്ത് സനിതയുടെ മെസ്സേജ് ഫോണിൽ മിന്നിവന്നത്. കടലിനു മീതെ നടന്നുവരുന്ന ചിത്രകഥകളിലെ മായാജാലക്കാർ എന്റെ മുന്നിലൂടെ ഒരു നിമിഷം മിന്നിമാഞ്ഞു. എനിക്കുവന്ന അമ്പരപ്പ്  മറച്ചുവയ്ക്കുവാൻ ശ്രമിച്ചുകൊണ്ട് ഞാൻ മിഥ്യാലോകത്തുനിന്നും പുറത്തുവന്നു. തണുത്തുറഞ്ഞ കടലിനു മീതെയുള്ള നടത്തമാണ് ഉദ്ദേശിച്ചതെന്ന് ദിവാസ്വപ്‌നത്തിൽ നിന്നും തിരികെവന്ന ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു.

'സ്വപ്നങ്ങളിൽ മാത്രം' സാധ്യമായ കടൽ നടത്തം! എന്നാൽ ഇനി ഈ കണ്ട കിനാവുകൾ സ്വപ്നത്തിൽ മാത്രം കണ്ടു സായൂജ്യമടയേണ്ട. നിങ്ങളുടെ ഇതുപോലുള്ള  'ഭ്രാന്തമായ ആഗ്രഹങ്ങൾ' സാധിക്കുവാൻ ഫിൻലണ്ടിലേക്കു വന്നോളൂ ... ജനുവരി, ഫെബ്രുവരി  മാസങ്ങളിൽ  തണുത്തുറഞ്ഞു കിടക്കുന്ന ഫിൻലൻഡിലെ  അനന്തമായ കടലിനു മീതെ നമുക്കും ‘കൂളായി’ നടക്കാം. ചക്രവാള സീമകളെ നെഞ്ചിലേറ്റാം! താപനില വളരെ താഴ്ന്ന ദിവസങ്ങളിൽ  തികച്ചും സുരക്ഷിതമായ ഇടങ്ങളിൽ നിർദ്ദേശങ്ങൾ പാലിച്ചു വേണമെന്ന് മാത്രം !

2 - sea walking

കുറേക്കാലമായുള്ള ഈ ആഗ്രഹം ഒരു 'ബാലികേറാമല'യായി അവശേഷിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വലിയ ഹിമപാതമൊന്നും ഈ രാജ്യത്തിൻറെ തെക്കൻ പ്രവിശ്യകളെ അത്രകണ്ട് കുളിരണിയിച്ചുമില്ല. എന്തായാലും ഇത്തവണ എല്ലാവരുടെയും ദുഃഖങ്ങൾക്കു ശമനം വരുത്തിക്കൊണ്ട് ഹിമദൈവങ്ങൾ തുഷാരം വാരിക്കോരി വിതറി ഈ രാജ്യമെമ്പാടും. താപനില -22  വരെയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്നതിനാൽ വെള്ളം തണുത്തുറഞ്ഞു കരിങ്കല്ലുപോലെയായി. കുറഞ്ഞത് നാലു ഇഞ്ചെങ്കിലും ഐസിനു കട്ടി ഉണ്ടെങ്കിലേ ഈ ദൗത്യത്തിന്  മുതിരാവു . എന്തായാലും ആവശ്യത്തിന് കടലുറഞ്ഞിട്ടുണ്ടെന്നു  നേരത്തെ തന്നെ ഉറപ്പു വരുത്തിയിരുന്നു. എന്നാൽ ഇത് തന്നെ പറ്റിയ അവസരമെന്നു കരുതി നമ്മൾ സുഹൃത്തുക്കളെല്ലാം ഈ 'സാഗര സ്വപ്നം' നിറവേറ്റുവാൻ കടലമ്മയെ ലക്ഷ്യമാക്കി തിരിച്ചു. നല്ല സുഹൃദ്ബന്ധങ്ങൾ ചിലപ്പോൾ നമുക്ക് അസാധ്യമായവയെല്ലാം സാധ്യമാക്കുന്ന ഒരു 'ഇറങ്ങിപ്പോക്കി'ന് പ്രചോദനമായേക്കും.

 മഞ്ഞുറഞ്ഞു തെന്നിക്കിടക്കുന്ന റോഡിലൂടെ കാറുമെടുത്തു ബീച്ച് ലക്ഷ്യമാക്കി തിരിച്ചു. അവിടെയെത്തി കാർ  പാർക് ചെയ്തപ്പോൾ, ദൂരെ നിന്ന് തന്നെ കണ്ടു നീലിമ നിറഞ്ഞ കടലിനു പകരം മരുഭൂമിയിൽ വെള്ള പൂശിയപോലെ പരന്നു കിടക്കുന്ന ശാന്തയായ ബാൾട്ടിക്‌ കടൽ.  കുട്ടികളും പ്രായമായവരുമെല്ലാം പൂന്തോട്ടത്തിലൂടെ ഉലാത്തുന്ന ഭാവത്തോടെ നടക്കുകയും സ്‌കി ചെയ്യുന്നതുമെല്ലാം. കണ്ടപ്പോൾ തന്നെ കുറച്ചൊക്കെ ധൈര്യംവന്നു. കൂടുതൽ ആളുകൾ നടക്കുന്ന സ്ഥലങ്ങളിലൂടെയേ നടത്തം തിരഞ്ഞെടുക്കാവൂ. ഐസിന്റെയും മഞ്ഞിന്റെയും ഹൃദയസ്പന്ദനം അറിയുന്ന ഫിന്നിഷുകാർ ധാരാളമുണ്ടെങ്കിൽ അവിടം മിക്കവാറും സുരക്ഷിതമാവും.

3 - sea walking

നീന്തൽ വലിയ  വശമില്ലാത്തതിനാൽ ദൂരെ നിന്ന് ഭയത്തോടെ മാത്രം  വീക്ഷിച്ചിരുന്ന കടലിന്റെ അപാരതയിലേക്കിതാ ഞാനും. ആദ്യത്തെ കാൽവയ്‌പ്പിൽ എൻ്റെ നെഞ്ചിടിപ്പുകൾ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ജയിക്കുവാൻ ഒരു  പന്തിൽ ആറ് റൺസ് വേണമെന്ന അവസ്ഥ പോലെ ഉച്ചസ്ഥായിയിൽ ആയി. സുഹൃത്തിന്റെ കയ്യും പിടിച്ചു ഞാനും നടന്നു. ആഴിയുടെ അന്തർ ഗർത്തങ്ങളിൽ അലയടിക്കുന്ന ഇരമ്പം എൻ്റെ സിരകളിൽ ഒരു വിദ്യച്ഛക്തി പോലെ തഴുകി പോയി. കുറച്ചു സമയത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിംഗ് ഏറ്റെടുത്തു ക്രീസിൽ നിലയുറപ്പിക്കുന്ന രാഹുൽ ദ്രാവിഡിനെ പോലെ സാഹചര്യവുമായി ഞാനും താദാത്മ്യം പ്രാപിച്ചു.   കടലിന്റെ അഗാധതയിൽ തങ്ങളുടെ സ്വന്തം ലോകത്ത്‌  വിരാജിക്കുന്ന കോടാനുകോടി ജീവജാലങ്ങളുടെ മുകളിലെ പച്ചയായ മനുഷ്യന്റെ പാദസ്പർശം സമാനതകളില്ലാത്ത അനുഭവമേകുമെന്നത്   ഒരു പരമാർത്ഥമാണ്! ഒരു നിമിഷം എന്നിലെ പ്രകൃതി സ്‌നേഹി ഉണർന്നു ! ലോകം അടക്കി വാഴുന്ന അതിസമർത്ഥരായ നമ്മൾ, തികച്ചും  സ്വാർത്ഥരായി കടലിലേക്ക്  വലിച്ചെറിയുന്ന മാലിന്യത്തിലെ, വിഷം കഴിച്ചും, ശ്വസിച്ചും അനുദിനം നശിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലെ ജീവജാലങ്ങൾ ! അവയുടെ മേൽ ചവുട്ടി നിൽക്കുന്ന  നമ്മൾ എത്ര നികൃഷ്ടജീവികളാണെന്ന സത്യം എൻ്റെ മനസ്സിൽ ഒരു മിന്നൽപിണർ പോലെ വന്നുപോയി. തല്ക്കാലം  പരിസ്ഥിതി സ്നേഹം മനസ്സിനുള്ളിൽ തന്നെ താഴിട്ടു പൂട്ടിവയ്ക്കുവാൻ തീരുമാനിച്ചു! 

‘ഇതൊക്കെ എന്തു' എന്ന ഭാവത്തോടെ നടക്കുന്ന ഫിന്നിഷ്‌കാരെ വീക്ഷിക്കുകയായിരുന്നു. ഏതു കഠിനമായ ശൈത്യത്തിലും അതിനു അനുയോജ്യമായ വേഷം ധരിച്ചു കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന ഈ നാട്ടുകാർ, കാലാവസ്ഥയെ കുറ്റപ്പെടുത്തി അലസരായി വീട്ടിൽ ഇരിക്കുന്നവർക്ക്‌   ഒരു പ്രചോദനമാണ്. യുനെസ്കോ  വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഇടം നേടിയ 'സോനാ ബാത്ത്'  ലോകത്തിനു മുൻപിൽ ഈ രാജ്യത്തിൻറെ പ്രതീകമാണ് . ഏകദേശം അഞ്ചു മില്യണിൽ കൂടുതൽ ജനസംഖ്യയുള്ള ഈ നാട്ടിൽ രണ്ടു മില്യണോളം  സോനയും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ആബാലവൃദ്ധം ജനങ്ങളും  ഏതു കാലാവസ്ഥയിലും  സോനാ ബാത്ത് ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന നാടാണിത്. രാജ്യമെമ്പാടുമുള്ള സോനാ ബാത്തുകൾ കടൽത്തീരങ്ങളിലുമുണ്ടെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ? സോനാബാത്തും  'അവന്തോ'യും   (ഐസ് നിറഞ്ഞ കടലിൽ പ്രത്യേകം ദ്വാരങ്ങളുണ്ടാക്കിയുള്ള മുങ്ങിക്കുളി )  പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്ന നാട്ടുകാരെയും കാണുവാൻ കഴിഞ്ഞു.

4 - sea walking

തണുത്തുറഞ്ഞ കടലിൽ ഐസ് ഫിഷിങ്‌ നടത്തുന്നതും ഇവിടുത്തുകാരുടെ വിനോദമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഐസ് ഫിഷിങ് നടത്താത്ത ഫിന്നിഷ്‌കാർ വിരളമായിരിക്കും . ഐസ് ഡ്രില്ലും, ചൂണ്ടയും, തണുപ്പിനെ അതിജീവിക്കുവാനുള്ള  വസ്ത്രവും ധരിച്ചു കടലിനു നടുവിൽ നിർവികാര ഭാവത്തോടെ ഒരു കസേരയുമിട്ടു ക്ഷമയോടുകൂടി ഐസ് ഫിഷിങ് പരീക്ഷിക്കുന്നവർ തണുത്തുറഞ്ഞ കടലിനു നടുവിലെ ഒരു സാധാരണ കാഴ്ചയാണ്. 

‘കരകാണാകടലല മേലെ മോഹപ്പൂങ്കുരുവി പറന്നെ’..... മൂളിപ്പാട്ട് ചുണ്ടിൽ നൃത്തമാടുമ്പോഴാണ് പരിചയമില്ലാത്ത ഒരു പുതിയ മലയാള സ്വരം എവിടെ നിന്നോ ഒഴുകിവരുന്നത്. ചന്ദ്രനിൽ പോയാലും ഒരു മലയാളി ഉണ്ടാവുമെന്ന ചൊല്ല് നമുക്ക് തിരുത്തുവാൻ സമയമായി എന്ന് തോന്നുന്നു. ഇനിമുതൽ ആഴക്കടലിൻറെ നടുവിലും ഒരു മലയാളിയെങ്കിലും കാണും എന്നാക്കേണ്ടി വന്നേക്കും. കിട്ടിയ തക്കത്തിന് ആ പുതിയ മലയാളി കുടുംബത്തിനെ പരിചയപ്പെട്ടു. വിദേശ മലയാളികളുടെ സ്ഥിരം ചോദ്യങ്ങളായ ' നാട്ടിൽ എവിടെയാണ്, ഇവിടെ എത്രകാലമായി ' മുതലായ ബോറൻ ചോദ്യങ്ങൾ ചോദിച്ചു കുട്ടികളോട് കളിയും പറഞ്ഞു നമ്മൾ അവരോടു യാത്ര പറഞ്ഞു.  

5 - sea walking

ആസ്‌ഥിയിലേക്കു അരിച്ചിറങ്ങുന്ന തണുപ്പ് പതുക്കെ  അസഹനീയമായി തോന്നിത്തുടങ്ങി. കൈകാലുകൾ മരച്ചു  രക്തയോട്ടം നിലച്ചു പോകുമെന്ന  അവസ്ഥ ! തൽക്കാലം ഈ സാഹസിക യാത്ര അവസാനിപ്പിക്കുവാൻ തീരുമാനിച്ചു നമ്മൾ തിരികെ നടന്നു. തികച്ചും അവിശ്വസനീയമായ കുറെ നിമിഷങ്ങൾ സമ്മാനിച്ച ഈ  'സാഗര യാത്ര' , ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തിരികെ കാറിൽ കയറുന്നതിനു മുൻപേ ,എന്തോ ഒന്ന് കൂടി തിരിഞ്ഞു നോക്കുവാൻ  എൻ്റെ മനസ് മന്ത്രിച്ചു … ..ഒരു പക്ഷെ അടുത്ത ദിവസം താപനില കൂടിയാൽ ഈ മഞ്ഞു മരുഭൂമി ചിലപ്പോൾ അപ്രത്യക്ഷമായേക്കാം.. അവിടെ വീണ്ടും മഞ്ഞുകട്ടകൾ ഉരുകി  നീലപ്പരവതാനി വിരിച്ചേക്കാം….