ഒഴിഞ്ഞ മനസ്സും തെളിഞ്ഞ കണ്ണുകളുമായി ഗംഗയുടെ തീരത്തു കൂടി നടക്കുകയായിരുന്നു. പുണ്യപാപങ്ങൾ മോക്ഷം തേടുന്ന പടവുകളിൽ കാലുറപ്പിച്ചു നിന്നപ്പോൾ ആകാശച്ചെരിവിലെ സൂര്യബിംബം ഓളപ്പരപ്പുകളിൽ കണ്ണാടി നോക്കുന്ന പോലെ തോന്നി. അകലെ നിന്നു ജഢാധാരികൾ, ഇനിയെത്ര കാലമെന്നറിയാത്ത യാത്രയിൽ കൈപിടിക്കണമെന്നുരുവിട്ട് സ്നാനഘട്ടിലിറങ്ങി. തീരം പൊടുന്നനെ പ്രാർഥനാ മന്ത്രങ്ങളാൽ മുഖരിതമായി. ഗംഗയിൽ മുങ്ങിനിവർന്ന ഓരോ മുഖങ്ങളിലും ഓരോരോ ഭാവങ്ങൾ. ഓരോ പടവിലും വെവേറെ ഗീതങ്ങൾ. തനിമയുള്ള പ്രഭാതത്തിനു സ്വാഗതമോതിയ തീരം പാരമ്പര്യത്തിന്റെ നിറക്കൂട്ടണിഞ്ഞു.
ക്യാമറ കയ്യിലെടുത്ത് ലെൻസ് ഫോക്കസ് ചെയ്യാതെ ആ ദൃശ്യങ്ങളിലൂടെ വെറുതെയൊന്നു പാൻ ചെയ്തു. സ്നാനഘട്ടങ്ങൾക്കരികെ തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടങ്ങളുടെ നിരയാണു കണ്ടത്. നൂറ്റാണ്ടു താണ്ടിയ വാസ്തുഭംഗിയുടെ പശ്ചാത്തലം രവിവർമയുടെ പെയിന്റിങ്ങുകൾ ഓർമിപ്പിച്ചു. ചിത്രകാരനായ രാജാവിന്റെ അനുപമ ചിത്രങ്ങൾ പോലെ വാരാണസിയുടെ പശ്ചാത്തലത്തിൽ ക്ലാസിക്കൽ ഫോട്ടോകൾക്ക് സാധ്യതയുണ്ടോ? ഇങ്ങനൊരു ആലോചനയുമായി നദിയിലേക്കു നോക്കിയിരുന്നപ്പോൾ സഹയാത്രികനായ സുഗീത് കൃഷ്ണ ഒരു ഐഡിയ മുന്നോട്ടു വച്ചു.

അൽപ്പനേരം മുൻപ് ‘‘ഒരു ഫോട്ടോ എടുത്തു തരാമോ’’ എന്നു ചോദിച്ച് ഞങ്ങളെ സമീപിച്ച യുവതിയെ മോഡലാക്കി ഫോട്ടോ ഷൂട്ട് ചെയ്യാം – സുഗീത് അദ്ദേഹത്തിന്റെ പ്ലാൻ വിശദീകരിച്ചു. സുഗീത്‌കൃഷ്ണയുടെ സുഹൃത്താണു നേപ്പാൾ സ്വദേശി ആരതി ഥാപ്പ. ആരതിയെ മോഡലാക്കി ഫോട്ടോ എടുക്കാമെന്നാണു സുഗീത് പറഞ്ഞത്. ഒട്ടും വൈകാതെ ചിത്രീകരണം തുടങ്ങി. ഒന്നുരണ്ടു സ്നാപ്പ് പൂർത്തിയാക്കി വ്യൂഫൈൻഡറിലൂടെ ആ ഫോട്ടോകളുടെ ഭംഗി നോക്കിയിരുന്നപ്പോൾ മറ്റൊരു യുവതിയും ക്യാമറയ്ക്കു പോസ് ചെയ്യാൻ തയാറായി മുന്നോട്ടു വന്നു, തായ്‌ലൻഡ് സ്വദേശി അവ്സാദ ക്ളിൻസ്കുൻ. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ ഭരതനാട്യം വിദ്യാർഥിനിയാണ് ആരതി. ഇതേ സർവകലാശാലയിൽ നൃത്തം പരിശീലിക്കുന്നയാളാണ് അവ്സാദ.
സ്കോളർഷിപ്പോടുകൂടി ഭരതനാട്യം അഭ്യസിക്കാനെത്തിയ പെൺകുട്ടികളെ മോഡലാക്കി, ഗംഗാനദിയുടെ തീരത്ത് അതും വാരാണസിയിൽ അവിചാരിതമായൊരു ഫോട്ടോഷൂട്ടിന് സാഹചര്യമൊരുങ്ങി. ഗംഗാസുപ്രഭാതം വാരാണസിയിൽ എത്തിയപ്പോൾ എന്തെല്ലാം ചെയ്യണമെന്നു നേരത്തേ തീരുമാനിച്ചിരുന്നില്ല. പുരാതന പട്ടണത്തിൽ നിന്നു വേറിട്ട ചിത്രങ്ങൾ പകർത്തുകയെന്ന മോഹം മാത്രമാണു മനസ്സിലുണ്ടായിരുന്നത്. അതു സാക്ഷാത്കരിച്ചത് അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെയായിരുന്നു.
ബോട്ട് വാടകയ്ക്കെടുത്ത് ഗംഗാനദിയുടെ ഓളങ്ങളെ സാക്ഷിയാക്കി പുരാതന മന്ദിരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോ പകർത്താൻ സാധിച്ചത് മറക്കാനാവാത്ത അനുഭവമാണ്. ഫോട്ടോ ഷൂട്ടിനു ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. ആനന്ദതുന്തിലർ ഫൊട്ടോഗ്രഫർമാർ കലയും കാഴ്ചകളും തെരുവുജീവിതവുമൊക്കെ ക്യാമറയിൽ പകർത്താൻ ഇതു പോലെ മറ്റൊരിടം ലോകത്തില്ലെന്നു തോന്നും വിധം മനോഹരമാണ് വാരാണസി. ഘാട്ടുകളിൽ ചുറ്റിത്തിരിഞ്ഞു നടക്കുന്ന ധാരാളം ഫൊട്ടോഗ്രഫർമാരെ കാണാം. കേരളത്തിൽ നിന്നുള്ള നിരവധി ഫൊട്ടോഗ്രഫർമാരെയും പരിചയപ്പെട്ടു. സൈക്കിൾ റിക്ഷകളിൽ സഞ്ചരിച്ച് ഹോളി ആഘോഷത്തിന്റെ ചിത്രം പകർത്താൻ എത്തിയതാണ് അവർ.
ബനാറസ് എന്നും കാശിയെന്നും പേരുള്ള വാരാണസി അതിപുരാതന നഗരമാണ്. കലയും വിശ്വാസവും സംസ്കാരവും സമന്വയിക്കുന്ന നദീതീര പട്ടണം. കാശിവിശ്വനാഥക്ഷേത്രം ഉൾപ്പെടെ വിശ്വപ്രശസ്ത ക്ഷേത്രങ്ങൾ സന്ദർശകർക്ക് കാശിയുടെ പൂർവകാല പ്രതാപം വ്യക്തമാക്കുന്നു. വിശ്വാസഹൃദയങ്ങളിൽ പവിത്രസ്ഥാനം നേടിയ ഗംഗാനദിയാണ് വാരാണസിയുടെ ചൈതന്യം. വരുണ, അസി നദികളുടെ സംയുക്തമായാണ് വാരാണസി എന്ന പേരു ലഭിച്ചത്. രണ്ടുനദികളുടെ മധ്യത്തിലാണു വാരാണസി നിലകൊള്ളുന്നത്. ഹിന്ദു, ബുദ്ധ,ജൈന മതവിശ്വാസികൾക്കു മോക്ഷപ്രാപ്തിക്കുള്ള സ്നാനഘട്ടമാണു വാരാണസി അഥവാ കാശി. ഹിന്ദു വിശ്വാസമനുസരിച്ച് പുണ്യപുരാതനമായ കാശിയുടെ സൃഷ്ടാവ്, കാശിനാഥനായ മഹേശ്വരനാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം അനേകം ചെറുക്ഷേത്രങ്ങളും ആശ്രമങ്ങളും ആരാധനാ മന്ദിരങ്ങളുമുണ്ട്.

ഇവിടുത്തെ ഓരോ വീടും ഓരോരോ ക്ഷേത്രങ്ങളാണെന്നു തോന്നുംവിധമാണ് വാസ്തുശിൽപരീതി. ബനാറസ് എന്നൊരു പേരുകൂടി ഈ നഗരത്തിനുണ്ട്. പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണു കാശിവിശ്വനാഥ ക്ഷേത്രത്തിലെ വിഗ്രഹമെന്നു വിശ്വസിക്കപ്പെടുന്നു. പ്രപഞ്ചനാഥനായി, കാശിവിശ്വനാഥനായി പരമശിവനെയാണ് പൂജിക്കുന്നത്. സ്നാനഘട്ടങ്ങൾ 84
കാശിയിൽ ഗംഗയുടെ തീരത്ത് 84 സ്നാനഘട്ടങ്ങളുണ്ട്. അസിഘട്ട് മുതൽ ഏറ്റവും പുതിയ നിർമിതിമായ നാമോഘാട്ട് വരെ. ഗംഗയിലേക്കിറങ്ങി സ്നാനം ചെയ്യാനുള്ള പടവുകളാണ് സ്നാനഘട്ടങ്ങൾ. തെരുവിൽ നിന്നുള്ള വഴികളും കവാടങ്ങളുടെ സവിശേഷത നോക്കിയുമേ സ്നാനഘട്ടങ്ങൾ തിരിച്ചറിയാനാകൂ. കാശിവിശ്വനാഥക്ഷേത്രത്തിന്റെ മുന്നിലെ മണികർണികാഘാട്ടും ഗംഗാ ആരതി നടത്താറുള്ള ദശാശ്വമേധ് ഘാട്ടുമാണ് ഇതിൽ പ്രധാനപ്പെട്ടവ. രാപകൽ വേർതിരിവില്ലാതെ മൃതദേഹസംസ്കാരം നടക്കുന്ന സ്ഥലമാണു മണികർണികാ ഘാട്ട്. ഓരോ ദിവസവും നാനൂറോളം മൃതദേഹങ്ങൾ ഇവിടുത്തെ ചിതകളിൽ എത്താറുണ്ടെന്നാണു കണക്ക്. മൃതദേഹസംസ്കാരത്തിനു പേരുകേട്ട മറ്റൊരു സ്ഥലമാണു ഹരിശ്ചന്ദ്രഘാട്ട്.

ദശാശ്വമേധ് ഘാട്ട്, അസി ഘാട്ട് എന്നിവിടങ്ങളിൽ പ്രഭാതത്തിലും സായാഹ്നത്തിലും ദീപങ്ങൾ തെളിച്ച് ആരതി നടത്താറുണ്ട്. ഹിമാലയസാനുക്കളിൽ നിന്നു സന്യാസദീക്ഷ നേടിയ അഘോരികൾ ഉൾപ്പെടെ നിരവധി സന്യാസിമാരുടെ കേന്ദ്രവുമാണു ദശാശ്വമേധ്ഘാട്ട്. ഗംഗയിലൂടെ ഒരു ബോട്ട് സവാരി നടത്തിയാൽ വാരാണസിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്താം. പട്ടിന്റെ ഉറവിടം ക്ഷേത്രത്തിലേക്കും ഘട്ടുകളിലേക്കും ഭക്തരുടെ നിരന്തരമായ ഒഴുക്കാണ് വാരാണസിയുടെ പ്രത്യേകത. സംഗീതത്തിന്റെയും സംസ്കാരിക തനിമയുടേയും പാരമ്പര്യമുണ്ട് ഈ തെരുവുകൾക്ക്. ഗലികളുടെ ഇരുവശത്തുള്ള വീടുകളിൽ ചിലതു നെയ്ത്തുശാലകളാണ്. ലോകപ്രശസ്തമായ ബനാറസ് പട്ടു പുടവകൾ നിർമിക്കുന്നത് ഇവിടെയാണ്. ബനാറസ് സിൽക്ക് നിർമാണത്തിലും കച്ചവടത്തിലും മഹത്തായ പാരമ്പര്യം പിൻതുടരുന്നവരിലേറെയും മുസ്‌ലിംകളാണ്. ആത്മീയ ജീവിതത്തിനൊപ്പം കലാപാരമ്പര്യത്തിന്റെയും മണ്ണാണിത്. സംഗീതവും നൃത്തവും സാഹിത്യവും ചിത്രരചനയുമൊക്കെ ചേർന്നുനിൽക്കുന്നു. തടിയിൽ ശിൽപങ്ങൾ നിർമിക്കുന്നവരെ വഴിയോരത്തു കാണാം. നെയ്ത്തുകാരുടെ ജീവിതം വീടിന്റെ അകത്തളങ്ങളിലാണ്. വീടിനടുത്ത് പട്ടു തുണികൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കുന്നു.

വിശ്വപ്രസിദ്ധമായ ബനാറസ് ഹിന്ദു സർവകലാശാല 1916 ലാണ് വാരാണസിയിൽ സ്ഥാപിക്കപ്പെട്ടത്. ആയിരത്തിമുന്നൂറിലധികം ഏക്കറിൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റിയാണിത്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള മുപ്പതിനായിരത്തിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.
രംഗ് ഭരി ഏകാദശി ശിവ-പാർവതിമാരുടെ വിവാഹദിനമെന്നു കരുതുന്ന സുദിനമാണ് – രംഗ് ഭരി ഏകാദശി. വാരാണസിയിൽ ഈ ദിവസം മുതൽ ഹോളി ആഘോഷം തുടങ്ങും. ആദ്യ ദിവസം ഹരിശ്ചന്ദ്ര ഘാട്ടിലാണ് ആഘോഷം. രണ്ടാം നാൾ മണികർണികാഘാട്ടിൽ മസാൻഹോളി. അഘോരി സന്യാസികളുടെ ആഘോഷമാണിത്. ചുടലഭസ്മം ദേഹത്തു പുരട്ടി അഘോരികൾ ആർത്തുല്ലസിക്കുന്ന ദിവസം. ഈ ദൃശ്യം പകർത്താൻ ട്രാവൽ ഫൊട്ടോഗ്രഫർമാർ ഇവിടെയെത്തുന്നു. സുഗീത് കൃഷ്ണ ഈ യാത്രയിൽ കൂടെ പോരാനുള്ള ഒരേയൊരു കാരണം ഇതായിരുന്നു. ബാക്പാക്ക് ഹോസ്റ്റൽ രംഗ് ഭരി ഏകാദശി കാണാൻ വാരാണസിയിൽ എത്തുന്നവർക്ക് അസിഘട്ടിനടുത്ത് ലൈവ് ഫ്രീ ഹോസ്റ്റലിൽ താമസിക്കാം. ഒരു മുറിയിൽ 10 കിടക്കകൾ. ലഗേജ് സൂക്ഷിക്കാൻ ബെഡിനടിയിൽ ലോക്കറുണ്ട്. മുറി വാടക അറുന്നൂറ് രൂപ. സ്ത്രീകൾക്ക് പ്രത്യേകം മുറികൾ ലഭ്യമാണ്. ഹോസ്റ്റലിന്റെ നടുമുറ്റത്ത് ബോഗൈൻവില്ലകൾക്കിടയിൽ മനോഹരമായ ഇരിപ്പിടങ്ങൾ സ്ഥാപിച്ച് ഒരു കഫെ പ്രവർത്തിക്കുന്നു. അത്യാവശ്യ ഭക്ഷണം അവിടെ കിട്ടും. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ സുന്ദരമായ താമസമായിരുന്നു അത്.

ഇത്തരത്തിൽ ധാരാളം ഹോസ്റ്റലുകളും ഹോംസ്റ്റേകളും ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വാരാണസിയിലേക്ക് യാത്ര ചെയ്യുന്നവർ മുൻകൂർ ബുക്ക് ചെയ്താൽ അധികം ചെലവില്ലാതെ താമസിക്കാം. തെരുവിൽ ഏറെയും പ്രതിഭകൾ ഘാട്ടുകളിലൂടെയുള്ള സായാഹ്‌നസവാരിയിലാണ് ഗംഗയുടെ പടിക്കെട്ടുകളിൽ കലാകാരന്മാരെ കണ്ടത്. ഏറെയും വിദേശികളായിരുന്നു. അവരെല്ലാം ശിവഭക്തരാണ്. റഷ്യയിൽ നിന്നെത്തിയ ജോയ് എന്ന യുവതിയെ പരിചയപ്പെട്ടു. ഏഴുവയസുള്ള മകനോടൊപ്പമാണ് അവർ വാരാണസിയിൽ എത്തിയിട്ടുള്ളത്. സ്നാനഘട്ടിലെ പടിക്കെട്ടുകളിൽ ഗിറ്റാറുമായി ഇരിക്കുന്ന ജോയ് അവരുടെ മുന്നിലൊരു തുണി വിരിച്ചിട്ടുണ്ട്. ആ വഴി പോകുന്നവർ നൽകുന്ന ദക്ഷിണ സ്വീകരിച്ചാണ് വിദേശ വനിത ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്. സംഗീതവും ഓടക്കുഴൽനാദവും ഇൻസ്ട്രുമെന്റൽ പെർഫോമൻസും ഗംഗാതീരത്തെ ഘാട്ടുകളിൽ നിറഞ്ഞൊഴുകുന്നത് അദ്ഭുതത്തോടെയല്ലാതെ കണ്ടു നിൽക്കാനാവില്ല. വാരാണസിയിൽ ഗംഗാതീരത്ത് ഒരു ദിനം ജീവിച്ചിട്ടുള്ളവർ തിരിച്ചറിയുന്ന സത്യമുണ്ട്, ഇവിടം ഒരു വികാരമാണ്, നിർവചനങ്ങളില്ലാത്ത ആനന്ദത്തിന്റെ ശാശ്വതതീരം.