71–ാമത് നെഹ്റു ട്രോഫി വള്ളംകളി ശനിയാഴ്ച. പുന്നമടയിലെ ജലപ്പൂരം 30 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സ്, ഫൈനൽ മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളുമാണ് തുടർന്ന് നടക്കുക. 71 വള്ളങ്ങളാണ് ഒൻപത് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ഇതിൽ 21 ചുണ്ടൻവള്ളങ്ങളുണ്ട്. വൈകിട്ട് നാല് മുതലാണ് ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ.

സി–ഡിറ്റ് തയാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുള്ളവർക്കു മാത്രമാണ് ഗാലറികളിലേക്ക് പ്രവേശനം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട,കൊല്ലം, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫിസുകൾ വഴിയും നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ ആയും ടിക്കറ്റ് വിൽപന നടക്കുന്നുണ്ട്.

സിംബാബ്‌വേ വ്യവസായ വാണിജ്യ ഡെപ്യൂട്ടി മന്ത്രി രാജേഷ്കുമാർ ഇന്ദുകാന്ത് മോദി, അംബാസഡർ െസ്റ്റല്ല നിക്കാമോ എന്നിവരാണ് വിശിഷ്ടാതിഥികൾ.
നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.