ADVERTISEMENT

ഉംലിങ് ലാ ചുരത്തിനും മുകളിൽ വരുന്നു പുതിയ ചുരം, ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ പാത എന്ന നേട്ടത്തിന് പുതിയ അവകാശി വരുന്നു. കിഴക്കൻ ലഡാക്കിൽ 19400 അടി ഉയരത്തിൽ നിർമാണം പൂർത്തിയായി വരുന്ന മിഗ്‌ ലാ ചുരമാണ് ഈ ബഹുമതി സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

umlingla3
ഉം ലിങ് ലാ ചുരത്തിൽ മലയാളി റൈഡർ സൗമ്യ

നിലവിൽ ലഡാക്കിലെ തന്നെ ഡെംചോക്ക് ഗ്രാമത്തെ കൊയുൽ ലുങ്പയുമായി ബന്ധിപ്പിച്ചു കൊണ്ട് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ച ഉംലിങ് ലാ പാസിനാണ് നിലവിൽ ഈ റെക്കോർഡ് സ്വന്തമായിട്ടുള്ളത്. 19024 അടി ഉയരത്തിലുള്ള ഉംലിങ് ലാ 2021 ൽ ആണ് സഞ്ചാരികൾക്ക് തുറന്നു കൊടുത്തത്. വർഷങ്ങൾക്കിപ്പുറം ലഡാക്കിൽ എത്തുന്ന സാഹസ സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ഉംലിങ് ലാ. അതിനു മുൻപ് ലഡാക്കിലെ തന്നെ ഖർദുങ് ലായക്ക് (17582 അടി) ആയിരുന്നു ഹൈയസ്റ്റ് മോട്ടറബിൾ റോഡ് എന്ന റിക്കോർഡ് ഉണ്ടായിരുന്നത്.

2023 ഓഗസ്റ്റ് 15 ന് ആണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഹൻലേ പ്രദേശത്തെ ഫുക്ചെയിലുള്ള ചുഷാൽ–ഡുങ്തി–ഫുക്ചെ–ഡെംചോക് ഹൈവേയുമായി ബന്ധിപ്പിക്കുന്ന മിഗ്‌ ലാ ചുരത്തിന്റെ നിർമാണത്തിന് തുടക്കമിട്ടത്. 64 കിലോമീറ്റർ നീളമുള്ള ഈ പാതയ്ക്ക് സൈനികപരമായ പ്രാധാന്യവും ഏറെയുണ്ട്. ഫുക്ചെയിൽ നിന്ന് ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലേക്ക് മൂന്നു കിലോമീറ്റർ മാത്രമേയുള്ളു. സാധാരണ ഉയരത്തിലുള്ള സ്ഥലങ്ങളിൽ ലഭ്യമാകുന്നതിന്റെ പകുതി മാത്രം ഓക്സിജൻ ലഭ്യതയേ മിഗ് ലാ പാസിലുള്ളു എന്ന കടുത്ത വെല്ലുവിളിപോലും മറികടന്നാണ് പാതയുടെ നിർമാണം പൂർത്തിയാകുന്നത്.

ഹൻലേ, കൊയുൽ, റോങ്ഗോ, ഡെംചോക്ക് ഗ്രാമവാസികൾക്ക് എല്ലാം പ്രയോജനപ്രദമാകുന്ന റോഡ്, കനത്ത ശൈത്യകാലത്ത് പോലും അടഞ്ഞു കിടക്കാതെ വർഷം മുഴുവൻ പ്രവർത്തനക്ഷമമാകും വിധമാണ് നിർമിക്കുന്നത്.

സൈനിക എൻജിനിയറിങ് വിഭാഗത്തിലെ സ്ത്രീകൾ മാത്രമടങ്ങിയ വിഭാഗത്തിനാണ് ഇതിന്റെ നിർമാണ ചുമതല എന്നതും മിഗ് ലാ ചുരത്തിന്റെ നിർമാണത്തിലെ പ്രത്യേകതയാണ്.

umlingla2
ഖർദുങ് ലാ Photo: Sheeba Manoj

ഉംലിങ് ലായും ഖർദുങ് ലായും നിലവിൽ ലഡാക്ക് സഞ്ചാരികളുടെ ഡെസ്റ്റിനേഷനുകളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ് ഇപ്പോൾ. മിഗ് ലാ കൂടിയാകുമ്പോൾ അതിർത്തി വിനോദ സഞ്ചാരം കൂടുതൽ സമ്പുഷ്ടമാകുമെന്നും പ്രദേശവാസികൾക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്ത് ഏറ്റവും ഉയരമേറിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന 14 റോഡുകളിൽ എട്ടെണ്ണവും ലഡാക്കിലാണ്.

ADVERTISEMENT