ടെറിറ്റോറിയൽ ഫൈറ്റിൽ സാരമായ പരുക്കേറ്റ തഡോബ കടുവ സംരക്ഷണ കേന്ദ്രത്തിലെ പ്രസിദ്ധനായ കടുവ ഛോട്ടമട്കയെ പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റി. ഇന്ത്യയിലെ കടുവ സംരക്ഷണ വന കേന്ദ്രങ്ങളിൽ മികച്ച സഫാരികൾക്ക് പ്രശസ്തമായ മഹാരാഷ്ട്രയിലെ തഡോബയിൽ ഏറെ സഞ്ചാരികളെ ആകർഷിക്കുന്ന കടുവയാണ് സി എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഛോട്ടമട്ക അഥവാ ടി–126. പരുക്കേറ്റിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും കാടിന്റെ സ്വാഭാവിക ശുശ്രൂഷയിൽ മുറിവുണങ്ങും എന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റതോടെയാണ് കടുവയെ മയക്കുവെടി വച്ച് പിടികൂടിയശേഷം വനത്തിനു പുറത്തുള്ള ചന്ദ്രപുർ ട്രാൻസിറ്റ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്.
തഡോബയിലെ കടുവകളിൽ ഏറെ വിശേഷപ്പെട്ട ഒന്നാണ് ഛോട്ടാ മട്ക, 9–10വയസ്സുള്ള ആൺകടുവ. സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരു ഒറ്റയാൻ. അതിന്റെ രീതികളൊന്നും ആർക്കും പ്രവചിക്കാനാകില്ല. കാഴ്ചയിൽ നല്ല വലിപ്പവും കരുത്തുമുള്ളവൻ. ഇന്നും തഡോബ കാടിന്റെ ഒരു ഭാഗം അടക്കി വാണ മട്കാസുർ എന്ന ആൺ കടുവയുടെയും ഛോട്ടിതാര എന്ന പെൺകടുവയുടെയും മക്കളാണ് ഛൊട്ടാമട്കയും താരാചന്ദും. നാല് വയസ്സു കഴിഞ്ഞപ്പോൾ വനാതിർത്തിയിൽ ഷോക്കേറ്റ് താരാചന്ദ് കൊല്ലപ്പെട്ടു, അതിനു ശേഷം ഛോട്ടാ മട്ക അമ്മയിൽനിന്ന് അകന്നു പോയി. കുറേക്കാലം സ്വന്തമായി ഒരു ടെറിറ്ററി ഇല്ലാതെ അലഞ്ഞു നടന്നു.

പിന്നീട് അച്ഛനെ തന്നെ തോൽപ്പിച്ച് നവിഗാൺ റേഞ്ച് തന്റെ ടെറിറ്ററിയാക്കി മാറ്റി ഛോട്ടമട്ക. ജിപ്സികളെയോ സഫാരികളെയോ ഭയക്കാത്ത ഈ കടുവ സഞ്ചാരികൾക്ക് മുൻപിൽ നിർഭയം പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആ പ്രദേശത്തെ ടൂറിസം ഏറെ വളരുകയും ചെയ്തിരുന്നു. ഒട്ടേറെ വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർമാരും വന സഞ്ചാരികളും തങ്ങളുടെ പ്രിയപ്പെട്ട കടുവയായി ഛോട്ടമട്കയെ കണക്കാക്കുന്നുണ്ട്.

2021 ൽ മൗഗ്ലി എന്നൊരു കടുവയുമായി കാട്ടിൽ പോരടിച്ച് ഛോട്ടാമട്കയുടെ വലത്തെ കവിളിൽ സാരമായ മുറിവേറ്റിരുന്നു. ഇന്നും അതിനെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളമായി ആ മുറിപാട് അവിടെക്കാണാം. 2023 ൽ നടന്ന പോരാട്ടത്തിലും ഇടത്തെ കാലിൽ സാരമായ പരിക്കേറ്റിരുന്നു. ഇതിനകം ഒന്നിലേറെ കടുവകളെ ടെറിറ്റോറിയൽ ഫൈറ്റിൽ കൊലപ്പെടുത്തിയതിന്റെ റിക്കാർഡും ഈ കടുവയ്ക്കുണ്ട്.

2025 ൽ ടി–158 എന്ന് ഔദ്യോഗിക പേരുള്ള ബ്രഹ്മ മെയിൽ എന്ന കടുവയുമായിട്ടായിരുന്നു ഛോട്ടമട്ക കാടിന്റെ അധീശത്വത്തിനായി പോരാടിയത്. യുദ്ധത്തിൽ എതിരാളിയെ കൊന്നുവീഴ്ത്തിക്കൊണ്ട് ഛോട്ട ജയിച്ചു കയറി. എങ്കിലും രണ്ട് വർഷം മുൻപ് പരിക്കേറ്റ കാലിൽ തന്നെ വീണ്ടും സാരമായ മുറിവേറ്റ്, മുടന്തിയാണ് അവന്‍ അന്ന് അടർക്കളം വിട്ടത്. തഡോബയിലെ വനംവകുപ്പ് അധികൃതർ ഛോട്ടമട്കയുടെ പരുക്കിനെപ്പറ്റി അറിഞ്ഞെങ്കിലും കാടിന്റെ സ്വാഭാവിക ശുശ്രൂഷയിൽ മുറിവുണങ്ങുന്നതാകും നല്ലത് എന്ന കണക്കുകൂട്ടലിൽ ഇതുവരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയായിരുന്നു. കാട്ടിലെ കാര്യങ്ങളിൽ ഇടപെടാതെ പ്രകൃതിയുടെ നീതി നടപ്പിലാകട്ടെ എന്നതാണ് വനപാലകർ പൊതുവെ അവലംബിക്കുന്ന ശൈലി. എന്നാൽ ആഴ്ചകൾ പിന്നിട്ടതോടെ പുറമേ നിന്നുള്ള വൈദ്യസഹായം അനിവാര്യമാണെന്ന ബോധ്യത്തിൽ ഓഗസ്റ്റ് 27 ന് ഛോട്ടമട്കയെ മയക്കുവെടി വച്ച് സുരക്ഷിതമായി പിടികൂടി. പിന്നീട് അടിയന്തിര ശസ്ത്രക്രിയ നടത്തിയ ശേഷം പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്.
പുനരധിവാസ കേന്ദ്രത്തിൽ നിന്ന് ഛോട്ടമട്ക വനത്തിലേക്ക് തിരികെ വരുമോ എന്നതറിയാൻ മൂന്നോ നാലോ മാസം കാത്തിരിക്കേണ്ടി വരും. ‘‘പൂർണ ആരോഗ്യവാനായി ഛോട്ടമട്ക കാട്ടിലേക്ക് തിരികെ വന്നാൽ പോലും അവന്റെ പ്രദേശം പഴയപോലെ ആയിരിക്കില്ല. കാരണം, അപ്പോഴേക്ക് അവന്റെ അധീനതയിലായിരുന്ന പ്രദേശങ്ങൾ യുവാക്കളായ മറ്റു കടുവകൾ അവരുടെ കീഴിലാക്കിയിരിക്കും. അവിടെ കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വരും. അതുകൊണ്ട് ഛോട്ടാമട്കയുടെ തിരിച്ചു വരവ് എന്നത് ഇപ്പോൾ പ്രവചനാതീതമാണ്’’ എന്നാണ് തഡോബ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നാച്ചുറലിസ്റ്റ് പ്രവീൺ പ്രേംകുമാർ പൈ അഭിപ്രായപ്പെടുന്നത്.