ADVERTISEMENT

 

സിനിമാ സ്ക്രീനിൽ ഭയാനക രൂപികളായി പ്രത്യക്ഷപ്പെട്ട ദിനോസറുകളെ ഓർമയില്ലേ? കാതടപ്പിക്കുന്ന ശബ്ദ വിന്യാസങ്ങളിൽ ഹോളിവുഡ് സാങ്കേതിക വിദഗ്ധർ ഒരുക്കിയ ഭീമാകാര രൂപികളെ പുനസൃഷ്ടിച്ച് പ്രദർശനത്തിനു വച്ചിരിക്കുന്നു ഗുജറാത്തിൽ. അമ്മദാബാദിൽ നിന്ന് തൊണ്ണൂറു കിലോമീറ്റർ അകലെ ബലസിനോറിനു സമീപം റയ്യോളിയിലാണ് ജുറാസിക് പാർക്ക്. അവിടം സന്ദർശിച്ച ചിലരിൽ നിന്നു വിവരങ്ങൾ ശേഖരിച്ച് അതി രാവിലെ അഹമ്മദാബാദിൽ നിന്നു റയ്യോളിയിലേക്ക് പുറപ്പെട്ടു.

ഗുജറാത്തിലെ ഗ്രാമങ്ങളിലുള്ള കൃഷി സ്ഥലങ്ങളുടെ ഭംഗിയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. അതു കണ്ടാസ്വദിക്കാനായി ബസ്സിന്റെ സൈഡ് സീറ്റിൽ ഇരിപ്പുറപ്പിച്ചു. ബലസിനോർ പണ്ടു നാട്ടു രാജ്യമായിരുന്നു. "ബാബി" രാജവംശത്തിലെ ‘നവാബ്’ ആയിരുന്നു ഭരണാധികാരി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം ബലസിനോർ പ്രദേശം ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗമായി. കൃഷി ഉപജീവനമാക്കിയ നാട്ടുകാർ ഇപ്പോഴും പരമ്പരാഗത രീതികൾ പിൻതുടരുന്നു. വിസ്താരമേറിയ പാടങ്ങളും കന്നുകാലികളും നാട്ടുഭംഗിക്ക് അഴകു കൂട്ടുന്നു.

ബസ്സ് ബസിനോർ താണ്ടി റയ്യോളിയിലെത്തി. അവിടെ നിന്നു ദിനോസർ പാർക്കിലേക്ക് ടാക്സിയിൽ കയറി. രാവിലെ പത്തിനാണു മ്യൂസിയം തുറക്കുക. നേരത്തേ എത്തിയതിനാൽ സമീപത്തെ കടയിൽ കയറി ചൂട് ചായ കുടിച്ചു. ചോളം പുഴുങ്ങിയത് അവിടെ കഴിക്കാനുണ്ട്. കടയിൽ നിന്നാൽ പാർക്കിനുള്ളിലെ ദിനോസറുടെ തല കാണാം. പാർക്കിനെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകം തുറന്ന് സന്ദർശിക്കാനുള്ള സ്ഥലങ്ങളുടെ വിവരം ഒരിക്കൽക്കൂടി വിലയിരുത്തി. ബലസിനൊറിൽ ഇതുവരെ പതിമൂന്ന് ഇനം ദിനോസറുകളുടെ (സ്പീഷ്യസ്) ഫൊസിൽ കണ്ടെത്തിയിട്ടുണ്ട്.

ബലസിനോറിൽ നടത്തിയ ഗവേഷണങ്ങളിൽ ദിനോസറിന്റെ മുട്ടകൾ കിട്ടി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു കിട്ടിയ ദിനോസറിന്റെ മുട്ടകളുടെ എണ്ണം നോക്കിയാൽ റയ്യോളിക്ക് രണ്ടാം സ്ഥാനമാണ്. പതിനായിരത്തലധികം മുട്ടകളാണ് ഇവിടെ നിന്നു ഖനനം ചെയ്തെടുത്തത്. ഫോസിൽ രൂപത്തിലുള്ളതാണ് അവ. ലോകത്ത് ഏറ്റവുമധികം ദിനോസർ ഫോസിൽ ലഭിച്ച സ്ഥലങ്ങളില്‍ മൂന്നാം സ്ഥാനത്തു നിൽക്കുന്നതു റയ്യോളിയാണ്. അതിനാൽത്തന്നെ റയ്യോളിയിലെ ദിനോസർ പാർക്കിന് പ്രാധാന്യമേറെയുണ്ട്. ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ദിനോസർ പാർക്കാണ് ഇത്.

 

പറക്കുന്ന ദിനോസർ

ഗൈഡിനെ ബുക്ക് ചെയ്തിരുന്നു. പക്ഷേ,ഉച്ചയ്ക്ക് പന്ത്രണ്ടിനേ എത്തുകയുള്ളൂ. അതിനാൽ ഖനനം നടത്തിയ സ്ഥലത്തുകൂടി തനിയേ നടന്നു. ‘‘ആദ്യം മ്യൂസിയം സന്ദർശിക്കണം. എന്നാൽ മാത്രമേ ഖനനം നടത്തിയ സ്ഥലത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കൂ’’ അവിടെ വച്ചു കണ്ടുമുട്ടിയ ഗുജറാത്തുകാരൻ പറഞ്ഞു.

ടിക്കറ്റെടുത്ത് മ്യൂസിയത്തിൽ പ്രവേശിച്ചു. മ്യുസിയത്തിനുള്ളിൽ ഡിജിറ്റൽ ക്യാമറയുമായി പ്രവേശനത്തിന് അനുമതിയില്ല. പഴമയുടെ രൂപങ്ങൾ കണ്ടാസ്വദിക്കാം. പല തരം ദിനോസറുകളുടെ രൂപങ്ങൾ അവിടെയുണ്ട്. "ടിറാനൊസൊറസ്" ആണ് അക്കൂട്ടത്തിൽ ശ്രദ്ധയാകർഷിച്ചത്. കോടിയിലേറെ വർഷം മുൻപ് ഭൂമിയിൽ ജീവനോടെ ഉണ്ടായിരുന്ന ഭീമാകാര രൂപിയാണ് ടിറാനൊസൊറസ്. അതിന്റെ ഫോസിൽ കണ്ട് അമ്പരന്നു. പഠനകാലത്തു തന്നെ രൂപഭംഗിയിൽ കൗതുകമുണർത്തിയവയാണ് സെൻട്രോസറസ്. അതിന്റെ തലയുടെ ഫോസിൽ റയ്യോളിയിലുണ്ട്. ശരീരം മുഴുവൻ മുള്ളു പോലെ പടച്ചട്ട അണിഞ്ഞതാണു "ആങ്കിലൊസൊറസ്". മുതുകിൽ മുള്ളുകളുള്ള ഭയാനക രൂപമാണ് "സ്പൈനൊസൊറാസ്". ഇവയ്ക്ക് അതിവേഗം ഓടാനുള്ള കഴിവുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ മുതലയെന്നു തോന്നിക്കുന്ന രൂപമാണ് മൊസാസൊറസിന്റേത്. ദിനോസറുകളുടെ ഫോസിൽ കാണാൻ വരുന്നവർക്ക് കാഴ്ച ആസ്വാദ്യകരമാക്കാൻ ശബ്ദാവിഷ്കാരം ഒരുക്കിയിട്ടുണ്ട്.

മറ്റൊരു പവിലിയനിൽ കടലിലെ ദിനോസറുകളുടെ രൂപമാണ്. മനുഷ്യ പരിണാമത്തിന്റെ ഒരു ചാർട്ട് ഇവിടെയുണ്ട്. പണ്ട് സമുദ്രത്തിലും ഉരഗങ്ങളുണ്ടായിരുന്നു എന്ന കാര്യം ആശ്ചര്യം തന്നെ. നൂറ്റാണ്ടുകൾക്കു മുൻപ് "ജബൽപ്പുർ" ഭാഗത്തു ജീവിച്ചിരുന്നവയാണ് ഇൻ്റൊസൊരസ്. പറക്കുന്ന പാമ്പുകൾ ഉണ്ടായിരുന്നു. അതിനെക്കുറിച്ചാണ് ആർക്കിയൊപ്റ്റെറിക്സ് രേഖകളിൽ വിശദീകരിക്കുന്നത്. തൂവലുകൾ ഉള്ള പറക്കുന്ന ഉരഗം. പാമ്പുകളും പക്ഷികളും തമ്മിലുള്ള പരിണാമത്തിലെ കണ്ണി അതായിരുന്നത്രേ. അർഗന്റിനോസറസ്, ബ്രാഷിയോസറസ്, ഹെറാസറസ് എന്നിവ വലുപ്പമേറിയവയാണ്. ഇതെല്ലാം കാണാനെത്തുന്നവർക്കു ചരിത്രം മനസ്സിലാക്കാൻ വിഡിയോ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യയിൽ ഇടിച്ചു കയറുന്ന 3ഡി ഫോട്ടോ ആകർഷണീയമാണ്.

 

അരിയാട്ടാനുള്ള കല്ല് ദിനോസറിന്റെ മുട്ട

ആദ്യത്തെ ദിനോസർ 243 മില്യൺ വർഷം മുൻപാണു ഭൂമിയിൽ ഉണ്ടായത്. അതായത് ഇരുപത്തിനാലു കോടി മുപ്പത് ലക്ഷം വർഷം മുൻപ്. ഇക്കാര്യങ്ങൾ ദിനോസറുകളുടെ മ്യൂസിയത്തിൽ വിവരിച്ചു വച്ചിട്ടുണ്ട്. സൗറോപോഡ് ദിനോസറിന്റെ മുട്ടയ്ക്ക് ആപ്പിളിന്റെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. ഇത്തിരിക്കുഞ്ഞൻ ദിനോസറുകളുമുണ്ടായിരുന്നു. മാംസം കഴിക്കുന്നവയെ പോലെ തന്നെ സസ്യാഹാരം മാത്രം കഴിച്ചിരുന്ന ദിനോസറുമുണ്ടായിരുന്നു. എലിയുടെ വലിപ്പത്തിലുള്ള ദിനൊസറാണ് മൈക്രോ സെറാറ്റസ്. ചെറിയ വിഭാഗമാണു വനെനോസെറാസസ്.

മ്യൂസിയത്തിനുള്ളിൽ ഒരു കുളമുണ്ട്. അതിൽ കുറേ ദിനോസറുകളുമുണ്ട്. സിനിമയിലെ ജുറാസിക് ഗവേഷണ ശാല പോലെ. സമീപത്തുള്ള മുറിയിൽ ബലാസിനൊറിനെ കുറിച്ചുള്ള വിവരണമുണ്ട്. 1980 –ലാണ് ബലസിനോറും ദിനോസറുകളുമായുള്ള ബന്ധം തെളിഞ്ഞത്. ഖനനം നടത്തിയ സമയത്ത് ദിനോസറിന്റേതെന്നു കരുതപ്പെടുന്ന അസ്ഥി കിട്ടി. പരിസരത്ത് അതേ രൂപത്തിലുള്ള അസ്ഥികൾ കണ്ടെത്തിയതോടെ ഗവേഷണം ആരംഭിച്ചു. അക്കാലത്ത് വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കഥകൾ പ്രചരിച്ചെങ്കിലും പിന്നീട് അതു തെറ്റാണെന്നു വ്യക്തമായി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിനോസറുകൾ പണ്ട് അവിടെയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു.

 

ബലസിനോറിൽ എഴുപത്തിരണ്ടു ഹെക്റ്റർ ഭൂമിയിൽ ഗവേഷണം നടത്തി. അവിടെ നിന്നു കിട്ടിയതെല്ലാം ശാസ്ത്രലോകത്തു ഞെട്ടലുണ്ടാക്കി. നാട്ടിൻപുറത്തെ വീടുകളിൽ അരകല്ലിൽ ഉഫയോഗിച്ചിരുന്നത് ദിനോസറിന്റെ മുട്ടയായിരുന്നത്രേ! ചെറിയ മുട്ടയിൽ നിന്നാണു വലിയ ദിനൊസറുകൾ ജനിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗത്തു ദിനോസർ ഫോസിൽ കണ്ടെത്തിയിട്ടുണ്ട്. പല ഇനം ദിനോസറുണ്ടായിരുന്നതായി അവ ചിതറിപ്പോയെന്നും കരുതപ്പെടുന്നു. ദിനോസറുകളുടെ പൊതു രൂപമെന്നു സ്ഥിരീകരിക്കപ്പെട്ട രാജാസറസ് നർമദെൻസിസിന്റെ ഫോസിൽ ബലസിനോറിൽ കണ്ടെത്തിയിട്ടുണ്ട്. നർമദാ നദിയുടെ തീരത്തു ജീവിച്ചതിനാലാണ് ‘നർമദെൻസിസ്’ എന്നു പേരു ചേർത്തത്. അവയുടെ ഫോസിലിന്റെ തലയിൽ കിരീടം പൊലെ രൂപമുള്ളതിനാൽ ‘രാജ’ എന്നു പേരിട്ടു. ബലസിനൊറിൽ നിന്നു ഖനനം ചെയ്തെടുത്ത അസ്ഥിയും മുട്ടകളും മ്യൂസിയത്തിലൂണ്ട്. ഇതിൽ കുറേയെണ്ണം കോൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിലേക്കു മാറ്റി.

മ്യൂസിയം സന്ദർശിക്കുന്നവർക്കു വഴിയൊരുക്കാനായി ബലസിനോർ ഫീൽഡ് മാപ് ഉണ്ട്. എവിടെ, എന്തെല്ലാം കാണാമെന്നു വിശദമായി എഴുതിയിട്ടുണ്ട്.

 

ദിനോസറിനെ സംരക്ഷിക്കുന്ന രാജകുമാരി

കൃത്യസമയത്ത് ഗൈഡ് എത്തി. അവർക്കൊപ്പം ഫീൽഡിലേക്കു നടന്നു. "ആട്ടിൻ കൂട്" പോലെ വേലി കെട്ടിയരിക്കുന്നു. അതിനുള്ളിൽ പാറയും ഫോസിലുമാണ്. നട്ടെല്ല്, കൈകൾ, വാരിയെല്ല്, തുടയെല്ല്, കശേരുക്കൾ, വാരിയെല്ലുകൾ, പാദത്തിന്റെ അസ്ഥി എന്നിവ പാറകളിൽ ഫൊസിലായി നിലനിൽക്കുന്നു. ഒരു മനുഷ്യനെക്കാൾ വലുപ്പമുള്ള തുടയെല്ല് അവിടെ കണ്ടു. കുന്നിൻ ചെരുവിൽ നിന്നാണ് രാജസറസ് നർമദെനിസിസിന്റെ ഫോസിൽ കിട്ടിയത്. ഈ ദിനോസറിന്റെ ഭക്ഷണ രീതിയെ രാജവെമ്പാലയുമായി ഗവേഷകർ താരതമ്യം ചെയ്യുന്നു. മറ്റു ദിനോസറുകളായിരുന്നു രാജസറസ് നർമദെനിസിസിന്റെ ഇര. മറ്റു പാമ്പുകളെ ഇരയാക്കുന്ന ഉരഗമാണു രാജവെമ്പാല.

മുൾച്ചെടികളുടെ ഇടയിലൂടെ മുന്നോട്ടു നീങി. ദിനൊസർ മുട്ടകളുടെ ഫോസിൽ അവിടെയുണ്ട്. പാറയിൽ വൃത്തം വര്ചതുപോലെ തോന്നി. സന്ദർശകർ ശ്രദ്ധിച്ചില്ലെങ്കിൽ മുട്ടയുടെ മുകളിൽ ചവിട്ടും. മുട്ടത്തോടിന്റെ ഫോസിൽ തൊട്ടു നോക്കി.

പണ്ട് ഇവിടെയെത്തിയ സന്ദർശകർ ഫൊസിലുകൾ മോഷ്ടിചിരുന്നത്രെ! അവർ അതു മറിച്ചു വിറ്റു പണം സമ്പാദിച്ചതായി തെളി‍ഞ്ഞിട്ടുണ്ട്. ഗൈഡിനൊപ്പം മ്യൂസിയത്തിൽ പ്രവേശിച്ചു. അവിടെ കയറിയപ്പോഴാണ് വഴികാട്ടിയായി എത്തിയത് ആരാണെന്നു മനസ്സിലായത്. പേര് ആലിയാ ബാബി. ബാലസിനോറിലെ രാജവംശത്തിലെ പിൻതലമുറക്കാരി. അഥവാ, ഇപ്പോഴത്തെ രാജകുമാരി. അവർക്കു സ്വന്തമായി ഫോസിലിന്റെ ശേഖരമുണ്ട്. അതെല്ലാം കണ്ടതിനു ശേഷം അവരോടൊപ്പം പാലസ് റസ്റ്ററന്റിൽ നിന്നു ഭക്ഷണം കഴിച്ചു. പുരാതന വസ്തുക്കളുടെ ശേഷിപ്പുകൾ കണ്ടതിനു ശേഷം രാജവംശത്തിന്റെ പിൻഗാമിയുടെ ആതിഥ്യം സ്വീകരിച്ചു മടങ്ങുമ്പോൾ സിനിമാ സ്ക്രീനിലെന്ന പോലെ ഒരു നാടിന്റെ ചരിത്രം സിനിമാ സ്ക്രീനിലെന്ന പോലെ മുന്നിൽ തെളിഞ്ഞു...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT