മുടിയിൽ മല്ലിപ്പൂ ചാർത്തി കല്ലുവച്ച മൂക്കുത്തിയണിഞ്ഞ് കൊലുസിന്റെ ചിരി നിറച്ച് മഞ്ഞച്ചേലചുറ്റി നിൽക്കുന്ന തമിഴ്‌പെണ്ണാണ് സുന്ദരപാണ്ഡ്യന്റെ നാട്. മലയാളമണ്ണിലേക്ക് ഓണനിലാവെത്തും മുമ്പേ സുന്ദരപാണ്ഡ്യപുരത്തെ പാടങ്ങളിൽ വസന്തക്കാലം തുടങ്ങും. ജമന്തിയും ചെണ്ടുമല്ലിയും റോസാപ്പൂക്കളും സൂര്യകാന്തിയും വിളവെടുപ്പിനായി കാത്തിരിക്കുന്നു. പൂക്കൾ മാത്രമല്ല അരിയും പച്ചക്കറികളും സമൃദ്ധമായി വിളയുന്ന മണ്ണ്, സുന്ദരപാണ്ഡ്യപുരം. മലയാളികളുടെ ‘ഇല’യും മനസും നിറയ്ക്കാൻ വെയിലിനെ തോൽപ്പിച്ച് പണിയെടുക്കുന്ന കർഷകരുടെ ഗ്രാമം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തെങ്കാശിയ്ക്കടുത്താണ് സിനിമാക്കാരുടെ പ്രിയ ലൊക്കേഷൻ കൂടിയായ സുന്ദരപാണ്ഡ്യപുരം. ഓണമൊരുങ്ങുന്ന സുന്ദരപാണ്ഡ്യപുരത്തെ തേടിയാണ് ഈ യാത്ര. കേരളത്തിൽ പൂവിളികളുടെ കരഘോഷം മുഴങ്ങും മുമ്പേ ഇവിടുത്തെ അഗ്രഹാരത്തെരുവുകളിലൂടെ പൂപ്പാടങ്ങളുടെ ദേവലോകത്തേക്കിറങ്ങിച്ചെല്ലാം...
സുന്ദരപാണ്ഡ്യന്റെ മണ്ണിലേക്ക്...
തെന്മല– ചെങ്കോട്ട വഴി തെങ്കാശി കഴിഞ്ഞ് ഏഴുകിലോമീറ്റർ പിന്നിട്ടാൽ തമിഴ്നാടിന്റെ ഗ്രാമീണസൗന്ദര്യം മുന്നിൽ തെളിഞ്ഞുതുടങ്ങുകയായി. പൂക്കൂട തട്ടിച്ചിതറിയപോലെ റോഡിനിരുവശവും ചെണ്ടുമല്ലിയും ജമന്തിയും കോഴിപ്പൂവും ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന്. ആഞ്ഞടിക്കുന്ന കാറ്റിനെ പിടിച്ചെടുത്ത് കറങ്ങുന്ന കാറ്റാടിയന്ത്രങ്ങൾ. ഏകദേശം അറുനൂറു വർഷങ്ങൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവാണ് ഈ ഗ്രാമം പണിക്കഴിപ്പിച്ചത്. പിൽക്കാലത്ത് ഈ സ്ഥലം സുന്ദരപാണ്ഡ്യന്റെ ഊര് എന്ന നിലയിൽ സുന്ദരപാണ്ഡ്യപുരം എന്നറിയപ്പെട്ടു തുടങ്ങി. പേരു സൂചിപ്പിക്കുന്ന പോലെ സൗന്ദര്യത്തെ വാക്കുകളിലൊളിപ്പിച്ച് ഒരു പൂക്കാലത്തെ കൈക്കുള്ളിലൊതുക്കി സഞ്ചാരികള്‍ക്കായി കാത്തുവയ്ക്കുന്ന ഇടം. ഗ്രാമത്തിന്റെ ഓരോരോ ഭാഗങ്ങളിലായി നൂറ്റാണ്ടുകൾ പഴക്കമുള്ള ചെറുതും വലുതുമായ ക്ഷേത്രങ്ങൾ. മനോഹരമായ കൊത്തുപണികളാൽ സുന്ദരമാണ് ഇവിടുത്തെ ക്ഷേത്രങ്ങളുടെ നിർമിതി. നിശബ്ദതയെ ഭേദിച്ച് അഗ്രഹാരത്തെരുവുകൾ കീഴടക്കുന്ന കളിക്കൂട്ടങ്ങൾ. ഇടുങ്ങിയ വഴികൾക്കിടയിലൂടെ കൂസലില്ലാതെ നടന്നുനീങ്ങുന്ന ആടുമാടുകൾ. പച്ചവിരിക്കുന്ന പാടങ്ങൾ, ചോളപ്പാടങ്ങളെ തഴുകി പോകുന്ന കാറ്റ്, പൂപ്പാടങ്ങളിലും ഉള്ളിപ്പാടങ്ങളിലും ജോലിചെയ്യുന്ന തമിഴ് പെണ്ണുങ്ങൾ...നാം സിനിമകളിൽ മാത്രം കണ്ടുശീലിച്ച വേറിട്ടൊരു മുഖമാണ് സുന്ദരപാണ്ഡ്യപുരത്തിന്. ചെറിയ കാഴ്ചകളിലെ വലിയ ആകർഷണമായിരിക്കണം സഞ്ചാരികളെയും സിനിമക്കാരെയും സുന്ദരപാണ്ഡ്യപുരത്തേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അമ്പതിലധികം സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങിയാൽ മാസങ്ങളോളം നീണ്ടുപോകും. കണ്ടു മടുത്ത സ്ഥിരം കാഴ്ചയായതിനാലാവണം ഇവിടുത്തുകാർക്ക് സിനിമാപിടുത്തം ഒരു കൗതുകമല്ല. പക്ഷേ, സൂപ്പർസ്റ്റാർ ആരെങ്കിലുമാണ് വരുന്നതെങ്കിൽ പാടത്തെ പണിയെല്ലാം നിർത്തിവച്ച് പടംപിടുത്തം കാണാൻ പോകാറുമുണ്ടത്രേ.
കടയനല്ലൂർ മാർക്കറ്റിൽ വച്ചാണ് ശെൽവസുബ്രമണ്യത്തെ പരിചയപ്പെടുന്നത്. പത്തേക്കറോളം വരുന്ന കൃഷിഭൂമിയുടെ ഉടമ. മണ്ണിനെ അറിഞ്ഞ് കൃഷിചെയ്യുന്ന നല്ല കർഷകൻ. ഓരോ വിളയും അതതിന്റെ രീതിയിൽ പരിപാലിക്കാൻ അറിവുള്ള കൃഷിക്കാരുള്ളതുകൊണ്ടാണ് സുന്ദരപാണ്ഡ്യപുരത്തിന്റെ കൃഷിപ്പെരുമ ഇന്നും നിലനിൽക്കുന്നതെന്ന് ശെൽവസുബ്രമണ്യം പറഞ്ഞു. എല്ലാ വർഷവും ഒരേ വിളയല്ല കൃഷിയിറക്കുന്നത്. മണ്ണിന്റെ സ്വഭാവവും മഴയുടെ ലഭ്യതയുമാണ് ഏതുവിള കൃഷിചെയ്യണമെന്ന് കർഷകർ തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം. പൂപ്പാടങ്ങൾ തേടിയാണ് യാത്രയെന്നു പറഞ്ഞപ്പോൾ ശെൽവൻ തന്റെ ചെണ്ടുമല്ലിപ്പാടം കാണാൻ ഞങ്ങളെ ക്ഷണിച്ചു.
സൂര്യനെ പ്രണയിച്ച സൂര്യകാന്തി...
വർണപകിട്ടാർന്ന ചേലചുറ്റുന്ന പോലെ സുന്ദരപാണ്ഡ്യപുരം ഗ്രാമത്തിന്റെ നിറം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. നെൽ വയലിന്റെ ഇളം പച്ച മടുക്കുമ്പോൾ ചെണ്ടുമല്ലിയുടെ ഓറഞ്ചണിയും. അതല്ലെങ്കിൽ ജമന്തിയുടെ മഞ്ഞ, ചിലപ്പോൾ മല്ലിപ്പൂവിന്റെ വെള്ള, അങ്ങനെയങ്ങനെ...മനം മയക്കുന്ന സൗന്ദര്യം ആവോളം വാരിപൂശിയിട്ടുണ്ട് ഈ നാട്. വിണ്ണിൽ നിന്നിറങ്ങി വന്ന് പൂത്തുനിൽക്കുന്ന ആയിരം സൂര്യന്മാരെ പോലെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടങ്ങൾ. ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് മാസം വരെ സുന്ദരപാണ്ഡ്യപുരത്തിന് ചന്തംചാർത്തിക്കൊടുക്കുന്നത് ഈ സൂര്യകാന്തി പാടങ്ങളാണ്. ഇടവിളയായാണ് സൂര്യകാന്തി കൃഷിചെയ്യുന്നത്. ഏതുവിള കൃഷി ചെയ്യാനിറങ്ങുന്നതിനു മുമ്പും അതതു ഗ്രാമത്തിന്റെ കോവിലിലെ ഭഗവാന് കാണിക്ക സമർപ്പിച്ച് അനുഗ്രഹം വാങ്ങാറുണ്ട് ഇവിടുത്തെ കർഷകർ. സാധാരണയായി ഏപ്രിൽ– മെയ് മാസങ്ങളില്‍ വിത്തു വിതച്ച് മൂന്നുമാസത്തിനുശേഷം വിളവെടുക്കുന്ന രൂതിയിലാണ് സൂര്യകാന്തി കൃഷി. പ്രധാനമായും എണ്ണ ഉൽപാദനത്തിനാണ് സൂര്യകാന്തി വിത്തുകൾ ഉപയോഗിക്കുന്നത്. ക്ലാരറ്റ്, സണ്ണി, ലമണേഡ്, മൗലിൻ റൂഷ് എന്നിങ്ങനെ നിറവും ഉയരവും കണക്കാക്കി സൂര്യകാന്തികളെ തരംതിരിച്ചിട്ടുണ്ട്. മറ്റു പൂക്കളെ പോലെ അൽപ്പായുസ്സുകാരല്ല സൂര്യകാന്തിപ്പൂക്കൾ . കാഴ്ചക്കാർക്ക് മുഴുവൻ സന്തോഷം നൽകി മാസങ്ങളോളം നിന്ന് ശോഭമങ്ങി ഇതൾകൊഴിഞ്ഞ് ഉണങ്ങിയ ശേഷമാണ് സൂര്യകാന്തിയുടെ വിത്ത് കർഷകർ ശേഖരിക്കുന്നത്. ഒരേക്കർ പാടത്ത് കൃഷിയിറക്കാൻ രണ്ടു കിലോ വിത്തെങ്കിലും വേണം. കാർഷിക സൊസൈറ്റികളിൽ നിന്നും വിത്ത് കുറഞ്ഞ വിലയിൽ കർഷകർക്ക് ലഭ്യമാണ്. സുന്ദരപാണ്ഡ്യപുരത്ത് മാത്രമല്ല തെങ്കാശിക്ക് സമീപമുള്ള സാമ്പർ, വടകരൈ, ആയ്ക്കുടി എന്നിവിടങ്ങളിലും ആയിരക്കണക്കിനേക്കർ പാടത്ത് സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്..
സുന്ദരപാണ്ഡ്യപുരത്തെ ക്രമസമാധാനപാലനം നാട്ടുക്കൂട്ടത്തിന്റെ ചുമതലയാണ്. പരാതികളും പിണക്കങ്ങളും പരിഭവങ്ങള്‍ക്കുമെല്ലാം അതാതു സ്ഥലത്തെ നാട്ടുക്കൂട്ടം പരിഹാരം കാണും. തങ്ങൾക്ക് പരിഹരിക്കാൻ പറ്റുന്നതിലും വലിയ പ്രശ്നമാണെങ്കിൽ മാത്രമേ പോലീസും കോടതിയുമെല്ലാം ഇടപ്പെടേണ്ടതുള്ളൂ. ഇതുപോലെ പരമ്പരാഗതമായി തുടർന്നുപോരുന്ന ആചാരങ്ങളും വിശ്വാസങ്ങളുമാണ് സുന്ദരപാണ്ഡ്യപുരത്തെ മറ്റ് ഗ്രാമങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. ഏതെങ്കിലുമൊരു കോവിലിനെ ചുറ്റിപ്പറ്റിയാണ് കൃഷിഭൂമി. നല്ല തോതിൽ മഴ ലഭിക്കുന്ന ഇടമാണ് സുന്ദരപാണ്ഡ്യപുരം. അതുകൊണ്ടു തന്നെ ഇവിടുത്തുകാർ മഴവെള്ളം കൃത്യമായി ശേഖരിച്ച് കാർഷികാവശ്യങ്ങൾക്കുപയോഗിക്കുന്നു. തൈപ്പൂയ്യമാണ് സുന്ദരപാണ്ഡ്യപുരത്തെ ഉത്സവകാലം. അന്ന് ഇവിടുത്തെ ഓരോ തെരുവും ആഘോഷത്തിമിർപ്പിലാകും. ഗ്രാമത്തിനു പുറത്തു ജോലിചെയ്യുന്നവരും മറ്റും ഒത്തുകൂടുന്ന ദിനം. നമ്മുടെ ഓണക്കാലത്തെ ഒത്തുചേരൽ പോലെ...
സിനിമാക്കാരുടെ പാറ
പൂക്കള്‍ പകർന്ന നിറക്കാഴ്ചയായിരുന്നു ഇതുവരെ. ഇനി യാത്ര പുലിയൂർപ്പാറ കാണാനാണ്. ഒരുപക്ഷേ പുലിയൂർപ്പാറ എന്ന പേരുപറഞ്ഞാൽ മനസ്സിലായെന്നു വരില്ല. ഈ നാട്ടുകാർ പോലും ആ പേരു മറന്നുതുടങ്ങിയിരിക്കുന്നു. മണിരത്നത്തിന്റെ ഹിറ്റ് ചിത്രം റോജ പുറത്തിറങ്ങുന്നതോടെയാണ് സുന്ദരപാണ്ഡ്യപുരം ഇത്ര പ്രശസ്തമാകുന്നത്. അതിനു ശേഷം പുലിയൂർപ്പാറ റോജാപ്പാറ എന്നറിയപ്പെട്ടു തുടങ്ങി. ഒറ്റപ്പെട്ട ആൽമരവും കൂട്ടം കൂട്ടമായി നിൽക്കുന്ന പാറക്കെട്ടും അവയ്ക്കു താഴെ പച്ചവിരിച്ച് കണ്ണെത്താദൂരം പരന്നുക്കിടക്കുന്ന നെൽവയലുകളും കുളവും എല്ലാം കൂടി ചേർന്നൊരുക്കുന്ന ദൃശ്യവിരുന്ന് സിനിമക്കാരെ വല്ലാതെ ആകർഷിച്ചിരിക്കണം. റോഡരികില്‍ തലയെടുപ്പോടെ നിൽക്കുന്ന പാറക്കൂട്ടത്തെ ക്യാൻവാസാക്കി എം ജി ആറിന്റെയും രജനീകാന്തിന്റെയും കമൽഹാസന്റെയുമെല്ലാം ജീവനുള്ള ചിത്രങ്ങൾ ആരോ വരച്ചിട്ടു. 2005 ൽ വിക്രം അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ അന്യൻ പുറത്തിറങ്ങിയതോടെ സുന്ദരപാണ്ഡ്യപുരത്തേക്ക് സന്ദർശകരുടെ എണ്ണം കൂടി. അങ്ങനെ പുലിയൂർപ്പാറ അന്യൻപ്പാറയായി മാറി. സുന്ദരപാണ്ഡ്യപുരത്തെ പ്രത്യേക കാഴ്ചയായി എടുത്തു പറയാവുന്ന ഒന്ന് ഈ അന്യൻപ്പാറയാണ്. ഗ്രാമത്തിന്റെ അന്തരീക്ഷം ആസ്വദിക്കാം എന്നുള്ളതാകണം സുന്ദരപാണ്ഡ്യപുരം യാത്രയുടെ ഉദ്ദേശ്യം.
പൂപ്പാടങ്ങൾ തേടി പൂവിളിയുയരും വഴിയേ...
ചിങ്ങമാസം തുടങ്ങുന്നതോടെ പൂക്കളുടെ വിപണി സജീവമാകും. കേരളത്തിലെ കല്യാണസീസണും ഓണവുമാണ് അതിന്റെ കാരണം. അതുവരെ കിലോയ്ക്ക് ഇരുപതോ മുപ്പതോ രൂപമാത്രം കിട്ടിയിരുന്ന പൂക്കൾക്ക് വില ഇരട്ടിയാകും. ആവശ്യക്കാരുടെ എണ്ണം കണക്കാക്കിയാണ് വിളവെടുക്കുന്നത്. നാലോ അഞ്ചോ തവണ ഒരേ വയലിൽ തുടർച്ചയായി കൃഷിയിറക്കാം. ഓരോ തവണയും പക്ഷേ പൂവിന്റെ വലുപ്പം കുറഞ്ഞുവരും. വീരാനത്തെ മാർക്കറ്റിൽ പൂക്കളുടെ മൊത്തവ്യാപാരക്കട നടത്തുന്ന വേൽമുരുകം കച്ചവടത്തെ പറ്റി സംസാരിച്ചു തുടങ്ങി. ഇപ്പോൾ കർഷകർ ഏക്കറുകണക്കിനു പാടം പാട്ടത്തിനെട എടുത്ത് ഓണം ലക്ഷ്യമാക്കി പൂക്കളുടെയും പച്ചക്കറികളുടെയും കൃഷിനടത്തുന്നുണ്ട്. ഭൂമിയെ കൃത്യമായി തരംതിരിച്ചാണ് കൃഷി.
കാറ്റാടിയന്ത്രങ്ങളിൽ തട്ടിത്തെറിക്കുന്ന കാറ്റ് നെൽവയലിനെയും ചോളപ്പാടത്തെയും തൊട്ടുതഴുകി കടന്നുപോയി. പൂപ്പാടങ്ങളിലൂടെ തമിഴ്സൗന്ദര്യം നുകർന്ന യാത്ര അവസാനിക്കുന്നു. മനസ്സിലിനിയുമൊരു ചോദ്യം ബാക്കി. ക്ഷിപ്രകോപിയായ ദുർവാസാവിൽ നിന്നും വരം നേടി സൂര്യനോടു ചേർന്ന് കർണ്ണനു ജന്മം നൽകിയ കുന്തീ ദേവിയെ പോലെ, എല്ലാ വർഷവും ഇത്രയധികം സൂര്യകാന്തിപ്പൂക്കൾ വിരിയാൻ മാത്രം. എന്തു സുകൃതമായിരിക്കും ഈ നാട് ചെയ്തിരിക്കുക?