Thursday 28 July 2022 03:28 PM IST : By Naseel Voici

കുങ്കിച്ചിറ, രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച അധികമാരും കടന്നു ചെല്ലാത്ത കാട്!

kunjom 07

മനോഹരമായ ഒരു പുൽമേട്. അതിനടുത്തൊരു തടാകം. തൊട്ടപ്പുറത്ത് കൊടും കാട് – വയനാട്ടുകാരനായ സുഹൃത്തിന്റെ കംപ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞ ‘കുഞ്ഞോം’ കാഴ്ച മനസ്സിനെ കൊതിപ്പിച്ചു. നമ്മുടെ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥലമുണ്ടായിട്ട് ഇതുവരെ കണ്ടില്ലെന്നു പറഞ്ഞാൽ...ഒന്നും നോക്കിയില്ല. വണ്ടി വയനാടൻ ചുരം കയറി. ‘‘പുൽമേടും ചിറയും...? ‘കുങ്കിച്ചിറ’യാണോ ഉദ്ദേശിച്ചത്? ഇടത്തോട്ടു തിരിഞ്ഞു പോയാൽ മതി’’– കവലയിലെ കച്ചവടക്കാരൻ കുഞ്ഞോമിലേക്കു വഴി കാണിച്ചു. സമൃദ്ധമായ കൃഷിയിടങ്ങൾക്കു നടുവിലൂടെയാണ് റോഡ്. മഴ വകവയ്ക്കാതെ അധ്വാനിക്കുന്ന കർഷകരും പാടത്തിന്റെയറ്റത്തു കാണുന്ന ചെറിയ വീടുകളും നടവരമ്പുകളുമെല്ലാം ചേർന്ന് വയനാടിന്റെ തനിമകൾക്കിടയിൽ വേറിട്ട കാഴ്ച. റോഡ് ചെന്നവസാനിച്ചത് കാടിന്റെ അറ്റത്ത്. കാടിനോടു ചേർന്ന് വലിയ ചിറ. അതിന്റെ ഒത്ത നടുക്ക് കുട ചൂടി നിൽക്കുന്ന ‘കുങ്കി’യുടെ പ്രതിമ. മറുവശത്ത് പച്ച വിരിച്ചു നിൽക്കുന്ന വിശാലമായ പുൽമേട്. കാടിനും പുൽമേടിനും നേര്‍ത്ത നനവ് പകരുന്ന കോടമഞ്ഞിലൂടെ മൈൽകുറ്റിയിലെ എഴുത്ത് തെളിഞ്ഞു – ‘കുങ്കിച്ചിറ, 0 km’. ഇതു തന്നെ സ്ഥലം.

കാടായി വളർന്ന കുഞ്ഞോം ചരിത്രം

kunjom 04

വയനാടൻ കാഴ്ചകളിൽ അധികമാരുമറിയാതെ ഒളിഞ്ഞിരിക്കുന്ന വിശേഷമാണ് ‘കുഞ്ഞോം’. കൽപ്പറ്റയിൽ നിന്ന് 43 കിലോമീറ്റർ ദൂരത്തിലുള്ള ഗ്രാമം. പേരിൽ ‘കുഞ്ഞ്യേത്’ (ചെറിയത്) ആണെങ്കിലും സഞ്ചാരികൾക്കായി കരുതിവയ്ക്കുന്നത് ഇമ്മിണി വലിയ വിശേഷങ്ങളാണ്. കുഞ്ഞോമിന്റെ മണ്ണിനും കഥകൾക്കും വയനാടിന്റെ പോയ കാലത്തിന്റെ മണമുണ്ട്. കാടും പുൽമേടുകളും ചിറയും കാഴ്ചകൊളൊരുക്കുന്ന ഗ്രാമത്തിലെ ‘കുങ്കിച്ചിറ’യും പരിസരവും പണ്ട് ‘തിരുമരുതൂർ’ എന്നറിയപ്പെട്ടിരുന്ന നഗരമായിരുന്നത്രെ. വീടുകളും കച്ചവടകേന്ദ്രങ്ങളുമുണ്ടായിരുന്ന, പല ദേശങ്ങളിൽ നിന്നു പല തരം ഭാഷകൾ സംസാരിക്കുന്ന കച്ചവടക്കാർ വന്നെത്തിയ ഒരു നഗരം. വയനാടിന്റെ തനതുവിളകൾ വാങ്ങാനും കടലോര വിഭവങ്ങൾ വിൽക്കാനുമായിരുന്നു അവർ എത്തിയത്. അക്കാലത്ത് വയനാട്ടിലെ ഏറ്റവും സജീവമായ കച്ചവടപ്പാതയായിരുന്നു ഇതെന്നും ചരിത്രകാരന്മാർ അവകാശപ്പെടുന്നു. ഏതായാലും നഗരമുണ്ടായിരുന്നു എന്ന് പറയപ്പെടുന്നിടത്ത് ഇപ്പോൾ പച്ചപ്പിന്റെ മായാജാലമൊരുക്കുന്ന കാടാണ്. വൻമരങ്ങളും ഒഷധ സസ്യങ്ങളും വളർന്ന, കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന, രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച അധികമാരും കടന്നു ചെല്ലാത്ത കാട്!

 

കാടിനുള്ളിലെ കോട്ടകൾ

kunjom 08

കാവിനോടു ചേർന്നാണ് കാട്ടിലേക്കുള്ള വഴിയാരംഭിക്കുന്നത്. തലയ്ക്കൽ ചന്തുവെന്ന വീരനായകന്റെ പിൻമുറക്കാരാണ് ഈ കാവും പരിസരവും പരിപാലിക്കുന്നത്. ചിറയോടു ചേർന്നാണ് അവർ താമസിക്കുന്നത്. കഥകൾ കേട്ട് കാടിനുള്ളിലേക്കു നടന്നു. തകർന്നടിഞ്ഞ കോട്ടയുടെയും ക്ഷേത്രത്തിന്റെയും ശേഷിപ്പുകൾ അവിടെയാണുള്ളത്. ചരിത്രകാരന്മാർ അവകാശപ്പെടുന്ന നഗരവും വേരുകൾക്കടിയിൽ അമർന്നു കിടപ്പുണ്ട്. ഇത്തിരി ദൂരം ചെന്നപ്പോഴേക്കും കാഴ്ച കൂടുതൽ വന്യമായി. വെളിച്ചം കടന്നുവരാത്ത വഴികൾ. ഇടയ്ക്ക് തോടുകൾ. കാട്ടുമൃഗങ്ങളുടെ ശബ്ദം. ചെറിയ പുൽമേടുകൾ... ഒരേസമയം കാടിനോട് ഇഷ്ടവും പേടിയും തോന്നി. മഴ കനത്തതോടെ വഴിയിൽ വെള്ളം കുത്തിയൊലിച്ചു. മുന്നോട്ടു നടക്കാനാവാത്ത അവസ്ഥ. കൂടുതൽ ഇരുട്ട് പടർന്നപ്പോൾ കോട്ടയുടെ ശേഷിപ്പുകൾ കാണാനുള്ള മോഹമുപേക്ഷിച്ച് തിരികെ നടന്നു. വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിയാൽ ഭീതി മാറി സഞ്ചാരികൾ ഇവിടേക്ക് ഒഴുകും, ഉറപ്പ്. വയനാട്ടിൽ നിന്നു കണ്ണൂരിലേക്കുള്ള എളുപ്പ വഴിയും കുഞ്ഞോം കാട്ടിലുണ്ട്. പണ്ടു കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഈ പാതയിലൂടെയായിരുന്നു കണ്ണൂരിൽ നിന്നു വയനാട്ടിലേക്കുള്ള കുടിയേറ്റക്കാർ നടന്നെത്തിയിരുന്നത്. ഒരുപാടു പേര്‍ക്ക് പുതിയ ജീവിതത്തിലേക്ക് വഴിയൊരുക്കിയ കാനനപ്പാതയിൽ ഇപ്പോൾ പക്ഷേ മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു. ഉൾവനത്തിൽ താമസിക്കുന്ന ആദിവാസികൾ ഇപ്പോഴും വിശേഷ സമയങ്ങളിൽ ഈ വഴി ഉപയോഗിക്കാറുണ്ട്. ഇടയ്ക്ക് വഴി രണ്ടായി പിരിയുന്നിടത്തെത്തിയപ്പോൾ സംശയം– ഇടത്തോട്ടോ വലത്തോട്ടോ? പെട്ടെന്നാണ് മുന്നിലൊരു നായ പ്രത്യക്ഷപ്പെട്ടത്. നേരത്തേ കുങ്കിച്ചിറയുടെ അടുത്ത് വന്നിറങ്ങിയപ്പോൾ അവിടെ ചുറ്റിത്തിരിഞ്ഞു നടന്നിരുന്ന അതേ കക്ഷി. വഴി കാട്ടാനെന്ന പോലെ അവൻ മുന്നിൽ നടന്നു. സംശയിച്ചു നിന്നപ്പോൾ തിരികെ വന്ന് വലം വച്ചു. ഒടുവിൽ ചിറയുടെ അരികിലെത്തിയപ്പോൾ തന്റെ നിയോഗം കഴിഞ്ഞ പോലെ അവൻ തിരികെ കാട്ടിലേക്ക് ഓടി. കുങ്കിയുടെ കോട്ട തേടിയെത്തുന്നവർക്ക് ദിക്ക് കാണിക്കാൻ നിയോഗിക്കപ്പെട്ടവനാണോ ആ നായ...? മറ്റാർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ടോ...? അറിയില്ല.

kunjom 03

 

kunjom 02

കുങ്കിച്ചിറയും പുൽമേടുകളും...

kunjom 05

‘കുങ്കിച്ചിറ’യാണ് കാടിന് അതിരിടുന്നത്. ഇതിന്റെ ഓരത്തു നിന്നാൽ കാടിനുള്ളിലെ സംഗീതം കേൾക്കാം. വെള്ളം കുടിക്കാനെത്തുന്ന കിളികളെ കാണാം. തെളിനീരു നിറഞ്ഞ ചിറയ്ക്ക് മറ്റൊരു പ്രത്യേകതയുണ്ട്; ഒരേസമയം പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചെന്നു ചേരുന്ന രണ്ടു പുഴകളുടെ ഉത്ഭവസ്ഥാനമാണിത്. ഒന്നു മയ്യഴിപ്പുഴയായി അറബിക്കടലിലെത്തുന്നു. രണ്ടാമത്തേത് മാനന്തവാടിപ്പുഴയാണ്. പ നമരംപുഴയോടു ചേർന്ന് ‘കബനി നദി’യായി ഒഴുകി കാവേരിയിലൂടെ ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ചേരുന്നു. വിശാലമായ ചിറയുടെ നടുവിലാണ് കുട ചൂടി നിൽക്കുന്ന ‘കുങ്കി’യുടെ പ്രതിമ. പഴശ്ശിയുടെ പടനായകനായിരുന്ന എടച്ചേന കുങ്കന്റെ സഹോദരിയായിരുന്നു കുങ്കി. വടക്കൻ പാട്ടുകൾ പാടിപ്പുകഴ്ത്തിയ ‘കൊടമല കുങ്കി’ വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമിച്ചത് ചിറയോടു ചേർന്നുള്ള കാട്ടിലെ കോട്ടയിലാണെന്ന് ഐതിഹ്യം. കാടിനുള്ളിൽ ആനകൾക്കു പോലും പ്രവേശിക്കാൻ കഴിയാത്ത വിധം സ്ഥാപിച്ച കോട്ടയുടെ മുൻവശത്തായിട്ടാണത്രെ ചിറ പണി കഴിപ്പിച്ചത്. പഴശ്ശിയുടെ യുദ്ധകാലത്ത് യോദ്ധാക്കൾ കുങ്കിച്ചിറയിൽ മുങ്ങിക്കുളിച്ചാണ് സമരദിനങ്ങൾ ആരംഭിച്ചതെന്നും കഥകളുണ്ട്.

കാടിന്റെയും ചിറയുടെയും അത്യപൂർവ കാഴ്ചകൾ

kunjom 01

ചിറയുടെ മറുകരയിലാണ് പുൽമേട്. പച്ച പുതച്ചു നിൽക്കുന്ന ചെറിയ കുന്നുകൾക്കു മുകളിലെത്തുമ്പോൾ കുഞ്ഞോം സൗന്ദര്യം അതിന്റെ പാരമ്യത്തിലെത്തുന്നു. മലകൾക്കു നടുവിൽ പച്ചപ്പിന്റെ പ്രകൃതിദത്ത മൈതാനങ്ങൾ വയനാട്ടിൽ ഇവിടെ മാത്രമാണുള്ളത്. ടെന്റടിച്ച് രാപ്പാർക്കാനും കുടംബസമേതം ചെലവഴിക്കാനും പറ്റിയ ഇടമാണിത്. പുൽമേടിന്റെ ചെരിവിലായാണ് മ്യൂസിയത്തിന്റെ നിർമാണം. കാടിനുള്ളിൽ നിന്നും കുങ്കിച്ചിറയിൽ നിന്നും കിട്ടിയ കുഞ്ഞോമിന്റെ ചരിത്ര ശേഷിപ്പുകൾ സഞ്ചാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനായി കെട്ടുന്ന മ്യൂസിയം പൂർത്തിയായി വരുന്നതേയുള്ളു. കുങ്കിച്ചിറയുടെയും പുൽമേടിന്റെയും കാഴ്ചകളിൽ നിന്ന് തിരികെ മടങ്ങുന്ന വഴി റോഡരികിൽ മറ്റൊരു കാഴ്ചയുണ്ട്. 350 വർഷത്തിലേറെ പഴക്കമുള്ള പുരാതന മുസ്‌ലിം പള്ളി. വയനാട്ടിലെ ആദ്യത്തെ മുസ്‌ലിം പള്ളികളിലൊന്നായ ‘കുഞ്ഞോം ജുമാ മസ്ജിദി’ന്റെ കാഴ്ച ആകർഷകമാണ്. പുരാതന വാസ്തു ശൈലിയിൽ നിർമിച്ച പള്ളിയുടെ ചുമരുകൾ പൂർണമായും തടിയിൽ തീർത്തതാണ്. ചെറിയ കടകളും മഴവെള്ളം അരികിടുന്ന നാട്ടുപാതയും കടന്നു മടങ്ങുമ്പോൾ ആ കാട്ടിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. കാട് കാണുന്നില്ല; പകരം ഒരു വലിയ നഗരമാണ് തെളിയുന്നത്. കാളവണ്ടികളും കച്ചവടക്കാരും ദീർഘദൂര സഞ്ചാരികളുമുള്ള പുരാതന നഗരം.

How to Reach:

kunjom 06

കൽപ്പറ്റയിൽ നിന്ന് 43 കിലോമീറ്ററാണ് കുഞ്ഞോമിലേക്കുള്ള ദൂരം. റൂട്ട് : കൽപറ്റ – പടിഞ്ഞാറത്തറ – തരുവണ – വെള്ളമുണ്ട – കോറോം – കുഞ്ഞോം. മാനന്തവാടി ഭാഗത്ത് നിന്നാണ് വരുന്നതെങ്കിൽ മലബാർ ഹിൽ ഹൈവേ വഴി മക്കിയാട് – കോറോം – കുഞ്ഞോം. ദൂരം 25 കിലോമീറ്റർ.

Tags:
  • Manorama Traveller