അപ്രതീക്ഷിതമായി കേൾക്കുന്ന, കാതിന് ഇമ്പമാർന്ന സംഗീതം പോലെയാണ് ചിലയാത്രകൾ. ഒട്ടും പ്ലാൻ ചെയ്യാതെ സംഭവിച്ചു പോകുന്നവ. അക്ബർ ചക്രവർത്തിയുടെ സംഗീതസദസ്സിനെ ആസ്വാദനത്തിന്റെ പരമകോടിയിലെത്തിച്ച സംഗീതജ്ഞൻ താൻസന്റെ നാട്, ശക്തരായ ഒട്ടേറെ രാജവംശങ്ങളുടെ അടയാളങ്ങൾ ശേഷിക്കുന്ന ഗ്വാളിയാർ. ഉത്തർപ്രദേശ് സഞ്ചാരത്തിനിടെ വാരണാസിയിൽ താമസിക്കുമ്പോഴാണ് ഗ്വാളിയറിലേക്ക് പോയാലോ എന്ന തോന്നലുണ്ടാകുന്നത്. യാത്ര പോകാനുള്ള ചിന്ത വെറും തോന്നലല്ല, ഉറച്ച തീരുമാനമാണ് എന്ന ആശയത്തിലൂന്നി ജീവിക്കുന്നതിനാൽ ഒന്നും ആലോചിക്കാതെ ഇറങ്ങി. വാരണാസിയിൽ നിന്നും ലക്നൗ വഴി ആഗ്രയ്ക്ക് പോവുക എന്നതായിരുന്നു യാത്രാപദ്ധതി. പ്രയാഗരാജും കാൺപൂരും കടന്ന് വണ്ടി ഡൽഹിയിലേക്കുള്ള എക്സ്പ്രസ്സ് വേയിലൂടെ നീങ്ങി. ഡൽഹിയിൽ നിന്നും വാരാണസിയിലേക്കുള്ള അതിവേഗപാതയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയാകുകയാണ്. ഉത്തർപ്രദേശിന്റെ റോഡുവികസനം കണ്ണഞ്ചുന്ന വേഗത്തിലാണ്. നട്ടുച്ച പിന്നിട്ടപ്പോഴേക്കും വണ്ടി മധ്യപ്രദേശിന്റെ പാതയിലേക്ക് കടന്നു. ഒച്ചിഴയുന്ന വേഗം, ഇടുങ്ങിയ പാത... അതുവരെയുണ്ടായിരുന്ന യാത്രാസുഖം മധ്യപ്രദേശിലേക്ക് കടന്നപ്പോഴേക്കും നഷ്ടമായിരിക്കുന്നു. ചെറിയ പാതകളിലൂടെ തിരക്കേറിയ ആ സഞ്ചാരം ഗ്വാളിയറിന് 20 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിൽ അവസാനിപ്പിച്ചു. വടക്കേയിന്ത്യൻ തെരുവുകളുടെ പതിവുകാഴ്ചൾ തന്നെയാണ് ഗ്വാളിയറിന് ചുറ്റും.
മൺകോപ്പയിൽ പകർന്ന മസാല മണമുള്ള ചായ കുടിച്ച് യാത്രാക്ഷീണമകറ്റി. ദൂരെ, മലമുകളിൽ കോട്ടയുടെ തലയെടുപ്പ് കാണാം. ആൾത്തിരക്കിനെ ഹോണടിശബ്ദത്തിൽ ചിതറിച്ച് പതുക്കെ വണ്ടി മുന്നോട്ടു നീങ്ങി.
21 ഗൺ സല്യൂട്ട്
ഗ്വാളിയർ അത്രത്തോളം തിരക്കുപിടിച്ച ഒരു നഗരമാണ്. ആഗ്രയിൽ നിന്നു 120 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ബ്രിട്ടീഷ് ഭരണകാലത്ത് 21 ഗൺ സല്യൂട്ട് എന്ന ബഹുമതി ലഭിച്ചിരുന്ന അഞ്ച് നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ഇത്. അക്ബറിന്റെ സദസ്സിലെ സംഗീതചക്രവർത്തി മിയാൻ താൻസന്റെ ജന്മദേശം കൂടിയാണ് ഗ്വാളിയർ. അദ്ദേഹത്തിന്റെ ശവകുടീരവും ഇവിടെ തന്നെയാണ്. ഹിന്ദുസ്ഥാനി സംഗീതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്രം കൂടിയാണ് ഗ്വാളിയാർ കോട്ടയ്ക്കും ഈ നഗരത്തിനുമുള്ളത്. ഇന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പഴക്കമേറിയ ഖരാനകളിൽ ഒന്ന് ഇവിടെയാണ്.
മലമുകളിലേക്ക് നോക്കി. അതിന്റെ മുകളറ്റം കാണാൻ കഴിഞ്ഞില്ല. ഇന്ത്യക്കാർക്ക് 75 രൂപയും വിദേശികൾക്ക് 250 രൂപയുമാണ് പ്രവേശനഫീസ്.കോട്ടയുടെ ആദ്യത്തെ കവാടം കടന്നു. അവിടെ നിന്നും മുകളിലേക്കുള്ള കയറ്റം തുടങ്ങുന്നു. വെയിൽതീഷ്ണത സ്വർണ്ണവർണമാർന്ന ആ കോട്ടയെ കൂടുതൽ ജ്വലിപ്പിക്കുന്നു. പലദേശങ്ങളിൽ നിന്നെത്തിയ മനുഷ്യർ പതുക്കെ പതുക്കെ കുന്നുകയറുന്നു. കല്ലുപാകിയ വഴികൾക്കിരുവശവും ചെറുമരങ്ങൾ തണൽവിരിച്ചു, ആ നിഴൽ വെയിൽച്ചൂടിന് തെല്ലൊരാശ്വാസമേകി.
ഉയരം പിന്നിടുംതോറും കാഴ്ചകളുടെ രുചിയും കൂടുന്നു. താഴെ കടൽപോലെ ഗ്വാളിയർ നഗരം. അടുക്കടുക്കായി ചെറുവീടുകൾ. അതിനുചുറ്റും നേരത്ത നാരു പോലെ വഴികൾ. എത്രയെത്ര രാജാക്കന്മാർ കടന്നുപോയ പാതകളാകുമത്! പട്ടണത്തിലെവിടെനിന്നോ ഉച്ചഭാഷിണിയിൽ മനോഹരമായ ഹിന്ദുസ്ഥാനി സംഗീതം ചിറകടിച്ച് മലകയറുന്നു. മലമുകളിലെ കൂറ്റൻ വാതിൽ പിന്നിട്ടപ്പോൾ കോട്ടയുടെ ഗാംഭീര്യം ഞങ്ങൾക്ക് മുന്നിൽ അനാവൃതമായി.
ചരിത്രത്തിനൊപ്പം ഗ്വാളിയോർ കോട്ട
ഇന്ത്യയുടെ പ്രൗഢഗംഭീരമായ കോട്ടനഗരം. അതിലുമുപരി സംഗീതത്തിന്റേയും,എണ്ണമറ്റ പടയോട്ടങ്ങളുടേയും ഭാരതത്തിലെ അതിശക്തമായ രാജവംശങ്ങളുടേയും ചരിത്രം ഉറങ്ങുന്ന ഭൂമിക. നഗരത്തിന്റെ ഒത്തമധ്യത്ത് എ ഡി മൂന്നാം നൂറ്റാണ്ടിൽ പ്രാദേശീയ രാജാവായിരുന്ന
സൂരജ്സെൻ പണിതുയർത്തിയ, ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ഘടാഗഡിയൻ കോട്ട. സത്യത്തിൽ സൂരജ്സെൻ തുടങ്ങിവച്ച കോട്ടയുടെ നിർമാണം പലകാലങ്ങളിലായി പൂർത്തിയാക്കപ്പെട്ടതാണ്. അതിനൊപ്പം നൂറ്റാണ്ടുകളുടെ ചരിത്രങ്ങളോടെ കോട്ടയ്ക്ക് ചുറ്റുംതലപൊക്കിവന്ന നഗരമാണിത്. അതിവിശാലമായ കാഴ്ചയിൽ നോക്കെത്താദൂരം അത് പടർന്നുകിടക്കുന്നു. മധ്യഭാരതത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്. മധ്യപ്രദേശ് സംസ്ഥാനത്തിന്റെ വടക്കേയറ്റത്ത് ആഗ്രയ്ക്കടുത്താണിത് സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ ഉത്തർപ്രദേശിന്റേയും, ഡൽഹിയുടേയും, ചരിത്രവും ചില ഐതിഹ്യങ്ങളും ഗ്വാളിയറിനെ സ്പർശിച്ച് കടന്നുപോകുന്നു.
അറിയപ്പെടുന്ന ചരിത്രവും കഥകളും പലതാണ്. വാമൊഴിയായും ലിഖിതങ്ങളായും കോട്ടയ്ക്കുള്ളിൽ നിന്നും കണ്ടെടുത്ത അവശിഷ്ടങ്ങളുടെ സൂഷ്മപരിശോധനയിൽ നിന്നും ചരിത്രത്തെ വളരെ കൃത്യമെന്ന് പറയാൻ കഴിയില്ലെങ്കിലും ഏറെക്കുറെ മനസ്സിലാക്കിയെടുത്തിട്ടുണ്ട്.
കോട്ടയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. ഒരിക്കൽ കുഷ്ഠരോഗം പിടിപെട്ട് അവശനായിരുന്ന സൂരജ്സെൻ രാജാവിനെ ഗ്വാലിപ എന്ന് പേരുള്ള ഒരു സന്ന്യാസി സന്ദർശിച്ചു. അദ്ദേഹത്തിന്റെ രോഗം ഭേദമാക്കി കൊടുക്കാം എന്ന് സന്ന്യാസി വാക്കുനൽകുകയും അതിനായി ഗോപാചൽ എന്ന കുന്നിൻമുകളിലെ ഉറവയിൽ നിന്നും ശേഖരിച്ച ജലം അദ്ദേഹത്തിന് കുടിക്കാനായി നൽകുകയും ചെയ്തു. പെട്ടെന്ന് രോഗമുക്തനായ രാജാവ് അതിന്റെ സന്തോഷത്തിനായി ഗോപാചൽ കുന്നിൻമുകളിൽ ഒരു കോട്ട നിർമിക്കുകയും അതിന് ആ സന്ന്യാസിയുടെ പേര് നൽകുകയും ചെയ്തു. അതിൽ സന്തോഷവാനായ ഋഷി സൂരജ്സെൻ രാജാവിന് സംരക്ഷകൻ എന്ന അർഥം വരുന്ന 'പാൽ' എന്ന സ്ഥാനപ്പേര് നൽകി. ആ പേര് കൂടെ ചേർക്കുന്നിടത്തോളം കാലം ആ കോട്ട അദ്ദേഹത്തിന്റെ തലമുറയ്ക്ക് സംരക്ഷിക്കാൻ കഴിയും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ സൂരജ്സെൻ പാലിന്റെ പിൻഗാമികളായ 83 പേര് കോട്ട നിലനിർത്തുകയും 84 മത്തെ രാജാവായ തേജ്കിരണിന് പക്ഷേ, ശത്രുക്കളുടെ ആക്രമണത്തിൽ കോട്ട നഷ്ടപ്പെടുകയും ചെയ്തു എന്നാണു കഥ. കോട്ടയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തിട്ടുള്ള ലിഖിതങ്ങളും സ്മാരകങ്ങളും ആറാം നൂറ്റാണ്ടുകൾക്ക് മുൻപേ കോട്ട നിലനിന്നിരുന്നു എന്നതിനുള്ള തെളിവുകൾ നൽകുന്നു.
കോട്ടയുടെ ചരിത്രം, നാട്ടുരാജ്യങ്ങളുടെയും
മൂന്നാം നൂറ്റാണ്ടുമുതൽ ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആകുന്നതുവരെ ഗ്വാളിയർ എണ്ണമറ്റ രാജവംശങ്ങളുടെ കീഴിൽ നാട്ടുരാജ്യമായി നിലകൊണ്ടിരുന്നു. എ ഡി മൂന്നാം നൂറ്റാണ്ടുവരെ കുശാനന്മാർ പിന്നീട് ഗുപ്തവംശം, ആറാം നൂറ്റാണ്ടിൽ ഹൂണന്മാർ പിന്നീട് ഒൻപതാം നൂറ്റാണ്ടുമുതൽ കനൗജിന്റെ കീഴിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ അധീനതയിൽ ആക്കിയിരുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിൽ തോമർമാർ രാജ്യം പിടിച്ചെടുത്തു. സത്യത്തിൽ അക്കാലമാണ് ഗ്വാളിയറിനെ സംബന്ധിച്ച് സുവർണ കാലഘട്ടം. കോട്ടയുടെയും സാമ്രാജ്യത്തിന്റേയും വിപുലീകരണത്തിനായി ഈ കാലയളവിൽ അവർ ശ്രദ്ധിച്ചു. കോട്ടയ്ക്കുള്ളി ലെ പ്രധാന നിർമാണങ്ങളെല്ലാം ഈ കാലത്താണ് നടന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാരാജാ മാൻസിംഗാണ് കോട്ടയുടെ തലയെടുപ്പായ മാൻമന്ദിർ നിർമ്മിച്ചത്. ഇപ്പോഴും കോട്ടയുടെ ഏറ്റവും ഗംഭീരമായ കാഴ്ച അതുതന്നെയാണ്. ജ്യാമിതീയ പാറ്റേണിലുള്ള ടൈലുകൾ കൊണ്ട് ഡിസൈൻ ചെയ്താണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മുകളിലേക്ക് ഉയർന്നു നിൽക്കുന്ന ഗോപുരങ്ങളും ചേർന്ന് മഞ്ഞ മണൽക്കല്ലിൽ നിർമിച്ചെടുത്ത കവിതപോലെ സുന്ദരമായ ഈ നിർമിതി ഗ്വാളിയറിന്റെ കുന്നുകളിൽ മഴയും വെയിലും പ്രതികൂലമായ മറ്റവസ്ഥകളെയും അതിലുമുപരി എണ്ണമറ്റ സാമ്രാജ്യങ്ങളുടെ പോരാട്ടങ്ങളിലും തകർക്കപ്പെടാതെ ചരിത്രത്തെ സാക്ഷ്യം വഹിച്ച് നൂറ്റാണ്ടുകളെ അതിജീവിച്ച്, ഇപ്പോഴും കരുത്തോടെ നിലകൊള്ളുന്നു.
കൊട്ടാരത്തിന് പ്രധാനമായും രണ്ടു കവാടങ്ങളാണുള്ളത്. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഹാതീ പോൾഗേറ്റും വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ബദൽഗഡ് ഗേറ്റും. ഒരു കാലത്ത് ഗേറ്റിനുമുന്നിൽ അലങ്കരിച്ച് നിർത്തിയിരുന്ന ആനയുടെ സാന്നിധ്യം കൊണ്ടാണ ഗേറ്റിന് ഹാതീ പോൾ ഗേറ്റ് എന്നപേര് ലഭിച്ചത്. ഈ കവാടമാണ് കോട്ടയുടെ പ്രധാനയിടമായ മാൻമന്ദിറിലേക്കുള്ള പാതയുടെ തുടക്കം. മാൻസിംഗ് മഹാരാജാവ് പ്രധാനമായും രണ്ടു മന്ദിരങ്ങളാണ് പണികഴിപ്പിച്ചത്. അതിലൊന്ന് അദ്ദേഹത്തിന്റെ കൊട്ടാരമായ മാൻമന്ദിറും രണ്ടാമത്തേത് അദ്ദേഹത്തിന്റെ ഭാര്യയായ മൃഗനയനിയോടുള്ള സ്നേഹത്തിനായി നിർമിച്ച ഗുജാരി മഹലും. ഇതിപ്പോൾ മ്യൂസിയമായി ഉപയോഗിക്കപ്പെടുന്നു. പ്രധാനമായും രണ്ടു നിർമിതികൾ കൂടി ഈ കോട്ടയിലുണ്ട്. അതിലൊന്ന് ഈ രാജവംശത്തിലെ രണ്ടാമത്തെ രാജാവായ കീർത്തിസിംഗ് നിർമിച്ച കരൺ മഹലാണ്. കീർത്തീ സിംഗിന്റെ കരൺ സിംഗ് എന്നറിയപ്പെടുന്നതിനാൽ പിൽക്കാലത്ത് ഈ മന്ദിരം കരൺ മഹൽ എന്നറിയപ്പെട്ടതാണ്. മഹാരാജ മാൻസിംഗിന്റെ മൂത്തമകനായ വിക്രം സിംഗ് നിർമ്മിച്ച വിക്രം മഹലാണ് ഈ കോട്ടയിലെ മറ്റൊരു പ്രധാന സ്മാരകം. അതിനൊപ്പം ജഹാംഗീർ മഹലും ഷാജഹാൻ മഹലും കൂടി ചേരുന്നതാണ് കൊട്ടാരസമുച്ചയം.
എണ്ണമറ്റ പടയോട്ടങ്ങളുടെ ചരിത്രം പേറുന്ന ഈ കോട്ട കണ്ടിറങ്ങുമ്പോൾ 17 നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണ് നമുക്കൊപ്പം പോരുന്നത്. ഗ്വാളിയർ കോട്ടയിലേക്കുള്ള ഓരോ യാത്രയും നമുക്ക് മധ്യഭാരത ചരിത്രത്തിലേക്കുള്ള വഴിതുറക്കലാണ്.