മുപ്പതാമത്തെ വയസ്സിലാണ് ഫ്രെഡറിക്കയുടെ കാർ അപകടത്തിൽപെട്ടത്. രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോൾ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ചോരയിൽ കുതിർന്ന ശരീരം പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പക്ഷേ, നട്ടെല്ലിനും ഇടുപ്പിനും കനത്ത ക്ഷതമേറ്റതുകൊണ്ട് രണ്ടു കാലുകൾക്കും ചലനശേഷി നഷ്ടപ്പെട്ടു. മയക്കം വിട്ടുമാറി ഉണർന്നപ്പോൾ അനക്കമില്ലാത്ത കാലുകൾ തടവി അവൾ അലമുറയിട്ടു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിസ്സഹായതയോടെ നിൽക്കാനേ സാധിച്ചുള്ളൂ. ആറു മാസം ആശുപത്രിയിലും ആറുമാസം വീട്ടിലും ചികിത്സ കഴിഞ്ഞപ്പോഴേക്കും ഫ്രെഡറിക്കിന് മനസ്സിന്റെ താളം തെറ്റുമെന്നു തോന്നി. അവൾ ഒറ്റയ്ക്ക് ചക്രക്കസേരയുമായി റോഡിലേക്കിറങ്ങി. അരയ്ക്കു താഴെ തളർന്ന ശരീരവുമായി ജോലി അന്വേഷിച്ചെത്തിയ യുവതിയുടെ വാക്കുകളിൽ സുവനീർ ഷോപ്പിന്റെ ഉടമ പ്രതീക്ഷയർപ്പിച്ചു. അഞ്ചു മാസത്തെ ശമ്പളം സ്വരുക്കൂട്ടി യാത്ര പറയാതെ അവൾ യാത്ര പുറപ്പെട്ടു, ഇന്ത്യയിലേക്ക്...
തളരാത്ത യാത്രകൾ
കേരളം കാണാനെത്തിയ ഫ്രെഡറിക്ക ഒരു മാസം ആലപ്പുഴയിലുണ്ടായിരുന്നു. ബീച്ചിനരികെ വൈറ്റ് സാൻഡ് റിസോർട്ടിലായിരുന്നു താമസം. കൈകൊണ്ടു പെഡൽ തിരിച്ചു ചലിപ്പിക്കാവുന്ന ചക്രക്കസേരയുമായി റോഡിലിറങ്ങിയ ഫ്രെഡറിക്ക ഒരാഴ്ചയ്ക്കുള്ളിൽ തീരവാസികളുടെ പരിചയക്കാരിയായി. വാതോരാതെ വർത്തമാനം പറയുന്ന ‘മദാമ്മ’യുടെ മനസ്സിലെ സങ്കടക്കടൽ അവർ തിരിച്ചറിഞ്ഞോ? ചോദ്യം കേട്ട് കുറ്റിത്തലമുടിയിൽ വിരലോടിച്ച് ഫ്രെഡറിക്ക പുഞ്ചിച്ചു.
‘‘അൽപ്പദൂരം നടന്നാലോ? ’’
ഉച്ചവെയിൽ കത്തുന്ന കടലിനെ നോക്കി മറുചോദ്യം. ചക്രക്കസേരയുമായി തീരത്തേക്ക് ഇറങ്ങി. വെയിലിനെ വകവയ്ക്കാതെ മണൽപ്പരപ്പിനെ വലംവച്ച് മടങ്ങി വന്നു. മറ്റുള്ളവർ ബുദ്ധിമുട്ടെന്നു കരുതുന്നതിനെ വെല്ലുവിളിച്ച് തോൽപ്പിക്കുന്നതിൽ ഹരം കണ്ടെത്തിയിരിക്കുന്നു നാൽപ്പത്തിനാലുകാരി. ഫ്രെഡറിക്കയോട് സംസാരിച്ചാൽ നമുക്കു പരിചയമുള്ള പലരുടേയും മുഖം ഓർമ വരും. ഇത്രയും ധൈര്യമുള്ള മറ്റൊരാൾ ഇല്ലെന്നു തോന്നും. ഫ്രെഡറിക്കയുടെ വാക്കുകളിലേക്ക്...
ബെൽജിയത്തിലാണു ഞാൻ ജനിച്ചത്. എനിക്ക് പത്തു വയസ്സുള്ളപ്പോൾ അച്ഛനുമമ്മയും വിവാഹബന്ധം പിരിഞ്ഞു. അച്ഛൻ വേറൊരു സ്ത്രീയെ വിവാഹം കഴിച്ചു. അമ്മ മറ്റൊരാളോടൊപ്പം ജീവിതമാരംഭിച്ചു. നാലു വയസ്സുള്ള സഹോരനും ഞാനും തനിച്ചായി. ഞാൻ കൂലിവേല ചെയ്ത് എന്റെയും അനിയന്റെയും പട്ടിണി മാറ്റി. അവനും ഞാനും സ്കൂൾ വിദ്യാഭ്യാസം നേടി, ഡിഗ്രിയെടുത്തു.
എന്റെ ജന്മനാട് മനോഹരമായ പട്ടണമാണ്. ആലപ്പുഴ പോലെ കായലും കൈത്തോടുമുള്ള സ്ഥലം. എല്ലാ വീട്ടുകാർക്കും സ്വന്തമായി വഞ്ചിയുണ്ട്. മാർക്കറ്റിൽ പോകാനും യാത്ര ചെയ്യാനും പ്രധാന മാർഗം വള്ളവും ബോട്ടുമാണ്. വെല്ലനിയിലെ സൂര്യോദയവും സൂര്യാസ്തമയവും എത്ര കണ്ടാലും മതിവരില്ല. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച നാടാണെങ്കിലും അവിടെ തൊഴിലവസരങ്ങളില്ല.
ഇരുപത്തെട്ടാം വയസ്സിൽ ജോലിയന്വേഷിച്ച് ഞാൻ സ്വിറ്റ്സർലൻഡിലേക്കു വണ്ടി കയറി. എന്റെ നാട്ടിൽ നിന്ന് എഴുനൂറു കിലോമീറ്റർ അകലെയാണ് സ്വിറ്റ്സർലൻഡ്. പച്ച നിറമണിഞ്ഞ കുന്നിൻ ചെരിവുകൾ മഞ്ഞു പെയ്തു തുടങ്ങിയാൽ വെളുത്ത പരവതാനി പോലെയാകും. സ്വർഗത്തിലെത്തിയ അനുഭൂതി.
ഹോട്ടലിൽ വെയിറ്ററായി ജോലി കിട്ടി. സ്വപ്നം കണ്ടതിനെക്കാൾ കൂടുതൽ ശമ്പളം. സന്തോഷം എന്താണെന്നു മനസിലാക്കിയ ദിവസങ്ങൾ. ഒരു അവധിക്ക് കൂട്ടുകാരോടൊപ്പം കരീബിയൻ ദ്വീപിലേക്ക് യാത്ര ചെയ്തു. യാത്രയ്ക്കു പണം കണ്ടെത്താനാണ് പിന്നിട് ജോലി ചെയ്തത്. മ്യാൻമർ, ശ്രീലങ്ക, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര ആഘോഷമാക്കി. ടാൻസാനിയൻ ട്രിപ്പ് കഴിഞ്ഞെത്തിയ ശേഷം ഒരു രാത്രി ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് കാർ അപകടത്തിൽ പെട്ടത്.
മനസ്സിന്റെ കരുത്ത്
എന്നെ കാണാൻ അമ്മ വന്നു. ഭക്ഷണം വാരിത്തന്നു. സുഹൃത്തുക്കൾ കൂടെ നിന്നു. അതുകൊണ്ടൊന്നും മനസ്സ് ശാന്തമായില്ല. ആറുമാസത്തോളം ഒറ്റയ്ക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ടോയ്‌ലെറ്റിൽ പോകാൻ മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്നത് സഹിക്കാനാവാത്ത വേദനയാണ്. എട്ടു മാസത്തോളം കരഞ്ഞു. മനസിന്റെ നിയന്ത്രണം വിട്ടു പോകുമെന്നു തോന്നി. അപ്പോഴാണ് ജോലി തിരഞ്ഞിറങ്ങിയത്. സുവനീർ ഷോപ്പിന്റെ ട്രാവൽ ഡെസ്കിൽ ജോലി കിട്ടിയതോടെ പുതുവെളിച്ചം തെളിഞ്ഞു. കാലിനു ശേഷി നഷ്ടപ്പെട്ടെങ്കിലും സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ മോഹങ്ങൾക്കു ചിറകു മുളച്ചു.
ചക്രക്കസേരയിൽ ഇരുന്ന് ആദ്യം വന്നത് ഇന്ത്യയിലേക്കാണ്. മറൈൻ ഡ്രൈവിലും ഫോർട്ട് കൊച്ചിയിലും പഴയ പരിചയക്കാരെ കണ്ടു. മുൻപ് എന്റെ കാൽപാടുകൾ പതിഞ്ഞ ആലപ്പുഴയിലെ കടൽതീരങ്ങളിലൂടെ വീൽ ചെയറിൽ സഞ്ചരിച്ചു. ചക്രക്കസേരയിൽ സൈക്കിൾ ഹാൻഡിൽ ഘടിപ്പിച്ചപ്പോഴാണ് യാത്ര എളുപ്പമായത്. സൈക്കിളിന്റെ പെഡൽ തിരിക്കാൻ യാതൊരു പ്രയാസവുമില്ല. കൈകൊണ്ടു തിരിക്കാൻ എളുപ്പമുള്ള സ്പോർട്സ് സൈക്കിൾ വാങ്ങണമെന്നുണ്ട്. അതിന്റെ വിലയാണ് തടസം.
മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല. സ്വതന്ത്രമായി ജീവിക്കാനാണ് ആഗ്രഹം. എന്നെ നിരന്തരം സഹിക്കാൻ ആർക്കും സാധിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അച്ഛനും അമ്മയും അവരുടെ മക്കളും എന്റെ സ്വന്തം സഹോദരനും പല രാജ്യങ്ങളിലാണ് താമസിക്കുന്നത്. വർഷത്തിലൊരിക്കൽ എല്ലാവരേയും കാണാൻ പോകാറുണ്ട്. ഒരു ദിവസത്തിൽ കൂടുതൽ അവരെ ബുദ്ധിമുട്ടിക്കാറില്ല. അപകടം സംഭവിച്ച ശേഷം എന്നെ കാണാനെത്തിയ മുൻ കാമുകനെയും ഇക്കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി മടക്കിയയച്ചു.
വെല്ലനി ഗ്രാമം എനിക്കു വേദനിപ്പിക്കുന്ന അനുഭവങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. എങ്കിലും ആ നാടാണ് എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലം. ബന്ധങ്ങളെക്കാൾ ആ നാടുമായി ബന്ധിപ്പിക്കുന്ന മറ്റെന്തൊക്കെയോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
തായ്‌ലൻഡും കൊളോണിയയും നൽകാത്ത മനസമാധാനം ഞാൻ ആസ്വദിച്ചത് കേരളത്തിലാണ്. കൗതുകത്തോടെ നോക്കുന്ന ആളുകൾ. എല്ലാവർക്കും പുഞ്ചിരിക്കുന്ന മുഖം... സ്വിറ്റ്സർലൻഡിലുള്ളവരുടെ മനോഭാവം വ്യത്യസ്തമാണ്. അപരിചിതരെ അടുപ്പിക്കില്ല. ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഗ്രാമത്തിൽ ജനിച്ച എനിക്ക് മലയാളികളുടെ സ്നേഹം മനസ്സിലാക്കാൻ സാധിക്കും.
ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഒരു മാസം ലീവ് കിട്ടിയില്ല. അതിനാൽ സുവനീർ ഷോപ്പിലെ ജോലി രാജിവച്ചു. സഞ്ചാരമാണ് ഇപ്പോൾ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. ഇഷ്ടമുള്ളതു ചെയ്യാനുള്ള ധൈര്യമുണ്ട്. കഷ്ടപ്പെടാൻ തയാറാണ്. പങ്കായം പിടിച്ചു തഴമ്പു വന്ന ൈകൾ നിവർത്തി കാണിച്ച് ഫ്രെഡറിക്ക കണ്ണിറുക്കി ചിരിച്ചു..