Saturday 26 March 2022 03:29 PM IST : By സ്വന്തം ലേഖകൻ

അടൽ ടണൽ നടന്നു കാണാം, ഗൈഡഡ് ടൂറുമായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

atal tunnel

രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും റോഡ്, പാലം തുടങ്ങിയ അടിസ്ഥാന വികസനങ്ങളിലൂടെ മുഖ്യധാരയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞ 60 വർഷമായി അധ്വാനിക്കുന്ന സായുധ സേനാ വിഭാഗമാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ. ദുർഘടമായ ഭൂപ്രകൃതിയും കഠിനമായ കാലാവസ്ഥാ വിശേഷങ്ങളും കാരണം റോഡ് നിർമാണവും പരിപാലനവും എളുപ്പമല്ലാത്ത ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ലഡാക്ക്, അരുണാചൽ പ്രദേശ്, സിക്കിം ഭാഗങ്ങളിൽ നാഴികക്കല്ലുകളായ ഒട്ടേറെ റോഡുകളും പാലങ്ങളും ടണലുകളും ബിആർഒ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട നേട്ടങ്ങളെ എല്ലാവർക്കും കണ്ടറിയാനുള്ള അവസരം ഒരുക്കുകയാണ് ബിആർഒ. അതിന്റെ ഭാഗമായി പുതിയ ടൂറിസം പോർടലിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർവഹിച്ചു.

ബിആർഒ മാർവെൽസ് എന്ന പേരിൽ തെരഞ്ഞെടുക്കപ്പെട്ട ടണലുകൾ, റോഡുകൾ, പാലങ്ങൾ എന്നിവയിലേക്ക് ഗൈഡഡ് ടൂറും അതിനുള്ള ദിവസവും സമയവും മുൻകൂർ ബുക്കു ചെയ്യാനുള്ള ഇ–ബുക്കിങ് സൗകര്യവുമാണ് ടൂറിസം പോർട്ടലിൽ ഇപ്പോഴുള്ളത്. സമുദ്ര നിരപ്പിൽ നിന്ന് 10000 അടിക്കു മുകളിലുള്ള ലോകത്തെ ഏറ്റവും ദീർഘമേറിയ തുരങ്കം അടൽ ടണലിന്റെ സന്ദർശന സൗകര്യമാണ് ആദ്യഘട്ടത്തിൽ തയാറാക്കിയിരിക്കുന്നത്. ലേ–മണാലി ഹൈവേയുടെ ഭാഗമായി റോഥങ് ചുരത്തിൽ നിർമിച്ച ഈ തുരങ്കത്തിലൂടെ ആളുകൾക്ക് വാഹനങ്ങളിൽ കടന്നു പോകാനുള്ള അനുമതി മാത്രമേ നൽകിയിരുന്നുള്ളു. എന്നാൽ ഇപ്പോൾ 9 കിലോ മീറ്റർ ടണലിന്റെ അനുവദിക്കപ്പെട്ട ഭാഗങ്ങൾ നടന്നു കാണാനും അതിന്റെ എൻജിനീയറിങ് വിശേഷതകളും സാങ്കേതിക തികവുകളും മനസ്സിലാക്കാനുമുള്ള സൗകര്യമാണ് ഗൈഡഡ് ടൂറിലൂടെ ലഭിക്കുന്നത്.

border roads

ടൂറിസം പോർടൽ പൂർണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ ലോകത്ത് ഏറ്റവും ഉയരത്തിലുള്ള ഗതാഗത യോഗ്യമായ റോഡ് ഉമിങ്‌ലാ പാസ് (ലഡാക്ക്), അരുണാചൽ പ്രദേശിലെ തവാങ്ങിൽ 13000 അടി ഉയരത്തിൽ നിർമാണം പുരോഗമിക്കുന്ന സേലാ ടണൽ, ലഡാക്കിലെ കേണൽ ചെവാങ് റിൻജെൻ സേതു, അരുണാചൽ പ്രദേശിലെ നെചി ഫു ടണൽ തുടങ്ങിയ കാഴ്ചകളിലേക്കും ഗൈഡഡ് ടൂർ ഒരുക്കാനാണ് ബിആർഒ പദ്ധതിയിട്ടിരിക്കുന്നത്.

Tags:
  • Manorama Traveller
  • Travel India