വീട്ടിലിരുന്നു ബോറടിച്ചവരെ ബഹിരാകാശത്തേയ്ക്കു ക്ഷണിക്കുന്നു ആമസോണിന്റെ ഉടമ ജെഫ് ബെസോസ്. സഹോദരനൊപ്പം സ്വന്തം സ്പെയ്സ് ക്രാഫ്ടിലാണ് ജെഫ് ബെസോസ് ബഹിരാകാശത്തേയ്ക്കു പോകുന്നത്. ആറു സീറ്റുകളുള്ള ‘ന്യൂ ഷെപാർഡ്’ സ്പെയ്സ് ക്രാഫ്ടിന്റെ കന്നിയാത്രയ്ക്കു നാലു പേരെ കിട്ടി. ലേലം വിളിച്ചാണ് ടിക്കറ്റ് ബുക്കിങ്. ‘‘കഴിഞ്ഞ ദിവസത്തെ ലേലത്തിൽ ഒരു സീറ്റ് ഉറപ്പിച്ചത് നൂറ്റൻപതു കോടി രൂപയ്ക്കാണ്. രണ്ടു പേർക്കു കൂടി ഇരിക്കാൻ സ്ഥലമുണ്ട്. താൽപര്യമുള്ളവർ വേഗം പേരു രജിസ്റ്റർ ചെയ്യണം’’ സെയിൽസ് മാനേജർ ഏരിയേൻ കോനേൽ അറിയിച്ചു.
നാലഞ്ചു മാസമായി ജെഫ് ബെസോസ് ലേലം വിളി തുടരുകയാണ്. 159 രാജ്യങ്ങളിൽ നിന്നായി ഇതുവരെ 7500 ആളുകൾ പേരു രജിസ്റ്റർ ചെയ്തു. ജൂലൈ ഇരുപതിനു പുറപ്പെടുന്ന യാത്രയ്ക്ക് ഉയർന്ന തുക നൽകുന്നവർക്കു ടിക്കറ്റ് ഉറപ്പിക്കും. സീറ്റ് ബുക്ക് ചെയ്തവരുടെ പേരു വിവരങ്ങൾ ഇപ്പോൾ പുറത്തു വിടില്ല.
ജെഫിന്റെ ഉടമസ്ഥതയിലുള്ള ‘ബ്ലൂ ഒറിജിൻ ഫൗണ്ടേഷൻ’ കമ്പനിയാണ് അറുപത് അടി ഉയരമുള്ള ‘ന്യൂ ഷെപാർഡ്’ സ്പെയ്സ് ക്രാഫ്ട് നിർമിച്ചത്. വലിയ ചില്ലുജാലകങ്ങളുള്ള ന്യൂ ഷെപാർഡിൽ പ്രത്യേക ‘ക്യാപ്സ്യൂൾ’ ഘടിപ്പിച്ചിട്ടുണ്ട്. ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലാത്ത സ്ഥലത്ത് എത്തുമ്പോൾ ക്യാംപ്സ്യൂൾ സ്വതന്ത്രമാകും. മൂന്നു മിനിറ്റു നേരം ‘മൈക്രോ ഗ്രാവിറ്റി’യിൽ സഞ്ചരിക്കും.
സമുദ്രനിരപ്പിൽ നിന്നു നൂറു കിലോ മീറ്റർ ഉയരമാണ് ന്യൂ ഷെപാർഡ് സഞ്ചരിക്കുക. ബഹിരാകാശത്ത് പത്തു മിനിറ്റു നേരം കാഴ്ചകൾ ആസ്വദിക്കാം. യാത്രക്കാർക്ക് മൈക്രോ ഗ്രാവിറ്റി അനുഭവം സമ്മാനിച്ചതിനു ശേഷം ക്യാപ്സ്യൂളും എയർക്രാഫ്ടും വെവ്വേറെയായി തിരിച്ചു വരും. നിശ്ചിത ദൂരം പിന്നിട്ടതിനു ശേഷം ലാൻഡ് ചെയ്യും. പാരച്യൂട്ടിന്റെ സഹായത്തോടെ ടെക്സസിലെ മരുഭൂമിയിലാണു ലാൻഡ് ചെയ്യുകയെന്നു കമ്പനി പറയുന്നു.
ലോകത്തെമ്പാടും വിപണന ശൃംഖലയുള്ള ശതകോടീശ്വരനാണ് ആമസോണിന്റെ ഉടമ ജെഫ് ബെസോസ്. ബഹിരാകാശ ശാസ്ത്രത്തിൽ വലിയ ഇഷ്ടക്കാരനാണു ജെഫ്. ബഹിരാകാശ വാഹനം നിർമിക്കുന്നതിനായി ബ്ലൂ ഒറിജിൻ ഫൗണ്ടേഷൻ അദ്ദേഹം ആരംഭിച്ചു. ‘ഞാനും എന്റെ അനുജൻ മാർക്കും സ്വന്തം വാഹനത്തിൽ ബഹിരാകാശത്തേയ്ക്കു പോവുകയാണ്’ – ഒരു സുപ്രഭാതത്തിൽ ജെഫ് പ്രഖ്യാപിച്ചു. അതു വലിയ വാർത്തയായി. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സമ്പന്നർ യാത്രാവിവരം അന്വേഷിച്ചെത്തി. ‘‘ നാലു സീറ്റ് ഒഴിവുണ്ട്, പോരുന്നോ?’’ ജെഫ് പരസ്യം ചെയ്തു. ചില്ലു ജാലകത്തിന്റെ അരികിലാണ് സീറ്റ്. ഭൂമിയും ബഹിരാകാശവും കാണാം. ഈ യാത്രയോടെ നിങ്ങളും പ്രപഞ്ചവുമായുള്ള ബന്ധം മാറും – ജെഫിന്റെ പരസ്യ വാചകം കോടീശ്വരന്മാരിൽ മോഹം ഉണർത്തി.
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപത്തിരണ്ടാം വാർഷിക ദിനത്തിൽ സ്പെയ്സ് ക്രാഫ്ട് പുറപ്പെടുമെന്നാണു ജെഫിന്റെ അറിയിപ്പ്. യാത്രക്കാരിൽ നിന്നു കിട്ടുന്ന തുക ‘ക്ലബ് ഫോർ ദി ഫ്യൂചർ’ എന്ന സ്ഥാപനത്തിനു വേണ്ടി ചെലവഴിക്കും. ജെഫിന്റെ ഉടമസ്ഥതയിലുള്ള ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനമാണിത്.
ഭൂമിയിലുള്ള സമ്പന്നരെ ബഹിരാകാശത്തേയ്ക്കു കൊണ്ടു പോകാൻ മത്സരിക്കുകയാണ് അമേരിക്കയിലെ വൻകിട ബിസിനസുകാർ. എലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സ്പെയ്സ് എക്സ്’ എന്ന സ്ഥാപനം ബഹിരാകാശ യാത്ര നേരത്തേ ആരംഭിച്ചിട്ടുണ്ട്. വിർജിൻ കമ്പനിയുടെ ഉടമ റിച്ചാർഡ് ബ്രാൻസൻ ഉടൻ തന്നെ ബഹിരാകാശ ടൂർ ആരംഭിക്കുമെന്നു റിപ്പോർട്ടുണ്ട്.