നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും നിലനിർത്തുന്ന കൊല്ലങ്കോട് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് പാലക്കാടൻ ഗ്രാമഭംഗിയെ വീണ്ടും വാർത്തകളിൽ നിറച്ചു.
കളേഴ്സ് ഓഫ് ഭാരത് എന്ന സാമൂഹിക മാധ്യമ പേജ് ഇന്ത്യയിലെ ഏറ്റവും സുന്ദരമായ പത്തു ഗ്രാമങ്ങൾ തിരഞ്ഞെടുത്ത്, അവയുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. ഹിമാചൽ പ്രദേശിലെ കൽപയ്ക്ക് ആയിരുന്നു അതിൽ ഒന്നാമത്. മേഘാലയയിലെ മൗലിനോങ്, കേരളത്തിലെ പാലക്കാട്ടുള്ള കൊല്ലങ്കോട്, തമിഴ്നാട്ടിലെ മാത്തൂർ, കർണാടകയിലെ വാരങ്ങ, ബംഗാളിലെ ഗോർഖേ ഖോല, ഒഡിഷയിലെ ജിരാങ്, അരുണാചൽ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ, രാജസ്ഥാനിെ ഖിംസാർ എന്നിവയായിരുന്നു മറ്റു ഗ്രാമങ്ങൾ. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആ ട്വീറ്റ് പങ്കുവച്ചതോടെ കളേഴ്സ് ഓഫ് ഭാരതിന്റെ ട്വീറ്റ് വൈറലാായി. ഈ പട്ടികയിൽ കേരളത്തിന്റെ അഭിമാനമായ കൊല്ലങ്കോടും സമീപ ഗ്രാമങ്ങളും കണ്ടറിയാന്‍ ‘മനോരമ ട്രാവലർ’ പാലക്കാടേയ്ക്ക് യാത്ര തിരിച്ചു... ഇന്നലെകളെ കാക്കുന്ന ഗ്രാമങ്ങളിലേക്ക്...
വെള്ളിത്തിരയിലെ ഫ്രെയിം, വാമല
ഇരുട്ടിന്റെ കരിമ്പടം മാറാത്ത മലമുകളിലേക്ക് ശ്രദ്ധയോടെ ചുവടു വച്ചു കയറുമ്പോൾ മുൻപിലൊരു ലക്ഷ്യം മാത്രം, അന്നത്തെ ആദ്യകിരണങ്ങൾ മാനത്ത് വെളിച്ചം വിതറും മുൻപ് വ്യൂ പോയിന്റിൽ എത്തണം. പുലർച്ചെ 5.45 ആയിട്ടുണ്ട്. ഉദയത്തിന് ഇനിയും 20 മിനിറ്റ് ശേഷിക്കുന്നു. മലമുകളിലെ കോവിലിന്റെ ലക്ഷണങ്ങളൊന്നും താഴെനിന്നു നോക്കിയിട്ടു കണ്ടില്ല. മുകളിലേക്കു നടന്നു തുടങ്ങിയപ്പോൾ മുന്നിൽ മൂന്നുപേരുടെ ഒരു സംഘംപോകുന്നു. കോളജ് വിദ്യാർഥികളാണെന്നു തോന്നുന്നു. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ഉച്ചത്തിൽ സംസാരിച്ച് കുന്ന് കയറുന്നു.
അൽപ ദൂരം കയറിയപ്പോഴേക്ക് കണ്ടു മറന്ന ചിത്രങ്ങളിലേതുപോലെ ഒരു ഫ്രെയിം. കുന്നിൻമുകളിലെ ക്ഷേത്രവും അതിനു മുന്നിൽ ഒറ്റയ്്ക്കൊരു ശിൽപം പോലെ നിൽക്കുന്ന ചെമ്പകമരവും... വെള്ളിത്തിരയിലും സാമൂഹ്യമാധ്യമങ്ങളിലും അടുത്തകാലത്ത് മിന്നിമറയുന്ന വാമലയുടെ ദൃശ്യം കൺമുന്നിൽ. ‘‘എത്തിപ്പോയി, ഇതല്ലേ ‘ഹൃദയ’ത്തിൽ പ്രണവ് മോഹൻലാലും ദർശനയും സംസാരിച്ചിരുന്ന സ്ഥലം?’’ മുന്നിൽ നടക്കുന്ന ചെറുപ്പക്കാരുടെ കൂട്ടത്തിൽനിന്ന് ആവേശത്തോടെ ശബ്ദമുയർന്നു. മലമുകളിൽ ഒത്ത നടുക്ക് മതിലുകെട്ടി തിരിച്ച കൊച്ചുക്ഷേത്രത്തിനു പിന്നിൽ കിഴക്കൻ ചക്രവാളത്തിൽ നിറങ്ങളുടെ തിരയിളക്കം തുടങ്ങി. വാമലയ്ക്കു ചുറ്റുമുള്ള മരക്കൂട്ടങ്ങളിലെവിടെയോ മയിലിന്റെ ശബ്ദം മുഴങ്ങി. തുടർന്ന് അതിന്റെ പ്രതിധ്വനിപോലെ നാലു ചുറ്റും നിന്ന് മയിലുകളുടെ കൂജനമുയർന്നു. നീലയും ഇളം കറുപ്പും നിറം കലർന്ന ആകാശത്ത് സ്വർണനിറം പടർത്തി സൂര്യൻ തന്റെ വരവറിയിച്ചു. അങ്ങകലെ മഞ്ഞിൻ മറയ്ക്കുള്ളിൽ നിന്ന് നെല്ലിയാമ്പതി മലനിരകളുടെ പച്ചപ്പ് സാവധാനം ദൃശ്യമായി.
താഴ്‌വരയിൽ നോക്കെത്തുവോളം പച്ച വിരിച്ച പാടങ്ങൾ, അവിടവിടെ തെങ്ങുകളും കരിമ്പനകളും. ‘ദാ അവിടേക്കാണ് ഇനി നമ്മൾ പോകുന്നത്. പച്ചക്കടലിനു തുല്യം പാടങ്ങളും കാറ്റിനൊപ്പം തലയാട്ടുന്ന തെങ്ങിൻ നിരകളും ഇല്ലിയും പൂച്ചെടികളും കൊണ്ട് വേലികെട്ടിയ തൊടികളും ചായക്കടകളുമുള്ള തനി നാട്ടിൻപുറക്കാഴ്ചകളിലേക്ക്.’ ആ മലയടിവാരത്തേക്കു കൈ ചൂണ്ടി സുഹൃത്ത് പറഞ്ഞു. ‘രണ്ടു മൂന്നു ദശാബ്ദങ്ങൾക്കു പിന്നിലുള്ള മലയാളികളുടെ ഗ്രാമീണ ദൃശ്യങ്ങളിലേക്കുള്ള ഒരു സഞ്ചാരമാകും ഇത്.’ സുഹൃത്ത് കൂട്ടിച്ചേർത്തു. സിനിമയും വാമലയും അഗർബത്തിയുടെയും കർപൂരത്തിന്റെയും വാസനയ്ക്കൊപ്പം മണിനാദം കൂടി ഉയർന്നതോടെ വാമല മുരുകൻ കോവിലിലേക്കായി ശ്രദ്ധ. വെള്ളവിരിച്ച കൽമതിലിൽ വിലങ്ങനെ ചുവപ്പ് വരകളുള്ള മതിൽ ചേർന്ന് ക്ഷേത്രത്തിനു മുൻപിലേക്കു നടന്നു. ഒട്ടേറെ അംഗങ്ങളുള്ള വലിയൊരു കുടുംബം വകയാണ് ഏറെ പഴക്കമുള്ള വാമല മുരുകൻ ക്ഷേത്രം.നൂറിലേറെ വർഷം പഴക്കമുള്ളതാണത്രേ ക്ഷേത്രത്തിനു മുൻപിൽ പാറപ്പുറത്ത് വളർന്നു നിൽക്കുന്ന ചെമ്പകമരത്തിന്. അച്ഛന്റെ കാലം മുതൽ പതിറ്റാണ്ടുകളായി ഇവിടെ പൂജാവൃത്തി ചെയ്തുവരുന്ന മണികണ്ഠൻ സ്വാമി പ്രസാദത്തോടൊപ്പം ക്ഷേത്രചരിത്രം കൂടി സമ്മാനിച്ചു. ‘‘ദീപസ്തംഭം മഹാശ്ചര്യമാണ് ഇവിടെ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം. പിന്നീട് കുഞ്ഞിരാമായണം, ഹൃദയം, പ്രകാശൻ പറക്കട്ടെ അങ്ങനെ പലതും.’’ സിനിമ ഇഷ്ടപ്പെടുന്ന മണികണ്ഠൻ സ്വാമി വാമലയുടെ ലൊക്കേഷൻ പുരാണവും പങ്കുവച്ചു. മാത്രമല്ല, ചില സിനിമകളിൽ ചെറിയ വേഷം ലഭിച്ചതിന്റെ സന്തോഷവും മറച്ചു വച്ചില്ല. ഏറെ ശ്രദ്ധിക്കപ്പെട്ട ‘കുഞ്ഞിരാമായണ’ത്തിൽ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് ഈ മലമുകളിലായിരുന്നു.
പച്ചപ്പിന്റെ ലോകം
വ്യൂപോയിന്റിൽ നിന്ന് നെൽപ്പാടങ്ങളുടെയും മലനിരകളുടെയും ദൃശ്യം ഒരിക്കൽക്കൂടി കണ്ടശേഷം താഴേക്ക്. പ്രഭാതത്തിന്റെ മൂഡ് നഷ്ടമാകാതെ തന്നെ വയലേലകളുടെ അന്തരീക്ഷം എത്തണം. കാർ കുനിശ്ശേരി–കൊല്ലങ്കോട് പാതയിലൂടെ നീങ്ങി. പാതയോരത്തെ വയലുകളിൽ ഉഷസ്സിന്റെ സമ്മാനമായ ജലത്തുള്ളികളും പേറി താഴേക്കു കുനിഞ്ഞ നെൽച്ചെടികൾ ഇളവെയിൽ പകർന്ന ഊഷ്മളതയിൽ എഴുന്നേറ്റു നിൽക്കാൻ തുടങ്ങുന്നു. പാടങ്ങളും പാറക്കെട്ടുകളും അവയ്ക്കു സമീപം ജലസമൃദ്ധമായ കുളങ്ങളും കരിമ്പനകളും ഈ വഴിയിൽ അപൂർവകാഴ്ച ആയിരുന്നില്ല. നഗരത്തിനു വഴിമാറുന്നതുപോലെ പാടവരമ്പുകൾ നിരനിരയായ കെട്ടിടങ്ങളിലേക്കും ജനവാസകേന്ദ്രത്തിലേക്കും നീങ്ങിയപ്പോൾ പഴമയുടെ സൗന്ദര്യം കൈവിടാത്ത കൊല്ലങ്കോട് ടൗൺ എത്തി. വെള്ളിക്കസവണിഞ്ഞ മലകൾ മുന്നോട്ടു നീങ്ങവേ, ഒരു പാതയുടെ ഒരു വശം മുഴുവൻ പച്ച വിരിച്ചതുപോലെ പാടം. മറുവശത്ത് നെല്ലിയാമ്പതി മലനിരകളുടെ പാദം തൊടുവോളം നീണ്ടു കിടക്കുന്നു കൃഷി. സ്വർണശോഭ നിഴലിച്ചു തുടങ്ങിയ കതിരുകൾ ഇളക്കി നെൽച്ചെടികൾ സ്വാഗതമോതി. കാഴ്ചയുടെ വരമ്പിലേക്ക് സന്തോഷത്തോടെ ക്ഷണിക്കുമ്പോഴും പാടത്തിറങ്ങി ചവിട്ടിയോ നെന്മണികൾ പൊട്ടിച്ചോ കൃഷിക്കു ശല്യമാകരുതെന്ന സന്ദേശംകൂടിയുണ്ട് ആ തലകുലുക്കലിൽ. ഒരേ നിരയിൽ വളർന്നു പൊങ്ങിയ നെൽച്ചെടികൾ കാറ്റിലാടുമ്പോൾ ഓളം തുള്ളുന്ന ജലപ്പരപ്പിന്റെ പ്രതീതി. തെക്കേ അറ്റത്ത് പശ്ചിമഘട്ട മലനിര അതിന്റെ തലപ്പൊക്കത്തോടെ നിലകൊള്ളുകയാണ്. മലനിരയുടെ പലഭാഗത്തും വെള്ളിക്കസവു തുന്നിച്ചേർത്തതുപോലെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ. ദിവസങ്ങൾക്കു മുൻപ് അവസാനിച്ച മഴക്കാലം നെല്ലിയാമ്പതിക്കു സമ്മാനിച്ചതാണ് അവ.
വിശാലമായ പാടത്ത് ചില ഭാഗങ്ങളിൽ ഓലമേഞ്ഞ മാടങ്ങൾ കാണാം. അതാണ് ഈ സ്ഥലത്തെ ‘കുടിലിടം’ എന്ന പേരിൽ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമാക്കിയിരിക്കുന്നത്. വയലുകളുടെ സംരക്ഷണത്തിന് കൃഷിക്കാർ തങ്ങുന്ന ഇടമാണ് ഈ കുടിലുകൾ. വെയിലിന്റെ ചൂടേറി വരുന്നു. എങ്കിലും മലകളിൽ നിന്നെത്തുന്ന കാറ്റ് കുളിരേകി, കാഴ്ചകളുടെ ഭംഗി ഉള്ളം തണുപ്പിച്ചു. റോഡിലൂടെ പാലക്കാട്ടേക്കും തമിഴ്നാട്ടിലെ ഗോവിന്ദാപുരത്തേക്കുമുള്ള ബസുകൾ പായുന്നു.
ഓലമേഞ്ഞ ചായക്കട
ചിങ്ങൻചിറ പ്രകൃതി ക്ഷേത്രത്തിൽ എത്താനാണ് ജിപിഎസ് സെറ്റ് ചെയ്തത്. നെന്മേനി, വിരുത്തി വഴിയുള്ള പാത തനി നാട്ടിൻപുറങ്ങളിലൂടെയാണ്. ചെമ്പരത്തി, അരളി തുടങ്ങിയ പൂച്ചെടികൾ കൊണ്ട് തീർത്ത വേലികൾ പൂത്തു വിടർന്ന്, വർണമനോഹരമായിരുന്നു. പാതയുടെ വലതുവശത്ത് മലനിരകളിൽ വെള്ളച്ചാട്ടങ്ങളുടെ വെള്ളിത്തിളക്കം പല ഭാഗത്തും കണ്ടു. വീണ്ടും മുന്നോട്ട് നീങ്ങുമ്പോഴാണ് പാത ഇംഗ്ലിഷ് അക്ഷരം ‘വൈ’ പോലെ രണ്ടായി പിരിയുന്നത്. തേക്കിൻചിറ റോഡിലെ ഈ കവലയിലാണ് ഗ്രാമീണ രൂപംകൊണ്ട് യുവതലമുറ ഏറെ ശ്രദ്ധിച്ച ‘ചെല്ലൻ ചേട്ടന്റെ ചായക്കട’. ഓലമേഞ്ഞ ചായക്കടയിലേക്ക് തല കുനിച്ച് കയറുമ്പോൾ അകത്ത് ചെല്ലൻ ചേട്ടൻ ചായ എടുക്കുന്ന തിരക്കിലായിരുന്നു. 45 വർഷമായി അവിടെ ഇതേ രീതിയിൽ ചായക്കട നടത്തുന്നു. ‘ഇപ്പോൾ സഞ്ചാരികളാണ് ഇവിടെത്തുന്നവർ ഏറെയും. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവരും ഇവിടെ വരുന്നുണ്ട്. തൃശൂർ, എറണാകുളം ഭാഗത്തു നിന്നുള്ളവരാണ് ഏറെയും. കാസർകോട് നിന്നു വന്നവരെ കണ്ടതായി ഓർക്കുന്നില്ല. ഫോണിലൊക്കെ വരുന്ന വിഡിയോയിലും ഫോട്ടോകളിലുമൊക്കെ നിങ്ങളും കണ്ടിട്ടുണ്ടായിരിക്കും അല്ലേ?’’ അദ്ദേഹം ഗ്രാമീണമനസ്സോടെ ചോദിച്ചു.
ഇപ്പോഴും ചെല്ലൻ ചേട്ടന്റെ ചായക്കടയിലെ ഭിത്തിയിൽ ചായ 20 പൈസ, കാപ്പി 50 പൈസ എന്നൊക്കെ എഴുതിയിരിക്കുന്നത് കാണാം. അടുത്തകാലത്ത് ചലച്ചിത്രത്തിന്റെ ഷൂട്ടിങ് വന്നപ്പോൾ എഴുതിയിട്ടതാണത്രേ. അതേ, സിനിമക്കാരാണ് ഇവിടെത്തുന്ന മറ്റൊരു കൂട്ടർ. ഒടിയൻ എന്ന ചലച്ചിത്രത്തിലെ ഏതാനും രംഗങ്ങൾ സമീപത്തെ ചിങ്ങൻചിറയിൽ ചിത്രീകരിച്ച കാര്യം കൂടി പങ്കുവച്ചാണ് ഞങ്ങളുടെ മുന്നിലേക്ക് ചായഗ്ലാസ് വച്ചത്. ഒടിയൻമാരുടെയും ഒടി വച്ചതിന്റെയും ഒട്ടേറെ മിത്തുകളുറങ്ങുന്ന മണ്ണ്കൂടിയാണ് പാലക്കാട്ടെ ഈ ഗ്രാമങ്ങൾ. ചായക്കടയ്ക്കു മുന്നിലൂടെയുള്ള വഴി നീണ്ടത് ചിങ്ങൻ ചിറ പ്രകൃതിക്ഷേത്രത്തിലേക്കാണ്. പടർന്നു പന്തലിച്ച ഏതാനും പേരാലുകൾ തണൽ വിരിച്ചു നിൽക്കുന്ന ഇടം. ആലിലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യകിരണങ്ങൾ മണ്ണിൽ നിഴൽരൂപങ്ങൾ കോറിയിടുന്നു. ആകാശത്തിന്റെ കരങ്ങൾ പോലെ പേരാലിന്റെ വേരുകൾ നീണ്ടുകിടക്കുന്നു. ഇരുട്ടും പ്രകാശവും തണുപ്പും കാറ്റും ചേർന്ന് വന്യമായ അന്തരീക്ഷം. ഏറെ പ്രായംചെന്ന, മുതുമുത്തശ്ശന്‍ ആലിന്റെ ചുവട്ടിലാണ് ഇവിടത്തെ ആരാധനാ മൂർത്തിയായ കറുപ്പസ്വാമിയുടെ വിഗ്രഹം. വേറെ ശ്രീകോവിലോ മേൽക്കൂരയോ ഒന്നുമില്ല. അക്ഷരാർഥത്തിൽ പ്രകൃതിയുടെ മടിയിലുള്ള ക്ഷേത്രം. പാലക്കാട് ജില്ലയുടെ പലഭാഗത്തു നിന്നു മാത്രമല്ല, തമിഴ്നാട്ടിൽ നിന്നുപോലും ഒട്ടേറെ ഭക്തരെത്തുന്നുണ്ട് ഇവിടെ. ആലുകൾക്ക് തൊട്ടപ്പുറം തന്നെയാണ് ചിങ്ങൻചിറ എന്ന കുളം. അവിടെ നിൽക്കുമ്പോൾ കുറച്ചപ്പുറത്തുള്ള മലനിരകളിലെ വെള്ളച്ചാട്ടം തൊടുകുറിപോലെ ദൃശ്യമാകുന്നത് ഏറെ മനോഹരമാണ്. മഴക്കാലത്തു മാത്രമേ ഈ വെള്ളച്ചാട്ടങ്ങളൊക്കെ ദൃശ്യമാകൂ.
പാറപ്പുറത്തെ പാർപ്പിടം
ചായക്കടയുടെ ഓരം ചേർന്നുപോകുന്ന രണ്ടാമത്തെ വഴി ‘കള’ത്തിലാണ് അവസാനിക്കുന്നത് എന്ന് അറിഞ്ഞിരുന്നു. ചിങ്ങൻചിറ നിന്നു മടങ്ങുമ്പോൾ ആ വഴിയിലേക്ക് തിരിഞ്ഞു. പറഞ്ഞതുപോലെ വഴിയുടെ വീതി കുറഞ്ഞ് ഒരു പാടത്തിനു സമീപം അവസാനിച്ചു. മുന്നിൽ ചെറിയ പാറക്കെട്ട്. അതിൽ നീളത്തിൽ, വെള്ളപൂശിയ ഭിത്തികളുള്ള, ഇളംതിണ്ണയും തടികൊണ്ടുള്ള തൂണുകളുമുള്ള ഓടിട്ട കെട്ടിടം. അതാണ് പെരിങ്ങോട്ടുശ്ശേരി കളം. പാലക്കാടൻ കാർഷികസംസ്കാരത്തിന്റെ ഭാഗമാണ് കളം. പാടങ്ങളോട് ചേർന്ന് കൃഷി നടത്തുന്നവർക്ക് താമസിക്കാനും നെല്ല് സംഭരിക്കാനും സൗകര്യമുള്ള ഇടം. മിക്കവാറും കളങ്ങൾ പാറപ്പുറത്തായിരിക്കും, കൊയ്തു കൊണ്ടുവരുന്ന കറ്റകൾ അടുക്കാനും മെതിച്ചെടാക്കാനും പാറപ്പുറമാണ് കൂടുതൽ സൗകര്യം എന്നതു തന്നെ കാരണം. പെരിങ്ങോട്ടുശ്ശേരി കളത്തിന്റെ പിന്നിലും വെള്ളച്ചാട്ടങ്ങളുടെ തൊങ്ങൽ തൂക്കിയ മലനിര കാണാം.
സിനിമകളിലെ റെയിൽവേ സ്‌റ്റേഷൻ
കാച്ചാംകുറിശ്ശി ക്ഷേത്രമാണ് അടുത്തത്. തേക്കിൻചിറ റോഡിൽ നിന്ന് പയ്യലൂരേക്ക് പോയത് ഗ്രാമങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്കു നീളുന്ന പാതകളിലൂടെ ആയിരുന്നു. പഴമയുടെയും പച്ചപ്പിന്റെയും സൗന്ദര്യം കൺനിറയെ സമ്മാനിച്ചു ഈ വഴി. കേരളത്തിൽഎവിടെ യാഗം നടന്നാലും അതിനുള്ള സോമലത എന്ന സസ്യം ഈ ക്ഷേത്രത്തിൽ നിന്നാണ് കൊണ്ടുപോയിരുന്നത്. വിശാലമായ കുളവും വലിപ്പമേറിയ ശ്രീകോവിലും മുൻപിലെ കായ്ക്കുന്ന ഇലഞ്ഞിമരവും ഒക്കെ സവിശേഷമാണ്.. തണൽവിരിച്ച മാന്തോപ്പുകൾക്കരികിലൂടെ കൊല്ലങ്കോടേക്ക് മടങ്ങുമ്പോൾ മുതലമട റെയിൽവേ സ്‌റ്റേഷൻകൂടി കണ്ടുപോകാം എന്ന നിർദേശം വച്ചത് സുഹൃത്താണ്. ‘വെട്ടം’ മുതൽ ‘ഹൃദയം’ വരെ ഒട്ടേറെ മലയാളം, തമിഴ് ചലച്ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുള്ള റെയിൽവേ സ്റ്റേഷനാണ് ഇത്. പാലക്കാട്–പൊള്ളാച്ചി പാതയിൽ കയറി, കാറിന്റെ വേഗം വർധിപ്പിക്കവേ വാട്സാപ് സന്ദേശങ്ങളുടെ തള്ളിക്കയറ്റം. ഓരോ സ്ഥലത്തെയും ചിത്രങ്ങൾ സ്റ്റാറ്റസാക്കിയത് കണ്ടിട്ടുള്ള അന്വേഷണമാണ്. ഈ ഗ്രാമക്കാഴ്ചകൾ ആസ്വദിച്ചുപോകുന്ന ആർക്കും സുഹൃത്തുക്കളെക്കൂട്ടി വീണ്ടും ഇവിടേക്കു വരാതിരിക്കാനാവില്ല..
പോകാം കൊല്ലങ്കോട്ടേയ്ക്ക്
പാലക്കാട് ജില്ലയിൽ കേരളം–തമിഴ്നാട് അതിർത്തിക്കു സമീപം, നെല്ലിയാമ്പതി മലനിരകളുടെ താഴ്‍വരയിലുള്ള ഗ്രാമമാണ് കൊല്ലങ്കോട്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററുണ്ട് ഇവിടേക്ക്. പ്രാചീന കേരളത്തിൽ വേങ്ങനാട് എന്നറിയപ്പെട്ട ഈ പ്രദേശം പിന്നീട് സാമൂതിരിയുടെ സാമന്തൻമാരായ കൊല്ലങ്കോട് രാജവംശത്തിന്റെ ഭരണത്തിലായിരുന്നു. പഴമയുടെ ഭംഗിയുള്ള ഒട്ടേറെ കാഴ്ചകളുറങ്ങുന്ന ഗ്രാമങ്ങളാണ് ഈ പ്രദേശത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കൊല്ലങ്കോട് ടൗണിൽ തുടങ്ങി കുടിലിടം, തേക്കിൻചിറ, ചിങ്ങൻചിറ, കാച്ചാംകുറിശ്ശി, മുതലമട കണ്ട് ഒരു പകൽ ചെലവഴിക്കാം. ഏതാണ്ട് 40 കിലോമീറ്റർ പരിധിക്കുള്ളിലാണ് ഈ കാഴ്ചകളൊക്കെ. പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുന്നതെങ്കിൽ വാമല വ്യൂപോയിന്റിൽ സൂര്യോദയ സമയത്ത് എത്തുന്നതിനു സൗകര്യമായിരിക്കും. കൊടുവായൂർ, പല്ലാവൂർ–വിത്തനശ്ശേരി റോഡിലൂടെ വാമല എത്താം. കൊല്ലങ്കോട് കണ്ട് സായാഹ്നത്തിൽ വാമല എത്തിയാൽ അസ്തമയം ആസ്വദിക്കാം. നെല്ലിയാമ്പതി, പല്ലശ്ശന, തമിഴ്നാട് മുഖ്യമന്ത്രിയും ചലച്ചിത്ര നടനുമായിരുന്ന എംജിആർ ജനിച്ച വടവന്നൂരിലെ ഗൃഹം തുടങ്ങി ഒട്ടേറെ കാഴ്ചകളുണ്ട് ഈ ഭാഗത്ത്. കൊല്ലങ്കോട് പരിമിതമായ താമസസൗകര്യങ്ങൾ ലഭിക്കും.