കൊട്ടിയൂർ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്ന ആനവണ്ടിയുടെ വിൻഡോ ഷട്ടർ പതിയെ മാറ്റി. പുറത്ത് മഴ തകർത്ത് പെയ്യുകയാണ്. ദക്ഷിണകാശിയിൽ വൈശാഖ മഹോത്സവം ആഘോഷിക്കുമ്പോൾ മഴ മാറിനിൽക്കുന്നതെങ്ങനെ! മഴ മാത്രമല്ല, കാടും പുഴയും പൂവും പുഴുവും മനുഷ്യരും ഒരുമിക്കുന്ന പ്രകൃതിയുടെ ഉത്സവമാണ് അക്കരെ കൊട്ടിയൂരിലേത്. കണ്ണൂരിൽ ബാവലിപ്പുഴയുടെ തീരത്തെ ശാന്തസുന്ദരമായ കുഗ്രാമമാണ് കൊട്ടിയൂർ. ഇടവമാസത്തിലെ ചോതി മുതൽ ഇരുപത്തിയേഴ് ദിവസം ഈ പ്രദേശമാകെ ഭക്തിസാന്ദ്രമാണ്. വലിയ ഗോപുരമോ നാലമ്പലമോ ശ്രീകോവിലോ ഇല്ലാതെ കാടിനുള്ളിൽ കല്ലുകൾകൊണ്ട് കെട്ടിയുയർത്തിയ മണിത്തറയിലെ ‘കുഴി’ യിലാണ് മഹാദേവന്റെ പ്രതിഷ്ഠ.
ബസിൽ നിന്നിറങ്ങി. മഹാദേവ സ്തുതികൾ ഉയരുന്ന, ചന്ദനത്തിരി മണമുള്ള ഭക്തിസാന്ദ്രമായ അന്തരീക്ഷം. വഴിയരികിൽ ഒരു സന്നദ്ധ സംഘടന ചുക്കുകാപ്പി വിതരണം ചെയ്യുന്നുണ്ട്. ചൂടുചുക്കുകാപ്പി കുടിച്ച് യാത്രാക്ഷീണത്തെ ‘ബാവലിപ്പുഴ’ കടത്തി. മഴ മാറി നേർത്ത മഞ്ഞിന്റെ ആവരണം പ്രകൃതിയെ മൂടി.
സ്വയംഭൂവായ ശിവ സന്നിധിയിൽ
പിറ്റേന്ന്, സൂര്യനുണരും മുൻപേ ഉണർന്നു. യഥാർഥത്തിൽ ഉറക്കം ‘ചടങ്ങ്’ മാത്രമാണ്. പ്രവേശനവരിയിൽ പിന്നിലാകാതിരിക്കാൻ ഭക്തർ ഉറക്കം വെടിഞ്ഞ് പുലർച്ചെ മൂന്നു മുതൽ കാത്തിരിക്കുന്നു. മഞ്ഞും മഴയും മാറി മാറി കുളിരണിയിക്കുന്ന ബാവലിപ്പുഴയിൽ ഇറങ്ങി. ഒന്നു മുങ്ങിക്കയറിയതും കാടിന്റെ തണുപ്പ് ഉള്ളുതൊട്ടു. ഈറനോടെ, കൂപ്പുകൈകളോടെ, വിറചുണ്ടുകളോടെ ഓം നമഃ ശിവായ എന്നുറക്കെ ഉരുവിട്ട് ‘ വരിയൊഴുക്കിനൊപ്പം’ നീങ്ങി. ഉറക്കച്ചടവോടെ സൂര്യൻ തലയുയർത്തി. ഇരുട്ട് വിഴുങ്ങിയ കാടിനുള്ളിലേക്ക് ഊർന്നിറങ്ങുന്ന പ്രഭാതകിരണങ്ങൾ.
കൊട്ടിയൂരിൽ രണ്ട് ആരാധനാസ്ഥലങ്ങളാണുള്ളത്. ഇക്കരകൊട്ടിയൂരും അക്കരെ കൊട്ടിയൂരും. ഇക്കരകൊട്ടിയൂരിൽ ക്ഷേത്രമുണ്ട്. തുരുവഞ്ചിറ എന്ന ജലാശയത്തിലുള്ള രണ്ടു ശിലകളാണ് മൂലസ്ഥാനം. സ്വയംഭൂലിംഗവും അമ്മാരക്കല്ലും എന്നിങ്ങനെയാണവ അറിയപ്പെടുന്നത്. ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചോതി വരെ മാത്രമേ അക്കരെ കൊട്ടിയൂരിൽ പൂജയുള്ളൂ. ഈ സമയത്ത് താൽകാലിക ഷെഡുകൾ കെട്ടി ക്ഷേത്രമായി സങ്കൽപിക്കുന്നു. ഉത്സവം കഴിഞ്ഞാൽ ഈ പ്രദേശം കാടുമൂടും. ബാക്കി 11 മാസം ഇക്കരെ കൊട്ടിയൂരിലാണ് മഹാദേവ സാന്നിധ്യം എന്നാണ് വിശ്വാസം.
ഓംകാര മന്ത്രധ്വനികളുടെ ശബ്ദം ഉയർന്നു. വെള്ളത്തിനു നടുവിലായി ഓലമേഞ്ഞ ചെറിയ കെട്ടിടങ്ങളാണ് മുന്നിൽ. 32 കയ്യാലകളാണ് ഉത്സവകാലത്ത് ഇവിടെ പണിതീർക്കുന്നത്. പ്രദക്ഷിണ വഴിയിൽ മുട്ടറ്റം വെള്ളമാണ്. തപ്പിതടഞ്ഞ് മുന്നോട്ടു നടന്നു. പ്രദക്ഷിണം വയ്ക്കാൻ തുടങ്ങിയതും മഴ. ആ കാടിനു നടുവിൽ, പ്രകൃതിയുടെ തണുപ്പിൽ സ്വയം മറന്ന് ഇല്ലാതാവുന്ന പോലെ...
ഓടപ്പൂവ്, സന്ന്യാസിമാരുടെ താടി
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് ഐതിഹ്യം. അച്ഛൻ നടത്തുന്ന ദക്ഷയാഗത്തിലേക്ക് ക്ഷണിക്കാതെ ചെന്ന് അപമാനിതയായ ശിവ പത്നി സതീദേവി ഹോമകുണ്ഡത്തിൽ ചാടി ദേഹത്യാഗം ചെയ്തു. അമ്മ മറഞ്ഞ സ്ഥലം പിന്നീട് അമ്മാറയ്ക്കൽ എന്നറിയപ്പെട്ടു. വൈശാഖോത്സവകാലത്ത് കൊട്ടിയൂരിൽ ദർശനം നടത്തിയാൽ കലിബാധ ഉണ്ടാകില്ലെന്നാണ് വിശ്വാസം.
മേടമാസത്തിലെ വിശാഖം നാളിൽ നടക്കുന്ന പ്രക്കൂഴം എന്ന ചടങ്ങോടെയാണ് വൈശാഖ മഹോത്സവത്തിന്റെ തുടക്കം. പടിഞ്ഞീറ്റ നമ്പൂതിരി ആയില്യാർക്കാവിൽ വിളക്കുവച്ചാണ് പൂജയ്ക്ക് തുടക്കം കുറിക്കുന്നത്. ഇടവമാസത്തിലെ മകം നാളിലാണ് അടുത്ത ചടങ്ങായ നീരെഴുന്നള്ളത്ത്. ഇളനീർവെപ്പാണ് മറ്റൊരു ചടങ്ങ്. സപ്തമി ദിനത്തിൽ ഭക്തർ ഇളനീർക്കുലകളുമായി ഇവിടെയെത്തും. അന്ന് രാത്രി ശ്രിഭൂതബലിയും കഴിഞ്ഞാണ് ഇളനീർ സമർപ്പണം. പിറ്റേന്നാണ് ഇളനീരാട്ടം. ഇളനീരാട്ടത്തിന് മുൻപായി മുത്തപ്പൻ വരവ് എന്ന ചടങ്ങുണ്ട്.
മകം നാളിൽ ഉച്ച ശീവേലിക്കു ശേഷം ആനകളെ ഇക്കരെ കൊട്ടിയൂരേയ്ക്ക് തിരിച്ചയയ്ക്കും. അന്നു മുതൽ സ്ത്രീകൾക്ക് അക്കരെയ്ക്ക് പ്രവേശനമില്ല. ചോതി നാളിൽ വറ്റടി എന്ന ചടങ്ങ് കഴിഞ്ഞ് സ്വയംഭൂ അഷ്ടബന്ധം കൊണ്ടുമൂടും. പിന്നീട് ആരും അക്കരെ നിൽക്കാറില്ല. അതിനു ശേഷം ഇവിടെ കുറിച്യരുടെ ചില ചടങ്ങുകളുണ്ട്.
മഴയും മഞ്ഞും മാറി. ഇളം വെയിൽ പരന്നു. ഈറനണിഞ്ഞുള്ള നിൽപ് മൂന്നുമണിക്കൂറോളം തുടർന്നതിനൊടുവിൽ ദർശനഭാഗ്യം ലഭിച്ചു. മഹാദേവനെ മനസ്സിൽ നിറച്ച് കണ്ഠം പൊട്ടുമാറ് ഭക്തർ ഓംകാര മന്ത്രധ്വനികളുരുവിടുന്നു. ദേവനെ വണങ്ങി, ഇലക്കീറിൽ തന്ന പ്രസാദം നെറ്റിയിൽ ചാർത്തി ഇക്കരെ കൊട്ടിയൂരിലേക്ക് നടന്നു. വഴിയിലുടനീളം ഓടപ്പൂ നിറഞ്ഞ കടകളാണ്. പരമ ശിവന്റെ നിർദേശമനുസരിച്ച് ദക്ഷയാഗം മുടക്കാനായി വീരഭദ്രനോടൊപ്പം എത്തിയ ഭൂതഗണങ്ങൾ യാഗത്തിനു വന്ന സന്ന്യാസിമാരുടെ താടി പറിച്ചെടുത്തെറിയുന്നുണ്ട്. അവ ഓടമുളകളായി തീർന്നത്രേ. ഈ ഓടകൾ തല്ലിച്ചതച്ചാൽ താടിപോലെയിരിക്കും. കൊട്ടിയൂർ സന്ദർശിക്കുന്ന ഭക്തർ ഓടപ്പൂവ് വാങ്ങാതെ മടങ്ങാറില്ല. ഇത് വീട്ടിൽ തൂക്കുന്നത് ഐശ്വര്യമാണെന്നാണ് വിശ്വാസം.
പാലുകാച്ചി മലയുടെ താഴ്‌വാരം വിട്ട് മടങ്ങുകയാണ്. ബാവലിപ്പുഴയെ പിന്നിലാക്കി ബസ് യാത്ര തുടങ്ങി. വൈശാഖോത്സവം കൂടി മടങ്ങുന്ന ഓരോ ഭക്തന്റെയുള്ളിലും ഒരൊറ്റ പ്രാർഥനയേ ബാക്കിയാകുന്നുള്ളൂ, അടുത്ത വർഷവും അക്കരെ കൊട്ടിയൂരിലെത്തി തൊഴുത് മടങ്ങാനുള്ള ഭാഗ്യം നൽകണേ ഭഗവാനേ...
Box
കണ്ണൂർ ജില്ലയിലാണ് കൊട്ടിയൂർ. തലശേരിയിൽ നിന്ന് 64കിലോമീറ്റർ അകലെ. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയും കോഴിക്കോടു നിന്ന് മാനന്തവാടി വഴിയും കൊട്ടിയൂരെത്താം.
മേയ് 6 മുതൽ ജൂൺ 28 വരെയാണ് ഈ വർഷത്തെ ഉത്സവം. ജൂൺ മൂന്ന് മുതൽ ജൂൺ 24 ഉച്ചവരെ മാത്രം സ്ത്രീകൾക്ക് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക്, 0490–2430234, 0490 – 2430434, www.kottiyoor devaswom. com