ലിവിങ് റൂട്ട് ബ്രിജൂം ലേപാക്ഷി ക്ഷേത്രവും കൊങ്കൺ ജിയോഗ്ലിഫ്സും യുനെസ്കോ ലോകപൈതൃകങ്ങളുടെ താൽക്കാലിക പട്ടികയിൽ
Mail This Article
മേഘാലയയിലെയും ആന്ധ്രാപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഓരോ സൈറ്റുകൾ കൂടി യുനെസ്കോ ലോകപൈതൃകങ്ങളുടെ താൽകാലിക പട്ടികയിൽ ഇടം പിടിച്ചതോടെ വേൾഡ് ഹെറിറ്റേജ് ടെൻഡേറ്റിവ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള സ്ഥലങ്ങളുടെ എണ്ണം 49 ആയി. ജിങ്കിയങ് ജ്‌റി അഥവാ ലിവിങ് റൂട്ട് ബ്രിജ്, ലേ പാക്ഷിയിലെ വീരഭദ്രക്ഷേത്രവും നന്ദിയുടെ ഒറ്റക്കൽ ശിൽപവും, കൊങ്കൺ മലനിരകളിൽ കണ്ടെത്തിയ ശിലാചിത്രങ്ങൾ എന്നിവയാണ് 2022 ൽ യുനെസ്കോ താൽകാലിക പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയത്.
മനുഷ്യൻ പ്രകൃതിയോട് എത്രമാത്രം ഇണങ്ങിയാണ് ജീവിച്ചിരുന്നതെന്നും ജീവിക്കുന്നതെന്നും കാണിക്കുന്നതാണ് മേഘാലയയിലെ ജിങ്കിയഹ് ജ്‍റി എന്നു വിളിക്കുന്ന ‘ജീവനുള്ള പാലങ്ങൾ’. ഖാസി മലനിരകളിലെ വനങ്ങളിൽ പുഴയുടെ അക്കര, ഇക്കരയായി നിൽക്കുന്ന നാലുമരങ്ങളുടെ വേരുകൾ പിണഞ്ഞു വളർന്നതാണ് പാലം. റബർ ഫിഗ് (ഫികസ് ഇലാസ്റ്റിക) എന്നറിയപ്പെടുന്ന ശീമയാലിന്റെ വേരുകളാണ് പുഴയ്ക്കു കുറുകെ പാലത്തിന്റെ രൂപത്തിലാകുന്നത്. വേരുകൾ തമ്മിൽ പിണഞ്ഞ് വളരാൻ ഗ്രാമീണർ ഇടപെടാറുണ്ട്. ഖാസി ജയന്തിയ മലനിരകളിലെ ഗോത്രവംശജർ പല ഭാഗത്തും ഇത്തരത്തിൽ വേരുകൾ കൊണ്ട് പാലം ഒരുക്കിയിട്ടുണ്ട്. അപൂർവം ചില ഭാഗത്ത് രണ്ട് നിലകളായി വളർന്ന പാലവും കാണാം. ഇപ്പോൾ 70 ഗ്രാമങ്ങളിലായി ഉദ്ദേശം 100 പാലങ്ങളുള്ളതായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒട്ടേറെ സഞ്ചാരികളെ മേഘാലയയിലേക്ക് ആകർഷിക്കുന്ന ഘടകം കൂടിയാണ് ലിവിങ് റൂട്ട് ബ്രിജ്.
ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിലാണ് ലേപാക്ഷി ഗ്രാമവും വീരഭദ്രക്ഷേത്രവും. 12ാം നൂറ്റാണ്ടിൽ നിർമിതമായ ക്ഷേത്രത്തിലെ 70 തൂണുകളുള്ള നാട്യമണ്ഡപം, ചുമർചിത്രങ്ങൾ, ഒറ്റക്കല്ലിലുള്ള നന്ദി വിഗ്രഹം, നാഗലിംഗം തുടങ്ങിയവ പ്രശസ്തമാണ്. നാട്യമണ്ഡപത്തിനു നടുക്ക്, തറയെ സ്പര്‍ശിക്കാതെ മേല്‍ക്കൂരയെ താങ്ങുന്ന 12കരിങ്കല്‍ തൂണുകൾ ഇന്നും വിസ്മയമാണ്. ക്ഷേത്രത്തിനു സമീപം , 4.5 മീറ്റര്‍ ഉയരവും 8.3 മീറ്റര്‍ നീളവുമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി ശിൽപം ഇന്ത്യയിലെ ഏറ്റവും വലുതാണ്.
യുനെസ്കോയുടെ അംഗീകാരം ലഭിച്ച ഇന്ത്യൻ സ്മാരകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കൊങ്കൺ മേഘലയിലെ ജിയോഗ്ലിഫുകൾ അഥവാ ശിലാചിത്രങ്ങൾ. ഇന്ത്യയുടെ പുരാ ചരിത്രത്തെ ഇന്ന് കണക്കാക്കുന്നതിൽ നിന്ന് ഏറെ പിന്നോട്ടു കൊണ്ടുപോകാവുന്നതും സഹസ്രാബ്ദങ്ങൾക്കു മുൻപ് ഇന്ത്യക്ക് ഭൂമിയിലെ മറ്റു ജനവാസ മേഖലകളുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതുമാണ് പാറപ്പുറത്ത് കോറി ഇട്ടിരിക്കുന്ന ചിത്രങ്ങൾ. 2012 ൽ ഇത്തരത്തിലുള്ള ആദ്യ രേഖപ്പെടുത്തൽ കണ്ടെത്തിയ ശേഷം ഇന്നുവരെ 1200 ഓളം ചിത്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരൂപങ്ങളാണ് കണ്ടെത്തിയവയിൽ ഏറെയും. എങ്കിലും കങ്കാരു, യഥാർഥ ആനയുടെ വലിപ്പത്തിലുള്ള ആന തുടങ്ങിയ കൗതുക രൂപങ്ങളും ഒട്ടേറെയുണ്ട്. 12000 വർഷമെങ്കിലും പഴക്കമുള്ള ഈ ചിത്രങ്ങൾ തെക്കൻ മഹാരാഷ്ട്രയിലെ കഷേലി, രുന്ധ്യേതാലി, ഉക്ഷി, കുഡോപി, ഗോവയിലെ പൻസേയ്മോൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.