ADVERTISEMENT

കാടും മലനിരകളും വെള്ളച്ചാട്ടങ്ങളും ട്രെയിൻ യാത്രയ്ക്കിടെ കാണുമ്പോൾ ഒരു നിമിഷം വണ്ടിയൊന്നു നിർത്തിയിരുന്നെങ്കിൽ എന്നു കൊതിക്കാത്തവർ കാണില്ല. മധ്യപ്രദേശിലെ പാതാൾപാനി ഹെറിറ്റേജ് ട്രെയിനിൽ യാത്ര ചെയ്തവർ ഒരേ സ്വരത്തിൽ പാടും, ...കൂകിപ്പായും തീവണ്ടി, വെള്ളച്ചാട്ടം കണ്ടാൽ നിൽക്കും തീവണ്ടി... മനോഹരമായ പ്രകൃതി കാഴ്ചകളിലൂടെ, സഞ്ചാരികൾക്കു സൗകര്യപ്രദമായ സ്ഥലങ്ങളിൽ ട്രെയിന്‍ നിര്‍ത്തി, കാഴ്ചകൾ കണ്ട് കറങ്ങി വരാനുള്ള സ്വാതന്ത്ര്യത്തോടെ ഒരു ട്രെയിന്‍ യാത്ര– അതാണ് മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഡോ. അംബേദ്ക്കര്‍ നഗര്‍ (മഹു, Mhow) സ്‌റ്റേഷനില്‍ നിന്നും കാലാകുണ്ഡിലേക്കുള്ള പെതൃക ട്രെയിൻ ഉല്ലാസയാത്ര.11.05 ന് യാത്ര പുറപ്പെട്ട് വൈകുന്നേരം 4.30ന് തിരിച്ചെത്തുന്നു.

mhowstationheritagetrainpatalpani

പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഗാന്ധിജി

ADVERTISEMENT

ഡോ. അംബേദ്ക്കര്‍ നഗർ സ്‌റ്റേഷനില്‍ എത്തുമ്പോൾ ചിരിക്കുന്ന ഗാന്ധി പ്രതിമയാണ് നമ്മെ സ്വാഗതം ചെയ്യുക. പ്രവേശന കവാടത്തില്‍ കുറെ ഗ്രാമീണര്‍ കൂട്ടംകൂടിയിരുന്ന് വര്‍ത്തമാനം പറയുന്നു. സ്‌റ്റേഷന്‍ എല്ലാ ഭാഗങ്ങളും ചിത്രങ്ങളും കലാരൂപങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു ഭാഗത്ത് ഉപയോഗ ശൂന്യമായ ഇരുമ്പു കൊണ്ട് നിർമിച്ച കലാരൂപങ്ങള്‍ കാണാം. മനുഷ്യ രൂപം മുതല്‍ പക്ഷി, തേള്‍, പല്ലി, കൊക്ക് തുടങ്ങി പലതും. ദസറയുടെ ദിവസമായതുകൊണ്ടും തിങ്കളാഴ്ച ആയതുകൊണ്ടും യാത്രക്കാരുടെ തിരക്ക് അധികമില്ല.

ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സമയം കാത്തു കിടക്കുന്ന ട്രെയിനിന്റെ ബോഗികള്‍ മധ്യപ്രദേശ് ടൂറിസത്തിന്റെ ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എട്ടു ബോഗികള്‍ ഉണ്ട്. 2 എണ്ണം ചെയർ കാർ. അവ വിസ്റ്റഡോം ഫസ്റ്റ് ക്ലാസ്സ് എ.സി യാണ്. അതിന് ടിക്കറ്റ് ചാര്‍ജ് 265 രൂപ. ജനറല്‍ ക്ലാസ്സിന് 20 രൂപയും.

patalpanitrainatmhowstationi
ADVERTISEMENT

140 വര്‍ഷം മുൻപ് ബ്രിട്ടിഷുകാർ സ്ഥാപിച്ചതാണ് ഈ റെയില്‍വേ ലൈന്‍. 2018 ഡിസംബര്‍ 25 നാണ് ഈ പാതയിൽ പൈതൃക ടൂറിസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങിയത്. 4 ടണലുകള്‍, 24 ഓളം കൊടും വളവുകള്‍, ചെറുതും വലുതുമായ 41 പാലങ്ങള്‍. പാതയുടെ ഇരുവശത്തും മനോഹരങ്ങളായ കാഴ്ചകള്‍. സഞ്ചാരികൾക്ക് സമൃദ്ധമായ കാഴ്ച വിരുന്നാണ് പാതാൾപാനി യാത്ര.

എങ്ങോട്ടോ മറയുന്ന ജലധാര

ADVERTISEMENT

കൃത്യം 11.05ന് ഡോ. അംബേദ്കർ നഗർ സ്‌റ്റേഷനിൽ നിന്നു ട്രെയിന്‍ പുറപ്പെട്ടു. 10 മിനിറ്റിനുള്ളിൽ ആദ്യ സ്‌റ്റേഷൻ പാതാൾപാനിയില്‍ എത്തി. 15 മിനിറ്റ് സ്‌റ്റോപ്പുണ്ട് ഇവിടെ. ചിത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്ന കൊച്ചു സ്‌റ്റേഷൻ. പഴയകാല കെട്ടിടങ്ങളും സിഗ്നല്‍ സംവിധാനങ്ങളും അതേപടി നിലനിര്‍ത്തിയിരിക്കുന്നു. സ്‌റ്റേഷനോടു ചേർന്ന് ഒരു പാര്‍ക്കും സജ്ജീകരിച്ചിട്ടുണ്ട്. പ്രായമുള്ള ദമ്പതിമാര്‍, യുവമിഥുനങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍ ട്രെയിനിലെ സഞ്ചാരികൾ എല്ലാവരും ഇറങ്ങി ഫോട്ടോ എടുക്കുന്നു.

patalpaniwaterfall

അടുത്ത സ്‌റ്റേഷന്‍ പതാൾപാനി വാട്ടര്‍ഫാള്‍. ഇവിടെ ഒരു മണിക്കൂർ ഹാള്‍ട്ട് ഉണ്ട്. ‌സ്‌റ്റേഷനില്‍നിന്ന് 5 മിനിറ്റ് നടന്ന് പൂരപ്പറമ്പുപോലെ ഒരു സ്ഥലത്ത് എത്തി. ലഘുഭക്ഷണശാലകള്‍, ചോളം ചുട്ടുകൊടുക്കുന്നവര്‍, കരിമ്പിന്‍ ജ്യൂസ് വിൽക്കുന്നവര്‍, കുതിര-ഒട്ടകസവാരിക്കുള്ള സൗകര്യം, ഊഞ്ഞാല്‍ എല്ലാം റഡി. ഈ മൈതാനത്തിന് അപ്പുറത്താണ് ഈ യാത്രയിലെ ഹൈലൈറ്റ് പതാൾപാനി വെള്ളച്ചാട്ടം.

ഒരു ചെറിയ വെള്ളച്ചാട്ടമാണെങ്കിലും മനം കുളിർക്കുന്ന കാഴ്ചയാണ് പാതാൾപാനി ജലധാര. ചോരാൽ നദിയിലെ ജലം ഒഴുകി വന്നു പതിക്കുന്നത് 300 അടി താഴ്ചയിലേക്കാണ്. പാതാളംപോലെയുള്ള കുഴിയിലേക്ക് വീഴുന്ന വെള്ളം പിന്നെ എങ്ങോട്ടു പോകുന്നു എന്നറിയില്ല. അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തെ പാതാൾപാനി എന്നു വിളിക്കുന്നത്. വെള്ളച്ചാട്ടത്തിനു ചുറ്റും വേലികെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ജലധാരയുടെ മനോഹാരിത പല ഇടങ്ങളിൽ നിന്നു കാണുന്നതിനായി പല സ്ഥലങ്ങളില്‍ കാഴ്ച ഗോപുരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ‌

tantyabhiltemplei

ഇന്ത്യൻ റോബിൻ ഹുഡിന്റെ ക്ഷേത്രം

ഇവിടെയാണ് ഇന്‍ഡ്യന്‍ റോബിന്‍ ഹുഡ് എന്നറിയപ്പെടുന്ന മാമ താട്യ ഭീലിന്റെ ക്ഷേത്രം. 1840-ല്‍ ജനിച്ച അദ്ദേഹം ബ്രിട്ടീഷുകാരുടെ ക്രൂരതയ്‌ക്കെതിരായി ആദിവാസി ജനങ്ങള്‍ക്കായി പടവെട്ടി. 1889-ല്‍ അദ്ദേഹത്തെ തൂക്കിലേറ്റി. ട്രെയിനിലെ ഗാർഡ് പറഞ്ഞത് ഈ വഴി പോകുന്ന എല്ലാ ട്രെയിനുകളും ഇവിടെ വേഗം കുറച്ച്, ഹോണ്‍ മുഴക്കാതെ പോകില്ല എന്നാണ്. അങ്ങനെ ചെയ്യാതിരുന്നപ്പോഴൊക്കെ എന്തെങ്കിലും തകരാറുകള്‍, അപകടങ്ങള്‍ ഒക്കെ സംഭവിച്ചിട്ടുണ്ടത്രെ.

ഒരു മണിക്കൂര്‍ ഇടവേളയ്ക്കുശേഷം സഞ്ചാരികൾ വീണ്ടും ട്രെയിനിൽ കയറി. തുടർന്ന് മലയിടുക്കുകളും താഴ് വരകളും താണ്ടി‍ യാത്ര തുടർന്നു.

valley

ഒരു താഴ്‌വരയിലാണ് മൂന്നാമതായി വണ്ടി നിന്നത്. അങ്ങ് അകലെ ചില ഗ്രാമങ്ങള്‍ പൊട്ടുപോലെ കാണാം. മറു സൈഡില്‍ ഒരു കുന്നാണ്. അതില്‍ കയറിയാല്‍ പൈതൃക ട്രെയിന്‍ വളവില്‍ വളഞ്ഞ് കിടക്കുന്ന ദൃശ്യം മുകളിൽ നിന്നു കണ്ടാസ്വദിക്കാം. ഇവിടെ ട്രെയിൻ നിർത്തുന്ന സ്ഥലത്ത് പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാൽ പ്രായമായവര്‍ക്ക് കയറാനും ഇറങ്ങാനും ‍ പ്രയാസം അനുഭവപ്പെടും. പക്ഷേ, ആരും അതൊന്നും വകവെക്കുന്നില്ല. എല്ലാവരും ഇറങ്ങി ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുക്കുന്നു.

heritagetrainatkalakund

ഓരോ സ്ഥലത്തും എത്ര സമയം നില്‍ക്കുമെന്ന് അറിയിപ്പൊന്നുമില്ല. ട്രെയിന്‍ മൂന്നു വിസിൽ അടിക്കും അപ്പോഴേക്കും ആളുകള്‍ വന്നു കയറും. ചോറല്‍ നദിയുടെ മുകളില്‍ 1876ല്‍ നിര്‍മ്മിച്ച പഴയപാലം പൊളിച്ച് 1974ല്‍ പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നു. 120 മീറ്റര്‍ ആണിതിന്റെ നീളം. ഗർഡറുകളില്‍ നിര്‍മ്മിച്ച തൂണുകളിലാണ് ഈ പാലം പണിതിരിക്കുന്നത്. ഇത് നമ്മുടെ റെയില്‍വേ എഞ്ചിനിയറിംഗിന്റെ ഒരു വിസ്മയം തന്നെ.

കാലാകുണ്ഡ് അവസാന സ്‌റ്റോപ്പ്

അവസാന സ്‌റ്റോപ്പായ കാലാകുണ്ഡില്‍ 1.35 ന് എത്തി. സിഗ്നല്‍ സംവിധാനം, ടിക്കറ്റ് കൊടുക്കുന്ന കൗണ്ടര്‍, ചാരുബഞ്ചുകള്‍, ഫാന്‍, പരിസരം, കെട്ടിടം എല്ലാം പഴമയോടെ സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നിന്ന് 3.30നു മടക്കയാത്ര ആരംഭിക്കും. ഉച്ചഭക്ഷണവും ലഘുഭക്ഷണവും സ്റ്റേഷന്റെ എതിര്‍വശത്ത് ക്രമീകരിച്ചിട്ടുണ്ട്. എല്ലാവരും അത് കഴിക്കുവാന്‍ എത്തുകയും ചെയ്യുന്നുണ്ട്.

heritagestationkalakund

സമീപത്തു തന്നെ ഒരു ചെറിയ നദി ഒഴുകുന്നുണ്ട്. കുടുംബമായി എത്തിയ സഞ്ചാരികൾ പലരും പാറകളില്‍ തട്ടി ഒഴുകിവരുന്ന നദിയില്‍ ആര്‍ത്തുല്ലസിച്ച് കുളിക്കുന്നു. സ്‌റ്റേഷൻ പരിസരങ്ങൾ കണ്ട് തിരിച്ചെത്തിയപ്പോള്‍ തിരികെയുള്ള യാത്രയ്ക്ക് എന്‍ജിന്‍, ട്രെയിനില്‍ ഘടിപ്പിക്കുകയാണ്. എഞ്ചിന്‍ ഓഫ് ചെയ്തുകഴിഞ്ഞപ്പോള്‍ കുറേപ്പേർ അതിന്റെ മുകളില്‍ കയറിനിന്നു ഫോട്ടോ എടുത്തു.

കാലാകുണ്ഡിലെ പ്ലാറ്റ്‌ഫോം സ്റ്റാളില്‍ 150 വര്‍ഷം പാരമ്പര്യമുള്ള ഒരു മധുരപലഹാരം ലഭിക്കും. ട്രെയിനിലെ ഗാഡ് ആണ് അതിന്റെ പ്രത്യേകത എനിക്കു വിവരിച്ചു നല്‍കിയത്. എല്ലാവരും അത് വാങ്ങുന്നുമുണ്ട്.

patalpanivistadomecoaches

മടക്കയാത്രയില്‍ കയറ്റം ഉള്ളതിനാൽ മുൻപിലും പിന്നിലുമായി രണ്ട് എന്‍ജിനുകളുണ്ട്. 3.34 നു നീണ്ട ചൂളംവിളിയോടെ കാലാകുണ്ഡിൽ നിന്നു ട്രെയിൻ പുറപ്പെട്ടു. മഹുവിലേക്കുള്ള ഒരു മണിക്കൂർ യാത്രയ്ക്കിടെ എങ്ങും സ്‌റ്റോപ്പ് ഇല്ല. ഇൻഡോറിലേക്കു മടങ്ങവേ ഒരു പകലിന്റെ മനോഹരമായ ഓർമകൾ ചൂളം വിളിച്ച് മനസ്സിലേക്കെത്തി.

heritagetrainkalakund

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സിറ്റിയില്‍ നിന്നും 30 കിലോ മീറ്ററുണ്ട് ഡോ. അംബേദ്ക്കര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനി(DADN) ലേക്ക്. ഇന്‍ഡോറില്‍ നിന്ന് സ്വന്തം വാഹനത്തിലോ ട്രെയിനിലോ ഓട്ടോയിലോ ഇവിടെ എത്താം. ബസ്സില്‍ 2 മുതല്‍ 2.15 മണിക്കൂര്‍ സമയം എടുക്കും.

ദിവസത്തില്‍ ഒരു ട്രിപ് മാത്രമാണ് ഈ പൈതൃക ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.

ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും തിരക്ക് ഉണ്ടാകും. ട്രെയിൻ നമ്പർ 52965 (DADN to Kalkund KKD) ലും ട്രെയിൻ നമ്പർ 52966 (Kalkund KKD to DADN) ലും ബുക്കു ചെയ്യാവുന്നതാണ്.

മഴക്കാലം കഴിഞ്ഞുവരുന്ന സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ ഏറ്റവും പറ്റിയ സമയം.

ADVERTISEMENT