Wednesday 01 June 2022 04:48 PM IST : By സ്വന്തം ലേഖകൻ

മിതാലി എക്സ്പ്രസ് യാത്ര തുടങ്ങി, ഇനി ന്യൂ ജൽപായ് ഗുഡിയിൽ നിന്ന് ട്രെയിനിൽ ധാക്കയിലെത്താം

mitali expres1

ഇന്ത്യക്കും ബംഗ്ലദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസുകളുടെ എണ്ണം മൂന്നായി ഉയർത്തിക്കൊണ്ട് മിതാലി എക്സ്പ്രസ് സർവീസ് ആരംഭിച്ചു. പശ്ചിമബംഗാളിലെ ന്യൂജൽപായ്ഗുഡി സ്‌റ്റേഷനിൽ നിന്ന് ബംഗ്ലദേശിലെ ധാക്ക കന്റോൺമെന്റ് സ്‌റ്റേഷനിലേക്കാണ് പുതിയ ട്രെയിൻ ഓടുന്നത്.

കൊൽക്കത്തയിൽ നിന്നുള്ള മൈത്രി എക്സ്പ്രസ്, ബന്ധൻ എക്സ്പ്രസ് എന്നിവയ്ക്കു ശേഷം ഇന്ത്യയെയും ബംഗ്ലദേശിനെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിനാണ് മിതാലി എക്സ്പ്രസ്. ഞായർ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ 2 സർവീസുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 13132 നമ്പർ എക്സ്പ്രസായി ധാക്കയിലേക്കു പോകുന്ന ട്രെയിൻ 13131 നമ്പറിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഇന്ത്യയിലേക്കു മടങ്ങും. ന്യൂജൽപായ് ഗുഡിയിൽ നിന്ന് ധാക്ക കന്റോൺമെന്റിലേക്കുള്ള 513 കിലോമീറ്റർ സഞ്ചരിക്കാൻ ഒൻപതു മണിക്കൂർ യാത്രയുണ്ട്. ന്യൂജൽപായ്ഗുഡി അതിർത്തിയിലൂടെ ബംഗ്ലദേശിലേക്ക് സർവീസ് ആരംഭിച്ചതോടെ വിഭജനത്തിനു മുൻപുണ്ടായിരുന്ന പ്രധാന റെയിൽ പാതയിലൂടെ വീണ്ടും ട്രെയിൻ എത്തുന്നു എന്ന പ്രത്യേകതകൂടി ഈ സർവീസിന് ലഭിച്ചു.

നാല് എസി ഫസ്റ്റ്ക്ലാസും നാല് എസി ചെയർകാറുമുള്ള മിതാലി എക്സ്പ്രസിന്റെ ടിക്കറ്റുകൾ ന്യൂജൽപായ്ഗുഡി, കൊൽക്കത്ത സ്‌റ്റേഷനുകളിൽ മാത്രമേ ഇപ്പോൾ ഇന്ത്യയിൽ ലഭിക്കുകയുള്ളു. ഹൽദിബാരി, ചിലഹട്ടി എന്നിവയാണ് ഈ ട്രെയിൻ നിർത്തുന്ന സ്‌റ്റേഷനുകൾ. ഇന്ത്യക്കും ബംഗ്ലദേശിനും ഇടയിലുള്ള ചരക്ക് നീക്കവും വിനോദസഞ്ചാരരംഗവും ട്രെയിൻ സർവീസുകളിലൂടെ ഏറെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴ്ചയിൽ 5 ദിവസമുള്ള കൊൽക്കത്ത – ധാക്ക – കൊൽക്കത്ത മൈത്രി എക്സ്പ്രസും ആഴ്ചയിൽ രണ്ടു ദിവസമുള്ള കൊൽക്കത്ത– ഖുൽന–കൊൽക്കത്ത ബന്ധൻ എക്സ്പ്രസും മെയ് 29 മുതൽ ‌സർവീസ് പുനരാരംഭിച്ചു.

Tags:
  • Manorama Traveller
  • Travel India