കടുവയെ അന്വേഷിച്ചുള്ള യാത്ര തുടങ്ങിയിട്ടു ദിവസങ്ങളായി. ക്യാമറയും ട്രൈപോർടും ഉൾപ്പെടെ പത്തുകിലോയോളം വരുന്ന ഭാരം താങ്ങിയാണ് നടപ്പ്. കുത്തനെയുള്ള കാട്ടുവഴികളും ചരൽ നിറഞ്ഞ ചരിവുകളും കുന്നുകളും പിന്നിട്ട് യാത്ര തുടർന്നെങ്കിലും നിരാശയായിരുന്നു ഫലം. ‘അവിടവിടെയായി കടുവയുടെ കാഷ്ഠവും കാൽപ്പാടുകളും കാണുന്നുണ്ടല്ലോ? പക്ഷേ, അടുത്തൊന്നും കടുവയുണ്ടെന്ന് തോന്നുന്നില്ല.’ ഗൈഡ് ജോയ് ചേട്ടന്‍ ആ വാക്കുകൾ മുഴുവനാക്കും മുമ്പേ തിരിഞ്ഞ് ഓടാൻ ആരോ നിർദേശം നൽകി. ഞങ്ങളുടെ എതിർഭാഗത്തു നിന്നു വരുന്നത് ഒറ്റയാൻ ആണ്. തിരിഞ്ഞു നോക്കാതെ ഓടി. ഒടുവിൽ ഓട്ടത്തിന്റെ കിതപ്പ് മാറ്റാൻ ഞാൻ ഒരു മരത്തിനോട് ചേർന്ന് നിന്നു. ‘ആ മരത്തിൽ തൊടരുത്. മുകളിലേക്ക് നോക്കരുത്’, പെട്ടെന്ന് ജോയ് ചേട്ടന്റെ ശബ്ദമുയർന്നു. ഒരു നിമിഷം ശ്വാസം നിലച്ച പോലെ... എന്റെ തലയ്ക്കു മുകളിലെ മരച്ചില്ലയിൽ ഉഗ്രവിഷമുള്ള പാമ്പ് ചുറ്റിപ്പിണഞ്ഞു കിടപ്പാണ്.’ കാടിന്റെ കൂട്ടുകൂടി നടക്കാൻ തുടങ്ങിയതിനു ശേഷം തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിൽ വന്ന മാറ്റങ്ങളും മറക്കാനാവാത്ത കാടനുഭവങ്ങളും പങ്കുവയ്ക്കുകയാണ് കൊല്ലം സ്വദേശി നിഷ പുരുഷോത്തമൻ.
അറിയാതെ കിട്ടിയ കാടിന്റെ നിമിഷങ്ങൾ...
മഴയത്ത് സടകുടയുന്നൊരു സിംഹരാജന്റെ ചി ത്രം ‘എന്റെ സ്വപ്ന ഷോട്ടു’കളിൽ ഒന്നായിരുന്നു. ഈ സ്വപ്ന ചിത്രത്തിലേക്കുള്ള യാത്രയ്ക്കിടെ അറിയാതെ മുന്നിൽപ്പെട്ട രണ്ട് നല്ല നിമിഷങ്ങളുണ്ട്. 2015 ഡിസംബറിൽ ആഫ്രിക്കൻ പുൽമേടുകളിലൂടെ സഫാരിവാനില്‍ സഞ്ചരിക്കവെ രണ്ടു മൂന്നു തവണ സിംഹദർശനം കിട്ടി. പക്ഷേ, അതൊന്നും ഒരു നല്ല ഫോട്ടോയ്ക്ക് ഉതകുന്നതായിരുന്നില്ല. പക്ഷേ, അല്പ സമയത്തിനു ശേഷം എന്റെ തൊട്ടു മുന്നിൽ രാജകീയ ഭാവത്തോടെ ഒരു നോട്ടമെറിഞ്ഞ് അവൻ വന്നു നിന്നു, കാടിന്റെ രാജാവ്. ഒറ്റ ക്ലിക്ക്, ഒരു കിടിലൻ ഷോട്ട്. അതുപോലെ കിട്ടിയ മറ്റൊരു ചിത്രമാണ്, മഴവിൽ അഴകിനെ പശ്ചാത്തലമാക്കി നിൽക്കുന്ന സിംഹത്തിന്റെ ചിത്രവും. മഴവില്ല് എന്നതു തന്നെ വല്ലപ്പോഴും മാത്രം കാണുന്ന മാജിക്കാണ്. അപ്പോൾ നിറഞ്ഞുനിൽക്കുന്ന മഴവില്ലിനു മുന്നിൽ ‘റോയൽ പോസിൽ വന്നു നിൽക്കുന്ന സിംഹ’ത്തിന്റെ ഫുൾഫ്രെയിം ചിത്രമൊന്ന് ആലോചിച്ചു നോക്കൂ. ആഫ്രിക്കയിൽ നിന്നാണ് ആ ചിത്രം പകർത്തിയത്. സിംഹരാജാവിന്റെ രണ്ടു നല്ല ചിത്രങ്ങൾ കിട്ടിയെങ്കിലും സ്വപ്ന ചിത്രം ഇപ്പോഴും കിട്ടിയിട്ടില്ല.
എന്റെ നാടായ പരവൂരിനടുത്ത് പോളച്ചിറ എന്നൊരു സ്ഥലമുണ്ട്. കായലിനോടു ചേർന്നു നിൽക്കുന്നതിനാൽ നനവുള്ള പ്രദേശമാണ്. രാവിലെയും വൈകീട്ടും ധാരാളം പക്ഷികളെ ഇവിടെ കാണാം. വീട്ടിലെ ഒഴിവുസമയങ്ങളിൽ ഞാൻ ക്യാമറയുമായി ഇറങ്ങും. ഒരു വൈകുന്നേരം പക്ഷികളെ നോക്കി നിൽക്കുമ്പോഴാണ് എന്റെ തൊട്ടു മുമ്പിലേക്ക് ഒരു കൃഷ്ണപ്പരുന്ത് പറന്നിറങ്ങിയത്. അതെന്തോ കൊത്തിയെടുത്തു പറന്നുയർന്നു. ഒരു ചെറിയ പാമ്പിനെയാണത് കൊത്തിയെടുത്തിരിക്കുന്നത്. കുറച്ചുയരത്തിൽ എത്തിയതേയുള്ളൂ, പരുന്തിന്റെ ചുണ്ടിൽ നിന്നും പാമ്പ് താഴേക്കു വീണു. ‘പാമ്പ് താഴേക്കു പതിക്കും മുമ്പേ പരുന്ത് അതിനെ നോക്കുന്ന ഷോട്ട് ’ എനിക്കു കിട്ടി. 2013 ൽ ആ ചിത്രം ലണ്ടൻ നാച്വറൽ മ്യൂസിയത്തിന്റെ ഫൊട്ടോഗ്രഫർ ഓഫ് ദ ഇയർ അവാർഡിന്റെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരത്ത് ഒരു കോഫി ഷോപ്പിൽ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത ബിൽഡിങ്ങിനോടു ചേർന്ന മരത്തിലെ പൊത്തിൽ ഒരു മൂങ്ങ വന്നിരുന്നത് കണ്ടത്. പടമെടുക്കാൻ ക്യാമറ റെഡിയാക്കി. പെട്ടെന്ന് എവിടെ നിന്നാണെന്നറിയില്ല ഒരു കാക്ക ആ പൊത്തിന്റെ മുകളിൽ വന്നിരുന്നു. ഒറ്റ സെക്കന്‍ഡ്, പെട്ടെന്നു തന്നെ അത് അപ്രത്യക്ഷമാവുകയും ചെയ്തു. ആ ചിത്രവും രണ്ടു വർഷം മുമ്പ് നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഫൈനൽ റൗണ്ടിൽ വന്നിരുന്നു. മഴവില്ലിന്റെ പശ്ചാത്തലത്തിൽ ഇരിക്കുന്ന സിംഹത്തിന്റെ ചിത്രം കഴിഞ്ഞ വർഷം രണ്ടാം റൗണ്ടിൽ എത്തി. കെനിയയിൽ നിന്നെടുത്ത സിംഹം വീൽബീറ്റ്സിനെ വേട്ടയാടുന്ന ചിത്രമാണ് എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്. ആ ഷോട്ടിന്റെ പ്രത്യേകത സിംഹവും ഇരയും മുഖാമുഖം വരുന്നുവെന്നതാണ്. ഇതുവരെ കിട്ടാത്ത, ഞാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചീറ്റയോടൊപ്പം അതിന്റെ കുഞ്ഞും നിൽക്കുന്ന ഫ്രെയിം.
പോകും തോറും ഇഷ്ടം കൂടുന്ന കാട്
ഈ ഭൂമിയിൽ എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്ന സ്ഥലമേതാണെന്നറിയുമോ, കാട്. ചെരിപ്പിട്ടു പോലും നോവിക്കാതെ കാടിന്റെ ഇരുട്ടിലേക്ക് നടന്നടുക്കണം. കിളികളും മൃഗങ്ങളും മരങ്ങളും നിറഞ്ഞ കാട് വലിയൊരു പാഠപുസ്തകമാണ്. പഠിക്കുന്തോറും ഇഷ്ടം കൂടും. എത്ര നേരം കാട്ടിൽ നിൽക്കാൻ പറ്റുന്നുവോ അത്രയും സമയം അവിടെ ചെലവിടും. അതാണ് പതിവ്. വീട്ടിൽ പോകണോ കാട്ടിൽ പോകണോ എന്ന് എന്നോടു ചോദിച്ചാൽ ഏതുറക്കത്തിലും ഞാൻ പറയും കാട്ടിൽ പോയാൽ മതി എന്ന്. കാട്ടിലേക്കുള്ള എല്ലാ യാത്രകളും ഫോട്ടോ എടുക്കാൻ വേണ്ടിയുള്ളതല്ല. അഥവാ ഫോട്ടോയ്ക്ക് വേണ്ടി മാത്രമായി കാടുകയറാറില്ല.
ഓരോ കാടുയാത്രയും വേറിട്ട അനുഭവമാണ്, ഉന്മേഷമാണ്. അപ്രതീക്ഷിതമായ കാടിന്റെ നല്ല നിമിഷങ്ങൾ നമുക്ക് മുന്നിൽ നിറയൂ. അത് കൃത്യമായി മനസ്സിലാക്കി ക്യാമറയിൽ പകർത്തുക എന്നതാണ് എന്നിലെ ഫൊട്ടോഗ്രഫറുടെ കർത്തവ്യം. ക്യാമറയുമായി പരിചയപ്പെടുന്നത് തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ പഠിക്കുമ്പോഴാണ്. അന്നൊന്നും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടേയില്ല. വല്ലപ്പോഴും മുന്നിൽ വരുന്ന പക്ഷികളുടെ ചിത്രമെടുത്തായിരുന്നു തുടക്കം. കാവും വയലും കായലും കടലും നിറഞ്ഞ മനോഹരമായ പ്രദേശമാണ് എന്റെ നാട്. അതിനാൽ വിവിധ ഇനങ്ങളിൽപെട്ട പക്ഷികളെ ഇവിടങ്ങളിലൊക്കെ ധാരാളം കാണാം. ഒഴിവുസമയങ്ങളിലെ പക്ഷികളുടെ പടംപിടിത്തം ഗൗരവമായി കണ്ടുതുടങ്ങുന്നത് 2008 ൽ ദുബായിലെ ഷട്ടർ ബഗ്സ് ക്രിയേറ്റീവ് ഫോറത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം കിട്ടിയതു മുതലാണ്. രണ്ടുവർഷം തുടർന്ന പക്ഷികളോടുള്ള കൂട്ട് പിന്നീടെപ്പോഴോ ‘മാമൽസി’നോടായി. അങ്ങനെ ഇന്ത്യയിലും പുറത്തുമായി ഒരുപാട് കാടുയാത്രകൾ നടത്തിത്തുടങ്ങി. പൊതുവെ ഈ രംഗത്ത് സ്ത്രീകൾ കുറവാണ്. പ്രത്യേകിച്ച് മലയാളികൾ. ഒരു സ്ത്രീ എന്ന രീതിയിൽ പലപ്പോഴും പരിഗണനകള്‍ കിട്ടിയിട്ടുണ്ട്. നേരിടേണ്ടി വന്ന അവഗണനകളും ഒട്ടും കുറവല്ല. കുടുംബത്തിന്റെ പിന്തുണയാണ് എന്റെ വിജയത്തിനു പിന്നിലെ ശക്തി.
ആ ഭാഗ്യം എനിക്കായിരുന്നു
ഉത്തരേന്ത്യയിലെ കാടുകളിൽ നിന്ന് സഫാരി ജീപ്പിലെ യാത്രയ്ക്കിടെ ഒരു കടുവയുടെ ചിത്രം പകർത്തുന്ന പോലെയല്ല കേരളത്തിലെ കാടുകളിലൂടെ നടന്ന് ചിത്രമെടുക്കുന്നത്. ഫൊട്ടോഗ്രഫറുടെ ഭാഗ്യം കൊണ്ടു മാത്രം കിട്ടുന്ന ചിത്രങ്ങളാണ് കേരളത്തിലെ കാടുകളിലേത്. ടൂറിസം ഡിപാർട്മെന്റും ഫോറസ്റ്റ് ഡിപാർട്മെന്റും കൂടി സംയുക്തമായി സംഘടിപ്പിച്ച ഒരു പ്രോജക്ടിന്റെ ഭാഗമാവാൻ എനിക്ക് അവസരം കിട്ടിയിരുന്നു. ആ ആറുമാസം കൊണ്ടാണ് കേരളത്തിലെ കാട് എന്താണെന്നു ഞാൻ മനസ്സിലാക്കുന്നത്. സൈലന്റ്‌വാലി, പെരിയാർ, ഇരവിക്കുളം, പ റമ്പിക്കുളം എന്നിവിടങ്ങളിലെ കാടുകള്‍ അടിസ്ഥാനമാക്കിയാണ് പ്രോജക്ട്. പല അപകടങ്ങളെയും തരണം ചെയ്തു ദിവസവും ഏഴു മുതൽ 25 കിലോമീറ്ററോളം നടക്കേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും ഒരു പടം പോലും കിട്ടാതെ നിരാശയായിരുന്നു ഫലം. പ്രോജക്ടിന്റെ അവസാന ഒമ്പതു ദിവസങ്ങൾ ചെലവിടുന്നത് പറമ്പിക്കുളത്താണ്. ആദ്യത്തെ മൂന്നു ദിവസം കടുവയെ തേടിയുള്ള അലച്ചിലായിരുന്നു. കടുവയെ കിട്ടാതായതോടെ ഞങ്ങൾ മറ്റു മൃഗങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ ഓരോ ദിവസവും കടന്നുപോയി. എല്ലാവരുടെ മുഖത്തും കടുവയെ കാണാൻ പോലും കഴിയാത്തതിന്റെ നിരാശ. അവസാന ദിവസം, ഉച്ചഭക്ഷണം കഴിഞ്ഞ് ആനക്കൽ വയൽ ഭാഗത്തേക്ക് ട്രെക്കിങ് തുടങ്ങി. കുറച്ചു ദൂരം പിന്നിട്ടതേയുള്ളൂ. മുന്നിൽ കടുവയുടെ കാൽപാടുകളും കാഷ്ഠവും. കൂടെയുണ്ടായിരുന്ന ഗൈഡ് വസന്തൻ പറഞ്ഞു, ശബ്ദമുണ്ടാക്കാതെ മുന്നോട്ടു നീങ്ങിക്കൊള്ളൂ. നിങ്ങളുടെ തൊട്ടടുത്തെവിെടയോ കടുവയുണ്ട്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ നിമിഷം. ഞങ്ങൾക്കു മുമ്പിൽ 500 മീറ്റർ അകലെയുള്ള വെള്ളക്കെട്ടിൽ നാലു കടുവകൾ ഉണ്ടെന്ന വിവരം വസന്തൻ അറിയിച്ചതോടെ എല്ലാവരും ക്യാമറയെടുത്ത് റെഡിയായി നിന്നു. ശബ്ദമുണ്ടാക്കാതെ 200 മീറ്ററോളം നിലത്ത് ഇഴഞ്ഞ് നീങ്ങി ഞങ്ങൾ ഒരു മരത്തിനു പിന്നിലൊളിച്ചു. അവിടെയിരുന്ന് കുറേ ചിത്രങ്ങളെടുത്തു. കടുവകൾ അപ്പോഴേക്കും ഞങ്ങളെ കണ്ടിരുന്നു. കുറേ നേരം ശ്രദ്ധയോടെ അവ വീക്ഷിച്ചു. പെട്ടെന്ന്, അവ വെള്ളക്കെട്ടിൽ നിന്നു കയറി നാലു ഭാഗത്തേക്കായി നീങ്ങി നിലയുറപ്പിച്ചു. ഒരെണ്ണം വലത്ത്, വേറൊരെണ്ണം ഇടത്ത്. രണ്ടെണ്ണം നേരെ മുന്നിൽ. എവിടെ ഫോക്കസ് ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായി. ഒടുവിൽ നേരെ മുന്നിലുള്ള രണ്ടു കടുവകളെ ഞാൻ ഫോക്കസ് ചെയ്തു. പെട്ടെന്നതാ അതിലൊരെണ്ണം ക്യാമറയ്ക്ക് നേരെ നടന്നു വരുന്നു. കാലിൽ നിന്നൊരു തരിപ്പ് മുകളിലേക്കു കയറി. ഒരു നിമിഷം ഞങ്ങളെ നോക്കി നിന്ന ശേഷം തൊട്ടടുത്ത ഒരു മരത്തിലേക്ക് അത് ചാടിക്കയറി. അതുപോലെ തന്നെ തിരിച്ചിറങ്ങി. ഒറ്റ നിമിഷത്തെ ആക്‌ഷൻ, ഞാൻ പകർത്തിയത് 16 സുന്ദരഷോട്ടുകൾ. ചില ചിത്രങ്ങൾ അങ്ങനെയാണ്, കാട് നമുക്കു വേണ്ടി മാത്രം കാത്തുവച്ച അനുഗ്രഹമായിരിക്കും. ഒരിക്കലും മറക്കാനാവാത്ത കാടനുഭവമായിരുന്നു അത്. ജീവിതത്തിൽ നമ്മളെ സന്തോഷിപ്പിക്കുന്നതു ചെയ്യുക എന്നതാണ് എന്റെ പോളിസി. കാട്ടിലേക്കുള്ള യാത്രകളാണ് എനിക്ക് സന്തോഷം തരുന്നത്. കാട് നൽകുന്ന ആ ഉന്മേഷം അനുഭവിക്കാനാണ് പ്രോജക്ട് മാനേജർ ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ വൈൽഡ് ലൈഫ് ടൂറുകളും വർക്ക് ഷോപ്പുകളുമായി ജീവിതം ആനന്ദകരമാക്കുകയാണ്.