തെരുവിലെ വർണ്ണത്തിളക്കങ്ങളിൽ മയങ്ങിയ മനസ്സുമായി കയറി ചെന്നത് നിറങ്ങളുടെ ലോകത്തേക്കായിരുന്നു. തുണിത്തുണ്ടുകളും കണ്ണാടി ചീളുകളും പതിച്ച് മനോഹരമാക്കിയ കരകൗശല വസ്തുക്കൾ. കലാദേവതയുടെ അനുഗ്രഹ സ്പർശം ഓരോന്നിലും തെളിഞ്ഞു കണ്ടു. ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ തയാറാക്കി വച്ചിരിക്കുകയാണ് അവ.
"ഞാനും എന്റെ രണ്ടു സഹോദരന്മാരും ചേർന്നാണ് ഈ യൂണിറ്റ് നടത്തുന്നത്. കുറേ പേർക്ക് ജോലി നൽകുന്നുണ്ട്. " നിർമാണ ശാലയ്ക്കരികിൽ നിന്ന് സിറാജ് മുഹമ്മദ് പറഞ്ഞത് ഒഡിഷയുടെ കരകൗശല പാരമ്പര്യത്തെക്കുറിച്ചാണ്.
ഉത്കൽ എന്നൊരു അപരനാമം ചാർത്തിക്കിട്ടിയ നാടാണ് ഒഡീഷ. അവിടുത്തെ ഗ്രാമങ്ങൾ സന്ദർശിക്കുമ്പോൾ ഇങ്ങനെയൊരു വിശേഷണം ലഭിക്കാനുണ്ടായ കാരണം വ്യക്തമാകും. ശ്രേഷ്ഠമായ കലകളുടെ പ്രദർശന നഗരിയാണ് ഒഡീഷ – അതു നേരിൽ കാണാൻ പുറപ്പെടുകയാണ്.
പുരിയിൽ നിന്നു കൊണാർക്കിലേക്കാണു യാത്ര. ഒഡീഷയുടെ ക്ഷേത്രനഗരിയും കടൽത്തീര നഗരവുമാണു പുരി. ‘ജഗന്നാഥ സംസ്കാര’വുമായി ഇഴ ചേർന്നു നിൽക്കുന്നു ഈ ക്ഷേത്രനഗരം. ചായക്കടയിൽ, തൂണുകളിൽ, കരകൗശല വസ്തുക്കളിൽ... സർവം നിരാമയം ജഗന്നാഥ സ്പർശം.
മേലാപ്പണിഞ്ഞ രഥോത്സവം
ബകുൾ മരങ്ങൾ നിറഞ്ഞ മറൈൻ ഡ്രൈവ് താണ്ടി ‘പിപ്പ് ലി’യിൽ എത്തി. പുരി ജില്ലയുടെ കരകൗശല ഗ്രാമങ്ങളിലൊന്നാണ് പിപ്പ് ലി. പുരിയിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് പരമ്പരാഗത തൊഴിലിന്റെ കൈപുണ്യം കൈമാറുന്ന പിപ്പ് ലി ഗ്രാമം. യാത്ര പുറപ്പെടുന്നതു ഭൂവനേശ്വറിൽ നിന്നാണെങ്കിൽ 26 കിലോമീറ്റർ. ചെറിയ ജലാശയങ്ങളും തെങ്ങുകളുമുള്ള പ്രകൃതിയിൽ കേരളത്തിന്റെ നാട്ടുചന്തം പ്രതിഫലിക്കുന്നു. മതഭേദമില്ലാതെ ഒത്തൊരുമയോടെ ജീവിക്കുന്നു, അതാണ് പിപ്പ് ലിയെക്കുറിച്ച് എടുത്തു പറയേണ്ടുന്ന കാര്യം.
വീടുകളെല്ലാം നിറങ്ങൾ കോരിയൊഴിച്ച പോലെ. ചുവപ്പും മഞ്ഞയും പച്ചയുമാണു തിളങ്ങി നിൽക്കുന്നത്. ഗ്രാമത്തിലേക്ക് തിരിയുന്നിടത്ത് റോഡിന്റെ ഇരുവശവും കടകളാണ്. ആപ്ലിക് വേലകളാൽ അലംകൃതമായ ലാന്റേണുകളും ബാഗുകളും ലാമ്പ് ഷെയ്ഡുകളുമാണ് വിൽക്കുന്നത്. മുത്തുകളും കണ്ണാടിച്ചില്ലു കഷണങ്ങളും ഉപയോഗിച്ച് ആകർഷകമാക്കിയ വിളക്കുകൾ. ഫ്രഞ്ച് കലയാണ് ‘ആപ്ലിക്’. പല ആകൃതികളിൽ തുണി മുറിച്ച്, അതു മറ്റു തുണിക്കഷണങ്ങളുമായി ഇട കലർത്തി തയ്ച്ചെടുക്കുന്ന ഹസ്തകല.
കോട്ടൻ തുണി കലാപരമായി മുറിച്ചെടുത്ത് അതിൽ തുന്നൽ ചിത്രങ്ങളും കണ്ണാടി തുണ്ടുകളും ഘടിപ്പിച്ച് ഭംഗിയാക്കിയിരിക്കുന്നു. ആവശ്യ പ്രാകം തുണിയുടെ വലുപ്പം കൂട്ടിയും കുറച്ചും ഡിസൈനുകളുടെ ഭംഗി വ്യത്യസ്തമാക്കിയിരിക്കുന്നു. പരുത്തിത്തുണിയുടെ ലാളിത്യത്തിൽ നിന്നു സിൽക്ക്, വെൽവെറ്റ് എന്നിവയിലേക്ക് മെറ്റീരിയലുകൾ മാറിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കൾ വിപണിക്കൊപ്പം മാറിയെന്നു വ്യക്തം.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉത്സവത്തിനു തയാറാക്കിയ കുടകളും അലങ്കാരങ്ങളും ആപ്ലിക് രീതിയിലാണ് തയാറാക്കിയിരുന്നത്. അതു ലോക ശ്രദ്ധനേടി. അക്കാലത്തു പുരിയിലെ രാജാവ് അലങ്കാരത്തുണി തയാറാക്കാനുള്ള ജോലി പിപ്പ് ലിയിലെ പരമ്പരാഗത തയ്യൽക്കാരെ ഏൽപ്പിക്കുകയായിരുന്നു. പുനീത് ചന്ദ് നായിക് എന്നു പേരുള്ള പുരി സ്വദേശി അതിന്റെ അതിന്റെ ചരിത്രം പറഞ്ഞു തന്നു.
‘‘രഥോത്സവത്തിൽ തിളങ്ങുന്ന നിറങ്ങളിലേറെയും പിപ്പ് ലിയിൽ തയാറാക്കിയതാണ്. വലിപ്പമുള്ള തുണിതുണ്ടുകൾ ഉപയോഗിച്ചു തയാറാക്കിയ ആകാശമറ ജനശ്രദ്ധയാകർഷിക്കുന്നു. ഇതൊരു മേലാപ്പാണ്. പുരി മുതൽ ഗുണ്ടിച്ച വരെയുള്ള മൂന്നു കിലോമീറ്റർ രഥയാത്രയ്ക്ക് തണലൊരുക്കാനാണ് മേലാപ്പ് തയാറാക്കുന്നത്. 50 വേലക്കാർ രണ്ടാഴ്ച കഠിനാദ്ധ്വാനം നടത്തിയാണ് മൂന്നു രഥങ്ങൾ അലങ്കരിക്കാനുള്ള ആകാശമറ തയാറാക്കുന്നത്. പിപ്പ് ലിയുടെ ഈ മേലാപ്പുകൾക്ക് അന്താരാഷ്ട്ര പ്രശസ്തിയുണ്ട്.
പിപ്പലി ആപ്ലിക് സൊസൈറ്റിയുടെ കീഴിൽ 55 വിദഗ്ധരാണുള്ളത്. എംബ്രോയ്ഡറി വർക്ക് ചെയ്യുന്നതു സ്ത്രീകളാണ്. തുണി കട്ടിങ് ആണുങ്ങളുടെ കുത്തക. വിവിധ തൊഴിൽ മേഖലകളിലേതു പോലെ ഇവിടെയും സ്ത്രീകൾക്കു വേതനം കുറവാണ്.
ആപ്ലിക്ക് തുന്നിയ കുഷ്യനുകൾ
തെരുവോരത്തു പ്രവർത്തിക്കുന്ന വലിയ ഷോപ്പിൽ വച്ചാണ് സിറാജിനെ പരിചയപ്പെട്ടത്. കൊച്ചിയിൽ നിന്നാണ് വരവെന്നറിഞ്ഞപ്പോൾ സിറാജിന്റെ കണ്ണുകൾ വിടർന്നു. ‘‘പ്രദർശന മേളയിൽ പങ്കെടുക്കാൻ കൊച്ചിയിൽ വരാറുണ്ട്. ദീപാവലിക്ക് ലാംപ് ഷെയ്ഡുകൾ അയക്കാറുണ്ട്’’ സിറാജ് വാചാലനായി.
ആതിഥ്യ മര്യാദയ്ക്കു പ്രാധാന്യം നൽകുന്നവരാണ് ഒഡീഷക്കാർ. അപരിചിതരേയും അവർ വീടിന്റെ അകത്തളങ്ങളിലേക്ക് വരവേൽക്കുന്നു. പിപ്പ് ലിയിലെ വീടുകൾ മനോഹരമാണ്. വിവാഹചടങ്ങുകളുടെ മേലാപ്പുകളും വീടിന്റെ അകത്തളങ്ങൾക്കു വേണ്ടിയുള്ള ചുമർ അലങ്കാരങ്ങളുമൊക്ക അവിടത്തുകാർ തയാറാക്കുന്നു. ക്ലച്ച് പഴ്സ്, ബെഡ്ഷീറ്റ്, ശരറാന്തൽ എന്നിവ അവിടെയുള്ള കടകളിൽ കൂട്ടിയിട്ടു വിൽക്കുന്നുണ്ട്. ഇത്തരം വസ്തുക്കൾ തയാറാക്കുന്ന കരകൗശലരീതി ‘ചാന്ദുവാ’ എന്നാണ് അറിയപ്പെടുന്നത്. ഏതാണ്ട് 150 കരകൗശല വിദഗ്ധർ ഇവിടെയുണ്ട്. അഞ്ഞൂറിലേറെ സ്ത്രീകളും ഈ രംഗത്തു പ്രവർത്തിക്കുന്നു.
ആന, തത്ത, മയിൽ എന്നിവയുടെ രൂപങ്ങൾ ആപ്ലിക് രീതിയിൽ തയ്ച്ചു ചേർത്ത കുഷ്യൻ കവറുകൾ അതിമനോഹരം. ഏറ്റവും പ്രശസ്തമായ മൊട്ടിഫുകളിൽ മയിലും താറാവും തത്തയും ആനയും മരങ്ങളും പൂക്കളുമൊക്കെയാണ്.
പുരി – ഭുവനേശ്വർ പുതിയ ഹൈവേ വന്നതോടെ ആളുകളുടെ വവരുമാനം കുറഞ്ഞു. ആറുവരിപ്പാതയിലൂടെ ചീറിപ്പായുന്നവർക്ക് നാട്ടുപാതയിലേക്ക് തിരിഞ്ഞ് ഗ്രാമങ്ങൾ സന്ദർശിക്കൽ സമയനഷ്ടം ഉണ്ടാക്കുമത്രേ!
പെൺവേഷം കെട്ടുന്ന നൃത്തം
ഒരു ഗ്രാമം നിറയെ കലാകാരന്മാർ. വീടുകളുടെ ചുവർ നിറയെ ചിത്രങ്ങൾ. രഘുരാജ് പുർ ഗ്രാമത്തിന്റെ സവിശേഷതയാണ് ഇത്. ചിത്രകാരന്മാരിൽ ചിലർ ദേശീയ പുരസ്കാര ജേതാക്കളാണ്. സന്തോഷത്തോടെ സ്വന്തം ചിത്രങ്ങൾ അവർ പ്രദർശിപ്പിക്കുന്നു. അതു കാണാൻ അതിഥികളെ സ്വാഗതം ചെയ്യുന്നു.
ഒഡിഷയിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ കലാരൂപങ്ങളിലൊന്നാണ് പട്ടചിത്ര ശൈലിയിലുള്ള ചിത്രകല.
രഘുരാജ് പുർ എത്തുന്നതിനു മുന്നേ തന്നെ അതേ മട്ടിലുള്ള, ചിത്രകലാ ഗ്രാമങ്ങളുണ്ട്. ഏജന്റുമാർ ഇവിടെയെത്തുന്ന അതിഥികളെ വഴിമാറ്റി കൊണ്ടു പോകാറുണ്ടത്രേ. ഒഡിഷ സംസ്ഥാനത്തെ ആദ്യത്തെ ക്രാഫ്റ്റ് വില്ലേജും പൈതൃക ഗ്രാമവുമാണു രഘുരാജ് പുർ. പുരിയിൽ നിന്നു 10 കിലോമീറ്റർ സഞ്ചരിച്ചാൽ ചന്ദൻപുർ. അവിടെ നിന്നു രഘുരാജ്പൂരിലേക്ക് ഏറെ ദൂരമില്ല. മാങ്ങയും ചക്കയും കായ്ക്കുന്ന ചെറു ഗ്രാമമാണ് രഘുരാജ് പുർ.
രഘുരാജ് പുരിലേക്ക് വണ്ടി പ്രവേശിക്കുമ്പോൾ ഗ്രാമവാസികൾ അതിഥികളെ സ്വീകരിക്കാൻ എത്തുന്നു. ബൈക്കിൽ പുറകെ വരുന്നത് ടൂർ ഏർപ്പാടാക്കുന്ന ഏജന്റുമാരാണ്, ജാഗ്രതൈ.
ഗ്രാമത്തിനു പ്രവേശന കവാടമുണ്ട്. അവിടെ ‘പുരി ജഗന്നാഥ മഹാപാത്ര’ ശിൽപം സ്ഥാപിച്ചിരിക്കുന്നു. വീടുകൾ നിരയായി നിൽക്കുന്നു. വീടുകളെ ഇരുഭാഗങ്ങളിലാക്കിക്കൊണ്ട് റോഡ് കടന്നു പോകുന്നു. അതിനെ തെരുവെന്നു വിളിക്കാം. തെരുവിലേക്ക് അഭിമുഖമായി വീടുകൾ. പാതയോരത്ത് അകലെയല്ലാതെ ക്ഷേത്രങ്ങൾ.പെൺകിടാങ്ങൾ ദാവണിയുടുത്ത് ക്ഷേത്രങ്ങളിലേക്ക് പോകുന്നു. ഒരു പാട്ടിയമ്മ തന്റെ പേരക്കിടാവിനെ ആഹാരം കൊടുത്ത് ഉറക്കുന്നതു കണ്ടു. ബ്ലൗസ് ധരിക്കാതെ സാരി മാത്രം ഉടുക്കുന്ന പഴയ തലമുറയുടെ പിൻഗാമിയാണ് പാട്ടിയമ്മ.
ഗോട്ടിപ്പുവാ നർത്തകനായ പദ്മശ്രീ മഗുണി ചരൻ ദാസ്, ഒഡിസി നർത്തകനായ
കേളു ചരൻ മഹാപാത്ര ഇവരെല്ലാം ജനിച്ചത് ഈ ഗ്രാമത്തിലാണ്. ഒഡിസി നൃത്തത്തിന്റെ മുൻഗാമിയാണ് ഗോട്ടിപ്പുവാ. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരുടെ നൃത്തരൂപമാണിത്.
പനയോലയിൽ വരയ്ക്കുന്നതു ഭാഗവതം
രഘുരാജ്പുർ ഗ്രാമത്തിൽ എത്തിയ ഉടനെ അവിടത്തുകാരനായ അവകാശ് നായിക്കിനെ പരിചയപ്പെട്ടു. അദ്ദേഹം നാരായം ഉപയോഗിച്ച് പനയോലയിൽ എന്തോ കുത്തിക്കുറിക്കുകയായിരുന്നു. മുടിയില്ലാത്ത തല തടവിക്കൊണ്ട് രചനയിൽ ഏർപ്പെട്ടിരിക്കുന്ന അവകാശ് നായിക്കിന്റെ മുഖം മറ്റെവിടെയോ കണ്ടിട്ടുള്ളതു പോലെ തോന്നി. അനവധി ഡോക്യുമെന്ററികളിൽ മുഖം കാണിച്ചിട്ടുള്ളയാളാണ് അവകാശ്. ആ തെരുവിലെ ആദ്യത്തെ വീട് അവകാശിന്റേതാണ്. രഘുരാജ് പൂരിനെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കാൻ എത്തുന്നവരെല്ലാം ആദ്യം കയറുന്നത് അവകാശിന്റെ വീട്ടിലാണ്. നിരവധി ഡോക്യുമെന്ററികളിൽ പ്രത്യക്ഷപ്പെട്ടതോടെ ഈ നാടിന്റെ ചരിത്രം പറയൽ അവകാശിന്റെ അവകാശം പോലെയായി മാറി.
പനയോലയിലാണ് അവകാശ് എഴുതുന്നത്. നാരായം ഉപയോഗിച്ച് പനയോലയിൽ രേഖപ്പെടുന്നതു ഭാഗവത ശ്ലോകങ്ങളാണ്. ഓലയുടെ ഒരു വശത്ത് ഭാഗവതം, മറുവശത്ത് പട്ടച്ചിത്രം. ഇത് ഒറ്റനോട്ടത്തിൽ താളിയോല ഗ്രന്ഥങ്ങളാണെന്നു തോന്നലുണ്ടാക്കും. വരച്ചും എഴുതിയും ഒരെണ്ണം പൂർത്തിയാക്കാൻ എട്ടു മാസം വേണം. വലിയ സൃഷ്ടികൾക്ക് 60,000 രൂപയോളം വിലയുണ്ട്.
"ഞങ്ങൾ പരമ്പരാഗതമായി ഈ തൊഴിൽ ചെയ്യുന്നവരാണ്. ദൈവങ്ങളുടെ കഥകളാണ് എഴുതുന്നത്. കഥയുടെ ആശയം ഒന്നാണെങ്കിലും ഓരോരുത്തരും എഴുതുന്നത് വ്യത്യസ്ത രീതിയിലാണ്. കഥ കയ്യക്ഷരം പോലെയാണ്. എല്ലാവരുടെയും കയ്യക്ഷരം ഒരേ പോലെ ആവില്ലല്ലോ’’ അവകാശ് ചൂണ്ടിക്കാട്ടി.
രചനയുടെ സാങ്കേതിക വിദ്യ അദ്ഭുതപ്പെടുത്തുന്നു. പനയോലയുടെ മുകളിൽ നാരായം പോലെ കൂർത്ത ഉപകരണം ഉപയോഗിച്ചാണ് എഴുത്ത്. വിളക്ക് കത്തിച്ചുണ്ടാക്കിയ കരി വരയുടെ മുകളിൽ കരി തേച്ചുപിടിപ്പിച്ച് അക്ഷരങ്ങൾക്കു കറുത്ത നിറം പകരുന്നു. തുണി ഉപയോഗിച്ച് തുടയ്ക്കുമ്പോൾ ഭംഗിയുള്ള രൂപങ്ങൾ തെളിയുന്നു. പനയോലയിൽ വരച്ചത് മായ്ക്കാനോ തിരുത്താനോ കഴിയില്ല. ചന്ദൻ മഹാപാത്ര ഒരു മാസം കൊണ്ടു തയാറാക്കിയ ഷീറ്റ് കാണിച്ചു. ഗണപതിയുടെ വിവിധ ഭാവങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഇതിനു വില പതിനായിരം രൂപ.
ഐതിഹ്യങ്ങളും നാടോടിക്കഥകളും ചിത്രങ്ങൾക്ക് കഥയാണ്. പട്ട എന്ന വാക്കിന് ക്യാൻവാസ് എന്നാണ് അർഥം. എന്നാൽ, ഇവിടെ ക്യാൻവാസ് തയാറാക്കുന്ന രീതി വ്യത്യസ്തമാണ്. പുളി കലർന്ന വെള്ളത്തിൽ കോട്ടൺ സാരി മുക്കിയിടുന്നു. അതിൽ പശയും ചോക്കും ചേർക്കുന്നു. പുളിങ്കുരുവിൽ നിന്നുള്ള പശ ഉപയോഗിച്ച് തുണികൾ ഒട്ടിക്കുന്നു. ഇത്തരം ഏഴു ഷീറ്റുകൾ ചേർത്തുവച്ച് കല്ലുരച്ച് മൃദുവാക്കി പട്ട ചിത്ര ക്യാൻവാസ് തയാറാക്കുന്നു.
പണ്ട് പ്രകൃതിയിൽ ലഭ്യമായ നിറങ്ങളാണ് ഉപയോഗിച്ചിരുന്നത്. നീല അമരി മരത്തിൽ നിന്നു നീല, റെഡോക്സൈഡ് കല്ലിൽ നിന്നു ചുവപ്പ്, കടൽ ചിപ്പിയിൽ നിന്നു വെള്ള, മിനുസം ലഭിക്കാനായി മെഴുക് എന്നിങ്ങനെയാണ് അസംസ്കൃത വസ്തുക്കളുടെ ചേരുവ. സിന്തറ്റിക് നിറങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ചിത്രങ്ങളുടെ ഇതിവൃത്തം മാറിയിട്ടില്ല. ശ്രീകൃഷ്ണനും ബലരാമനും സുഭദ്രയുമാണ് പട്ട ചിത്രങ്ങളിലെ കഥാപാത്രങ്ങളിലേറെയും.
ചീട്ടു കളിക്കാൻ ഗഞ്ചപ്പ കാർഡ്
ഇവിടുത്തെ ഓരോ വീടുകളിലും ‘സംസാരിക്കുന്ന’ ചുമരുകളാണ്. രൂപത്തികവാർന്ന ചിത്രങ്ങൾ നിറഞ്ഞ ചുമരുകൾ. തെരുവിലൂടെ നടക്കുന്നവരെ പൊതിയാനായി ഒരു ഗ്രാമത്തിലെ ആളുകൾ ഓടെയെത്തും. കലാസൃഷ്ടികൾ കാണാൻ അതിഥികള ക്ഷണിക്കുന്നത് അവരുടെ ആതിഥ്യം മര്യാദയുടെ ഭാഗമായി മാറിയിട്ടുണ്ട്.
കേളുചന്ദ്ര മഹാപത്രയുടെ വീട് അനാഥമായി പൊളിഞ്ഞു കിടക്കുന്നതു കണ്ടു.
ഭാർഗവീനദിയുടെ തെക്കൻ തീരത്താണ് ഈ ഗ്രാമം. ഇവിടെ എല്ലാ വീടും ആർട് സ്റ്റുഡിയോ പോലെയാണ്. ആണ്. പട്ടചിത്ര പെയിന്റിംഗ് കണ്ടാൽ ചുമർചിത്രം പോലെ തോന്നും. ഇതും ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.
പനയോലയിൽ, തടിയിൽ, കുടങ്ങളിൽ, തുണികളിൽ – പട്ട ചിത്രങ്ങളാണ്. ചിലതിൽ പഞ്ചതന്ത്രം കഥകൾ. ദശാവതാരം വരഞ്ഞു ചേർത്ത പട്ടചിത്രത്തിനു വൻ ഡിമാൻഡ് ആണ്.
2011 മുതൽ രഘുരാജ് പുർ ഇന്റർനാഷണൽ ആർട്സ് ആൻഡ് ക്രാഫ്റ്റ് എക്സ്പോ നടക്കുന്നുണ്ട്. ധാരാളം വിദേശികൾ ഇവിടെ വന്ന് ഈ കല പരിശീലിക്കുന്നു.
ഈ കുഞ്ഞു ഗ്രാമത്തിൽ ഏകദേശം 140 വീടുകളുണ്ട്. ഓരോ വീട്ടിലും ഒരു ചുമർചിത്രമുണ്ട്. ജഗന്നാഥനു വേണ്ടിയാണ് ഇവ വരയുന്നത്. ഇവിടെ ചെറിയ കുട്ടികൾ പോലും ഈ കല അഭ്യസിക്കുന്നു. അവരെ സംബന്ധിച്ച് ഈ കല അവരുടെ ദൈവത്തിനുള്ള സമ്മാനമാണ്. പട്ട ചിത്രകല ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പ്രചാരത്തിലുണ്ട്.
മുഗൾ രാജധാനികളിലെ വിനോദത്തിനായുള്ള ദർബാർ കളങ്ങൾ പിന്നീട് ജനങ്ങളിലേക്ക് ഇറങ്ങി വന്നപ്പോൾ ബസാർ കളങ്ങൾ എന്നറിയപ്പെട്ടു. ഇതു ഗഞ്ചപ്പ കാർഡ് എന്നറിയപ്പെടുന്നു. രഘുരാജ് പൂറിലെ പെയിന്റ് ചെയ്ത കാർഡുകളാണ് ഈ ബസാർ കളങ്ങൾ. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഇവിടത്തുകാർ തയാറാക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ കലാകാരന്മാർ ഇതിന് വിപണി കണ്ടെത്താൻ അധികം ബുദ്ധിമുട്ടില്ല.
രഘുരാജ് പൂരിനോടു യാത്ര പറഞ്ഞപ്പോൾ കുറച്ചു കലാകാരന്മാർ കവാടം വരെ അനുഗമിച്ചു. അവർ ഓരോരുത്തരും സമ്മാനങ്ങൾ നീട്ടി. ആപ്ലിക്ക് അലങ്കാരങ്ങൾ, രഘുരാജ്പൂരിലെ പട്ടചിത്രങ്ങൾ...