കൈകാലുകളും മനസ്സും ഒരുപോലെ തറിയിലെഴുതുന്ന ‘ കസവുപുടവ’യുടെ പിറവി തേടിയാണ് യാത്ര. ഓണം ഉണരും മുൻപേ തറികളിൽ കനവ് നെയ്യുന്നവരെ കാണാൻ. ഓണപ്പുടവയുടെ പകിട്ടിന് പിന്നിലെ അധ്വാനത്തിന് നൂറ്റാണ്ടുകളുടെ പഴമയുണ്ട്. തറികളിലെ താളത്തിനൊത്ത് ജീവിതത്തിന്റെ സംഗീതത്തിന് മാധുര്യം വരുത്തുന്നവരാണ് ബാലരാമപുരത്തെ നെയ്ത്തുകാർ. തിരുവനന്തപുരത്തു നിന്ന് കന്യാകുമാരി റൂട്ടിൽ 15 കിലോമീറ്റർ അകലെയാണ് നെയ്ത്ത്തറികളുടെ താളത്തിൽ ഉറങ്ങിയുണരുന്ന ബാലരാമപുരം ഗ്രാമം. ദുരിതമഴപ്പെയ്ത്തും കോവിഡും പഞ്ഞമാസമാക്കിയ കർക്കിടകത്തിലും, സമൃദ്ധിയുടെ ഓണനാളുകൾ സ്വപ്നം കണ്ട് കുഴിത്തറിയിലിറങ്ങി മഞ്ഞപ്പുടവ നെയ്തെടുക്കുന്ന തിരക്കിലാണ് ഇവിടത്തെ പരമ്പരാഗത നെയ്ത്തുകാർ. ബാലരാമപുരം ദേശത്തിന്റെ പല ഭാഗങ്ങളിലായാണ് നെയ്ത്ത് നടക്കുന്നത്. പണ്ടത്തെ ‘ബാലരാമപുരം നെയ്ത്ത് ഗ്രാമം’ ഇന്ന് കൈത്തറി ഉൽപന്നങ്ങൾ വിൽക്കുന്ന തെരുവാണ്. ഈ തെരുവില്‍ തന്നെ ചില കടകൾക്കു പിന്നിലെ ഇത്തിരിയിടങ്ങളിൽ നെയ്ത്ത് നടക്കുന്നുണ്ട്. ബാക്കി വലിയ രീതിയിലുള്ള നെയ്ത്ത് പല ഭാഗങ്ങളിലായി വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഐശ്വര്യത്തിന്റെ മഞ്ഞക്കോടി
ഓണക്കോടിയായി അറിയപ്പെടുന്ന മഞ്ഞക്കോടി തേടി, ബാലരാമപുരത്തെ നെല്ലിവിളയിലുള്ള രവി എന്ന പരമ്പരാഗത നെയ്ത്തുകാരന്റെ അടുത്താണെത്തിയത്. ഓണം അടുക്കാറായതോടെ വിവിധ ടെക്ൈസ്റ്റൽസ് കടക്കാർ കൊടുത്ത ഓർഡർ തയാറാക്കാനുള്ള തിരക്കിലാണ് രവി. ചെറിയ തോർത്ത് മുണ്ടിനോട് സമാനമായ തുണിത്തരമാണ് മഞ്ഞക്കോടി.
പരമ്പരാഗത കുഴിത്തറി നെയ്ത്തുകാരാണ് മഞ്ഞക്കോടി നെയ്യുന്നത്. മഞ്ഞമുണ്ട്, മഞ്ഞക്കുറി എന്നൊക്കെ വിളിപ്പേരുള്ള ഇവ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പൊതുവെ ഓണക്കോടിയായി ഉപയോഗിക്കുന്നത്. ഐശ്വര്യത്തിന്റെ പ്രതീകമാണ് മഞ്ഞനിറത്തിലുള്ള ഈ ഓണക്കോടി. തിരുവോണനാളിൽ തെളിയുന്ന നിറദീപങ്ങൾക്കൊപ്പം വസ്ത്രത്തിന്റെ മുഖ്യസ്ഥാനം അലങ്കരിക്കുന്നത് മഞ്ഞക്കോടിയാണ്. ഓണനാളിൽ കുഞ്ഞുങ്ങളെ ഉടുപ്പിക്കാനും പുതിയ വാഹനങ്ങളിൽ ചാർത്താനും വ്യാപാരസ്ഥാപനങ്ങളിലെ നിലവിളക്കിനൊപ്പം ചാർത്താനും മഞ്ഞക്കോടി ഉപയോഗിക്കാറുണ്ട്. ഓണക്കാലത്തെ ലക്ഷ്യമിട്ട് മാത്രമാണ് ഈ ‘മഞ്ഞ ഓണക്കോടി’യുടെ നെയ്ത്ത്. ഓണം കഴിഞ്ഞാൽ കൂടുതൽ പേരും തറി മടക്കിക്കെട്ടി അടുത്ത വർഷത്തേക്ക് സൂക്ഷിച്ചുവയ്ക്കും. കൈത്തറിവസ്ത്രങ്ങളുടെ പൊന്നാട എന്നാണ് മഞ്ഞക്കോടി അറിയപ്പെടുന്നത്.
‘മഞ്ഞക്കോടി നെയ്തെടുക്കുന്നതിന് കൃത്യമായ ഘട്ടങ്ങളുണ്ട്. നാഗർകോവിൽ നിന്നാണ് വെള്ള കഴി നൂൽ വാങ്ങുന്നത്. മഞ്ഞൾ പൊടിച്ച് ചേർത്ത പഴങ്കഞ്ഞിവെള്ളത്തിൽ ഈ നൂൽ മുക്കിവയ്ക്കുകയാണ് ആദ്യപടി. മൂന്ന് ദിവസത്തിനു ശേഷം ഈ നൂലെടുത്ത് അരടിലിട്ട് താരാക്കി ചുറ്റിയെടുത്ത് റാട്ടിലോടിച്ച് പാവാക്കിയെടുക്കും. ഈ പാവ് പാക്കളത്തിൽ നിവർത്തികെട്ടി പേരിന് എണ്ണ തടവി തണലിൽ ഉണക്കിയെടുക്കും. ശേഷം ഈ പാവിനെ ബിമീൽ കൂടി റോളറിൽ ചുറ്റിയെടുത്ത് നെയ്ത്തിന് ഉപയോഗിക്കും. ഊടിനും പാവിനും ഒരേ നൂൽ തന്നെയാണ് ഉപയോഗിക്കുന്നത്. 18 പൽ അച്ചിലും 26 പൽ വിഴുതുമുള്ള കുഴിത്തറിയിലിട്ടാണ് മഞ്ഞമുണ്ട് നെയ്തെടുക്കുന്നത്. എട്ട് ഓണമുണ്ട് ചേർന്നതാണ് ഒരു കച്ച. അഞ്ച് മണിക്കൂർ സമയമെടുക്കും ഒരു കച്ച നെയ്തെടുക്കാൻ. ഓണക്കാലത്ത് ഇത്തരം 9000 കച്ചവരെ നെയ്തിട്ടുണ്ട്’, രവി പറയുന്നു.
കസവ് പൂക്കുന്ന ഗ്രാമം
ഓണമുണ്ടിന്റെ നെയ്ത്ത് കണ്ടശേഷം ബാലരാമപുരം കുഴിവിളയിലുള്ള ജയരാജന്റെ ഉടമസ്ഥതതയിലുള്ള അശ്വതി ഹാൻഡ്‌ലൂമിലേക്കാണ് പോയത്. കസവ് മുണ്ടും സാരിയും സെറ്റ് സാരിയും മറ്റ് തുണിത്തരങ്ങളും നെയ്യുന്ന നെയ്ത്തുശാല വീടിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. തലമുറകളായി കൈമാറിക്കിട്ടിയ നെയ്ത്ത് 35 വർഷത്തിലേറെയായി ജയരാജൻ ബിസിനസ്സായി ചെയ്യുന്നു. ഇപ്പോൾ ഇരുന്നൂറിലധികം നെയ്ത്തു തൊഴിലാളികൾ അശ്വതി ഹാൻഡ്‌ലൂംസിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്ന് തരം തറികളാണ് നെയ്ത്തിന് ഉപയോഗിക്കുന്നത്. പുതുതലമുറക്കാരൻ അരവിന്ദൻ നെയ്ത്തിനെ കുറിച്ച് വാചാലനായി, ‘ ജെക്കാർഡ് തറി, കുഴിത്തറി, സ്റ്റാൻഡ് തറി എന്നിവയാണവ. ഇതിൽ പട്ടുസാരിയിലും മറ്റും ഡിസൈൻ വർക്ക് ചെയ്യാനാണ് ജെക്കാർഡ് തറി ഉപയോഗിക്കുന്നത്. യൂണിഫോം പോലുള്ളവയാണ് സ്റ്റാൻഡ് തറിയിൽ ചെയ്യുന്നത്. സെറ്റ് മുണ്ട്, സാരി തുടങ്ങിയവ കുഴിത്തറിയിലാണ് ചെയ്തെടുക്കുന്നത്. പല നിറങ്ങളിലുള്ള നൂൽ ഒരുമിച്ച് മേടിക്കും. ശേഷം താരിൽ ചുറ്റിയെടുക്കും. ചാലായത്തിലിട്ട് പാവോടിക്കും. റാട്ടിലിട്ട് പാവ് ചുറ്റിയെടുക്കും. ശേഷമാണ് തറിയിൽ നെയ്തെടുക്കുന്നത്.
ബാലരാമപുരത്തെ നെയ്ത്തിന്റെ പ്രത്യേകത ആരാഞ്ഞപ്പോൾ 25 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സത്യമൂർത്തി ഉത്തരവുമായെത്തി. പാവിന്റെ ഇഴയടുപ്പമാണ് തുണിയുടെ ഗുണമേന്മ തീരുമാനിക്കുന്നത്. 20, 40, 60, 100 എന്നിങ്ങനെയാണ് ഇഴയടുപ്പം കണക്കാക്കുന്നത്. ഇതിൽ100 ആണ് ബാലരാമപുരത്തെ നെയ്ത്തിന്റെ ഇഴയടുപ്പം. തമിഴ് കലർന്ന മലയാളത്തിൽ സത്യമൂർത്തി പറഞ്ഞുനിർത്തി.
ഒരു മുണ്ട് നെയ്തെടുക്കാൻ ഒരു ദിവസത്തെ അധ്വാനമുണ്ട്. സാരിയാണെങ്കിൽ ഒന്നരദിവസമോ അതിലെ ഡിസൈൻ വർക്കിന്റെ അളവനുസരിച്ച് അതിൽ കൂടുതലോ സമയമെടുക്കും. നെയ്ത്തിലെ പുതുതലമുറക്കാരി ഷൈനി പറയുന്നു. അഞ്ചുവർഷമായി നെയ്ത്തിന്റെ രംഗത്തുള്ള ആളാണ് ഷൈനി. യൂണിഫോം നെയ്താണ് പണി പഠിച്ചത്. ഇപ്പോൾ മുണ്ടും, സെറ്റ് മുണ്ടും നെയ്യാറുണ്ട്, ഷൈനി പറഞ്ഞു.
ശാലിയാർത്തെരുവും നെയ്ത്തിന്റെ കഥയും
ബാലരാമപുരത്തെ യഥാർഥ നെയ്ത്തുഗ്രാമം എവിടെയെന്ന അന്വേഷണം അവസാനിച്ചത് ഒറ്റത്തെരുവിലെ അഗസ്ത്യാർക്ഷേത്രത്തിന് മുന്നിലാണ്. ഈ തെരുവിനിരുവശത്തും കുറച്ച് വീടുകൾ കാണാം. പരസ്പരം ചുവരോടു ചുവർ ചേർന്ന് നിൽക്കുന്ന വീടുകൾ. ഈ വീടുകൾക്ക് മുന്നിലായും ബാക്കി ഭാഗത്തും കൈത്തറി ഉൽപന്നങ്ങൾ വിൽക്കുന്ന കടകളാണ്. മനോഹരമായി തുണികൾ അടുക്കിവച്ചിരിക്കുന്ന ഒരു തുണിക്കടയിൽ കയറി. തമിഴ്ചുവയുള്ള മലയാളം സംസാരിക്കുന്ന ഒരാളായിരുന്നു കടയുടമ. അദ്ദേഹം ബാലരാമപുരത്തിന്റെ ചരിത്രം വിവരിച്ചു, ‘രാജകുടുംബാംഗങ്ങൾക്ക് പട്ടുവസ്ത്രങ്ങൾ നെയ്യുന്നതിനായി ബാലരാമവർമ്മ മഹാരാജാവ് തമിഴ്‌നാട്ടിൽ നിന്ന് ഏഴ് നെയ്ത്തുകുംടുംബങ്ങളെ കൊണ്ടുവന്നു. ശാലിയാർ വിഭാഗത്തിൽപ്പെട്ടവരായിരുന്നു ആ ഏഴു കുടുംബങ്ങൾ. അവർക്ക് താമസിക്കാനും ഉൽപന്നങ്ങൾ വിപണനം നടത്താനും പ്രത്യേകം ഇടമൊരുക്കി. ആ സ്ഥലമാണ് ബാലരാമപുരം. ബാലരാമപുരത്തെ ശാലിയാർത്തെരുവിൽ ഇപ്പോൾ താമസിക്കുന്നവർ ഞാനുൾപ്പെടെ പഴയ ശാലിയ കുടുംബങ്ങളുടെ പിൻമുറക്കാരാണ്. ഒറ്റത്തെരുവ്, ഇരട്ടത്തെരുവ്, വിനായഗർ തെരുവ്, പുത്തൻത്തെരുവ് എന്നിങ്ങനെ നാലുതെരുവുകളിലാണ് ശാലിയാർ വിഭാഗം താമസിക്കുന്നത്. ഇരട്ടത്തെരുവിൽ രണ്ട് ക്ഷേത്രങ്ങളുണ്ട്, മുത്താരമ്മൻ ക്ഷേത്രവും വിനായഗർ ക്ഷേത്രവും. ഞങ്ങളുടെ വീടുകൾ സുഗമമായി നെയ്ത്ത് നടത്താവുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പല വീടുകൾക്ക് മുൻപിലും അവരുടേതായ കടകൾ കാണാം. ബിസിനസ്സ് നഷ്ടമാകുന്നതിനാൽ പുതിയ തലമുറയൊന്നും ഈ രംഗത്തേക്ക് വരുന്നില്ല. ഇപ്പോൾ ശാലിയാർ വിഭാഗക്കാർ മാത്രമല്ല, എല്ലാ വിഭാഗത്തിൽപ്പെട്ടവരും നെയ്ത്ത് ചെയ്യുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു. മനോഹരമായൊരു സെറ്റ്സാരി മേടിച്ച് ആ കടയിൽ നിന്നിറങ്ങി.
കസവിന്റെ തിളക്കത്തിൽ ഒരു തെരുവ്. ഇവിടത്തെ കാഴ്ചകൾ നെയ്ത്തുകാരുടെ നിറം മുക്കാത്ത ജീവിതമാണ്. ഓണക്കാലത്തിന്റെ സമൃദ്ധിയിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുന്ന കേരളത്തിന് കോടിയുടുക്കാൻ ബാലരാമപുരത്ത് പ്രതീക്ഷയുടെ തറിയൊച്ചകള്‍ ഉയർന്നുതാഴുന്നു...