ലാറ്റിനമേരിക്ക ... കാൽപന്തുകളിയിലും കലാസാഹിത്യ രംഗങ്ങളിലും വിസ്മയിപ്പിക്കുന്ന കാൽപനിക ഭാവങ്ങൾ വിടരുന്ന നാട്. പെലെയും മറഡോണയും നെരൂദയും മാർക്വേസും ഫ്രിദ കാലോയുമൊക്കെ ആ ഭൂഭാഗത്തിന്റെ തന്നെ പ്രതിനിധികളാകുന്നത് മറ്റൊന്നും കൊണ്ടല്ല. ലോകോത്തര വ്യക്തികളാലും സൃഷ്ടികളാലും വേറിട്ടു നിൽക്കുന്ന ആ നാടിന്റെ പ്രകൃതിയും വ്യത്യസ്തമല്ല. ഇന്നും മനുഷ്യന് പൂർണമായി വെളിപ്പെടാത്ത ആമസോൺ വനാന്തരങ്ങളും അനക്കോണ്ട മുതൽ ടെയ്പറും ജാഗ്വറും വരെ മറ്റെങ്ങും കാണാത്ത പ്രകൃതിയും ജീവലോകവുമാണ് തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ളത്. പ്രവാസി മലയാളിയായ വിഷ്ണുഗോപാലിന്റെ വനം, വന്യജീവി യാത്രാനുഭവങ്ങളും ചിത്രങ്ങളും രേഖപ്പെടുത്തുന്നത് ആ ലോകത്തിന്റെ കൗതുകം നിറയ്ക്കുന്നതിലൂടെയാണ്.

മരങ്ങൾ തിങ്ങി നിറഞ്ഞ മഴക്കാടുകളാലും ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്ര വിഭാഗങ്ങളാലും നിഗൂഢമായ ആമസോൺ മഴക്കാടുകളുടെ മാസ്മരികതയിൽ മറഞ്ഞു കിടക്കുന്ന ലോകമാണ് ബ്രസീലിലെ പന്റനാൽ പ്രദേശം. ഭൂമിയിലെ ഏറ്റവും വലിയ നീർത്തട പ്രദേശം, വർഷത്തിൽ ആറ് മാസം പ്രളയജലത്തിൽ മുങ്ങിയും പിന്നെ ആറ് മാസം കടുത്ത വേനലിനെ നേരിട്ടും കഴിയുന്ന ഇടം, മാർജാര വംശത്തിലെ കേമൻമാരിൽ പെടുന്ന ജാഗ്വറും ഓട്ടറുകളിൽ ഭീമനായ ജയന്റ് ഓട്ടറും മൂഷികവംശത്തിൽ വലുപ്പംകൊണ്ട് ഒന്നാമതെത്തുന്ന കപബാരയും ഭൂമിയിലെ തത്തകളിൽ വമ്പൻമാരായ ഹയസിന്ത് മൊകോയും ഉൾപ്പടെ അപൂർവമായി മാത്രം കാണാൻ പറ്റുന്ന ജീവജാലങ്ങളും എല്ലാം ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. അത്രയേറെ പ്രാധാന്യമുള്ള ഇടമായതിനാൽ തന്നെയാണ് സാവോപോളോയിലേക്ക് വിമാനം കയറിയത്.

പത്ത് ദിവസത്തെ പര്യടനമായിരുന്നു ബ്രസീലിൽ പ്ലാൻ ചെയ്തിരുന്നത്. ആദ്യത്തെ ഏതാനും ദിവസങ്ങൾക്ക് ശേഷം ക്യുയബ എയർപോർട്ടിൽ ഇറങ്ങി. പന്റനാൽ പ്രദേശങ്ങൾ ഉൾപ്പെടുന്ന മറ്റോ ഗ്രോസോ പ്രവിശ്യയിലെ പോകോൺ എന്ന ചെറുപട്ടണം കേന്ദ്രമാക്കിയാണ് ഞങ്ങളുടെ സഫാരികൾ നിശ്ചയിച്ചിരിക്കുന്നത്. ക്യുയബയിൽ നിന്ന് നൂറിലേറെ കിലോമീറ്ററുണ്ട് ഇവിടേക്ക്. ആ യാത്ര തന്നെ ലോകത്ത് മറ്റൊരു നാട്ടിലും കിട്ടാനിടയില്ലാത്ത അനുഭവമായിരുന്നു.

പാലങ്ങൾ കടന്ന് പന്റനാലിലേക്ക്
വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് അൽപദൂരം പിന്നിട്ടപ്പോഴേക്ക് തന്നെ റോഡ് മൺനിരത്തുകൾക്ക് വഴിമാറി. 125 തടിപ്പാലങ്ങളുള്ള സ്പെഷൽ നിരത്തിലൂടെയാണ് നമ്മുടെ സഞ്ചാരം എന്ന് ഞങ്ങളുടെ വഴികാട്ടി ലുസിയാന പറഞ്ഞിരുന്നു. പൊടിപാറുന്ന ചെമ്മൺ നിരത്തിൽ പലവട്ടം കന്നുകാലി കൂട്ടങ്ങളെ കണ്ടുമുട്ടി, ഒപ്പം കുതിരപ്പുറത്തിരുന്ന് അവയെ നിയന്ത്രിക്കുന്ന ‘കൗ ബോയ്സും’. വട്ടത്തൊപ്പിയും വച്ച് പശുക്കൂട്ടങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഇത്തരം ഇടയൻമാർ കൗബോയ് ചിത്രങ്ങളിൽ നിന്ന് ഇറങ്ങിവന്നവരാണോ എന്ന് സംശയിച്ചുപോകും. കിലോമീറ്ററുകൾ താണ്ടവേ, ഭൂപ്രകൃതിയിലും വ്യത്യാസം പ്രകടമായി. നിരത്ത് പലപ്പോഴും ചതുപ്പ് നിലങ്ങളുടെ മുകളിലൂടെയായി. പലക നിരത്തിയിട്ട പാലങ്ങളും കാറിന്റെയും ജീപ്പുകളുടെയുമൊക്ക ടയറുകളുടെ വീതിയിൽ പ്രത്യേകം പലക അധികമായിട്ടും നിരത്തിയിരുന്നു. പാലങ്ങൾക്ക് ഇരുവശവമുള്ള ചതുപ്പുകളിൽ ലാറ്റിനമേരിക്കയിലെ മുതലകളായ കൈമനുകൾ ധ്യാനത്തിലെന്നോണം കിടക്കുന്നത് കാണാം. ചെറു ജലസസ്യങ്ങളിൽ വിടർന്നു നിൽക്കുന്ന വർണാഭമായ പുഷ്പങ്ങൾ, അവയെ ചുറ്റിപ്പറ്റി പറക്കുന്ന ശലഭങ്ങൾ, വട്ടത്തിലുള്ള ഇലകൾ വിടർത്തി ജയന്റ് വാട്ടർ ലില്ലികൾ... എഗ്രെറ്റുകളും സ്റ്റാർക്കുകളഉം ഹെറോണുകളുമായി നീർപക്ഷികളുടെ ചിലപ്പും ചിറകടിയൊച്ചയും ഞങ്ങളെയും ക്യാമറയെയും സദാ തിരക്ക് പിടിപ്പിച്ചു. കാഴ്ച കണ്ട് സഞ്ചരിക്കുന്നതിനിടെ സമയം കുറച്ചേറെ നഷ്ടപ്പെട്ടു. പന്റനാൽ നീർത്തട വനങ്ങളുടെ കേന്ദ്രഭാഗങ്ങളിൽ ഞങ്ങളെ കാത്തിരിക്കുന്ന അപൂർവ മൃഗങ്ങളെക്കുറിച്ച് ഓർത്തപ്പോൾ ഇനി എന്തു കണ്ടാലും ജീപ്പ് നിർത്തില്ല എന്നുറച്ച് മുൻപോട്ട് നീങ്ങി.
പന്റനാൽ ട്രിപ്പിന്റെ പ്രധാന ലക്ഷ്യം ജാഗ്വർ തന്നെ ആയിരുന്നു. ആമസോൺ വനങ്ങളെക്കാൾ തുറസ്സായ പ്രദേശങ്ങൾ കൂടുതലായതിനാൽ ജാഗ്വറുകളുടെ നല്ല സൈറ്റിങ്ങിന് സാധ്യത ഏറെയുണ്ട് ഇവിടെ. പന്റനാൽ നദിയിൽ നിലയുറപ്പിച്ച വലിയൊരു ബോട്ടിലായിരുന്നു താമസം. 25–30 പേർക്കൊക്കെ ഒന്നിച്ച് താമസിക്കാൻ തക്ക സംവിധാനമുണ്ട് അതിൽ. ജാഗ്വറുകളെ കാണാൻ സാധ്യതയുള്ള ഇടങ്ങൾ നോക്കിയാണ് ഇവ നങ്കൂരമിടാറുള്ളത്. പിന്നീട് ചെറു ബോട്ടുകളിലും വഞ്ചികളിലൂം ഇടത്തോടുകളിലൂടെ സഞ്ചരിച്ചാണ് സഫാരി നടത്തുന്നത്.

മനം നിറച്ച് ജാഗ്വറുകൾ
ക്യുയബ നദിയുടെ തീരത്ത് വിശന്ന് വലഞ്ഞ്, ഇരയെകാത്തിരിക്കുന്ന വേട്ടമൃഗത്തെപ്പോലെ കയ്യിൽ ക്യാമറയും കണ്ണിൽ ജാഗ്വറിനെ കാണാനുള്ള ആകാംക്ഷയുമായി ഞങ്ങൾ ഉറക്കമിളച്ചിരുന്നു. പെട്ടന്നാണ് ഒരു വശത്തുള്ള പൊക്കമേറിയ പുൽക്കൂട്ടത്തിന് ഇളക്കം, സൂക്ഷ്മമായി ചെവിയോർത്തു. ചെടിക്കൂട്ടങ്ങൾക്കിടയിൽ നിന്ന് സാവധാനം അവൾ ചുവടു വച്ചിറങ്ങി. ഏഴു വയസ്സുകാരി ജജു. പെട്രീഷ്യ എന്നാണത്രേ അവളുടെ അമ്മയുടെ പേര്, ലുസിയാന പറഞ്ഞു. ജാഗ്വറുകൾ ജജുവിൽ ഒതുങ്ങിയില്ല, ഒരാഴ്ചയോളം നീണ്ട സഫാരിക്കിടയിൽ ജാഗ്വറുകളെ കണ്ട ഒട്ടേറെ സന്ദർഭങ്ങളുണ്ടായിരുന്നു. ഏതാണ്ട് 11 വ്യത്യസ്ത ജാഗ്വറുകളാണ് പതിനേഴു സന്ദർഭങ്ങളിലായി മുൻപിലെത്തിയത്. അതിൽ രണ്ടു വട്ടം അവയുടെ വിജയകരമായ വേട്ടയാടലും കാണാൻ പറ്റി. ജാഗ്വറുകൾ ഏതു മൃഗത്തെയും ഭക്ഷിക്കുമെങ്കിലും അവയ്ക്ക് ഏറെ പ്രിയം തെക്കേ അമേരിക്കയിലെ മുതലകളായ കയ്മനുകളും മറ്റൊരു സസ്തനിയായ കപിബാരകളുമാണ്. മാർജാരവംശത്തിൽ വലുപ്പത്തിൽ സിംഹത്തിനും കടുവയ്ക്കും പിന്നിൽ മൂന്നാം സ്ഥാനമേയുള്ളു എങ്കിലും പല്ലുകളുടെ കരുത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപിലാണ്. അത് മുതലുകളുടെയും പുറന്തോലും ആമകളുടെ പുറന്തോടും പോലും കടിച്ചു പൊട്ടിക്കും ഇവ. ഒരു സന്ദർഭത്തിൽ ഞങ്ങൾ നിന്ന ഇടത്ത് നിന്ന് 15 അടി അകലെ ജാഗ്വർ കയ്മനെ പിടിക്കുന്നത് കണ്ടു. നീളമുള്ള ശരീരവും ശക്തമായ വാലും ഉപയോഗിച്ച് ജാഗ്വറിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ കയ്മൻ ശ്രമിച്ചെങ്കിലും മൂർച്ചയേറിയ പല്ലുകൾ കഴുത്തിൽ ആഴ്ന്നിറങ്ങിയതോടെ നിമിഷങ്ങൾക്കകം ആ മുതല നിശ്ചലമായി.

പുലർച്ചെ ആറു മണിക്ക് സഞ്ചാരം തുടങ്ങും. ചെറു ബോട്ടുകളിൽ ക്യുയബാ നദിയുടെ കൈത്തോടുകളിലൂടെയും ഇടുങ്ങിയ അരുവികളിലൂടെയും നീങ്ങും. തോടിന്റെ ഇരുകരകളിലും കാഴ്ചകൾ കാത്തിരിപ്പുണ്ട്. രസകരമായ ഒരു കാഴ്ചയായിരുന്നു ആറ്റുവക്കത്ത് ഒരുമിച്ച് വെയിൽ കാഞ്ഞിരുന്ന കപിബാരയും കയ്മനും. എലികളുടെ വർഗത്തിൽ പെട്ട ഏറ്റവും വലിയ ജീവിയാണ് കപിബാര. പലതരം മാനുകളും നിറത്തിൽ കുളിച്ച പക്ഷികളും ഉറുമ്പ് തീനികളുമടക്കം ബ്രസീലിൽ കാണാൻ ആഗ്രഹിച്ചിരുന്ന ജീവികളെ ഏതെണ്ടെല്ലാം കണ്ടു. എന്നാൽ ജയന്റ് ആന്റ് ഈറ്ററിന്റെ സൈറ്റിങ്ങിന് പലവട്ടം ശ്രമിച്ചെങ്കിലും, ആ ജീവി മാത്രം മുൻപിലെത്തിയില്ല.

ടെയ്പറായിയുടെ സമ്മാനം
പന്റനാലിലേക്കു പോകും മുൻപ് ഏതാനും ദിവസം ചെലവിട്ടത് ടെയ്പറായി എന്ന പ്രദേശത്തായിരുന്നു. ടൂക്കൻ, തനേജർ തുടങ്ങിയ വർണഭംഗിയുള്ള പക്ഷികളെ കാണാനായിരുന്നു അവിടേക്ക് പോയത്. ഒരു രാത്രി മൂങ്ങയുടെ ശബ്ദം കേട്ട് അതിനെ തപ്പി ക്യാംപിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാടിന്റെ അരിക് ചേർന്ന്, ഒറ്റനോട്ടത്തിൽ കുട്ടിയാനയെപ്പോലെ തോന്നിച്ച ടെയ്പറിനെ കാണുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ സസ്തനി എന്ന നിലയ്ക്ക് ഈ ജിവിയെക്കുറിച്ച് കേൾക്കുകയും ചിത്രം കാണുകയും ചെയ്തിട്ടുണ്ടായിരുന്നു. എങ്കിലും നേരിൽ കണ്ടപ്പോൾ അതിനെക്കാളൊക്കെ കൗതുകമുണർത്തി ആ രൂപം. ആനയുടെ തുമ്പിക്കൈയുടെ അത്രയില്ലെങ്കിൽ പോലും അൽപം നീണ്ട മൂക്കും കൂറ്റൻ ശരീരവും വട്ടത്തിലുള്ള ചെറു ചെവിയും കുഞ്ഞിക്കണ്ണുകളും എല്ലാം കൂടി ഒന്ന് നോക്കിപ്പോകുന്ന രൂപം. കണ്ടപ്പോൾ അതിന്റെ ചിത്രം പകർത്താതെ പോകുന്നതെങ്ങിനെ? നല്ലൊരു പോർട്രെയ്റ്റ് പകർത്തണമെന്നു തോന്നി, ബേഡിങ് സംഘത്തിലെ കൂട്ടുകാരോട് കാത്തിരിക്കാൻ അഭ്യർഥിച്ചു കൊണ്ട് ക്യാംപിലേക്ക് ഓടി. 400 എംഎം ലെൻസായിരുന്നു കയ്യിലിരുന്നത്, അത് മാറി വൈഡ് ആങ്ഗിൾ ലെൻസ് ഇട്ടു. രാവിന്റെ ഇരുട്ടിൽ ഇരുണ്ട നിറമുള്ള മൃഗം, സുഹൃത്ത് ടൊർച്ച് തെളിച്ച് ആ പരിസരം ചെറുതായി പ്രകാശിപ്പിച്ചു, പിന്നെ ഒന്നും നോക്കിയില്ല ഏതാനും ക്ലിക്ക്... അതിലൊന്നാണ് ലണ്ടനിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനാക്കിയത്.

അറ്റ്ലാന്റിക് ഫോറസ്റ്റിന്റെ ഭാഗമായ ആ പ്രദേശത്ത് ടെയ്പറുകൾ കുറച്ചേറെയുണ്ട്. കാട്ടിൽ ഏറെ ഉള്ളിലാണ് അവ കഴിയുക. എന്നാൽ വേനൽക്കാലമായതിനാൽ ഭക്ഷ്യ ഉറവിടങ്ങൾ ശുഷ്കമായപ്പോൾ വനത്തിനുള്ളിലെ ക്യാംപിനു സമീപത്തേക്ക് തീറ്റ വല്ലതും കിട്ടുമോ എന്ന് നോക്കി ഇറങ്ങിയതായിരുന്നു ആ സാധു മൃഗം. ആനകളെക്കണ്ടു പരിചയിച്ച നമുക്ക് അവയെക്കാണുമ്പോൾ കുട്ടിയാനയെപ്പോലെ തോന്നും, എന്നാൽ ജനിതകപരമായി കുതിരകളുമായും കാണ്ടാമൃഗങ്ങളുമായാണ് ഇവയ്ക്ക് ബന്ധം. പഴങ്ങളും മറ്റും പറിച്ചെടുക്കാൻ ടെയ്പറുകൾ തങ്ങളുടെ ഇത്തിരി നീണ്ട മൂക്ക് ഉപയോഗിക്കാറുണ്ടത്രേ. ജീവിക്കുന്ന ഫോസിലുകൾ എന്നും കാടിന്റെ ഉദ്യാനപാലകൻ എന്നുമൊക്കെ വിളിപ്പേരുള്ള ടെയ്പർ 30 ദശലക്ഷം വർഷത്തോളമായി വർഷമായി ഭൂമിയിലുള്ള മൃഗമാണ്.

പ്രകൃതി, വനം വന്യജീവി ഫൊട്ടോഗ്രഫറായ വിഷ്ണു ഗോപാൽ കൊട്ടാരക്കര സ്വദേശിയാണ്, ഇപ്പോൾ ദോഹയിൽ താമസിക്കുന്നു. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിക്ക് ബ്രസീൽ കൂടാതെ കെനിയ, ബോട്സ്വാന, സെർബിയ, അർമേനിയ, ഇന്തൊനീഷ്യയുടെ ഭാഗമായ പപുവ, സിംബാബ്‌വെ എന്നീ രാജ്യങ്ങളും വിഷ്ണു സന്ദർശിച്ചിട്ടുണ്ട്.