Tuesday 07 December 2021 02:39 PM IST

അയ്യപ്പന്മാർ സ്വാമിയെ തേടി ശരണം വിളികളോടെ ശബരിമല; തത്ത്വമസിയുടെ പൊരുൾ തേടി സ്വാമിമാർക്കൊപ്പം ഒരു യാത്ര!

Baiju Govind

Sub Editor Manorama Traveller

SANNIDHANAM_01 Photo : Nikhil Raj

പതിനെട്ടു മലകളുടെ നടുവിൽ പൂങ്കാവനത്തിനരികിലാണ് ശബരിമല. പന്തളം രാജകുമാരനായ അയ്യപ്പൻ മഹിഷീ വധത്തിനു ശേഷം ധ്യാനമിരുന്നത് ശബരിമലയിലാണ്. അഭയമുദ്രയിൽ അനുഗ്രഹം ചൊരിയുന്ന അയ്യപ്പന്റെ സന്നിധാനമെത്താൻ പടികൾ പതിനെട്ടു കയറണം. കെട്ടുമുറുക്കി ശരണം വിളിച്ച് പടി കടന്നെത്തുന്നവർ ഈരേഴു പതിനാലു ലോകങ്ങളും താണ്ടിയെന്നു വിശ്വാസം. അതിരു കാക്കുന്ന പതിനെട്ടു മലദൈവങ്ങളുടെ പ്രതീകമാണു പതിനെട്ടാംപടി. പണ്ട്, പതിനെട്ടു മലകളിലും ക്ഷേത്രങ്ങളുണ്ടായിരുന്നത്രെ. പരമ്പരാഗത പാതയിലൂടെ മലചവിട്ടിയവരോടു ചോദിച്ചാലറിയാം മാമലയിൽ വാഴുന്ന ദേവഗണങ്ങളുടെ കഥ. വീണ്ടുമൊരു വൃശ്ചികം പൊന്നമ്പലമേട്ടിലേക്കു വഴി തെളിക്കുമ്പോൾ തത്ത്വമസിയുടെ പൊരുൾ തേടി സ്വാമിമാർക്കൊപ്പം കാനനത്തിലൂടെ നടക്കുകയാണ്, ശബരിമലയിലേക്ക്...

എരുമേലി ശാസ്താവിനെ തൊഴുത് പേട്ട തുള്ളി വാവരു പള്ളിയിൽ കയറി കന്നി അയ്യപ്പന്മാർ ശരണം വിളി തുടങ്ങി. വൈകുന്നേരത്തോടെ പമ്പയിലെത്താമെന്നാണു കണക്കു കൂട്ടൽ. പുണ്യപാപങ്ങൾ ഇരുമുടിയിൽ നിറച്ച് മല ചവിട്ടുന്നവർക്കു ശരണം വിളി മാത്രമാണു തുണ. സ്വാമിയെ കാണുക... ആ ഒരൊറ്റ ലക്ഷ്യത്തിനു മുന്നിൽ കുണ്ടും കുഴിയും കാടും മേടും പരമാനന്ദമായി മാറുന്നു.

Malikappuram-temple.JPG

‘‘ഋഷിപ്രോക്തം തു പൂർവാണം

മഹാത്മാനാം ഗുരോർമതം

സ്വാമിശരണമിത്യേവം മുദ്രാവാക്യം

പ്രകീർത്തനം’’

മഹർഷിമാർ ഉപദേശിച്ചിട്ടുള്ള ശരണം വിളി ഭ ക്തർക്ക് സന്തോഷവും ഊർജവും പകരുമെന്ന് അർഥം. ശരണം വിളിക്കുമ്പോൾ ദീർഘമായി ശ്വാസം വലിച്ചു വിടേണ്ടിവരും; അപ്പോൾ മ ലകയറ്റം എളുപ്പമാകുമെന്നു ശാസ്ത്രം. കല്ലും മുള്ളും കാലിനു മെത്തയാക്കി മല കയറിയിട്ടുള്ളവർക്കു മനസ്സിലാകും അതിന്റെ പൊരുൾ.

sabari8uyihinijh

കാളകെട്ടി

പേരൂർ തോട്ടിൽ നിന്നാണ് പരമ്പരാഗത പാത ആരംഭിക്കുന്നത്. ഇരുമ്പൂന്നിക്കര എത്തുന്നതുവരെ സാധാരണ വഴികളിലൂടെ നടത്തം. മുൻവർഷങ്ങളിൽ മലയ്ക്കു പോയവരുടെ കാലടികൾ പിന്തുടർന്ന്, അയ്യപ്പന്റെ കഥകൾ കേട്ടു നടക്കുന്നതിലൊരു സുഖമുണ്ട്.

‘‘ഉത്രം നാളാണ് മാലയിടാൻ ഉത്തമം. തുളസി മാലയോ രുദ്രാക്ഷ മാലയോ അണിയാം. മാല ധരിച്ചു കഴിഞ്ഞാൽ സ്വാമിയാണ്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം വേണം. ബ്രഹ്മചര്യം നിർബന്ധം. അയ്യപ്പനെ തൊഴുതു വീട്ടിലെത്തി വിളക്കു കണ്ടിട്ടേ മാല ഊരാവൂ. വ്രതത്തിന്റെ ലാളിത്യം അടുത്ത മണ്ഡലകാലം വരെ ഹൃദയത്തിലുണ്ടാവണം.’’

ശരീരത്തിൽ നിന്നു മനസ്സിലേക്ക് കുളിരുള്ള കാറ്റ് വീശുന്നു. ഭക്തിയുടെ പാതകൾ ഇരുമ്പൂന്നിക്കര താണ്ടി കാനനത്തിലേക്കു കടക്കുകയാണ്. ചെറിയാനവട്ടം വരെ ഈ തണുപ്പിനെ കുടയാക്കി നടക്കണം. കുറച്ചു കുന്നുകളും പുൽമേടും കടന്നാൽ അരശുമുടി. അവിടം വിട്ടാൽ കാളകെട്ടി.

River-Pamba.jpg

അയ്യപ്പന്റെ ബാലരൂപമായ മണികണ്ഠൻ മഹിഷിയെ വധിക്കുന്നതു കാണാൻ പരമശിവൻ എത്തിയെന്നാണ് ഐതിഹ്യം. ശിവൻ അന്നു കാളയെ കെട്ടിയ സ്ഥലമാണ് കാളകെട്ടിയാശ്രമമായി മാറിയതെന്ന് സ്ഥലപുരാണം. കാളകെട്ടിയിൽ ക്ഷേത്രമുണ്ട്. അവിടെ ദർശനം നടത്തിയ ശേഷമുള്ള യാത്ര അഴുതാ നദിക്കരയിൽ എത്തുന്നു. സ്വാമിമാർ അഴുതയിൽ മുങ്ങി കല്ലെടുത്ത് അതു തോൾസഞ്ചിയിൽ സൂക്ഷിച്ച ശേഷം അന്നു രാത്രി നദീ തീരത്ത് അന്തിയുറങ്ങും.

അഴുതയിൽ നിന്ന് വലിയാനവട്ടം വരെയുള്ള നടത്തമാണ് പരമ്പരാഗത പാതയിൽ പ്രധാനം. മണ്ണും വിണ്ണും കേൾക്കുംവിധം സ്വാമിയെ സ്തുതിച്ചുള്ള ശരണം വിളികളിൽ പതിനെട്ടു മലകളും ഭക്തിയിൽ ലയിക്കും. ആ നിമിഷങ്ങളിൽ, കുത്തനെയുള്ള കയറ്റങ്ങളിൽ പുണ്യപാപങ്ങൾ ഉരുകിയൊലിക്കും.

ഓരോ മലകളുടേയും പേരെടുത്തു പറഞ്ഞ് മലദൈവങ്ങളെ സ്തുതിക്കുന്ന ഗുരുസ്വാമിമാരുണ്ട്. ‘‘ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡൻമല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖൽഗിമല, മാതാംഗമല, മയിലാടുംമേട്, ശ്രീപാദമല, തേവർമല, നിലക്കൽമല, തലപ്പാറമല, കരിമല, നീലിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല’’ Ð ഇതിലേതു മലയിൽ നിന്നാലും ഉത്തരായനപ്പിറവി അറിയിച്ച് ആകാശത്തു പ്രത്യക്ഷപ്പെടുന്ന മകരജ്യോതി തെളിഞ്ഞു കാണാം.

Bhasma-kulam-at-Sabarimala.JPG

കല്ലിടാംകുന്ന്

കറുപ്പു മുണ്ടുടുത്ത് സ്വാമിയെ വിളിക്കുന്നവർ ഓരോ തിരിച്ചറിവുകളിലേക്കാണു നടന്നു കയറുന്നത്. അഴുതാ നദിയിൽ നിന്നെടുത്ത കല്ല് അങ്ങനെയൊരു പുണ്യകർമത്തിന്റെ കഥ ഓർമിപ്പിക്കുന്നു. നദിയിലെ കല്ല് സ്വാമിമാർ പ്രാർഥനാ നിർഭരമായ മനസ്സോടെ കല്ലിടാംകുന്നിലാണു നിക്ഷേപിക്കാറുള്ളത്. മഹിഷിയുടെ ഭൗതികദേഹം മണികണ്ഠൻ കല്ലും മണ്ണും വാരിയിട്ട് സംസ്കരിച്ചതിന്റെ ഓർമ പുതുക്കലാണ് ഈ കർമം.

കല്ലിടാംകുന്നിൽ നിന്നുള്ള പാത ചെന്നെത്തുന്നത് മുക്കുഴിയിലാണ്. അവിടെ വിരിവയ്ക്കുന്നവരും, വിശ്രമിച്ച ശേഷം യാത്ര തുടരുന്നവരുമുണ്ട്. മുക്കുഴിയിൽ നിന്നു കരിയിലാംതോട് കടന്ന് കരിമലയുടെ അടിവാരത്താണ് എത്തിച്ചേരുക. കറുത്തമണ്ണിന്റെ കരുത്തിൽ കുത്തനെ നിൽക്കുന്ന കരിമലയുടെ മുകളിലെത്താനുള്ള നടത്തം കഠിനം കഠിനം... പാദബലവും ദേഹബലവും തേടി അയ്യപ്പനെ വിളിച്ച് ഭക്തർ കരിമല കടന്ന് ചെറിയാനവട്ടവും താണ്ടി നടത്തം തുടരും. പിന്നിട്ട വഴികളിൽ ഉടച്ചു തീർത്ത ജന്മപാപങ്ങൾ നീർമിഴിയിലൊതുക്കി ഒടുവിൽ പമ്പാ നദിയുടെ തീരമണയുന്നു.

മറവപ്പടയുമായുള്ള യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച പടയാളികൾക്കു വേണ്ടി അയ്യപ്പൻ പമ്പാ നദിയിലെ ത്രിവേണീ സംഗമത്തിൽ ബലിയിട്ടുവെന്നാണ് ഐതിഹ്യം. പന്തളപുത്രന്റെ പ്രജാസ്നേഹം സ്മരിച്ചുകൊണ്ട് അയ്യപ്പ ഭക്തർ പമ്പയിൽ തർപ്പണം നടത്തി സ്നാനം ചെയ്യുന്നു.

30

സ്വാമിയേ ശരണം

മൂന്നു മാസത്തിനുള്ളിൽ അഞ്ചു കോടിയിലേറെ ആളുകളുടെ കാൽപ്പാടുകൾ പതിയുന്ന സ്ഥലമാണു പമ്പാ തീരം. പുരാണത്തിലെ ഭാരതഖണ്ഡത്തിനു ഗംഗ പോലെ, മലയാള നാടിന്റെ പുണ്യമാണു പമ്പ. പമ്പ, കല്ലാർ, ഞുണങ്ങാർ എന്നീ നദികൾ ചേർന്നൊരുക്കുന്ന ത്രിവേണീ സംഗമമാണ് പമ്പയെ വിശുദ്ധയാക്കുന്നത്.

തീർഥാടന പാതയിൽ തടസ്സങ്ങളുണ്ടാകാതിരിക്കാൻ പമ്പയിൽ നിന്നു പുറപ്പെടുന്നവർ ഗണപതി ക്ഷേത്രത്തിനു മുന്നിൽ നാളികേരം ഉടയ്ക്കാറുണ്ട്. അപ്പവും അരവണയും വാങ്ങാൻ പമ്പയിലെ ഓഫീസിൽ നിന്നു ശീട്ടെടുത്താണ് തുടർ യാത്ര. സിമന്റ് പടികൾ ചവിട്ടിക്കയറി മൺപാതയും കടന്ന് സ്വാമി അയ്യപ്പൻ റോഡിലേക്ക് പ്രവേശം. പരമ്പരാഗത പാത താണ്ടിയവരും പമ്പ വരെ വാഹനത്തിൽ വന്നവരും ഇവിടെ ഒത്തുചേരുന്നു. ആന്ധ്രക്കാരനും തമിഴ്നാട്ടുകാർക്കും കന്നഡ സംസാരിക്കുന്നവർക്കുമെല്ലാം ഇനി ഒരേയൊരു ‘ഐഡന്റിഫിക്കേഷൻ’ സ്വാമി.

അയ്യപ്പന്റെ പിതൃസ്ഥാനം അലങ്കരിക്കുന്ന പന്തളം രാജാവിന്റെ മണ്ഡപമാണ് ആദ്യത്തെ സന്ദർശന സ്ഥലം. അവിടം കടന്ന്, കല്ലും മണ്ണും സിമന്റും മെറ്റലുമൊക്കെ പതിഞ്ഞ പാതയിലൂടെ നീലീമല കയറ്റം. പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പാതയിൽ ആദ്യത്തെ വലിയ കുന്നാണു നീലിമല. രണ്ടു കയറ്റങ്ങളായാണു നീലിമല നിലനിൽക്കുന്നത്. അതു താണ്ടുന്നതോടെ ദർശനപുണ്യത്തിലേക്കുള്ള ആദ്യ പടവുകൾ കടക്കുന്നു.

31

അഭിഷേകം ചാർത്തി പുഞ്ചിരി തൂകുന്ന അയ്യപ്പ വിഗ്രഹം മനസ്സിൽ വിചാരിച്ച് നടത്തം തുടരാം; അതു മാത്രമാണ് അപ്പാച്ചിമേടിന്റെ നെടുംകയറ്റത്തിലെ പിടിവള്ളി. അയ്യപ്പന്റെ സഹായിയായ കടുരവൻ തന്റെ ദുർദേവതകളെ അടക്കി നിർത്തുന്ന സ്ഥലമാണ് അപ്പാച്ചി Ð ഇപ്പാച്ചി കുഴികൾ. ഇരുമുടിയേന്തിയവർ അപ്പാച്ചിമേട്ടിൽ ‘ഉണ്ട വഴിപാട് ’ നടത്തി മലകയറ്റം തുടരുന്നു.

പല നാടുകളിൽ നിന്ന് അയ്യപ്പനെ കാണാനെത്തിയ, പലതരം ഭാഷക്കാരുടെ ശരണം വിളി സംഗീതമായി മാറുന്ന കൗതുകം ഈ നടവഴികളിൽ കാതിന് ഇമ്പം പകരുന്നു. ഇരുമുടിയിലെ മുപ്പത്തിരണ്ടു ദ്രവ്യങ്ങളും പേരെടുത്തു പറഞ്ഞ് ‘‘സ്വാമിക്ക്’’ എന്നു പ്രതിവാചകം ചൊല്ലിയാണു ശരണം വിളി. കിതച്ചു തളർന്നും ഇരുന്നു വിശ്രമിച്ചും സ്വാമിമാർ അങ്ങനെ ശബരീപീഠം പൂകുന്നു.

രാമായണത്തിലെ ശബരി എന്ന താപസിയുടെ ആശ്രമമാണ് ശബരീപീഠം. രാമായണകഥയും ശബരിമലയുടെ ഐതിഹ്യങ്ങളും സന്ധിക്കുന്ന സ്ഥലം എന്നൊരു വിശേഷവുമുണ്ട്. സീതയെ തേടിയുള്ള യാത്രയ്ക്കിടെ ശ്രീരാമൻ ഇവിടെ വച്ചാണു ശബരിക്കു മോക്ഷം നൽകിയതെന്നു കഥ. അയ്യപ്പ ഭക്തർ ശബരീപീഠത്തിൽ വഴിപാടു നടത്തിയ ശേഷം മരക്കൂട്ടത്തേക്കു നടക്കുന്നു.

SANNIDHANAM_04

തത്ത്വമസി

പമ്പയിൽ നിന്നു പുറപ്പെടുന്ന സ്വാമി അയ്യപ്പൻ റോഡ് മരക്കൂട്ടത്തു വച്ച് രണ്ടായി പിരിയും. ഇടത്തോട്ടു തിരിയുന്നത് ചന്ദ്രാനന്ദൻ റോഡ്. വിർച്വൽ ക്യൂ ഏർപ്പെടുത്തിയിട്ടുള്ളതു ചന്ദ്രാനന്ദൻ റോഡിലാണ്. വലത്തോട്ടു തിരിയുന്ന വഴി ശരംകുത്തിയിലേക്ക്. കാട്ടുകൊള്ളക്കാരനായിരുന്ന ഉദയനന്റെ മറവപ്പടയെ തോൽപ്പിച്ച് അയ്യപ്പനും കൂട്ടരും ആയുധങ്ങൾ ഉപേക്ഷിച്ചത് ശരംകുത്തിയിലെന്നു പുരാണം. എരുമേലിയിൽ നിന്നു പേട്ടതുള്ളി എത്തുന്ന കന്നി അയ്യപ്പന്മാർ ശരക്കോലുകൾ ഇവിടെ കുത്തിയ ശേഷമാണ് സന്നിധാനത്തേക്കു പോകാറുള്ളത്. കന്നി സ്വാമിമാർ വരാത്ത കാലത്ത് വിവാഹം കഴിക്കാമെന്ന് മാളികപ്പുറത്തമ്മയ്ക്ക് അയ്യപ്പൻ കൊടുത്ത വാഗ്ദാനത്തിന്റെ അനിശ്ചിതമായ ദൈർഘ്യം ഇവിടെ ശരക്കോലുകളായി അടയാളം ചാർത്തുന്നു.

Vavaru-Swami-nada.JPG

ശരംകുത്തി കഴി‍ഞ്ഞുള്ള നിരപ്പായ വഴി നടപ്പന്തലിലേക്കാണ്. ചന്ദ്രാനന്ദൻ റോഡും ഇവിടെ വന്നു ചേരുന്നു.

ഇതാ, ശബരിഗിരിനാഥന്റെ ദർശനത്തിനുള്ള സമയം വന്നണഞ്ഞു. ‘സ്വാമിയേ ശരണമയ്യപ്പാ...’ നാലു വേദങ്ങളെ, ആറു ശാസ്ത്രങ്ങളെ, ചതുരുപായങ്ങളെ, നാലു ജാതികളെ പ്രതിനിധീകരിക്കുന്ന പൊന്നു പതിനെട്ടാം പടിയിലേക്കു ശരണമന്ത്രങ്ങളുമായി പതുക്കെ നടക്കാം. കൃഷ്ണശിലയിൽ, ഒറ്റക്കല്ലിൽ നിർമിച്ച തൃപ്പടികൾ കടന്നു കൂടിയാൽ തത്ത്വമസിയുടെ പുണ്യം.

‘‘നീ തന്നെയാണ് ഈശ്വരൻ അഥവാ ഞാൻ നിന്നിൽത്തന്നെയുണ്ട്’’.

IMG_9678
Tags:
  • Manorama Traveller