Friday 01 October 2021 12:00 PM IST : By Sabari varkala

വനാതിർത്തി ചേർന്ന് കാടൊരുക്കുന്ന ഗജമേള, അതാണ് സക്കർ വൈലു

shimogha 03

ഷിമോഗ, തുംഗ നദിയെ മോഗ്ഗ ഉപയോഗിച്ച് ഭഗവാൻ ശിവൻ വഴിതിരിച്ചു വിട്ട മണ്ണ് എന്നത് നാട്ടുവിശ്വാസം. അതു കൊണ്ടാണത്രെ ശിവമോഗ എന്ന പേര് ഈ നാടിന് കിട്ടിയത്. ശിവമോഗയ്ക്ക് രൂപഭേദം വന്ന് ഷിമോഗയായി. കഥയിൽ കാര്യമുണ്ടോ എന്നു നോക്കി വെറുതെ രസച്ചരട് പൊട്ടിക്കേണ്ട. സഞ്ചാരലക്ഷ്യം ഷിമോഗയായതു കൊണ്ട് ഗവേഷണം തുടർന്നു. മധുരക്കുടം എന്ന് അർഥം വരുന്ന ഷി–മോഗി എന്ന വാക്കിൽ നിന്നാണ് ഈ പേരു വന്നത് എന്നോരു ഭാഷ്യവും ശ്രദ്ധയിൽ പോട്ടു. ഒരുകാലത്ത് കരിമ്പു കൃഷിക്ക് പേരു കേട്ട നാടിന് യോജിക്കുന്ന പേര്.

മൗര്യ ചക്രവർത്തിയായ അശോകന്റെ കാലത്താണ് ഷിമോഗ ജനവാസ കേന്ദ്രമായി രൂപപ്പെട്ടത് എന്നാണ് നാട്ടുചരിത്രം. കാദംബർ, ചാലൂക്യർ, ഗംഗന്മാർ, രാഷ്ട്രകൂടർ, ഹൊയ്സാല, വിജയനഗര, കേലാടി നായകർ,മൈസൂർ രാജാക്കന്മാർ എന്നിവരുടെ അധീനതയിൽ ഷിമോഗ വളർന്ന് 1947ൽ ഇന്ത്യന്‍ യൂണിയനിൽ ഒരു ജില്ലയായി. മലനാടിന്റെ കവാടമാണ് ഷിമോഗ. പടിഞ്ഞാറൻ മലനിരകളും പുഴകളും വെള്ളച്ചാട്ടങ്ങളും കാടും കൃഷിയിടങ്ങളും പ ച്ചപുതപ്പക്കുന്ന പ്രകൃതിയും ഈ നാടിനെ നല്ലൊരു ദൃശ്യാനുഭവമാക്കന്നു. മണ്ണിൽ പൊന്നും മധുരവും വിളയുന്ന ഭാഗ്യം തേടിയാണ് പണ്ട് ഷിമോഗ യിലേക്ക് കർഷകർ കുടിയേറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബ്ബായി മാറിയ ഷിമോഗയുടെ പ്രധാന വരുമാന സ്രോതസ് ഇന്നും കൃഷിയാണ്. പട്ടണങ്ങൾ ജനസമൂഹത്തെ അടിമകളാക്കുന്ന ഈ നൂറ്റാണ്ടിലും 500 രൂപയ്ക്ക് ഒരുമാസം ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കർഷക കുടുംബങ്ങളാണ് ഷിമോഗയിൽ ഏറെ കാണാൻ കഴിയുക. ഇവിടെയുള്ള സക്കർബെയ്‌ലു ആന ക്യാംപ് കാണുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഇറക്കം.


സക്കർബെയ്‌ലു ആന ക്യാംപ്

shimogha 04

കർണാടകയിലെ ഷിമോഗയിൽ വനാതിർത്തി ചേർന്ന് കാടൊരുക്കുന്ന ഗജമേള, അതാണ് സക്കർ വൈലു ആന ക്യാംപ്. ഇവിടെ നാൽപതിലധികം ആനകൾ ഒന്നിക്കുന്നു. കാട്ടാനകളോട് പോരാടാൻ മെരുക്കിയെടുക്കുന്ന കുജിയാനകളുടെ വാസസ്ഥലം. കാട്ടിനുള്ളിലെ ഉത്സവ പ്രതീതി അവിടമാകെ നിറഞ്ഞു കാണാം. കൊമ്പനാനകൾ, പിടിയാനകൾ, ഓടി ക്കളിക്കുന്ന കുട്ടിക്കൊമ്പന്മാർ ഇങ്ങനെ ചുറ്റിലും ആനപ്പൂരം. ഇവിടങ്ങളിലെ പ്രത്യേകത എന്തെന്നാൽ ആനകളെ തേച്ചു കുളിപ്പിക്കാം, പുറത്തു കയറാം, അനുഗ്രഹം വാങ്ങാം, പല്ലു തേപ്പിക്കാം, ഒപ്പം നിർത്തി സെൽഫി എടുക്കാം... പ്രായഭേദമന്യേ ഒരു ദിവസം മുഴുവൻ അവയോടൊപ്പം ചെലവഴിക്കാം. ഒപ്പം ക്യാംപിൽ സന്ദർശകരായി എത്തുന്ന കാട്ടാനകളെയും കാണാം..നാട്ടാനകളുടെ പൂരപ്പെരുമയിൽ നിന്നു വേറിട്ട് കാട്ടാനകളോടൊപ്പം നിമിഷങ്ങളും അവസരങ്ങ ളും ചെലവിടാൻ ഷിമോഗയിലേക്ക് യാത്ര ആരംഭിക്കാം.

മംഗലാപുരത്തുനിന്നു ഷിമോഗയിലേക്കുള്ള ബസിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്കു ചെയ്താണ് യാത്ര തുടങ്ങിയത്. ക്യാമറയും തൂക്കി ബസിൽ കയറി മുന്നിലത്തെ സീറ്റിൽ ഇരുപ്പ് ഉറപ്പിച്ചു. ബസ് ഒാടിത്തുടങ്ങിയതോടെ അപ്രതീക്ഷിത അതിഥിയായി മഴയുമെത്തി. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഷിമോഗയിൽ മൺസൂൺ കാലം. പെയ്തു കനത്ത മഴ യാത്രയെ കൂടുതൽ റൊമാന്റിക് ആക്കി. ഹൈവേ നിരത്തുകൾ പിന്നിട്ട് ബസ് ചെറു ഗ്രാമങ്ങളുടെ ഓരം ചേർന്ന് സ ഞ്ചരിച്ചു തുടങ്ങി. മഴയിൽ കുതിർന്ന കൃഷി ഇടങ്ങളാണ് കണ്ണിൽ നിറയുന്നത്. ഒരു വീടിനപ്പുറം പത്തോ പതിനഞ്ചോ ഏക്കർ കൃഷിയിടം. ചിലപ്പോൾ ഒരു ബസ്റ്റോപ്പിനപ്പുറം തുടങ്ങുന്ന കുഞ്ഞുവീടുള്ള കൃഷി ഭൂമി ചെന്നവസാനിക്കുന്നത് അ ടുത്ത ബസ്റ്റോപ്പിലാകും. നാലു മണിക്കൂർ ബസ് യാത്രയ്ക്കൊടുവിൽ ഷിമോഗ ടൗണിൽ എത്തി. സക്കർബെയ്‌ലു ആന ക്യാംപിന് അടുത്തുള്ള ജംഗിൾ ലോഡ്ജിൽ ആണ് താമസം ബുക്ക് ചെയ്തിരുന്നത്. ടൗണിൽ നിന്ന് ഉദ്ദേശം 11 കി.മീ. 250 രൂപ ഓട്ടോ ചെലവിൽ ജംഗിൾ ലോഡ്ജിൽ എത്തി.


തടിയിൽ വിരിഞ്ഞ ആർഭാടം

shimogha 02

ആദ്യമാത്രയിൽ തന്നെ ഷിമോഗ അദ്ഭുതപ്പെടുത്തി. വനാതിർത്തി തുടങ്ങുന്നിടത്താണ് സക്കർബെയ്‌ലു ആന ക്യാംപും അതിനടുത്തുള്ള ജംഗിൾ ലോഡ്ജും സ്ഥിതി ചെയ്യുന്നത്. കാനനഭംഗി ഒട്ടും മാഞ്ഞുപോകാതെ തടിക്കൂട്ടങ്ങളാൽ പണിത ഹട്ടുകൾ, കാടിനകത്ത് ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന വൃക്ഷങ്ങൾ തലപ്പു നീട്ടി നോക്കി എന്നെയും കാത്തു കിടക്കുന്ന കൂടാരത്തിലേക്ക് അതീവ താൽപര്യത്തോടെ ഒാടിക്കയറി. പുറമെ നോക്കുമ്പോൾ പ്രകാശമാനമായി നിൽക്കുന്ന തനിമയാർന്ന ഒരു ആകാശക്കുടിൽ. അകത്തേക്കു കയറിയാൽ ഒരു വമ്പൻ ലക്ഷ്വറി വുഡൻ വില്ല. തടി നിരത്തി ഇത്ര ഭം ഗിയിൽ കൂടൊരുക്കാൻ കഴിയുമോ എന്ന് ആരും അദ്ഭുതപ്പെടും. അത്ര മനോഹരവും ആവശ്യ സൗകര്യം ഉൾക്കൊള്ളു ന്നതുമായ ഒരു ലക്ഷ്വറി കുടിൽ ആയിരുന്നു അത്. പുറത്ത് പുൽനാമ്പുകൾക്കിടയിൽ ഉയർന്നു കണ്ട മൺപുറ്റുകളും ഹട്ടി നു മുന്നിൽ മിന്നി നിൽക്കുന്ന പ്രകാശവും വല്ലാത്തൊരു അനുഭൂതിയാണു പകർന്നത്. അരികിലായി ഒട്ടേറെ അഡ്‌വഞ്ചർ ആക്റ്റിവിറ്റീസും ഒരുക്കിയിട്ടുണ്ട്. രാത്രി എട്ടു മണിയോടെ ഫ്രൈഡ് റൈസ്, ചിക്കൻ ചില്ലി, തന്തൂരി എന്നിങ്ങനെ വി ശാലമായ നോൺവെജ് ഡിന്നർ. എല്ലാറ്റിനുമൊടുവിൽ കാടിന്റെ മടിയിൽ കുളിരും കാഴ്ച ഇമ്പങ്ങളും ആസ്വദിച്ച് ഉറക്കത്തിലേക്ക്.


ട്രക്കിങ്

shimogha 07

രാവിലെ ആറു മണിക്ക് കാടിനുള്ളിലേക്ക് ട്രക്കിങ് ആരംഭിച്ചു. വന്യമൃഗങ്ങൾ കടക്കാതzെ നാലു വശത്തും കിടങ്ങ് തീർ ത്തിട്ടുണ്ട്. അതിനൊത്തരികിലൂടെ കാലപ്പഴക്കമേറിയ ഉരുളൻ തടി തീർത്ത പാലം കടന്ന് പച്ചപ്പടർപ്പിലേക്കു നടന്നടു ത്തു. മണ്ണിൽ വീണ മഞ്ഞിന്റെ നനവും പെയ്തിറങ്ങുന്ന കുളിരും ഇളം പച്ച തളിരിലച്ചാർത്തുകളും ഒക്കെ ആസ്വദിച്ചുള്ള നടപ്പ്. ഇത്തരം യാത്രകളിൽ ക്ഷീണം അന്യമായി മാറി നിൽക്കും. കാടിനൊപ്പം ഉണർന്നെഴുന്നേറ്റ കിളികളുടെ ആരവവും കളകളനാദവും ഇടിവെട്ടും കേൾക്കാം. അൽപദൂരത്തെ യാത്രയിൽ ആനകളെ മെരുക്കിയെടുക്കുന്ന വലിയൊരു ആന ക്കൊട്ടിൽ കണ്ടു. മുൻപി കാട്ടാനകളെ പിടിച്ചു മെരുക്കുന്ന ആനപിടിത്ത കേന്ദ്രമായിരുന്നു ഇവിടം. അതിന്റെ ഓർമ എ ന്ന നിലയിൽ നില നിർത്തിപ്പോരുന്ന ആ ആനക്കൊട്ടിൽ കണ്ട് വീണ്ടും കാടിനുളളിലേക്കു നീങ്ങി. കാടു കുലുക്കുന്ന വ ന്യമൃഗങ്ങളും പക്ഷികളുമാണ് സ്ഥിരം കാഴ്ചകൾ. എന്നാൽ ഇവിടെ എന്നെ അദ്ഭുതപ്പെടുത്തിയത് കുഞ്ഞിറുമ്പിൻ കൂട്ടങ്ങളുടെ മനോഹരമായ കൂടുകളാണ്. മൺനിറമേകിയ പൂവു പോലെയാണ് ആദ്യം തോന്നിയത്. ആഴമുള്ള കുഴിയിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങി പോകുന്ന ഉറുമ്പുകളെ കണ്ടപ്പോഴാണ് അതൊരു ഉറുമ്പിൻ കൂടാണെന്നു ബോ ധ്യപ്പെട്ടത്. ഇത്ര വലിയ കാടിനുള്ളിൽ തങ്ങളുടേതായ സാമ്രാജ്യം പടുത്തുയർത്തുന്ന ധൃതിയിലായിണ് അവ ഓരോന്നും. ആ കാഴ്ചകൾ ക്യാമറയിൽ പകർത്തി. തേഞ്ഞു തുടങ്ങിയ കാൽപാദത്തിൽപോലും പുതിയ സ്പന്ദനങ്ങളാൽ ഉണർവേകാൻ കരുത്തുള്ള കാടിനുള്ളിലെ മുഴുവൻ ശുദ്ധവായുവും വലിച്ചെടുത്തു മുന്നോട്ടു നടക്കവേയാണ് ആ യാത്ര തൽക്കാലം അവസാനിപ്പിക്കാനുള്ള അറിയിപ്പു കിട്ടിയത്. സക്കർബെയ്‌ലു ആന ക്യാംപിലെ ആനക്കൂട്ടങ്ങളുടെ കുളിയും തേവാരവും 8..30ന് ആരംഭിക്കുമത്രേ. അതിനാൽ തൽക്കാലം കാടിനോട് വിടവാങ്ങി ക്യാംപിലേക്കു തിരിച്ചു നടന്നു.

ക്യാംപിനടുത്ത് ഗജനൂരിലെ തുംഗ അണക്കെട്ടിലാണ് ആനകളുടെ കുളി. ഡാമിനടുത്തേക്കു പ്രവേശിച്ചതും പ്രഥമ കാഴ്ചയിൽ ചെവിയോളം മുങ്ങി രണ്ടു വലിയ ആനകളും നടുവിലൊരു കുഞ്ഞാനയും വിശാലമായ ജലപാദത്തിലൂടെ നടന്നു നീങ്ങുന്നതാണു കണ്ടത്. അവയ്ക്കു മുകളിൽ ഇപ്പോൾ മുങ്ങിപ്പോകുമെന്ന കണക്കിൽ ഇരുപ്പുറപ്പിച്ച് ആന പാപ്പാന്മാർ. ഞാൻ ആ കാഴ്ച അന്തംവിട്ടു നോക്കി നിൽക്കുമ്പോഴുണ്ട് തൊട്ടടുത്ത് അത്രയും പൊക്കത്തിലെ വെള്ള ത്തിൽ ഒരാൾ നിൽക്കുന്നു. അയാൾ എങ്ങനെ അവിടെ നിൽക്കുന്നു എന്ന് അദ്ഭുതപ്പെടുമ്പോഴാണ് വെള്ളത്തിൽ നീരാടുന്ന ഒരാനപ്പുറത്താണ് അയാൾ നിൽക്കുന്നതെന്ന് മനസ്സിലായത്. പലയിടത്തും ആന വെള്ളത്തിൽ നീന്തുന്നതു കണ്ടിട്ടുണ്ടെങ്കിലും ആനയോളം പൊക്കത്തിൽ ഒരാന മുങ്ങുന്ന കാഴ്ച ആദ്യ അനുഭവം തന്നെ. ഇതിനൊപ്പം ഷിമോഗ യുടെ മറ്റൊരു രസക്കൂട്ട് മറുവശത്ത് നടക്കുകയാണ്.

shimogha 01


ആനക്കുളി

shimogha 06

നാൽപതോളം ഗജവീരന്മാർ നീരാടി തിമിർക്കുകയാണ്. ഇത്രയധികം ആനകളെ തൊട്ടറിയാനും അനുഗ്രഹം മേടിക്കാനു മുള്ള സുവർണ അവസരം മാത്രമല്ല ഇവിടത്തെ പ്രത്യേകത. ഓരോ ആനയെയും പല്ലു തേപ്പിക്കാനും കുളിപ്പിക്കാനും അ തിന്റെ പുറത്തുകയറി സവാരി നടത്താനും ഒക്കെ ഇവിടെ സാധിക്കും. ഏറ്റവും കൂടുതൽ തിരക്കു കണ്ടത് അവയെ പല്ലു തേപ്പിക്കാനും കുളിപ്പിക്കാനുമാണ്. ഈയൊരു സാധ്യത ഇന്നുവരെ ഒരു ആനപരിപാലന കേന്ദ്രത്തിലും കണ്ടിട്ടില്ല എന്നു പറയാം. അൽപനിമിഷത്തിനകം എനിക്കും കിട്ടി ഒരാനയെ പല്ലുതേപ്പിക്കാനും കുളിപ്പിക്കാനും. അവസരം. അതിനിടെ ക്യാമറ മെമ്മറിയും മനസ്സിന്റെ മെമ്മറിയും ഇടതടവില്ലാതെ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു. മനുഷ്യവരോട് ഇത്ര അ ടുത്തിടപഴകുന്ന വന്യമൃഗം ഒരുപക്ഷേ, ഇക്കാണുന്ന ആനക്കൂട്ടങ്ങൾ മാത്രമാകാം. അത്ര ശാന്തമായും അനുസരണയോ ടെയുമാണ് അവയോരോന്നും സന്ദർശകർക്കു മുന്നിൽ നിന്നത്. മൂന്നു നാലു വയസ്സുള്ള കുട്ടികൾപോലും ആനപ്പുറ മേറുന്നു. പൂരപ്പെരുമയിൽ നാടൊരുങ്ങുന്നതും ആലവട്ടം വെഞ്ചാമരം മത്സരക്കുടകൾ എന്നീ അലങ്കാരങ്ങളോടെ നാട്ടാന കൾ അണിനിരക്കുന്ന പൂരം തൃശൂരിന്റെ തനതായ അഹങ്കാരമാണെങ്കിൽ കാട്ടിലെ കൊമ്പന്മാരെ മുൻനിർത്തി ഗജനൂർ ഡാമിൽ ആറാട്ടിനറങ്ങുന്ന ഷിമോഗയുടെ പൂര വിസ്മയം ഒരു മടങ്ങ് മുന്നിലാണോ എന്നുപോലും സംശയിച്ചുപോകും. രാ വിലെ 8..30 മുതൽ 11 വരെയാണ് ഈ ഉത്സവം അരങ്ങേറുന്നത്. ഇനിയും കാണാമെന്നു പറഞ്ഞു പിരിയുന്ന പൂരാന്ത്യ ത്തിലെന്ന പോലെ നാളെ കാണാമെന്നു പറഞ്ഞ് ഒരു കൂട്ടം കാട്ടിലേക്കും മറ്റ് ആനകൾ ക്യാംപിലേക്കും യാത്രയായി.

shimogha 05

ആികളെ അവയുടെ സ്വാഭാവിക ജൈവപരിസ്ഥിതിയിൽ സംരക്ഷിക്കാൻ കർണാടക സർക്കാർ തുടങ്ങിയ സംരംഭമാണ് സക്കർബൈലു ആന ക്യാംപ്. നമ്മുടെ നാട്ടിലെ ആനസംരക്ഷണ കേന്ദ്രങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് കാട്ടാനകളുടെ സാന്നിധ്യമാണ്. മനുഷ്യനും കാട്ടാനയും പരസ്പരം ബന്ധപ്പെടുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണിത്. ക്യാംപിൽ എത്തുന്നവർക്ക് ആനയെ തേച്ചുകുളിപ്പിക്കാനും തലോടാനും ആനപ്പുറത്തു കയറാനും ഒക്കെ സക്കർബൈലു അവസരമൊരുക്കുന്നു. പഞ്ചസാരയുടെ ഭൂമി എന്നാണ് സ ക്കർബൈലു അറിയപ്പെടുന്നത്. ഒരുകാലത്ത് ഇവിടം കരിമ്പിൻ തോട്ടങ്ങളാൽ സമൃദ്ധമായിരുന്നു. ഇന്നും അത്ര അധികം ഇല്ലെങ്കിലും കരിമ്പ് തോട്ടങ്ങൾ ഉണ്ട്. ഷിമോഗ നഗരത്തിൽ നിന്ന് 14 കി.മീറ്റർ ദൂരെയാണ് ക്യാംപ്. ഗജനൂരിലെ തുഹ അണക്കെട്ടിന്റെ തീരത്തുള്ള ഇവിടം കുടുംബങ്ങൾക്കും കുട്ടി കൾക്കും ആനപ്രേമികൾക്കും ഇഷ്ടമാകും എന്നതിന് ഒരു സംശയവുമില്ല. മൺസൂൺ കഴിഞ്ഞുള്ള ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഷിമോഗയുടെ പരമ്പരാഗത ടൂറിസം സീസൺ. എന്നാൽ, സക്കർബൈലു ആന ക്യാംപ് സന്ദർശനത്തിന് ഇങ്ങനെ സൂസൺ നോക്കേണ്ട കാര്യമില്ല. മൺസൂൺ മഴ ഭൂമിയെ തൊടുമ്പോൾ പച്ചപ്പ് തഴ യ്ക്കുന്ന ഷിമോഗയേയും അവിടുത്തെ ആനക്കുറുമ്പുകളും കാണാൻ താൽപര്യമണ്ടോ? ബാഗ്എടുത്ത് ഇറങ്ങിക്കോ....

How to Reach

കർണാടകയിലെ പ്രധാന നഗരങ്ങളിൽ നിന്ന് ഷിമോഗയിലേക്ക് ബസ് സർവീസ് ഉണ്ട്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഷിമോഗ നഗർ റെയിൽവേ സ്റ്റേഷൻ. മാംഗളൂരു വിമാനത്താവളമാണ് അടുത്തുള്ള രാജ്യാന്തര വിമാനത്താവളം. ഷിമോഗ സിറ്റിക്ക് 20 കിലോമീറ്റർ അടുത്ത് ഒരു ആബ്യന്തര വിമാനത്താവളം ഉണ്ടെങ്കിലും നേരിട്ട് വിമാന സർവീസ് ഇല്ല. ഷിമോഗ ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും സക്കർബൈലു ആന ക്യാംപിലേക്ക് ടാക്സി, ഒാട്ടോ സർവീസുകൾ ലഭ്യമാണ്.




Tags:
  • Manorama Traveller