Saturday 19 November 2022 02:54 PM IST : By Arun Kalappila

പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഇടിമിന്നലേറ്റ് പിളരുന്ന ശിവലിംഗം, ഇതാണ് ഇലക്ട്രിക് മഹാദേവ്

electric04

പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഇടിമിന്നലേറ്റ് പിളരുന്ന ശിവലിംഗത്തെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ..? കുളു– മണാലി പ്രദേശങ്ങൾ ഉൾപ്പെടുന്ന താഴ്‌വരയിലെ തദ്ദേശീയജനങ്ങൾക്കിടയിൽ വിശ്വാസമാർജിച്ച ദേവനാണിത്. പാർവതി നദിയുടേയും വ്യാസ് എന്ന ബിയാസ് നദിയുടെ മധ്യേ ഉയർന്നുനിൽക്കുന്ന പർവതത്തിന്റെ ഉച്ചിയിൽ പടിഞ്ഞാറുഭാഗത്തേക്ക് ദൃഷ്ടിയൂന്നിയാണ് ബിജ്‌ലി മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ ഇടിമിന്നലേറ്റ് തകർന്നുപോകുന്ന ശിവലിംഗമാണ് ഇവിടം പ്രശസ്തമാക്കിയത്.

കുന്നിനു മുകളിൽ മഹാദേവ സന്നിധി

electric06

കുളു പട്ടണത്തിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെ കുന്നിൻമുകളിൽ പൊട്ടുപോലെ ക്ഷേത്രം കാണപ്പെട്ടു. കുഷാവ്രി ഗ്രാമത്തിന് മുകളിൽ, സമുദ്രനിരപ്പിൽ നിന്നും 2640 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിൽ നിന്നു തുടങ്ങുന്ന ചെറിയ നടപ്പാത. മുന്നോട്ട് നടക്കുമ്പോൾ ഇടയ്ക്കിടെ കാണുന്ന കോൺക്രീറ്റ് പടിക്കെട്ടുകൾ. അവ പിന്നിട്ട് മുകളിലേക്ക് പോകുമ്പോൾ ദേവദാരു വൃക്ഷങ്ങൾ നിറഞ്ഞ കാടാണ്. കാടിന് അരികുചേർന്ന് തണൽപ്പറ്റിയുള്ള നടപ്പ് ഉള്ള് കുളിർപ്പിക്കും. കുന്നുകയറുന്നതിന്റെ ആയാസം അറിയാത്തവിധം വിശറി വീശുന്നപോലെ കാറ്റ്. പച്ചപ്പ് നിറഞ്ഞ കുന്നിൻചെരിവിലൂടെ മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങൾ. വളരെ ചെറിയൊരു ട്രെക്കിങ്ങ് റൂട്ടാണിത്. മൺസൂണിലും മഞ്ഞുകാലത്തും തണുപ്പ് പറ്റിയുള്ള ഈ നടപ്പ് എത്രമേൽ സുന്ദരമായൊരു അനുഭവമായിരിക്കും!

പ്രകൃതി പ്രണയിക്കുമിടം

electric01

ഏകദേശം പകുതി ദൂരം പിന്നിട്ടാൽ, വൃക്ഷച്ചുവട്ടിൽ ഒരു ചെറിയ കട കാണാം. മുന്നിൽ താൽക്കാലികമായി മരംകൊണ്ട് നിർമിച്ചിരിക്കുന്ന ചാരുബെഞ്ചുകൾ. അത്യാവശ്യം ലഘുപാനീയങ്ങളും ചായയും സ്നാക്സുമൊക്കെ കിട്ടുന്ന കട. സീസണിൽ മാത്രം തുറക്കുന്ന കടയാണിത്. രാവിലെ താഴ്‌വരയിൽ നിന്നും കുന്നുകയറിയെത്തി കച്ചവടം കഴിഞ്ഞ് സായാഹ്നത്തോടെ അവർ താഴേക്ക് മടങ്ങുന്നു. യാത്രയുടെ രണ്ടുകിലോമീറ്റർ ദൂരം മരങ്ങൾക്കിടയിലൂടെയുള്ള ട്രെക്കിങ് പിന്നിട്ടാൽ വലിയൊരു പുൽമൈതാനിയിലാണ് എത്തുക. മഞ്ഞനിറത്തിലുള്ള ടാർപോളിൻ മേഞ്ഞ നിരവധി കടകൾ. ചെറിയ റസ്റ്ററന്റുകൾ. പൂജാദ്രവ്യങ്ങളും മറ്റു കരകൗശല വസ്തുക്കളും വിൽക്കുന്ന കടകൾ...

electric02

കേരളത്തിലെ കൊഴുക്കട്ടയോട് സാമ്യം തോന്നുന്ന പലഹാരമാണ് ഹിമാചലിൽ തനതു വിഭവങ്ങളിൽ ഒന്നായ സിഡു. മാവ് പുളിപ്പിച്ച് ആവിയിൽ വേവിച്ചാണ് ഈ വിഭവം പാകം ചെയ്യുന്നത്. ഉള്ളിൽ വാൾനട്ട് ഉൾപ്പെടെയുള്ള ഡ്രൈ ഫ്രൂട്ട്സ് അരച്ച് ചേർത്തിരിക്കുന്നു.

ക്ഷേത്രത്തിന് മുന്നിൽ മനോഹരമായൊരു റോസാപ്പൂന്തോട്ടം വൃത്തിയായി പരിപാലിച്ചുപോരുന്നുണ്ട്. ഹിമാലയത്തിൽ സാധാരണ കണ്ടുവരാറുള്ള വലിയ ഇതളുള്ള റോസാപ്പൂക്കൾ പലനിറത്തിൽ വിടർന്നുനിൽക്കുന്ന മനോഹര കാഴ്ച. ക്ഷേത്രത്തിന്റെ നടവഴിക്ക് മുന്നിൽ ഒരു തണൽമരം. അതിനുചുറ്റും കല്ലുകൾ പാകിയ പടിക്കെട്ടുകൾ. മുന്നിൽ ബിജ്‌ലി മഹാദേവന്റെ മനോഹരമായ ക്ഷേത്രം. കാഴ്ചകൊണ്ടുതന്നെ കാലപ്പഴക്കം തിരിച്ചറിയാവുന്ന ക്ഷേത്രമാണിത്.

മിന്നലേറ്റ് പിണരുന്ന ശിവൻ

electric05

ക്ഷേത്രത്തിനുമുന്നിൽ 60 അടി ഉയരമുള്ള മെറ്റൽത്തൂൺ സ്ഥാപിച്ചിട്ടുണ്ട്. 12 വർഷത്തിലൊരിക്കൽ മിന്നലിന്റെ പ്രവാഹം ഈ തൂണിലൂടെ കടന്ന് ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ശിവലിംഗത്തെ തകർത്തുകളയുന്നു എന്നാണ് വിശ്വാസം. പിന്നീട് പുരോഹിതന്മാർ ഉപ്പും വെണ്ണയും ചേർത്ത് ഈ പ്രതിഷ്ഠയെ പുനർനിർമിക്കുന്നു. ബിജ്‌ലി മഹാദേവക്ഷേത്രത്തിന്റെ ഐതിഹ്യം രസകരമായൊരു കഥയാണ്.

‘കുലാന്ത എന്നുപേരുള്ള ഒരു അസുരനെ ശിവൻ നിഗ്രഹിച്ച ശേഷമാണ് ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടതെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ബിയാസ് നദിയുടെ ഒഴുക്കിനെ തടഞ്ഞുനിർത്തി താഴ്‌വരയിലെ ജീവജാലങ്ങളെ നശിപ്പിക്കാൻ ശ്രമിച്ച ഭീകരരൂപിയായ അസുരന്റെ പേരാണ് കുലാന്ത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ജലത്തിൽ മുക്കിക്കൊല്ലാൻ ആഗ്രഹിച്ചിരുന്ന രാക്ഷസനാണിത്. എന്നാൽ അവന്റെ ലക്ഷ്യങ്ങളേയും

ആഗ്രഹങ്ങളേയും മഹാദേവൻ തിരിച്ചറിയുകയും അസുരനെ നിഗ്രഹിക്കുകയും ചെയ്തു. കുലാന്തിന്റെ ശവശരീരം വീണ ഇടമാണ് ബിജ്‌ലി ക്ഷേത്രം നിലനിൽക്കുന്ന പർവതം എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. അതുകൊണ്ടുതന്നെ 12 വർഷത്തിലൊരിക്കൽ ഇവിടം മിന്നൽപിണറുകൾകൊണ്ട് പ്രഹരിക്കാൻ ശിവൻ ഇന്ദ്രനോട് ആവശ്യപ്പെട്ടത്രേ. എന്നാൽ അത്യുഗ്രമായ മിന്നൽപിണരുകൾ ജീവജാലങ്ങളുടെ ജീവന് ഹാനി വരുത്താതിരിക്കാൻ ശിവൻ അവയെ സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുകയും അതിന്റെ ശക്തിയാൽ പല കഷ്ണങ്ങളായി ചിതറിത്തെറിക്കുകയും ചെയ്യുന്നു. കുലാന്ത എന്ന അസുരന്റെ പേരിൽ നിന്നാണ് കുളു പട്ടണത്തിന് ഈ പേര് കിട്ടിയതെന്ന് വിശ്വസിക്കപ്പെടുന്നു.

മലമുകളിൽ നിന്ന് കാണാം സ്വർഗത്തുണ്ട്

electric03

360 ഡിഗ്രിയിൽ കാഴ്ച നൽകുന്ന മനോഹരമായൊരു പർവതമുടിയാണിത്. കുളുവിനേയും ബുന്ദർപട്ടണത്തെയും തലോടി താഴേക്കൊഴുകുന്ന ബിയാസിന്റെ കരയിൽ, മനോഹരമായ ഒരു എയർപോർട്ടുണ്ട്. ഒറ്റ റൺവേ മാത്രമുള്ള കുഞ്ഞൻ എയർപോർട്ടാണിത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പർവതത്തിന് മുകളിൽ നിന്നാൽ ഈ വിമാനത്താവളത്തിന്റെ ചെറിയൊരു ദൃശ്യം കാണാനാകും. വെയിൽത്തിളക്കത്തിൽ നീലിച്ചുനിൽക്കുന്ന മലനിരകളാണ് ചുറ്റും. ഇവയുടെ ഉയരവും ശക്തിയേറിയ കാറ്റും വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്റിങ്ങും ദുഷ്കരമാക്കുന്നു. അതുകൊണ്ടുതന്നെ ചെറിയ വിമാനങ്ങളാണ് ഇവിടേക്ക് സർവീസ് നടത്തുന്നത്. ബിജ്‌ലി മഹാദേവ് സ്ഥിതി ചെയ്യുന്ന പർവതത്തിന്റെ കിഴക്കായാണ് ചന്ദേർഖനി പാസും മലാനയും മണികരനുമൊക്കെ സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്ത് പാർവതീവാലിയാണ്. പർവതത്തിന്റെ അരികുപറ്റി പാർവതീ നദിയുടെ സ്വച്ഛ സുന്ദരമായ ഒഴുക്ക്. വടക്ക്, ദൂരെ മണാലിയും അതിനുമപ്പുറം ലഡാക്കിലേക്ക് നീളുന്ന പർവതനിരയുടെ തലപ്പൊക്കവും കാണാം. ക്ഷേത്രത്തിനടുത്ത് പടിഞ്ഞാറുഭാഗത്ത് രണ്ടു ത്രിശൂലങ്ങൾ സ്ഥാപിച്ചിരിക്കുന്നു.

മാർച്ചിൽ ആരംഭിച്ച് ജൂണിൽ അവസാനിക്കുന്ന വേനൽക്കാലമാണ് ഇവിടേക്ക് യാത്രചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. ശേഷം മൺസൂണിന്റെ വരവാണ്. ഇക്കാലത്ത് കുളു മേഖലയിൽ മണ്ണിടിച്ചിൽ സർവസാധാരണമായതിനാൽ യാത്ര സുരക്ഷിതമായിരിക്കില്ല. നവംബറിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്ന ശൈത്യകാലം കുളുവിന് മഞ്ഞിന്റെ മനോഹാരിത നൽകുന്നു. എങ്കിലും ബിജ്‌ലി മഹാദേവിലേക്കുള്ള ട്രെക്കിങ്ങ് സാഹസകരമായിരിക്കും.