Thursday 30 December 2021 03:27 PM IST : By സ്വന്തം ലേഖകൻ

പ്രത്യക്ഷ ദൈവങ്ങളായി 'കബ'; എലികൾ തൊട്ട ഭക്ഷണം പോലും വിശുദ്ധം! കർണിമാതാ ക്ഷേത്രത്തിലെ വിശേഷങ്ങൾ

DSC_7849 Photos: P Madhusoodanan

ഭക്തിയോടെ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ ഒരു എലി നിങ്ങളുടെ കാലിൽക്കൂടി ഓടിയാൽ എന്തു തോന്നും? രാജസ്ഥാനിലെ ബിക്കനീറിന് അടുത്ത് കർണിമാതാ ക്ഷേത്രത്തിൽവച്ചാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്നാണ് അർഥം. കർണിമാതാ ദേവിയുടെ ഏറ്റവും പ്രിയപ്പെട്ടവരായി കണക്കാക്കുന്ന എലികൾ ഈ ക്ഷേത്രത്തിലെ പ്രത്യക്ഷ ദൈവങ്ങളാണ്. രാജസ്ഥാന്റെ പല ഭാഗത്തുനിന്നുമുള്ള വിശ്വാസികളം ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള സഞ്ചാരികളുമായി ഒട്ടേറെ ആളുകൾ ദിവസവും എത്തുന്ന ഇവിടം ബിക്കനീറിലെ കൗതുകക്കാഴ്ചകളിൽ ഒന്നാണ്.

ബിക്കനീറിൽ നിന്നു 30 കിമീ അകലെ ദെശ്നോക്കിലാണ് എലികളുടെ ക്ഷേത്രം എന്നു പ്രസിദ്ധമായ കർണിമാതാ ക്ഷേത്രം. മരുഭൂമിക്കു നടുവിലൂടെ ഉദ്ദേശം 45  മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. 

ഇപ്പോഴത്തെ ക്ഷേത്രം ഒരു നൂറ്റാണ്ട് മുൻപ് ബിക്കനീർ ഭരണാധികാരിയായിരുന്ന മഹാരാജ ഗംഗാസിങ് പണിതീർത്തതാണ്. മുഗൾ നിർമാണ ശൈലിയിൽ പണിത ക്ഷേത്രത്തിന്റെ മുഖപ്പ് മാർബിള്‍കൊണ്ടുള്ളതാണ്. ഈ മുഖപ്പിന്റെ വാതിലും ശ്രീകോവിൽ വാതിലുകളും മറ്റും വെള്ളികൊണ്ടുള്ളതാണ്. എലികളുടെ സംരക്ഷണാർഥം സുരക്ഷിതമായി ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങളും ഗ്രില്ലുകളും വലകളും ഒക്കെ തീർത്തിട്ടുണ്ട്.

DSC_7865

എലികൾ കർണിമാതാവിന്റെ മക്കൾ

ഗ്രാമീണരുടെ വിശ്വാസപ്രകാരം ദുർഗാദേവിയുടെ അവതാരമായ കർണിമാതാവിന്റെ മക്കളുടെ പുനർജൻമമാണത്രേ ഇവിടത്തെ എലികൾ. കർണി മാതാവിന്റെ നാലുമക്കളിൽ ഒരാളായ ലക്ഷ്മൺ കപില സരോവരം എന്ന തടാകത്തിൽ മുങ്ങിമരിച്ചപ്പോൾ ദേവി യമദേവനോട് ആ കുട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പ്രാർത്ഥിച്ചു. ദേവിയുടെ അഭ്യർത്ഥനപ്രകാരം യമധർമൻ ലക്ഷ്മണിന് പുനർജൻമം നൽകി, പക്ഷേ ഒരു എലിയായിട്ടാണ് ജീവിതം കിട്ടിയത്. അതു മാത്രമല്ല ദേവിയുടെ മറ്റുമക്കളും മരണാനന്തരം എലികളായി ജനിക്കും എന്നും അനുഗ്രഹിച്ചു. അങ്ങനെയാണ് കർണിമാതാ ക്ഷേത്രത്തിൽ എലികൾക്ക് വിശേഷ സ്ഥാനം കിട്ടാനിടയായത്. 

വിവാഹിതയായെങ്കിലും 151 വയസ്സുവരെ ബ്രഹ്മചര്യത്തോടെയും യൗവനത്തോടെയും ജീവിച്ച കർണി മാതാവിന്റെ അനുചരരിൽ ഒരാളുടെ മകനാണ് മരിച്ച് എലിയായി പുനരുജ്ജീവിച്ചതെന്നും മറ്റ് അനുചരൻമാരും എലികളായി പുനർജനിക്കുമെന്നാണ് അനുഗ്രഹിച്ചതെന്നും ഈ ഐതിഹ്യത്തിനു പാഠഭേദമുണ്ട്. ദേവിയുടെ പിന്തുടർ‍ച്ചക്കാരായി കണക്കാക്കുന്ന ചരൺ വിഭാഗത്തിൽപെട്ട ഗ്രാമവാസികൾ ഈ എലികളെ തങ്ങളുടെ വംശത്തിലെ പൂർവികരായി പരിഗണിക്കുന്നു. 

DSC_7946

പാലും പ്രസാദവും എലികൾക്ക്

ക്ഷേത്രത്തിനുള്ളിലേക്ക് കയറുമ്പോൾതന്നെ എലികളുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും. മനുഷ്യരെ ഒരു തരത്തിലും ഭയപ്പെടാതെ ഓടി നടക്കുന്നവയും പലയിടങ്ങളിലും വച്ചു കൊടുത്തിരിക്കുന്ന പാത്രങ്ങളിൽനിന്ന് പാലും മറ്റു പ്രസാദങ്ങളും ഭക്ഷിക്കുന്നവയും പെട്ടന്നു കണ്ണിൽപെടും. ഈ വിശുദ്ധ എലികൾ വന്നു മുട്ടുന്നതും തട്ടുന്നതും ഏറെ പുണ്യമായിട്ടാണ് വിശ്വാസികൾ കണക്കാക്കുന്നത്. 

നീണ്ടവാലും ചാര നിറവുമുള്ള ആയിരക്കണക്കിന് എലികളാണ് കർണിമാതാ ക്ഷേത്രത്തിലുള്ളത്. കബ എന്നാണ് ഭക്തിയോടെ ഇവയെ വിളിക്കുന്നത്. 25000 കബകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഈ എലികൾ ക്ഷേത്രപരിസരം വിട്ട് പോകാറില്ലത്രേ. ഇക്കൂട്ടത്തിൽ വെളുത്ത നിറമുള്ള ഏതാനും എലികൾ ഉണ്ട്. കർണി മാതാവു തന്നെ എലികളായി അവതരിച്ചതാണ് ഇവ എന്നാണ് വിശ്വാസം. അതിനാൽ ക്ഷേത്രത്തിനുള്ളിൽ ഒരു വെളുത്ത എലിയെ കാണുന്നത് അങ്ങേയറ്റം ശുഭമാണത്രേ. എലികൾ ഓടിനടന്ന ശേഷമുള്ള ഭക്ഷ്യവസ്തുക്കൾ പോലും വിശുദ്ധമായ പ്രസാദമായി കരുതുന്നു കടുത്ത വിശ്വാസികൾ. 

DSC_7951

ദെശ്നോകിലെ കർണിമാതാ ക്ഷേത്രത്തിൽവച്ച് എലികളെ ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവിടത്തെ എലികളെങ്ങാനും കൊല്ലപ്പെടാൻ ഇടയായാൽ പരിഹാരമായി ശുദ്ധമായ വെള്ളിയിൽ എലിയുടെ രൂപമുണ്ടാക്കി സമർപ്പിക്കണം. 

ദിവസവും പുലർച്ചെ 4 മണിമുതൽ രാത്രി 10.30 വരെ കർണിമാതാ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. ചൈത്രമാസത്തിലെ (മാർച്ച്–ഏപ്രിൽ) നവരാത്രിയും ആശ്വിനമാസത്തിലെ (സെപ്തംബർ–ഒക്ടോബർ) നവരാത്രിയും ഇവിടെ വലിയ ആഘോഷങ്ങളാണ്. 

DSC_7937
Tags:
  • Manorama Traveller