മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചൈനയിലെ മഴക്കാടാണു ഷിസുവാൻബന. വന സംരക്ഷണ നിയമം ചൈന ശക്തമായി നടപ്പാക്കുന്നുണ്ടെങ്കിലും കയ്യേറ്റം മഴക്കാടുകൾക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. നിബിഢവനത്തിൽ ‘ആനത്താര’ തിരിച്ചറിയാതെ മഴക്കാടുകളിൽ നിന്നു ഗ്രാമത്തിലിറങ്ങി. കാട്ടിൽ നിന്നു നൂറു കിലോമീറ്റർ നടന്ന് നാട്ടിലിറങ്ങിയ കാട്ടാനകൾ ലോകത്തിനു കൗതുകക്കാഴ്ചയായി. ആറ് പിടിയാനകൾ, 6 കുട്ടിയാനകൾ, 3 കൊമ്പന്മാർ – ഉത്സവത്തിന് എഴുന്നള്ളിക്കുന്ന പോലെ ആരേയും കൂസാതെ അവ പൊതുനിരത്തിലൂടെ നടന്നു നീങ്ങുകയാണ്. ഭക്ഷണത്തിനായി വീടുകളിലും കൃഷിയിടങ്ങളിലും മാത്രമല്ല, കാർ ഡീലർ ഷോറൂമിലും വയോജന കേന്ദ്രത്തിലും ആനക്കൂട്ടം കയറിയിറങ്ങി. ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടില്ല.
കുട്ടിയാന ജനിച്ചത് ആനക്കൂട്ടം കാട്ടിൽ നിന്നു പുറത്തിറങ്ങിയ ശേഷമാണ്. പട നയിക്കുന്ന നേതാവിന്റെ ഗൗരവത്തോടെ സംഘത്തെ നയിച്ച് മുന്നേറുകയാണ് കൊമ്പൻമാർ. അസാധാരണമായ ഈ യാത്ര ശ്രദ്ധയിൽപെട്ട ചൈനീസ് അധികൃതർ വളരെ കൗതുകത്തോടും ശ്രദ്ധയോടുമാണ് ഇവരെ പിന്തുടരുന്നത്.
പടക്കം പൊട്ടിച്ചോ വലിയ ശബ്ദമുണ്ടാക്കിയോ ആനകളെ പരിഭ്രാന്തരാക്കി ഓടിക്കരുതെന്നാണു സർക്കാർ ഉത്തരവ്.
ആനക്കൂട്ടം ഇപ്പോൾ എത്തി നിൽക്കുന്നത് എഴുപതു ലക്ഷം പേർ താമസിക്കുന്ന കുൻമിങ്ങിലാണ്. യുനാൻ പ്രവിശ്യയുടെ തലസ്ഥാനമാണു കുൻമിങ്. ആനകൾ പേടിച്ചോടിയാൽ ഇപ്പോൾ സംഭവിച്ചതിന്റെ ഇരട്ടി നാശനഷ്ടമുണ്ടാകും. കുൻമിങ്ങിലും സമീപത്തെ യുക്സിയിലും സുരക്ഷ ഉറപ്പാക്കാൻ 700 പൊലീസുകാരെ പ്രത്യേകമായി വിന്യസിച്ചിരിക്കുകയാണ് അധികൃതർ.
കാട്ടാനകൾ നാട്ടിലിറങ്ങുന്നതു പുതിയ വാർത്തയല്ല. നാട്ടിലിറങ്ങിയ കാട്ടാനകൾക്ക് ചൈന നൽകിയ സുരക്ഷാ അകമ്പടിയാണ് ആനസവാരി ലോകപ്രശസ്തമാകാൻ വഴിയൊരുക്കിയത്. വംശനാശഭീഷണി നേരിടുന്നതിനാൽ ഏഷ്യൻ ആനകൾക്ക് ‘എ ലെവൽ’ സംരക്ഷണമാണു ചൈനയിലുള്ളത്. ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. 76 കാറുകളും 9 ഡ്രോണുകളും വിശ്രമമില്ലാതെ ആനകളെ പിൻതുടരുന്നു. ഒരു നേരം 8 പേർ വീതം 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. സിസിടിവി ക്യാമറകളിൽ ആനകളുടെ നീക്കം ആളുകൾ കണ്ടുകൊണ്ടിരിക്കുന്നു. അവിടെ നിന്നുള്ള ചിത്രങ്ങൾ ലോകം മുഴുവനും പ്രചരിച്ചു. ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലൂടെയാണ് ഈ ദൃശ്യങ്ങൾ ഹിറ്റായത്.
2020 മാർച്ചിൽ 16നാണ് ആനക്കൂട്ടം ഷിസുവാൻബന വനത്തിൽ നിന്നു പുറപ്പെട്ടതെന്നു കരുതുന്നു. നവംബറിൽ യുനാനിലെ വനത്തിൽ വച്ച് ഇതിൽ ഒരു ആന പ്രസവിച്ചു. അഞ്ചു മാസം ആനകൾ യുവാനിൽ ചുറ്റിത്തിരിഞ്ഞു. പിന്നീട് ഏപ്രിൽ 16നു വീണ്ടും നടന്നു തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ കൂട്ടത്തിൽ രണ്ടാനകൾ വഴിമാറിപ്പോയി. ബാക്കിയുള്ളവ ‘റാലി’യായി ലക്ഷ്യമില്ലാതെ നീങ്ങി.
മഴ കനത്തതോടെ നടപ്പിനു വേഗം കുറഞ്ഞു. കുറച്ചു ദൂരം നടന്ന ശേഷം പറ്റിയ സ്ഥലത്ത് വിശ്രമിക്കുകയാണ്. തീറ്റ കിട്ടുന്ന പറമ്പിൽ കയറി ചവിട്ടി മെതിക്കുകയാണ്.
ആനക്കൂട്ടം നിരങ്ങിയ കൃഷിയിടങ്ങളും ഫാമുകളും നശിച്ചു. ഒരു വാഹന ഷോറൂമിൽ കയറി കിട്ടിയതെല്ലാം തല്ലിപ്പൊട്ടിച്ചു. ഇഷൻ ഗ്രാമത്തിൽ വീട്ടുമുറ്റങ്ങളിലൂടെ കറങ്ങി.
കുൻമിങ്ങിൽ കുറേ നേരം വിശ്രമിച്ചാണ് നടത്തം തുടരുന്നത്. സിയാങ് ടൗൺഷിപ്പിനു സമീപം കൂട്ടമായി കിടന്നുറങ്ങി. മറ്റ് ആനകൾ സ്ഥലം വിട്ടതറിയാതെ ഒരു ആനം കൂർക്കം വലിച്ചുറങ്ങി. ഉണർന്നപ്പോൾ കൂട്ടത്തെ കാണാതെ ഒറ്റയാനായി അലയുകയാണ് ഈ ആന ഇപ്പോൾ.
‘‘ഷിസുവാൻബനയിലെ സംരക്ഷിത വനമേഖലയിൽ തീറ്റ കുറഞ്ഞു. ആനകൾ കാടു വിട്ടു പുറത്തിറങ്ങി’’ ഇതാണ് ചൈനയിലെ ആനപ്രേമികളുടെ വിലയിരുത്തൽ. ആനക്കൂട്ടത്തിനു വഴി തെറ്റിയതാണെന്നു വനപാലകരുടെ പക്ഷം. ചൂടുകൂടിയതാണു കാരണമെന്നു പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. ആനകൾ നാട്ടിലിറങ്ങിയതിന്റെ കാരണം വ്യക്തമല്ലെന്നു പറയുന്നു ചൈനീസ് േസ്റ്ററ്റ് ഫോറസ്ട്രി ആൻഡ് ഗ്രാസ്‌ലാൻഡ് അഡ്മിനിസ്ട്രേഷൻസ് റിസർച് സെന്റർ ഡയറക്ടർ ചെൻ ഫെയി. ‘സംരക്ഷിത വനപ്രദേശത്തുണ്ടായിരുന്ന ആനകളാണ്’ ഇതെന്നു ചെൻ ഫെയി സ്ഥിരീകരിച്ചു. .
മഴക്കാടുകളിൽ നിന്നു പുറത്തിറങ്ങിയ ആനക്കൂട്ടം മുൾച്ചെടികൾ നിറഞ്ഞ പ്രദേശത്ത് എത്തി. പിന്നീട് വഴി അറിയാതെ പരക്കം പാഞ്ഞതായിരിക്കാം. ഒടുവിൽ എത്തിച്ചേർന്നതു ഗ്രാമത്തിലാണ്. ആളുകളെ കണ്ടതോടെ അവ പേടിച്ചു. ജനങ്ങൾ ഇല്ലാത്ത പാത തേടി നടത്തം തുടരുന്നു. മനുഷ്യരുടെ ശല്യമില്ലാതെ, എവിടേക്കെങ്കിലും മാറി നടക്കാനാണ് അവയുടെ ശ്രമം. അതിനാൽത്തന്നെ ഈ സാഹചര്യം ആനകൾക്കും അവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഒരുപോലെ വലിയ വെല്ലുവിളി ഉയർത്തുന്നു.
ഏഷ്യൻ ആനകൾ വസിക്കുന്നത് ഇന്ത്യ ഉൾപ്പെടെ പതിമൂന്നു രാജ്യങ്ങളിലെ കാടുകളിലാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കൂടുതൽ ആനകൾ വളരുന്നു. ചൈന, മലേഷ്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, തായ്‌ലൻഡ്, സുമാത്ര, ലാവോസ്, കംപോഡിയ, മ്യാൻമർ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ആനകൾ ഒരിടത്തു സ്ഥിരമായി നിൽക്കുന്നില്ല. ഇടയ്ക്കിടെ വാസസ്ഥലം മാറ്റുന്നു. ചൈനയുടെ കണക്കു പ്രകാരം അവരുടെ രാജ്യത്തു കാടുകളിലുള്ളതു 200– 250 ആനകളാണ്. അൻപതു വർഷത്തിനിടെ അവ നാട്ടിലിറങ്ങുന്നത് ആദ്യസംഭവമാണെന്ന് വനംവകുപ്പ് പറയുന്നു. ആനയുടെ കാര്യത്തിൽ ചൈനയുടെ വാദം ശരിയെന്നു അയൽരാജ്യങ്ങളും സമ്മതിച്ചു.
ഇന്ത്യയിൽ നിന്ന് അതിർത്തി താണ്ടി ആനകൾ നേപ്പാളിലും ബംഗ്ലദേശിലും എത്തിയിട്ടുണ്ട്. അവയിൽ ചിലതു തിരിച്ചു വന്നതായി റിപ്പോർട്ടുണ്ട്. അതേസമയം, ഛത്തീസ്ഗഡിൽ നിന്ന് മധ്യപ്രദേശിലേക്കു നടന്നെത്തിയ ആനകൾ മടങ്ങിപ്പോയില്ല. ചൈനയിലെ ഷിസുവാൻബനയിൽ നിന്നു പുറത്തിറങ്ങിയ ആനകൾ ഇതിൽ ഏതു രീതിയാണ് സ്വീകരിക്കുകയെന്നു പ്രവചിക്കുക സാധ്യമല്ല. കന്നിയാത്രയിൽ ലോകപ്രശസ്തരായ വിവരം അറിയാതെ അവർ സംഘം ചേർന്നു ചൈനീസ് പര്യടനം തുടരുകയാണ്.